/indian-express-malayalam/media/media_files/2025/04/25/yfIEdSDrl5WEnqGWUuPx.jpg)
ചിത്രീകരണം: വിഷ്ണു റാം
വീരാ പാരുങ്കോ, കുഞ്ഞുണ്ണി വന്താച്ച്
ഒരു 'ബൗ... ബൗ...' വിളി കേക്കണുണ്ടോ എവിടുന്നെങ്കിലും? അങ്ങനെ ഓര്‍ത്തും ശ്രദ്ധിച്ചുമാണ് കുഞ്ഞുണ്ണി രാവിലെ താരാവീട്ടിലെ കിടക്കയില്‍ നിന്ന് എണീക്കാറ്.
ചിലപ്പോൾ കുഞ്ഞുണ്ണിയെ അന്വേഷിച്ച് ആ ബൗബൗക്കാരന്‍ തൃക്കാക്കര നിന്ന് ഓടിയോടി എരമല്ലൂരിലെത്തി താരാവീടിന്റെ ഗേറ്റിലെത്തി നിന്ന് 'കുഞ്ഞുണ്ണീ... കുഞ്ഞുണ്ണീ...' എന്ന് വിളിക്കുന്നുണ്ടാവുമോ? ഓടിപ്പോയി ഗേറ്റിങ്കലേക്ക് നോക്കി നില്‍ക്കും കുഞ്ഞുണ്ണി.
അവനോര്‍ക്കുന്നുണ്ടാവും ഈ കുഞ്ഞുണ്ണീം കുഞ്ഞുണ്ണിയപ്പൂപ്പനും എവിടെപ്പോയി മറഞ്ഞുവെന്ന്. 'വീരാ... പാരുങ്കോ കുഞ്ഞുണ്ണി വന്താച്ച്' എന്ന് ഇപ്പോ സ്വാമിയപ്പൂപ്പന്‍ അവനോട് പറയും എന്നു കരുതി അവന്‍ സ്വാമിയപ്പൂപ്പന്റെ മുഖത്തേക്കുനോക്കിത്തന്നെ കിടക്കുകയാവും ഇപ്പോള്‍.
വീരന്‍ ആരാന്നല്ലേ, അവന്‍ ബ്രൗണ്‍നിറമുള്ള ഒരു കൂറ്റന്‍ അല്‍സേഷ്യനാണ്.
ദേവീദര്‍ശന്‍ വീടിനു തൊട്ടടുത്ത വീട്ടിലെ ആളുകളാണ് കേട്ടോ സ്വാമിയപ്പൂപ്പനും വീരനും. താരാവീട്ടില്‍ എത്തുന്നതിനു മുന്‍പ് കുഞ്ഞുണ്ണിയൊക്കെ തൃക്കാക്കരയിലെ ദേവീദര്‍ശന്‍ വീട്ടിലായിരുന്നു താമസം എന്നറിയാമല്ലോ അല്ലേ? ദേവീദര്‍ശന്‍ വീട്ടില്‍ ചെന്ന ദിവസം തന്നെ കുഞ്ഞുണ്ണി പരിചയപ്പെട്ട ആളാണ് വീരന്‍.
മുറ്റത്തുവീണു കിടക്കുന്ന ഉണക്ക തേക്കിലകളിലേക്ക് മൂത്രമൊഴിച്ച് ആ ഒച്ചകേട്ട് രസിക്കാന്‍ ഭാവിച്ച് ചവിട്ടുപടിയില്‍ നില്‍ക്കുമ്പോഴാണ് അപ്പുറത്തെ വീടിന്റെ ഇത്തിരിപൊക്കമുള്ള മതിലില്‍ പിടിച്ച് എണീറ്റുനിന്ന് ഒരു നായ ഇതാരാ എന്ന മട്ടില്‍ മുഖം നീട്ടി കുഞ്ഞുണ്ണിയെത്തന്നെ നോക്കിനില്‍ക്കുന്നത് കുഞ്ഞുണ്ണിയപ്പൂപ്പന്‍ കണ്ടത്. അവരവന് ബിസ്‌ക്കറ്റ് കൊടുത്തു, പിന്നെ ഒരു മുറുക്കു കഷ്ണവും.
അപ്പോ ശ്യാമളയാന്റീം സ്വാമിയപ്പൂപ്പനും വന്നു പറഞ്ഞു ''അവന് എപ്പോഴുമൊന്നും ഇങ്ങനെയോരോന്ന് തിന്നാന്‍ കൊടുക്കരുത്. അവന്റെ വയറ് കേടാവും'' കുഞ്ഞുണ്ണിയപ്പൂപ്പന്‍ ശരി... ശരി എന്ന് തലയാട്ടി.
സ്വാമിയപ്പൂപ്പന്‍ ശ്യാമളയാന്റിയുടെയും വെങ്കിമാമന്റെയും അച്ഛനാണ്. ശ്യാമളയാന്റിയുടെ മകനാണ് ശിവച്ചേട്ടന്‍. ശിവച്ചേട്ടന്‍ നന്നായി ചെണ്ട കൊട്ടും. സ്‌ക്കൂളില്‍ പോകുന്നുണ്ട് ശിവച്ചേട്ടന്‍. സ്‌കൂളില്ലാത്ത ദിവസമാണ് ശിവച്ചേട്ടന്‍ ചെണ്ടകൊട്ടാറ്.
കുഞ്ഞുണ്ണിക്കുളി കഴിഞ്ഞാല്‍ വീരനെ കാണാന്‍ ആ വീട്ടിലേയ്ക്ക് പോക്ക് പിന്നെപ്പിന്നെ പതിവായി. അപ്പൂപ്പന്റെ എളിയിലിരുന്നാണ് കുഞ്ഞുണ്ണിപ്പോക്ക്.
അവരുടെ ഗേറ്റ് അപ്പൂപ്പന്‍ തുറക്കുമ്പോഴേ, സ്വാമിയപ്പൂപ്പന്‍ വലിയ വയറ് കുലുക്കിച്ചിരിച്ച് പറയും ''വീരാ... പാരുങ്കോ... കുഞ്ഞുണ്ണി വന്താച്ച്!''
വീരനതു കേട്ടതും എഴുന്നേറ്റ് വാലാട്ടി വരും. കുഞ്ഞുണ്ണി ഊര്‍ന്ന് നിലത്തിറങ്ങും, വീരന്റടുക്കല്‍ നിലത്ത് കുത്തിയിരിക്കും, അവനെ തൊടും. കുഞ്ഞുണ്ണി, കുഞ്ഞുണ്ണി ഭാഷ പറയും. വീരന്‍, 'ബൗ ബൗ' ഭാഷപറയും.
അവരങ്ങനെ മിണ്ടിപ്പറഞ്ഞിരിക്കുമ്പോ കുഞ്ഞുണ്ണിയപ്പൂപ്പനും സ്വാമിയപ്പൂപ്പനും അവിടെ ഇട്ടിരിക്കുന്ന ബഞ്ചിലിരുന്ന് വര്‍ത്തമാനം പറയും. ഇടയ്ക്ക് സ്വാമിയമ്മൂമ്മ കുഞ്ഞുണ്ണിക്ക് കേസരി കൊണ്ടു കൊടുക്കും.
ആ ബഞ്ചില്‍ കേറി കാലാട്ടിയിരുന്ന് കുഞ്ഞുണ്ണി കേസരി മധുരം നുണയും, പിന്നെ വിരലും നക്കും.
അപ്പോഴേക്കും എത്തും ട്യൂഷന്‍ ചേട്ടന്മാരും ചേച്ചിമാരും. അവര് കുഞ്ഞുണ്ണിയെ എടുത്തോണ്ട് നടക്കും. പിന്നെ അവര് പലപല ബഞ്ചുകളിലിരിക്കും.
സ്വാമിയപ്പൂപ്പന്‍ അവരെ കണക്ക് പഠിപ്പിക്കും, ശ്യാമളയാൻ്റി ഹിന്ദി പഠിപ്പിക്കും.
''കുഞ്ഞുണ്ണി വലുതാവുമ്പോ കുഞ്ഞുണ്ണിയെയും പഠിപ്പിക്കാം ഇതെല്ലാം'' എന്നു പറയും രണ്ടാളും. ''വേണ്ട... വേണ്ട...'' എന്നു പറയും കുഞ്ഞുണ്ണി.
വീരനൊപ്പം, കളിപ്പാട്ടങ്ങള്‍ക്കൊപ്പം, കാക്കകള്‍ക്കും കുരുവികള്‍ക്കുമൊപ്പമെല്ലാം കളിച്ചുരസിക്കണം, ഇടയ്ക്ക് ഉറങ്ങണം, പിന്നെ ഓരോന്ന് കഴിക്കണം. അതൊക്കെയാണ് കുഞ്ഞുണ്ണിക്കിഷ്ടം.
പോരാന്‍നേരത്ത് സ്വാമിയമ്മൂമ്മ കുഞ്ഞുണ്ണിക്ക് ഒരു കിണ്ണത്തില്‍ ചോറിന് കൂട്ടാനായി എന്തെങ്കിലും മെഴുക്കുപുരട്ടി കൊടുക്കും.
ചിലപ്പോ സ്വാമിയമ്മൂമ്മ അതു കൊടുക്കാന്‍ മറന്നാല്‍ തിരിച്ചുപോരുമ്പോ കുഞ്ഞുണ്ണി ദുഃഖിച്ച് പറയും ''ഇന്ന് നമക്ക് കിട്ടീല്ല അപ്പൂപ്പാ... മെഴുക്കുപുരട്ടി.''
''അതിന് കുഞ്ഞുണ്ണിക്ക് മെഴുക്കുപുരട്ടി ഇഷ്ടമല്ലല്ലോ?'' എന്നു ചോദിച്ച് ചിരിക്കും അപ്പൂപ്പന്‍.
''നാളെ തരുമായിരിക്കും അല്ലേ?'' എന്നു ചോദിക്കണ കുഞ്ഞുണ്ണിയെ ഒന്നു കൂടി കെട്ടിപ്പിടിച്ച് ഒന്നുകൂടി ചിരിക്കും അപ്പൂപ്പന്‍.
വീരനുണ്ടല്ലോ അവന്‍ സ്വാമിയപ്പൂപ്പനൊക്കെ ഉണ്ണണ മാതിരി തന്നെ സാമ്പാറും തൈരും മെഴുക്കുപുരട്ടിയും കൂട്ടി ഉണ്ണണ ആളാണ്. അവന് സാധാരണ നായകളെപ്പോലെ ചിക്കനും വേണ്ട മുട്ടയും വേണ്ട. എന്തെങ്കിലും വയറുനിറയെ തിന്നാന്‍ കിട്ടണമെന്നു മാത്രമേ അവനുള്ളൂ, പാവം.
സ്വാമിയപ്പൂപ്പന്റ വീട്ടിൽ ഗോപുരം മാതിരി നിരത്തി വയ്ക്കണ ബൊമ്മക്കൊലുവില്ലേ? അതിലെ പാവകളെപ്പോലെ ചിലപ്പോ വീരനും അനങ്ങാതിരിക്കുന്നതു കാണാം.
''എന്നാച്ച് വീരാ...?'' എന്നു ചോദിക്കും ശിവച്ചേട്ടന്‍.
''കൊട്ട് കേക്കണമാ?'' എന്ന് തിരക്കി ശിവച്ചേട്ടന്‍ കൊട്ട് തുടങ്ങുമ്പോള്‍ ആകെ രസം പിടിച്ച് ശിവച്ചേട്ടനെ ചുറ്റിച്ചുറ്റി ഒരു നടപ്പുണ്ട് വീരന്.
''ഇപ്പോ അവന്‍ കുഞ്ഞുണ്ണി എങ്കേ പോയാച്ച് എന്നാലോചിച്ച് ആ കുഞ്ഞുമതിലില്‍ കാല്‍ വച്ചെണീറ്റ് ദേവീദര്‍ശന്‍ വീട്ടിലേക്കെത്തിനോക്കി നില്‍പ്പുണ്ടാവും'' എന്നു പറഞ്ഞു കുഞ്ഞുണ്ണിയപ്പൂപ്പൻ.
വലുതാവുമ്പോ താരാവീട്ടിലേക്ക് കുഞ്ഞുണ്ണിയും വാങ്ങും ഒരു വീരനെ. വീരാ പാരുങ്കോ കുഞ്ഞുണ്ണി വന്താച്ച് എന്നവനോട് കുഞ്ഞുണ്ണി സ്‌കൂള്‍ വിട്ടു വരുമ്പോ അപ്പൂപ്പന്‍ പറയും. അപ്പോ അവന്‍ രണ്ടുകാലില്‍ എണീറ്റുനിന്ന് കുഞ്ഞുണ്ണിയെ കെട്ടിപ്പിടിക്കും.
അവന് മെഴുക്കുപുരട്ടിയായിരിക്കുമോ ചിക്കനായിരിക്കുമോ ഇഷ്ടം?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.