/indian-express-malayalam/media/media_files/uploads/2023/08/priya-as-story-1-fi.jpg)
ചിത്രീകരണം : വിഷ്ണു റാം
രാവിലെ തന്നെ വിരിഞ്ഞു മുക്കുറ്റിപ്പൂവ്. നല്ല വെള്ള നിറമായിരുന്നു മുക്കുറ്റിപ്പൂവിന്.
നമ്മൾ പൊതുവേ കാണാറുള്ള മുക്കുറ്റിപ്പൂവിനൊക്കെ മഞ്ഞനിറം ആണല്ലോ എന്നാവും ഇപ്പോൾ കൂട്ടുകാർ വിചാരിക്കുന്നത്. ശരിയാണ് നമ്മുടെ ചുറ്റുവട്ടത്തൊക്കെ കൂടുതലും കാണാറുള്ളത് മഞ്ഞ മുക്കുറ്റിതന്നെയാണ്. പക്ഷേ വല്ലപ്പോഴും വെള്ള മുക്കുറ്റിയും പിങ്ക് മുക്കുറ്റിയുമൊക്കെ നമ്മുടെ ചുറ്റിലും പ്രത്യക്ഷപ്പെടാറുണ്ട്, തിരക്കുപിടിച്ച് ഓരോന്നിൻ്റെ പുറകെ ഓടുന്നതിനിടയിൽ നമ്മളാരും അതൊന്നും കാണാറില്ലെന്നു മാത്രം.
പക്ഷേ കുട്ടികളുണ്ടല്ലോ, അവർ നല്ല നിരീക്ഷണക്കാരാണ്. അവരുടെ കണ്ണിൽ പെടാത്തതായി ഒന്നുമില്ല.
സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടെ യഷിൻ്റെ കണ്ണിൽ പെട്ടതാണ് കേട്ടോ നമ്മൾ കുറച്ചു മുൻപു പറഞ്ഞ വെള്ളമുക്കുറ്റി. "നിങ്ങളാരെങ്കിലും വെള്ളമുക്കുറ്റികണ്ടിട്ടുണ്ടോ,?" എന്നു ചോദിച്ചു അവൻ കൂട്ടുകാരോട്. ഫുട്ബോൾ കളിയിൽ മുഴുകിയിരുന്ന അവരാരും വെള്ളമുക്കുറ്റിയെ ഒന്നു നോക്കുക പോലും ചെയ്തില്ല എന്നു മാത്രമല്ല "അവിടെയുമിവിടെയും കാടുകേറി നടക്കാതെ നീ വന്ന് ഞങ്ങളുടെ കൂടെ കളിക്കാൻ നോക്ക്," എന്നു പറയുകയും ചെയ്തു.
യഷ് കളിക്കൂട്ടത്തിനെ വിട്ട് വെള്ളമുക്കുറ്റിയുടെ അടുത്ത് പോയിരുന്ന് ആ പൂവിനെ തലോടി. അപ്പോഴത് കാറ്റത്തൊന്നിളകിയാടി.
അമ്മ കണ്ടിട്ടുണ്ടാവുമോ വെള്ളമുക്കുറ്റി എന്നാലോചിച്ചു അവൻ. അമ്മ എപ്പോഴും തിരക്കുപിടിച്ച് ഓടി നടക്കുന്നയാളല്ലേ, അമ്മ എവിടെക്കാണാൻ വെള്ളമുക്കുറ്റി എന്നോർത്ത് അവന് ചിരി വന്നു.
പിന്നെയവൻ ശ്രദ്ധിച്ച് സൂക്ഷിച്ച് വേരു പൊട്ടാതെ പറിച്ചെടുത്തു വെള്ളമുക്കുറ്റി. ഊണു കഴിച്ച ശേഷം കഴുകി വെള്ളം പോകാൻ കമഴ്ത്തിവച്ച ചോറു പാത്രമെടുത്ത് യഷ് ആ ചെടി അതിലിട്ടടച്ചു വെച്ചു.
/indian-express-malayalam/media/media_files/uploads/2023/08/priya-as-story-1-1-.jpg)
വീട്ടിൽ എത്തിയതും യഷ് അമ്മയെ കാണിച്ചു കൊടുത്തു വെള്ളമുക്കുറ്റിച്ചെടി. "ഞാനാദ്യമായാ ഇങ്ങനൊരു മുക്കുറ്റി കാണുന്നത്, നമുക്കിത് ഒരു ചെടിച്ചട്ടിയിൽ നടാം," എന്നു പറഞ്ഞു അമ്മ.
അതു കേട്ടതും ഒഴിഞ്ഞ ഒരു ചെടിച്ചട്ടിയെടുത്ത് അതിൽ മണ്ണു നിറച്ചു യഷ്.പിന്നെ അമ്മ അതിൽ നട്ടു ആ മുക്കുറ്റിച്ചെടി. "എന്നും വെള്ളമൊഴിയ്ക്കണം, യഷ്" എന്നോർമ്മിപ്പിച്ചു അമ്മ.
അങ്ങനെ യഷും അമ്മയും കൂടി നട്ട് ശുശ്രൂഷിച്ചു പോന്ന വെള്ളമുക്കുറ്റിച്ചെടി ഒരു ദിവസം ഒരു വികൃതി കാക്ക വന്ന് വേരോടെ പറിച്ച് താഴെയിട്ടു. യഷിന് നല്ല ദേഷ്യം വന്നു. "നിനക്കെന്താ വെള്ളമുക്കുറ്റിയോട് അസൂയയാണോ?" അവൻ ചോദിച്ചു. വെള്ളമുക്കുറ്റിപ്പൂവൊരെണ്ണം കൊത്തിക്കീറി താഴെയിട്ടിട്ട് അവൻ ചറുപറാന്ന് പറന്നു പോയി.
യഷ് പിന്നെയും നട്ടു വെള്ളമുക്കുറ്റിച്ചെടി. കാക്ക കാണാതെ ബാൽക്കണിയിൽ കൊണ്ടുവച്ചു അവനാ ചെടിച്ചട്ടി.
ഓരോ ദിവസവും നിറയെ വെള്ളമുക്കുറ്റിപ്പൂവ് ഉണ്ടാകാൻ തുടങ്ങി അതിന്മേൽ.
ഓണം ഇങ്ങടുത്തു വന്നല്ലോ, നമുക്ക് പൂക്കളമിടുമ്പോൾ നടുക്ക് താമരപ്പൂ വച്ചിട്ട് ചുറ്റും വെള്ളമുക്കുറ്റിപ്പൂ വിടാം എന്നു പറഞ്ഞു അമ്മ.
വെള്ളമുക്കുറ്റിപ്പൂവ് പൂക്കളത്തിലിടുന്ന കുട്ടികളൊന്നുമുണ്ടാവില്ല ക്ലാസിൽ എന്നവന് തീർച്ചയായിരുന്നു. അവൻ വെള്ളമുക്കുറ്റിപ്പൂവിശേഷം ക്ലാസിൽ പറഞ്ഞപ്പോൾ, "ഇവിടെ സ്കൂൾ മുറ്റത്തൊക്കെ നിറയെ വെള്ളമുക്കുറ്റിച്ചെടിയുണ്ടായിട്ടും യഷ് പറഞ്ഞപ്പോൾ മാത്രമല്ലേ നമ്മളെല്ലാം അത് കണ്ടത്," എന്നു ചോദിച്ചു റ്റീച്ചർ.
/indian-express-malayalam/media/media_files/uploads/2023/08/priya-as-story-1-2.jpg)
"ചുറ്റുപാടും ശ്രദ്ധിക്കുക എന്നു വച്ചാൽ അതിന് നിരീക്ഷണശക്തി എന്നാണു പറയുക," എന്ന് റ്റീച്ചർ അവർക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ ശ്രദ്ധിച്ചു കേട്ടിരുന്നു.
"ഇനിയും "നന്നായി ശ്രദ്ധിച്ചാൽ പിങ്ക് നിറത്തിലുള്ള മുക്കുറ്റിയും പതുക്കെ എവിടെ നിന്നെങ്കിലും കിട്ടുമായിരിക്കും," എന്നു കൂടി പറഞ്ഞു റ്റീച്ചർ.
അതു പ്രകാരം എവിടെപ്പോയാലും ഇപ്പോ പിങ്ക് മുക്കുറ്റി പരതി നടപ്പാണ് കുട്ടികൾ. അവർക്ക് തീർച്ചയായും ഈ ഓണത്തിനല്ലെങ്കിൽ അടുത്ത ഓണത്തിനെങ്കിലും പിങ്ക് മുക്കുറ്റിച്ചെടി കിട്ടുമായിരിക്കും അല്ലേ?
ഇത് വായിക്കുന്ന കുട്ടികളും നോക്കണേ മുറ്റത്ത് മുക്കുറ്റിയുണ്ടോയെന്ന്. മഞ്ഞയെങ്കിലും കാണാതിരിക്കില്ല ഓരോ മുറ്റത്തും. അത് പറിച്ച് ഒരു ചെടിച്ചട്ടിയിൽ വച്ചു നോക്കിയേ. നല്ല ഭംഗിയായിരിക്കും അത് കൂട്ടമായി നിന്ന് പൂക്കുമ്പോൾ. അപ്പോ അതിൻ്റെ ഫോട്ടോയെടുക്കാൻ മറക്കല്ലേ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.