കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.
പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.
പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു
ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന് യൂണിവേഴ്സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.
നോവൽ അഞ്ചാം ഭാഗം
മഴ,നദി
ദുരിതാശ്വാസക്യാമ്പില്‍ കുട്ടികള്‍ ഓടിയോടിക്കളിക്കുകയായിരുന്നു. പള്ളിയോട് ചേര്‍ന്ന സ്ക്കൂളായിരുന്നു ക്യാമ്പ്. നിറയെ മുറ്റമുള്ള, നിറയെ പടവുകളുള്ള പള്ളിമുറ്റം ഒരൊന്നാന്തരം കളിപ്പറമ്പാണെന്ന് തോന്നി കുട്ടികള്‍ക്ക്.
പരസ്പരം വിളിക്കാന്‍ അവര്‍ക്കാര്‍ക്കും അവരിലാരുടെയും പേരൊന്നും അറിയുമായിരുന്നില്ല. അല്ലെങ്കിലും ഓടിക്കളിക്കാന്‍, ഉന്തിത്തള്ളി മലര്‍ന്നടിച്ചു വീഴാന്‍,കാലുരഞ്ഞ് കരഞ്ഞുകൂവാന് എന്തിനാണ് പേര് ?
മുറ്റത്ത് ഇരുട്ടുപടര്ന്നപ്പോള്, അവരെ വിളിച്ചകത്തു കയറ്റി, ‘മേലുകഴുകി വാ’ എന്നു പറഞ്ഞു ക്യാമ്പമ്മ.
കുഞ്ഞന്‍ ആണ്‍കുട്ടികളെല്ലാം ഒരു കുളിമുറിയിലും കുഞ്ഞിപെണ്കുട്ടികളെല്ലാം വേറൊരു കുളിമുറിയിലുമായി നിന്ന് കൂട്ടക്കുളി പാസ്സാക്കി. പരസ്പരം വെള്ളം തെറിപ്പിച്ച്, കുടുകുടാ എന്ന് കുറേനേരം ചിരിച്ചുനിന്ന് കുളിക്കണമെന്നായിരുന്നു എല്ലാവരുടെയും പ്ളാന്‍.
‘ക്യാമ്പാണ്, ചുറ്റും വെള്ളമാണെങ്കിലും നല്ല വെള്ളത്തിന് വലിയ ക്ഷാമമാണെന്ന് അറിയാമല്ലോ,വെള്ളം തീര്‍ന്നാല്‍ മഹാപ്രശ്നമാണേ ‘എന്ന് ക്യാമ്പമ്മയും അവരുടെയൊക്കെ വീട്ടുകാരും വിളിച്ചു പറഞ്ഞതുകൊണ്ട് കാക്കക്കുളി കുളിച്ച് എല്ലാവരും പുറത്തുവന്നു.
ഏതോ ഒരു കുട്ടി, അവന് ‘കറുപ്പുനിറം ഇഷ്ടമല്ല’ എന്നു പറഞ്ഞ് ക്യാമ്പമ്മ നീട്ടിയ കറുത്ത ബെര്‍മുഡ വാങ്ങാതെ നിന്നപ്പോള്‍, സ്കൂള്ച്ചുമരിലെ ഏതോ കലണ്ടറിലെ യേശുവിനെയും വാമനനെയും കാണിച്ച് ‘ഇവരുടെ ഇത്തിരിത്തോര്ത്തിനേക്കാള് എത്രയോ ഭേദമാണ് ഇത്, അല്ലേ ‘എന്ന് ക്യാമ്പമ്മ എല്ലാവരോടുമായി ചോദിച്ചു.
‘ഉടുപ്പില്ലാഞ്ഞിട്ട് അവര്‍ക്ക് തണുത്തായിരുന്നോ’ എന്നു ചോദിച്ച് ‘കറുത്ത നിറമിഷ്ടമില്ലാത്തവന്’ പെട്ടെന്നു കൈനീട്ടി കറുത്ത ബെര്‍മുഡ വാങ്ങി. അതു കേള്‍ക്കുകയും കാണുകയും ചെയ്തതോടെ ,’ഇതിഷ്ടമായില്ല’ എന്നു ചിണുങ്ങണോ എന്ന് ചിന്താവിഷ്ടരായി നിന്നവരെല്ലാം തന്നെ ശടുശടോ എന്ന് കൈ നീട്ടിയും ‘കിക്കിരികിക്കിരി’ എന്നു ചിരിച്ചുകൊണ്ടും ഒരു തുണിക്കൂമ്പാരത്തില്‍ നിന്ന് തപ്പിയെടുത്തു ക്യാമ്പമ്മ നീട്ടിയ ഉടുപ്പുകള്‍ വാങ്ങി. ചില ഉടുപ്പുകള്‍ അവരേക്കാള്‍ വലുതായിരുന്നു, ചിലത് അവരേക്കാള്‍ ചെറുതും. ആരും അതൊന്നും കാര്യമായെടുത്തതേയില്ല.
‘ഊണു റെഡിയാകും വരെ നമുക്ക് പടം വരയ്ക്കാം’ എന്നു പറഞ്ഞു ക്യാമ്പമ്മ. സ്കൂളിലെ കുട്ടികളുടെ കടലാസ്സുകളാവും , ക്യാമ്പമ്മ അവര്‍ക്ക് കൊടുത്തത്. ‘തോന്നുന്നത് വരയ്ക്കൂ, എന്നിട്ട് ആ താളിലെവിടെയെങ്കിലും പേരും വയസ്സും എഴുതൂ’ എന്നും ക്യാമ്പമ്മ പറഞ്ഞു.
തവിട്ടുനിറമുള്ള കലങ്ങിയ നദിയാണൊരാള് വരച്ചത്.
ചാരനിറവും കറപ്പുനിറവും കൂടിക്കുഴഞ്ഞ ഇരുണ്ട ആകാശമാണ് മറ്റൊരാള്‍ വരച്ചത്.
കരയിലെ കൂറ്റന്‍ തെങ്ങുകള്‍, ഈര്ക്കിലടര്ന്ന് കിടക്കും പോലെ വെള്ളത്തില്‍ കൂടി ഒഴുകിപ്പോകുന്നതു വേറൊരാള്.
പട്ടിക്കുട്ടന്റെ ഇരുവശത്തുമായി നിന്ന് അവന്റെ മുന്‍കാലുകളില്‍ രണ്ടും, മനുഷ്യക്കുട്ടിയുടെ കൈകളിലെന്നപോലെ പിടിച്ച് വെള്ളത്തിലൂടെ നടത്തിക്കൊണ്ടുവരുന്ന രണ്ട് അമ്മമാരെ മറ്റൊരാള്‍.

പറന്നുപോകുന്ന കിളിയെ നോക്കിക്കൊണ്ട്, മുങ്ങിപ്പോയ കാറിന് മുകളില്‍ പെട്ടുപോയ പൂച്ച അസൂയയോടെ ഇരിക്കുന്നതു വേറൊരു കുട്ടിയുടെ വര.
വരച്ചു കഴിഞ്ഞവര്‍ ,അവരവരുടെ വരക്കടലാസ്സുകളില് ,അവരവരുടെ പേരെഴുതുന്നതിനിടയിലാണ് കുട്ടികള്‍ അടുത്തിരിക്കുന്നവരുടെ പേരുകളറിഞ്ഞത്.പിന്നെ ക്യാമ്പമ്മ പേരുകള്‍ വായിക്കുകയും ആ പേരുകാരുടെ ചിത്രങ്ങള്‍ എല്ലാവര്ക്കും കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴാണ് ‘മഴ’യെന്നും ‘നദി’യെന്നും പേരുള്ള രണ്ടുകുട്ടികളുണ്ടവിടെ എന്ന് അവരറിഞ്ഞത്.
‘നിന്നെ എനിയ്ക്ക് ഭയങ്കര പേടിയാണ്’ ,’നീയല്ലേ എന്റെ പൊന്നാര വീട് തട്ടിക്കൊണ്ടുപോയത് ‘, ‘നീയല്ലേ എന്റെ മുയല്ക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്’, ‘നീയല്ലേ എന്റെ പിറന്നാള്‍ സൈക്കിള്‍ ഒടിച്ചു മടക്കി കുറ്റിക്കാട്ടിലെറിഞ്ഞത്’, ‘നീയല്ലേ എന്റെ പാഠപുസ്തകം, പോക്കിമോന്‍ പടങ്ങള്‍, മഞ്ചാടിക്കുരു ഇതെല്ലാം തുൂത്തുവാരി ക്കൊണ്ടോടിക്കളഞ്ഞത് ‘ എന്ന് ദേഷ്യപ്പെട്ടും പിണങ്ങിയും കരഞ്ഞും കുട്ടികള്‍ ഒന്നടങ്കം നദിക്കുട്ടിയെയും മഴക്കുട്ടിയെയും മാന്താനും പിച്ചാനും കൂവാനും കളിയാക്കാനും തുടങ്ങിയത് പെട്ടെന്നാണ്.
മഴക്കുട്ടിയും നദിക്കുട്ടിയും വിതുമ്പിവിതുമ്പിക്കരയാനും തുടങ്ങി.
ക്യാമ്പമ്മ ,ഇടക്കു കയറി , ‘ഞാനൊരു കാര്യം പറയട്ടെ’ എന്നെല്ലാവരോടുമായി ചോദിച്ച് മഴയെയും നദിയെയും വിളിച്ച് മടിയിലിരുത്തി.
പിന്നെ ക്യാമ്പമ്മ പറഞ്ഞു
‘ആകാശത്തുനിന്നൂറി വന്ന് നിങ്ങളെ നനച്ചുരസിപ്പിച്ചു ചിരിപ്പിച്ചുതണുപ്പിച്ചു നടന്ന നിങ്ങളുടെ കൂട്ടുകാരിയാണ് മഴ. നിങ്ങള്‍, തീരത്തിരുന്നും ഇറങ്ങിനിന്നും കാലിളക്കിരസിച്ചിരുന്ന നദിയും നിങ്ങളുടെ കൂട്ടുകാരിയാണ്.

മഴയ്ക്കൊഴുകാനും നദിക്കൊഴുകാനും സ്ഥലം വേണ്ടേ? കൂട്ടുകാരാണ് എന്നു പറഞ്ഞാല്‍ മതിയോ,നമ്മളവര്‍ക്ക് ചിരിച്ചുകളിച്ചൊഴുകിക്കളിച്ചു നടക്കാന്‍ സ്ഥലം കൊടുത്തോ ?
കുളവും വയലും തോടും നികത്തി നമ്മളവരെ രണ്ടാളെയും, നമ്മള് വരച്ച വരയില്‍ നിര്‍ത്താന്‍ നോക്കി.നിങ്ങളെ ഒരിടത്ത് ബലമായി പിടിച്ചിരുത്താന്‍ നോക്കിയാല്‍, നിങ്ങളാരും അടങ്ങിനില്ക്കാത്തുപോലെ, അതുപോലെ തന്നെയാണ് നദിയുടെ കാര്യവും.
ആളുകള്‍, അങ്ങനെയൊക്കെയുള്ള ‘ഇളകുംനദി’യുടെ വക്കുവരെ ചെന്ന് വീടുവച്ചു.’എനിക്കങ്ങനൂടിങ്ങനൂടിറങ്ങിയോടണം’ എന്നു പറഞ്ഞ് ഇളകി മറിയലാണ് വെള്ളത്തിന്റെ സ്വഭാവം എന്ന് അവര്‍ മനപ്പൂര്‍വ്വം മറന്നതായി നടിച്ചു.
പലര് വന്ന് നദിയില്‍ നിന്ന് മണല്‍ വാരിക്കൊണ്ടുപോയി. ചെയ്യല്ലേ, അങ്ങനെ ചെയ്യല്ലേ, മണലെന്റെ ഹൃദയമാണ് എന്ന് നദി കരഞ്ഞു പറഞ്ഞത് ആരും കേട്ടില്ല.
നദിയും മഴയും മാത്രമല്ല എല്ലാവരും മിണ്ടുന്നുണ്ട് പ്രകൃതിയില്‍. ആ മിണ്ടലിനോരോന്നിനും അര്‍ത്ഥമുണ്ട്. നമ്മള് മനുഷ്യരുടെ വിചാരം, നമ്മള് മനുഷ്യര്‍ മിണ്ടുന്നതിന് മാത്രമേ അര്‍ത്ഥമുള്ളൂ എന്നാണ്. മനുഷ്യര്‍ പറയുന്നതു മാത്രമല്ല കാറ്റും കിളിയും വേരും പൂവും നദിയും മഴയും മലയും മരവും പറയുന്നത് കേള്‍ക്കാന്‍ നമുക്കെല്ലാം മനസ്ഥിതിയുണ്ടാ വണം. കേള്ക്കാനിഷ്ടമുള്ളവരാകണം നമ്മള്.
മനുഷ്യന് ചുറ്റുമുള്ള പ്രകൃതിയുടെ മറ്റൊരു പേരാണ് പരിസ്ഥിതി.മനസ്ഥിതി നന്നായാലേ പരിസ്ഥിതി നന്നാവൂ.പരിസ്ഥിതി പറയുന്നത് കേള്‍ക്കാന്‍ നമ്മള് തയ്യാറായില്ലെങ്കില്‍ പരിസ്ഥിതി കരയും. പരിസ്ഥിതിയുടെ കരച്ചിലാണ് നമ്മളീക്കണ്ട പെരുമഴയും വെള്ളപ്പൊക്കവും എല്ലാം.
ക്യാമ്പമ്മ അങ്ങനെ പറഞ്ഞുനിര്‍ത്തിയപ്പോള്‍, മുറ്റത്തുനിന്ന് അകത്തേയ്ക്കു പറന്നുവന്ന് ഒരു നിശാശലഭം ചുമരിലിരുന്നു. ‘പുറത്തെ തണുപ്പിനെന്തൊ രു തണുപ്പാണ്’ എന്നതു പറഞ്ഞത് അപ്പോഴൊരു കുട്ടി കേട്ടു.വേറൊരു കുട്ടി പറഞ്ഞു, ചുമരിലിരിക്കുന്നപല്ലി ,’എനിക്കും ചോറു വേണം’ എന്നു പറഞ്ഞത് അവള് കേട്ടുവെന്ന്. ‘എന്റെ പേരുകാരീ’ എന്ന് ചാറുംമഴ, ജനലരികെ വന്നുനിന്ന് അവളെ വിളിച്ചത് മഴക്കുട്ടിയും വ്യക്തമായി കേട്ടു.
ഇടയ്ക്കാരോ ഓടി വന്ന് ‘എന്റെ കൂട്ടുമഴേ’ എന്ന് മഴക്കുട്ടിയെ ഉമ്മവച്ചു.’എന്റെ കൂട്ടുമഴേ, എന്റെ കൂട്ടുനദീ ‘എന്ന് വട്ടത്തില്‍ കൈകോര്‍ത്തുനിന്ന് അവര്‍ പാടുന്നതിനിടെ ആരോ വന്ന് ‘ഊണു തയ്യാറായി’ എന്ന് പറഞ്ഞു. അവരെല്ലാം ഓടിപ്പോകുന്നതും നോക്കിനിന്ന് ,കുട്ടികളുടെ ബന്ധുക്കളായി ക്യമ്പിലുണ്ടായിരുന്നവര് ,’നിങ്ങളെങ്ങനെയാണ് ഇത്ര വേഗം ഞങ്ങളുടെ കുഞ്ഞുങ്ങളെ പാട്ടിലാക്കിയത്’ എന്നു ചോദിച്ച് ക്യാമ്പമ്മയുടെ ചുറ്റും കൂടി.