കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.
പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.
പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു
ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന് യൂണിവേഴ്സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.
നോവൽ മൂന്നാം ഭാഗം
ഇതള്‍
‘കുളം നികത്തിയാണ് വീട് വച്ചതെങ്കിലേ അച്ഛാ, വീടിനടിയിലെ കുളത്തിന് പുറത്തേക്കൊഴുകാന്‍ മോഹമാകുന്നുണ്ടാവും കുന്നിടിച്ച് നികത്തി വച്ച വീടിനടിയിലെ കുന്നിന് വീണ്ടും കുന്നായി മുളച്ചുയരാന്‍ കൊതി വരുന്നുണ്ടാവും, അല്ലേ അച്ഛാ’ പ്രിയ എ എസ് എഴുതിയ കുട്ടികളുടെ നോവൽ
‘ഓഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്തുന്ന നേരം കുട്ടികളെല്ലാം സ്ക്കൂളില്‍ വന്നേ പറ്റൂ’ എന്ന് നിര്‍ബന്ധം പിടിച്ചില്ല ഇത്തവണ ഇതളിന്റെ സ്ക്കൂള്. പക്ഷേ ഓഗസ്റ്റ് പതിനഞ്ചിന് അര്‍ദ്ധരാത്രിയ്ക്ക് മഴ, തന്നത്താന്‍ സര്‍വ്വതന്ത്ര സ്വാതന്ത്ര്യവും പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഷട്ടറുകള്‍ ഓരോന്നായി ഉയര്ത്തിയതില്ക്കൂടി മഴവെള്ളം കടല്‍പോലെ ഇരമ്പിവന്നു. മഴ, തന്റെ വെന്നിക്കൊടി ത്രിവര്‍ണ്ണ പതാകയ്ക്കും മേലെ വലിച്ചുകെട്ടി. നനഞ്ഞുകുതിര്‍ന്ന ത്രിവര്‍ണ്ണപതാകയെ, ഇരുണ്ടചാരനിറമുള്ള മഴ വന്ന് പൊതിഞ്ഞു. മഴ ഒരു ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കാരനെപ്പോലെ കുതിരപ്പുറത്ത് കുളമ്പടിയൊച്ച കേള്‍പ്പിച്ച് തലങ്ങും വിലങ്ങും പാഞ്ഞ് നടക്കുന്നതായി തോന്നി ഇതളിന്.
അച്ഛന് തയ്യാറാക്കിയ എമര്‍ജന്‍സി കിറ്റിലേക്ക് ഒരു കുപ്പി വെള്ളവും കൂടി ബാഗിലേക്കെടുത്തുവയ്ക്കാന് അമ്മ, ഇതളിനോട് പറഞ്ഞു. അമ്മ കാണാതെ ഇതള്‍ രണ്ട് ഫൈവ് സ്റ്റ്ാറും രണ്ടു പാക്കറ്റ് ചോക്കോ പൈയും ഡ്രോയിങ് ബുക്കും ക്രയോണ്‍സും കൂടി ബാഗിന്റെ സൈഡ് പോക്കറ്റിലിട്ടു. ഇതളിന് വരയ്ക്കാതെയും ഫൈവ് സ്റ്റാറും ചോക്കോ പൈ തിന്നാതെയും ജീവിക്കാന്‍ പറ്റില്ല.
ടിവിയിലെ വെള്ളപ്പൊക്കം കണ്ട് ,’നോക്ക്, കഷ്ടം, അയ്യോ ‘എന്നൊക്കെ മാറിമാറിപ്പറഞ്ഞു അമ്മ. അച്ഛന് പത്രമാസികകള്‍ വായിച്ച് ‘കസ്തുരിരംഗന്‍ പറഞ്ഞതും ഗാഡ്ഗില്‍ പറഞ്ഞതും കാലം പറഞ്ഞതും പൊളിയല്ല’ എന്നു ടിവിയിലെ വാദപ്രതിവാദങ്ങള്‍ കേട്ടുകൊണ്ട് ഒരുണ്ടാക്കിപ്പാട്ട് സിനിമാപ്പാട്ടിന്റെ ഈണത്തില്‍ പാടി. ഇതള്‍ ആ പേരുകള്‍ ഒന്നു പുതുക്കിപ്പണിത് കസ്തൂരിഗില് എന്നും ഗാഡ് രംഗന് എന്നുമാക്കി.
പശ്ചിമഘട്ടപര്വ്വതനിരകളെ പൊന്നുപോലെ സൂക്ഷിച്ചില്ലെങ്കില്‍ കേരളത്തിന്റെ ഗതി അധോഗതിയാവും എന്നാണ് ഗാഡ്ഗില്ലും കസ്തൂരിരംഗനും പറഞ്ഞത് എന്നു പറഞ്ഞ് അച്ഛന് ‘കേരളം വളരുന്നു’ എന്ന പാലാനാരായണന്‍നായരുടെ നാലുവരിക്കവിത ചൊല്ലി.
‘കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ –
കേറിയും കടന്നും
ചെന്നന്യമാം രാജ്യങ്ങളില്‍ ‘

‘പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും ‘ എന്ന് വള്ളത്തോളിന്റെ കവിതയും കൂടി അച്ഛന് ചൊല്ലി.
പിന്നെ, ഫെയ്സ് ബുക്കിനു മുന്നിലിരുന്ന് മഴവിവരങ്ങള്‍ വായിക്കുന്ന അമ്മയുടെ അടുക്കലേയ്ക്ക് പോയി ഇതള്‍. പടിക്കലെത്തി ഒരു നിമിഷം എന്തോ ഓര്‍ത്തെന്ന പോലെ വെറുതെ നിന്ന് പിന്നെ കടല്‍പോലെ കുതിച്ചുകയറി, ‘ഈ വീടൊന്നും ഇവിടെ വേണ്ട ,നീയൊന്നും ഇവിടെ വേണ്ട, ഇവിടെ ഞാന്‍ മാത്രം മതി’ എന്നു പറഞ്ഞ് കുലംകുത്തിപ്പായുക യാണ് എല്ലായിടത്തും മഴവെള്ളം എന്ന് അമ്മ പറഞ്ഞു.
‘നമ്മളെയും നമ്മുടെ എല്ലാത്തിനെയും എടുത്തെറിഞ്ഞ് താണ്ഡവമാടുന്ന ഇപ്പഴത്തെ മഴയ്ക്ക് പണ്ടൊരു സഹോദരനുണ്ടായിട്ടുണ്ട് തൊണ്ണൂറ്റൊന്‍പതില്‍’ എന്നും അപ്പോള്‍ അച്ഛന് പറഞ്ഞു.
‘ചെമ്മീന്‍’ സിനിമയുടെ കഥാകാരനായ തകഴിയപ്പൂപ്പന്‍ അന്ന് , ‘വെള്ളപ്പൊക്കത്തില്‍’ എന്നൊരു കഥ എഴുതി എന്നും വെള്ളപ്പൊക്കത്തിന്റെ നേരത്ത് ഉടമസ്ഥരായ വീട്ടുകാരില്‍ നിന്നൊറ്റപ്പെട്ട് പോയി ഒടുക്കം ചത്തുപോകുന്ന ഒരു പട്ടിയുടെ കഥയാണത് എന്നും ‘ നീ കഥ വായിക്കാനും എഴുതാനും ഇഷ്ടമുള്ള കുട്ടിയല്ലേ, വാ, വന്നിരി, അത് പറഞ്ഞുതരാം’ എന്നും അച്ഛന് ഇതളിനോട് പറഞ്ഞു .
പക്ഷേ ഇതള്‍ ചെന്നില്ല അച്ഛന്റെയടുത്തേക്ക്.
മഴവെള്ളക്കടല് വരുന്നുണ്ടോ അവരുടെ ഇടവഴിയെങ്ങാനും കൂടെ എന്ന് കണ്ണു കൂര്‍പ്പിച്ച് നോക്കി നില്‍പ്പായിരുന്നു ഇതള്‍.
‘കണ്ണു കഴയ്ക്കും, ഇവിടെ വന്നിരി,പേടിച്ചിട്ടെന്താ കാര്യം’ എന്നമ്മ ചോദിച്ചു. ഇതള്‍ ‘ദാ തര്‍ക്കക്കാരി’, ‘പേടിക്കാതിരുന്നിട്ടെന്താ കാര്യം’ എന്ന് മറുചോദ്യം ചോദിച്ചു.
രാത്രി മുഴുവന്‍ മഴ, മണ്ണിലേക്ക് ചീറി വീണുകൊണ്ടിരുന്നു.
ആകാശം, കെട്ടിമേഞ്ഞിട്ടില്ലാത്ത ഒരു ഓലമേല്ക്കൂരയാണെന്നും വലിയ വലിയ തുളകളാണതിലെന്നും ആ തുളകളിലൂടെ മഴ നിര്‍ത്താതെ ചോര്‍ന്ന് വീണിട്ട് മണ്ണിന് തണുത്തുവിറച്ച് മിണ്ടാനും കൂടി വയ്യാത്തത്ര മരവിപ്പാണെന്നും അച്ഛനോട് പറഞ്ഞു ഇതള്‍ .
അതിനിടെ വീണ്ടും കറന്റ് പോയി.കിടക്കാറായിരുന്നതു കൊണ്ട് വെളിച്ചമില്ലാത്തതും ഫാനില്ലാത്തതും ആര്‍ക്കും പ്രശ്നമായില്ല.മഴ കൊണ്ട് പച്ചച്ച് പച്ചച്ച് എല്ലാ പറമ്പുകളിലെയും മരങ്ങള്‍ തോന്നിയവാസത്തരത്തി ല്‍ വളര്‍ന്ന് മഹാവനം പോലെ ആയിട്ടുണ്ടായിരുന്നു.അതിനിടയിലൂടെ മിന്നാമിന്നികളുടെ ഒരു കാഴ്ചബംഗ്ളാവ് തന്നെ പറന്നുവരുന്നത് ഇതളും അമ്മയും അച്ഛനും ജനലിലൂടെ നോക്കി നിന്നു.

‘ഇരുട്ടിനെ, ഞങ്ങള്‍ വെളിച്ചത്തിന്റെ മാലയണിയിച്ചതുകണ്ടോ’ എന്നാണ് മിന്നാമിന്നി ചോദിക്കുന്നത് എന്ന് അച്ഛന് പറഞ്ഞു.ഇതള്‍ നിലത്തുപടഞ്ഞിരുന്ന് ആ മിന്നാമിന്നി വെളിച്ചവും ഇരുട്ടും ചേര്‍ത്ത് ഒരു പടം വരയ്ക്കാന്‍ തുടങ്ങി. മിന്നാമിനുങ്ങിനെ കണ്ടിട്ടില്ലാത്ത എന്നു പറയാറുള്ള ട്യൂഷൻ ക്ലാസിലെ ഗ്രീനിനും വയലറ്റിനും ആ മിന്നാമിന്നിപ്പടം കൊടുക്കാമെന്നവള് കരുതി.
അപ്പോഴേയ്ക്ക് ചീവീടുകളുടെ വിലാപം തുടങ്ങി. ഇതള്‍, സഹികെട്ട് ചെവി പൊത്തി. ‘ചീവീടായാലും മനുഷ്യരായാലും മഴ സഹിക്കുന്നതിനൊരതി രൊക്കെയില്ലേ’ എന്ന് അമ്മ ചീവീടുകളുടെ പക്ഷം പിടിച്ചു. ‘ആംബുലന്‍സുകള്‍ കീറിപ്പൊളിച്ചൊച്ച വച്ച് അപായമപായം എന്ന് മുഴക്കത്തില്‍ പറയും പോലെയുണ്ട് ഈ വൃത്തികെട്ട ചീവീടുകളുടെ ഒച്ച’ എന്ന് ദേഷ്യപ്പെട്ടു ഇതള്‍.എന്നിട്ട് ചീവീടുകളോട് ‘മിണ്ടാതിരി’ എന്ന് ആജ്ഞാപിച്ചു. ഇതള്‍ പറഞ്ഞത് കേട്ടതായേ ഭാവിച്ചില്ല ചീവീടുകള്‍.
‘ഇരുട്ടും മഴയും തണുപ്പും തിമര്‍ക്കുമ്പോള്‍ ഞങ്ങളായിട്ടെന്തിന് മിണ്ടാതിരിക്കണം?’ എന്നു ചോദിച്ച് അപ്പുറമിപ്പുറം പറമ്പുകളില്‍ നിന്ന് തവളക്കൂട്ടവും പെട്ടെന്ന് വായ്ത്താരി തുടങ്ങി. ‘ആരോ നമ്മുടെ കട്ടില് എടുത്ത് ഒരു കുളത്തിന്‍കരയില്‍ കൊണ്ടിട്ടതു പോലെ’ എന്നമ്മ ചിരിച്ചു. പിന്നെ പറഞ്ഞു,’വീടുകളില്‍ കുളങ്ങളും കുളങ്ങളെ തമ്മില്‍ബന്ധിപ്പിക്കുന്ന തോടുകളും തോടുകള്‍ ഒഴുകിയൊഴുകിച്ചെന്നു ചേരുന്ന കായലുകളും – അങ്ങനെയായിരുന്നു അന്നൊക്കെ, അതായത് അമ്മയുടെ കുട്ടിക്കാലത്ത് .’
അമ്മ തുടര്‍ന്നു-ചിലരൊക്കെ കുളം മണ്ണിട്ട് മായ്ച്ച് വീടു വച്ചു, തോടു മായ്ച്ച് പച്ചപ്പുല്‍ത്തകിടി ഉണ്ടാക്കി, ബാക്കിയായ തോടുകളും കുളങ്ങളും , ബാലമാസികയിലെ കുട്ടിയെപ്പോലെ ‘കായലിലേക്കുള്ള വഴി’ കണ്ടുപിടിക്കുക എന്ന പ്രശ്നവുമായി ‘ഓളത്തടം ചുളിച്ച് ‘ നോക്കിനിന്നു. പിന്നെയാണത് തോന്നിയ ഇടത്തേക്കൊക്കെ പരന്നൊഴുകാന്‍ തുടങ്ങിയത്. പറമ്പ് മുഴുവന്‍ മഴയത്ത് വെള്ളക്കെട്ടായതും തവളകള്‍ വന്ന് ‘ഇത് പറമ്പൊന്നുമല്ല, പണ്ടത്തെ കുളമാണ് തോടാണ് ‘എന്നൊക്കെ തെറ്റിദ്ധരിച്ച് ഉച്ചത്തിലുച്ചത്തില്‍ പെരുമ്പറ കൊട്ടു തുടങ്ങിയതും അങ്ങനെയാണ് എന്നുകൂടി അമ്മ പറഞ്ഞു.
‘നമ്മുടെ വീട് വച്ചിരിക്കുന്നത് കുളമോ തോടോ നികത്തിയാണോ’ എന്ന് ഇതള്‍ ചോദിച്ചു.’അല്ല’ എന്ന് പറഞ്ഞ് അച്ഛനവളെ ചേര്‍ത്തു പിടിച്ചു.
‘കുളം നികത്തിയാണ് വീട് വച്ചതെങ്കിലേ അച്ഛാ, വീടിനടിയിലെ കുളത്തിന് പുറത്തേക്കൊഴുകാന്‍ മോഹമാകുന്നുണ്ടാവും അല്ലേ എന്ന് ഇതള്‍ ചോദിച്ചു.കുന്നിടിച്ച് നികത്തി വച്ച വീടിനടിയിലെ കുന്നിന് വീണ്ടും കുന്നായി മുളച്ചുയരാന്‍ കൊതി വരുന്നുണ്ടാവും, താഴ്വരയില് മണ്ണിട്ട് പൊക്കി സമനിലമാക്കി വച്ച വീടിനടിയിലെ മണ്ണിന് ഇടിഞ്ഞുതാണ് വീണ്ടും താഴ്വാരമാകാൻ കൊതിതോന്നുന്നുണ്ടാവും അല്ലേ അച്ഛാ’ എന്നും ഇതള്‍ ചോദിച്ചു.
അങ്ങനെ ഓരോന്ന് പറഞ്ഞ് ഇതളും അച്ഛനും അമ്മയും ഉറങ്ങുകയും മിന്നാമിന്നികളും തവളകളും ചീവീടുകളും മഴയും ഇരുട്ടും കൂടി ഉറങ്ങാതിരിക്കുകയും ചെയ്തു.
പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്