scorecardresearch

പങ്കു, ഒരോർമ്മ

"സ്നേഹിച്ചിരുന്നവരെ ആർക്കാണ് മറക്കാൻ പറ്റുക അല്ലേ?" പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

"സ്നേഹിച്ചിരുന്നവരെ ആർക്കാണ് മറക്കാൻ പറ്റുക അല്ലേ?" പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya as | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

ലോലയുടെ വീട്ടിൽ വന്നു കയറിയ പട്ടിക്കുട്ടനാണ് പങ്കു.

നല്ല തൂവെള്ളയിൽ കറുത്ത പാണ്ടുകളുള്ള അവനെ ഒറ്റനോട്ടത്തിൽ കണ്ടാൽ ഡാൽമേഷ്യൻ ഇനത്തിൽ പെട്ടതാണെന്നു തോന്നും. എന്തൊരു ചന്തമാണ് അവനെ കാണാനെന്നോ.

Advertisment

ആരെയും കടിക്കുകയൊന്നുമില്ല അവൻ. പക്ഷേ ഉഗ്രൻ ശബ്ദത്തിൽ കുരച്ച് ആളുകളെ പേടിപ്പിക്കും. നമ്മടെ ആളല്ലേടാ എന്ന് ലോലയോ അമ്മയോ അച്ഛനോ ചെന്ന് പറഞ്ഞാൽ മാത്രമേ അവൻ ഗേറ്റിനു പുറത്തു വന്നു നിൽക്കുന്ന ആളുകളെ അകത്തേയ്ക്ക് കടത്തിവിടൂ.

അവൻ അവരുടെ വീട്ടിൽ എത്തിപ്പെടുമ്പോൾ ഒരു കൈപ്പത്തിയോളമേ വലിപ്പമുണ്ടായിരുന്നുള്ളു. പിന്നെ ഫില്ലറിൽ പാലു കൊടുത്തു കൊടുത്താണ് അവൻ എഴുന്നേറ്റു നിൽക്കാറായത്. പിന്നെ അമ്മ അവന് ചിക്കൻ സൂപ്പുണ്ടാക്കി കോരിക്കൊടുക്കാൻ തുടങ്ങി. അപ്പോഴാണ് അവൻ തടിച്ചുരുണ്ടു കുട്ടപ്പനായത്.

അവനേറ്റവും ഇഷ്ടമുള്ള പരിപാടി ലോലയുടെ കൂടെ പന്തുകളിക്കുന്നതാണ്. ലോല ഉയരത്തിൽ എറിയുന്ന പന്തു വായ കൊണ്ട് പിടിച്ചെടുത്ത് അതുമായി അവൻ ലോലയുടെ അടുത്തേക്ക് ഓടി വരുമ്പോൾ അവൾ അവന് ഷേയ്ക്ക് ഹാൻഡ് കൊടുക്കും. അപ്പോൾ പങ്കുവിൻ്റെ കണ്ണിൽ തെളിയുന്ന ഒരു ഗമയുണ്ടല്ലോ അത് കാണാൻ ലോലയ്ക്ക് വളരെ ഇഷ്ടമാണ്.

Advertisment

പിന്നെയും അവന് ഗമ വരുന്ന ഒരു കാര്യമുണ്ട്. അടുത്ത വീട്ടുകാരുടെ കോഴി മതിൽ ചാടി ലോലയുടെയൊക്കെ പറമ്പിൽ വന്ന് കൊത്തിപ്പെറുക്കി നടക്കുമ്പോൾ അവൻ വാണം വിട്ട പോലെ അവരുടെയൊക്കെ പിന്നാലെ ഓടിനടന്ന് അതിനെയൊക്കെ പേടിപ്പിച്ചോടിക്കും. ആ കോഴികൾ പങ്കുവിനെ പേടിച്ച് മതിലിനു മുകളിൽ കയറി നിൽപ്പാവും. എന്നിട്ട് "കൊക്ക കക്കോ നിനക്കിങ്ങോട്ട് ഈ മതിലിനു മുകളിലേക്ക് കേറി വരാൻ പറ്റില്ലല്ലോ," എന്നവനെ കളിയാക്കും. അപ്പോഴവൻ രണ്ടു കൈയും മതിലിലൂന്നി എണീറ്റു നിന്ന് നിർത്താതെ കുരച്ചവരെ പേടിപ്പിക്കും. അവൻ്റെ കുര കേട്ട് ചെവി പൊട്ടാറായ മട്ടിൽ കോഴികൾ ഒടുക്കം സ്ഥലം കാലിയാക്കും. അപ്പോഴവൻ ലോലയുടെ നേരെ ഗമനി നിറഞ്ഞ കണ്ണുകൾ കൊണ്ടൊരു നോട്ടമുണ്ട്. അവൻ്റെ ഗമത്താടിയിൽ ലോല അപ്പോൾ തടവിക്കൊടുക്കും.

പക്ഷേ ആ കോഴികൾ തന്നെയാണ് പങ്കുവിന് വിനയായത് കേട്ടോ.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

കോഴികളുടെ ഉടമ വിരോണിച്ചേടത്തി, ലോലയുടെ അമ്മയെ കാണുമ്പോഴൊക്കെ പരാതി പറഞ്ഞു തുടങ്ങി. "നിങ്ങടെ ആ പാണ്ടൻ പട്ടിയൊണ്ടല്ലോ. എന്തു കൊരയാ അത്. ചെവി തല കേപ്പിക്കാണ്ട് കൊരച്ചോളും അത്. അതെൻ്റെ കോഴികളെ കണ്ണും മൂക്കുമില്ലാതെ ഇട്ടോണ്ടോടിക്കുന്നതോ? അങ്ങനെയവൻ ഇട്ടോണ്ടോടിച്ചപ്പോഴാ എൻ്റെ നീലിക്കോഴിയുടെ കാലൊടിഞ്ഞത്."

അപ്പോ ലോലയുടെ അമ്മ ചോദിച്ചു "അതു ങ്ങള് ഇവിടെ വന്ന് ഇവിടെ നട്ടിരിക്കണ മുളകിൻ്റെയും തക്കാളിയുടെയും തടമെല്ലാം ചിക്കിപ്പറിച്ച് കളയുമ്പോഴല്ലേ അവൻ അവരെ ഓടിക്കുന്നത്? അല്ലാതെ അവൻ നിങ്ങടെ പറമ്പില് വന്ന് ശല്യമുണ്ടാക്കാറൊന്നുമില്ലല്ലോ."

പക്ഷേ അമ്മ പറഞ്ഞതൊന്നും അവര് കേട്ട മട്ട് കാണിച്ചില്ല.

പിറ്റേന്ന് ആരോ ഒരു കടുംകൈ ചെയ്തു. ഒരു ചിക്കൻ കഷണത്തിൽ വിഷം വച്ച് രാത്രിയിൽ ലോലയുടെ പറമ്പിലേക്കിട്ടു. പാവം പങ്കു വിഷമാണെന്നറിയാതെ അത് തിന്നു.

പിറ്റേന്ന് ലോല രാവിലെ എണീറ്റ് വാതിൽ തുറന്നു നോക്കുമ്പോഴുണ്ട് വാതിൽപ്പടിമേൽ ചത്തു കിടക്കുന്നു പങ്കു.

ലോലയന്ന് കരഞ്ഞതിന് കണക്കില്ല. അന്നവൾ സ്ക്കൂളിലും പോയില്ല.

അച്ഛനവൻ്റെ ശരീരം മുറ്റത്തിൻ്റെ കോണിൽ കൊണ്ടു കുഴിച്ചിട്ടു. ലോല, അവനിഷ്ടമുള്ള ചുവന്ന വരയൻ പന്ത് അവനെ അടക്കം ചെയ്തയിടത്ത് കൊണ്ടുവച്ചു.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

വേറെ പട്ടിയെ, ശരിയ്ക്കുള്ള ഡാൽമേഷ്യനെ നമുക്കു വാങ്ങാം എന്ന് അച്ഛനവളെ സമാധാനിപ്പിച്ചു. "പങ്കുവിന് പകരമാവില്ലല്ലോ ആരും," എന്നു പറഞ്ഞു അവൾ.

അവൾ സ്കൂൾ വിട്ടു വരുന്ന നേരത്ത് രണ്ട് കാലിൽ എഴുന്നേറ്റു നിന്ന് അവളെ കെട്ടിപ്പിടിക്കുന്ന പങ്കുവിൻ്റെ ഫോട്ടോ ഫ്രെയിം ചെയ്ത് ലോല അവളുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. "പഠിക്ക്, നല്ലോണം പഠിക്ക്, പഠിച്ച് വലുതാവ്," എന്നവൻ അവളോട് പറയുന്നതു പോലെ തോന്നും അവൾക്കപ്പോഴെല്ലാം.

ഇന്നാള് ഒരു കളിപ്പാട്ടക്കടയിൽ ചെന്നപ്പോൾ പങ്കുവിൻ്റെ പോലെ വെളുപ്പിന്മേൽ കറുപ്പു പാണ്ടുള്ള ഒരു പ്ലാസ്റ്റിക് പട്ടിക്കുട്ടനെ കണ്ടു ലോല.

പങ്കുവിൻ്റെ ഓർമ്മയ്ക്ക് എന്നു പറഞ്ഞ് അവളത് അച്ഛനെക്കൊണ്ട് വാങ്ങിപ്പിച്ചു. അതിൻ്റെ കണ്ണിൽ പങ്കുവിൻ്റെ കണ്ണിലെപ്പോലെ തന്നെ സ്നേഹം തിളങ്ങുന്നുണ്ടെന്ന് ലോലക്ക് തോന്നി.

ലോല ഇപ്പോൾ വലുതായി കോളേജിലെത്തി. ഇപ്പോ ഹോസ്റ്റലിൽ നിന്നാണ് ലോല പഠിക്കുന്നത്.

ലോലയുടെ ഹോസ്റ്റൽ സ്റ്റഡി റ്റേബിളിൽ അവൾ വച്ചിട്ടുണ്ട് പങ്കുവിൻ്റെ പ്ലാസ്റ്റിക് രൂപം. അതിനെ ഒന്നു തടവും അവളിടക്ക്. സ്നേഹിച്ചിരുന്നവരെ ആർക്കാണ് മറക്കാൻ പറ്റുക അല്ലേ?

Priya As Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: