കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.
പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.
പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു
ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന് യൂണിവേഴ്സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.
നോവൽ നാലാം ഭാഗം
മറിയം,പട്രീഷ്യ, അറുമുഖന്, ഉമ്മുഖൊല്‍സു,പങ്കി,ചിലങ്ക
അവിടെ, ഊണുമുറിയും കളിമുറിയും ഉറക്കമുറിയും ഒന്നുതന്നെയായി രുന്നു. കഴിയ്ക്കാന്‍ നേരം ഓരോരുത്തര്‍ക്കും ചെറിയ പുല്‍പ്പായ ഇട്ടുകൊടുക്കും. അതില്‍ കാല് നീട്ടിയിരുന്ന്, മടിയില്‍ പ്ളേറ്റുവച്ച് കുട്ടികള്‍ കഴിയ്ക്കും .കഴിച്ചു കഴിഞ്ഞാല്‍ പായ മാറ്റും. അപ്പോളവരവിടെ കളിത്തിമര്പ്പും പിണക്കബഹളവും കരച്ചില്വഴക്കും നടത്തും .
നല്ല കട്ടിയുള്ള പായയ്ക്കുമേലെ ഒരു തലയിണയും വച്ച് കുട്ടികള്‍ രാത്രിയില്‍ അവിടെത്തന്നെ അടുങ്ങിയടുങ്ങിക്കിടക്കും. പക്ഷേ, രാവിലെ സിസ്റ്റര്‍ ബിയാട്രീസ് നോക്കുമ്പോള്‍, ‘വേണ്ട, എനിക്ക് പുതപ്പ് വേണ്ട’ എന്ന് പറഞ്ഞ് പുതപ്പ് തിരിച്ചു കൊടുത്തവനായിരിക്കും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി വളഞ്ഞുകിടക്കുന്നത്. പുതപ്പിനകത്ത് ചുരുണ്ടു കൂടിക്കിടന്നയാളോ, പുതപ്പ് നഷ്ടപ്പെട്ടും തണുപ്പ് സഹിക്കാഞ്ഞും പായ തന്നെ ചുരുട്ടിപ്പുതച്ച് കിടക്കുന്നുണ്ടാവും. എങ്ങനെയാണുറങ്ങിയതെ ന്നൊന്നും രാവിലെ എഴുന്നേല്ക്കുമ്പോള് അവര്‍, അറിയാറുപോലുമില്ല.
അങ്ങനെയായിരുന്നു ‘ആശ്രയം’ അനാഥാലയം.
അന്ന് രാവിലെ ഇടിയപ്പവും ഗ്രീന്‍പീസ് കറിയും കഴിച്ചു വയര്‍ നിറഞ്ഞതും കുട്ടികള്‍ കളിക്കുട്ടികളായി.
ഇടയ്ക്ക് ചില അപ്രിയസംഭവങ്ങള് നടന്നു.
മറിയത്തിനെ ചിലങ്കക്കുട്ടി കടിച്ചു.
പങ്കിയെ അറുമുഖന്കുട്ടി കൊഞ്ഞനം കുത്തി.
പട്രീഷ്യയുടെ കുഞ്ഞുവള വികൃതി ഉമ്മുഖൊല്‍സു ഞെക്കിപ്പൊട്ടിച്ചു.
പക്ഷേ പരാതികളൊന്നും കേള്‍ക്കാന്‍ നേരമില്ലാതെ, സിസ്റ്റര്‍ പള്ളിയിലേയ്ക്കും പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീട്ടിലേക്കും അരമനയിലേയ്ക്കും ഒക്കെ പരിഭ്രാന്തയായി വിളിച്ചു കൊണ്ടേയിരുന്നു.
കുട്ടികള്‍ കേള്‍ക്കാതെ സ്വരം താഴ്ത്തി, സിസ്റ്റര്‍ ചാപ്പലിലെ കര്‍ത്താവിനോട് ‘കലവറയില്‍ എല്ലാം തീര്ന്നുതുടങ്ങുന്ന’തിനെക്കുറിച്ച് കരഞ്ഞുപറഞ്ഞു..
പ്ളാസ്റ്റിക് കയറിന്റെ ഒരറ്റം, ഗേറ്റിന് പുറത്തൊരു വളയത്തില്‍ കൊളുത്തിവച്ച് , അതിന്റെ മറ്റേ അറ്റത്തെ ഓട്ടുമണി വരാന്തയില്‍ തൂക്കിയിയിട്ടിരിക്കുന്ന തരത്തിലായിരുന്നു അവിടുത്തെ കോളിങ് ബെല്‍ സിസ്റ്റം .
രാത്രിമുതല്‍ ആ മണി തുടരെത്തുടരെ മുഴക്കത്തിലാഞ്ഞാഞ്ഞടിക്കുകയാണ് മതിലിനപ്പുറം ഓളത്തിമര്പ്പോടെ നിന്ന് പുഴ എന്നും ‘അണക്കെട്ടിലെ വെള്ളത്തിനെയും കൂട്ടിക്കൊണ്ടു വിരുന്നു വന്നോട്ടെ സിസ്റ്ററിന്റെ പിള്ളേരെ കാണാന്‍’ എന്നാണ് മഴ ചോദിക്കുന്നതെന്ന് തോന്നുകയാണ് എന്നും അരമനയിലേക്ക് വിളിച്ചു പറയുമ്പോള്‍ സിസ്റ്ററിന്റെ മുഖത്ത് കണ്ണീര്‍പ്പുഴയൊഴുകി.
‘രാത്രി ഞാനൊരുപോള കണ്ണടച്ചിട്ടില്ല, ഈ കുഞ്ഞുങ്ങളെ ഓര്‍ത്ത്, ഈശോയെ,നീ ഇവരെ എല്ലാത്തില്‍ നിന്നും രക്ഷപ്പെടുത്തി എന്നെ ഏല്‍പ്പിച്ചത് പ്രളയത്തിന് കൊടുക്കാനാണോ’ എന്ന് ചോദിച്ച് സിസ്റ്റര്‍ ചാപ്പലിലെ തണുത്തനിലത്തിരുന്നു..
‘കുഞ്ഞുങ്ങള്‍ ചോദിക്കുന്നുണ്ട്, ആരാണ് തുരുതുരാ ബെല്ലടിക്കുന്നത് , മിഠായിയും ഉടുപ്പും കൊണ്ട് വന്നവരായിരിക്കുമോ എന്ന്. ചെളിയും തണുപ്പും പാമ്പും പഴുതാരയും നിറഞ്ഞ പ്രളയവെള്ളവുമായി അപ്പുറത്തെ പുഴയാണ് മണി മുഴക്കുന്നത് എന്ന് അവരോട് ഞാനെങ്ങനെ പറയും’ എന്ന് സിസ്റ്റര്‍ യേശുവിനോട് ചോദിച്ചു കൊണ്ടേയിരുന്നു.

ചിത്രീകരണം : ജയകൃഷ്ണന്
ഹെലിക്കോപ്റ്ററുകള്‍ ഇരമ്പിമൂളി ആകാശത്തുകൂടി വളരെത്താഴ്ന്ന് തലങ്ങും വിലങ്ങും പായാന്‍ തുടങ്ങിയത് പെട്ടെന്നാണ്.
കുട്ടികള്‍ വല്ലാതെ പേടിക്കുകയും സിസ്റ്ററിനെ വന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു. ‘ഹെലിക്കോപ്റ്ററാണ് , പടത്തിലൊക്കെ നമ്മള് കണ്ടിട്ടുള്ള ഹെലിക്കോപ്റ്റര്‍, പോയി ജനലരികെ നിന്ന് നോക്ക്’ എന്നു പറഞ്ഞപ്പോള്‍ കുട്ടികള്‍, പൂമ്പാറ്റകളെപ്പോലെ പറന്നുപോയി ജനലരികെ തിക്കിത്തിരക്കി , ‘ഹായ്’ എന്നൊച്ചവെച്ചുതിമിര്ത്തു.
ഹെലിക്കോപ്റ്റര്‍ ഇരമ്പിമൂളിപ്പറന്ന് പോയിക്കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ അവരെയെല്ലാം അടുത്തുവിളിച്ച് ‘നമ്മളിന്നലെ ടിവിയില്‍ കണ്ട വെള്ളപ്പാച്ചിലിനെക്കുറിച്ച് സിസ്റ്റര്‍ക്ക് ചിലത് പറയാനുണ്ട് ‘എന്നു പറഞ്ഞു.
മഴവെള്ളത്തിലൂടെ ഒരു പട്ടിക്കുട്ടനെ ഒരു വലിയ ചരുവത്തിലാക്കി , ആ ചരുവം എടുത്തു തലയില്‍ വച്ച് കഴുത്തറ്റം വെള്ളത്തില്‍ ഒരു പെണ്‍കുട്ടി കഷ്ടിച്ച് വീഴാതെ നടന്നുപോയത് പെട്ടെന്ന് കുട്ടികളോര്ത്തു..
നനഞ്ഞൊലിച്ച് വിറയ്ക്കുന്ന ഒരമ്മൂമ്മയെ നനഞ്ഞൊലിച്ച വേറൊരു കൂട്ടം മനുഷ്യര്‍ ചേര്‍ന്നെടുത്ത് കസേരയിലിരുത്തി, തലയ്ക്ക് മുകളില്‍ ആ കസേര പൊക്കിപ്പിടിച്ച് വള്ളത്തിലേക്കെടുത്തു കയറ്റിയതും അവരോര്‍ത്തു.
ഒരു പൂച്ചക്കുഞ്ഞ് വെള്ളത്തില്‍ ചത്തുമലച്ച് കിടന്നപ്പോഴാണ് ‘ഇത് വേണ്ട ഇത് വേണ്ട ,ഈ ചാനല്‍ വേണ്ട’ എന്ന് നിങ്ങള്‍ ബഹളം വച്ചത് ,ഓര്‍ക്കുന്നുണ്ടോ അതെല്ലാം എന്ന് സിസ്റ്റര്‍ അവരോട് ചോദിച്ചു.. ‘എല്ലാ ചാനലിലും ഇതൊക്കെത്തന്നെയാണ്’ എന്ന് അന്നേരം സിസ്റ്റര്‍ പറഞ്ഞതും ‘എന്നാല്‍പ്പിന്നെ സിസ്റ്ററേ ഒരു ചാനലും വേണ്ട’ എന്ന് എല്ലാവരും കരഞ്ഞതും കുട്ടികള്‍ക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു..’ ഒടുക്കമങ്ങനെ നിങ്ങളുടെ കരച്ചില് സഹിക്കാതായപ്പോള്‍, സിസ്റ്റര്‍ ചാനൽ നിര്‍ത്തിയില്ലേ ഇന്നലെ? ‘ എന്നു സിസ്റ്റര്‍ ചോദിച്ചപ്പോള്‍ ‘അത് പറയണ്ട ,കേള്‍ക്കണ്ട’ എന്ന മട്ടില്‍ കുട്ടികള്‍ ചെവി പൊത്തിപ്പിടിച്ചു.
അപ്പോള്‍ സിസ്റ്റര്‍ അവരെ ‘മെല്ലെ വാ, എന്റെ പുറകേ വാ’ എന്നു കൈകാട്ടി വിളിച്ച് മുന്നില്‍ നടന്നു . എന്നിട്ട് മുന്‍വശത്തെ ‘കരകര’ എന്നൊച്ചവെച്ച് തുറക്കുന്ന വലിയ മരവാതില്‍ തുറന്നു. മുറ്റത്തിനപ്പുറം, പതിനഞ്ച് പടികള്‍ക്കപ്പുറം പുഴ കുത്തിമറിയുന്നത് കാണിച്ചു കൊടുത്തു.
‘ടിവിയില്‍ കണ്ട അതേ വെള്ളമാണത്, അവന് എപ്പോഴാണ് വികൃതി മൂത്ത് ഇങ്ങോട്ട് കയറുക എന്നറിയില്ല. തോണിയിേലാ ഹെലിക്കോപ്റ്ററിലോ ഒക്കെയായി നമ്മളെ രക്ഷിക്കാന്‍ ആരെങ്കിലും വരും, വരാതിരിക്കില്ല’ എന്നു പറഞ്ഞ് സിസ്റ്റര്‍ അവരെ ചേര്‍ത്തുപിടിച്ചു.
കുട്ടികള്‍ വിമ്മിവിമ്മി കരയാന്‍ തുടങ്ങിയിരുന്നു.അറുമുഖന് ഉറക്കെയുറക്കെ കരച്ചിലായി. അവരുടെ കരച്ചില് , വീണ്ടും കറങ്ങിത്തിരിഞ്ഞുവന്ന ഹെലിക്കോപ്റ്ററിന്റെ ബഹളത്തില്‍ അലിഞ്ഞുപോയി.
പിന്നെ, ഒരു പത്തുപതിനഞ്ചുദിവസം കഴിഞ്ഞാണ് അവരെല്ലാം വീണ്ടും ‘ആശ്രയ’ത്തിലേക്കെത്തുന്നത്.
അമ്പലക്കാരുടെ ബസില്‍, ഇതള്‍ എന്ന കുഞ്ഞുചേച്ചിയും അച്ഛനും അമ്മയും ദുരിതാശ്വാസക്യാമ്പില്‍ വന്നു കൊടുത്ത പുതിയ കളിപ്പാട്ടങ്ങളും കഥാപ്പുസ്തകങ്ങളും അരിയും പച്ചക്കറികളുമായി വന്നിറങ്ങുമ്പോള്‍ പുഴയിലേയ്ക്ക് കുട്ടികള്‍ എത്തിനോക്കി.

ചിത്രീകരണം : ജയകൃഷ്ണന്
അവര്‍ക്ക് ഓടിക്കളിയ്ക്കാന്‍ നല്ല പഞ്ചാരമണലുള്ള ഒരു തീരം ,പുഴ കൊണ്ടുവന്ന് അതിന്റെ വക്കത്ത് ഉണങ്ങാനായി വിരിച്ചിട്ടിരുന്നു. ‘നോക്ക്’ എന്ന് സിസ്റ്ററിനെ തോണ്ടി കുട്ടികള്‍ കൈയടിച്ചു ചിരിച്ചു. ‘നിങ്ങക്ക് കളിക്കാന്‍ പഞ്ചാരമണല്‍ കൊണ്ടുവന്നു തരാനായിരുന്നു ഞാന്‍ ഇങ്ങോട്ട് കയറി വന്നത്, അല്ലാതെ നിങ്ങളെ ഉപദ്രവിക്കാനല്ല , ഇനി ആ പഞ്ചാരണലാരും വാരിക്കൊണ്ടുപോകാതെ നിങ്ങളെല്ലാവരും കൂടി നോക്കണേ’ എന്ന് പുഴ പറഞ്ഞത് കേട്ടില്ലേ എന്ന് സിസ്റ്റര്‍ ചോദിച്ചപ്പോള്‍ , കുട്ടികള്‍ ജനലിനോട് ചെവി ചേര്‍ത്തുവച്ച് ‘ഉവ്വ് ഉവ്വ് ‘എന്നു വിളിച്ചുകൂവി.
സിസ്റ്ററിനും കുട്ടികള്‍ക്കും അന്നത്തേയ്ക്ക് കഴിയ്ക്കാന്‍ ചുവന്ന നിറമുള്ള വട്ടത്തിലുള്ള പടച്ചോറ് അമ്പലംകാര് കൊടുത്തയച്ചിരുന്നു.
പഴയ ചുമരെല്ലാം ആരോ പുതുതായി ചായമടിച്ചിരുന്നു.പുതിയ പായകളുമായിരുന്നു. പക്ഷേ ,പാത്രങ്ങള്‍ കുറച്ചേയുണ്ടായിരുന്നുള്ളു .
‘അഞ്ചുപേര്‍ വേഗം കഴിച്ചിട്ട് അടുത്ത അഞ്ചുപേര്‍ക്ക് ‘ എന്ന് സിസ്റ്റര്‍ പറഞ്ഞു.അവര്‍ക്ക് ക്യാമ്പില്‍ ക്യൂ നിന്ന് നല്ല വശമായിക്കഴിഞ്ഞിരുന്നു.
അവസാനം ഊണുകഴിക്കാനായി നാലുപേര്‍ മാത്രം ബാക്കിയായി.സിസ്റ്ററും വിളമ്പുകാരന് പൈലിച്ചേട്ടനും തുണി കഴുകുന്ന പാറുവമ്മയും പിന്നെ ഉറക്കത്തില്‍ നിന്ന് സിസ്റ്റര്‍ കുത്തിപ്പൊക്കിയെടുത്തു കൊണ്ടുവന്ന ചിലങ്കയും.
അറുമുഖന് ചോദിച്ചു, ‘ഒരാള്‍ക്കുകൂടി കഴിക്കാനുണ്ടാവുമോ? ‘ഭിത്തിയിലെ ആണിയില്‍ നിന്ന് ഇളകിമാറി തൂങ്ങിക്കിടന്ന് ആടിയിരുന്ന കര്‍ത്താവിന്റെ ഫോട്ടോയിലേയ്ക്ക് അറുമുഖന് ചൂണ്ടിക്കാട്ടി. എന്നിട്ട് ‘പാവം, ഒത്തിരി ദിവസമായി ഒന്നും കഴിച്ചിട്ടില്ല’ എന്നു പറഞ്ഞു.
പിന്നെ ചോദിച്ചു ,സിസ്റ്ററിന്റെ മടിയില്‍ക്കയറിയിരുന്ന് ,’ഇതുപോലെ പണ്ടും ഞങ്ങളെല്ലാം ഉണ്ടായപ്പോഴും പ്രളയം വന്നായിരുന്നു അല്ലേ ?’ സിസ്റ്ററിന് ചോദ്യം മനസ്സിലായില്ല.’അങ്ങനെയല്ലേ ഞങ്ങളുടെയെല്ലാം അമ്മച്ചീം അപ്പച്ചനും മരിച്ചുപോയത് ? ബാക്കിയായ കുട്ടികളെയൊക്കെ ഹെലിക്കോപ്ടറോടിച്ച് വന്ന് രക്ഷപ്പെടുത്തി അന്ന് സിസ്റ്ററിനെ ഏല്‍പ്പിച്ചത് ആരാ ‘ എന്നു കൂടി അറുമുഖന് ചോദിച്ചു.
‘അവനല്ലേ നമ്മളിപ്പം പടച്ചോറ് വെളമ്പാന്‍ പോകുന്നത് ‘എന്ന് പൈലിച്ചേട്ടന് , അറുമുഖന്റെ കവിളില്‍ത്തലോടി ചോദിച്ചു. ‘വാ ,വന്നിരി’ എന്ന് അറുമുഖന് ആണിയില്‍ തൂങ്ങിയാടുന്നവനെ വിളിച്ചു.
പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook