scorecardresearch

ഓണപ്പൂക്കളവും ഒരു പൂച്ചയും

"അപ്പോ മ്യാവൂ എന്ന് നാലു തവണ പറഞ്ഞു പൂച്ച. എന്തായിരിക്കും ആ മ്യാവുവിനർത്ഥം?" പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

"അപ്പോ മ്യാവൂ എന്ന് നാലു തവണ പറഞ്ഞു പൂച്ച. എന്തായിരിക്കും ആ മ്യാവുവിനർത്ഥം?" പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

author-image
Priya A S
New Update
priya as | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

മെറീന രാവിലെ എണീറ്റു. പൂക്കളമിടണ്ടേ?

ശരിക്കും അത്തം മുതലാണ് പൂവിടേണ്ടത്. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം ഇങ്ങനെ പത്തു ദിവസങ്ങളിലാണ് പൂവിടേണ്ടത്. ഓരോ ദിവസവും പൂക്കളം വലുതായി വരണം. അത്തത്തിന്റന്ന് തുമ്പക്കുടം കൊണ്ടാണ് പൂവിടുക. ഏറ്റവും വലിയ പൂക്കളം തിരുവോണപ്പൂക്കളമായിരിക്കും. അത് ഉത്രാടത്തിന്റന്ന് രാത്രിയിലാണിടുക.

Advertisment

മെറീനയ്ക്ക് അത്തം ചിത്തിര ചോതികളിലെ പൂക്കളമിടൽ മിസ്സായി. അന്നൊക്കെ അവൾക്ക് പനിയായിരുന്നല്ലോ. അന്നെല്ലാം പൂക്കളമിട്ടത് അമ്മയാണ്.

അമ്മയ്ക്ക് ജോലിക്ക് പോവണ്ടേ? അതു കൊണ്ട് തിരക്കുപിടിച്ച് പൂക്കളമിട്ടു എന്നു വരുത്തി ബസു പിടിക്കാനോടും അമ്മ.

ഇന്നിപ്പോ പനി മാറി സുഖമായതുകൊണ്ട്, ഞാനേറ്റു പൂക്കളമിടുന്ന കാര്യം എന്നു പറഞ്ഞു മെറീന.

Advertisment

മുറ്റത്തേക്കിറങ്ങി നോക്കുമ്പോഴുണ്ട് പവിഴമല്ലിച്ചുവട്ടിൽ ഉതിർന്നു വീണിരിക്കുന്നു കടലോളം പവിഴമല്ലിപ്പൂക്കൾ. അതുകണ്ടാൽ ഒരു പൂക്കളം പോലെ തന്നെയുണ്ട്. അവൾ വിചാരിച്ചു ഇത് തന്നെ പോരേ പൂക്കളം?

അവൾ പവിഴമല്ലിപ്പൂക്കൾ പെറുക്കിയെടുത്തു ഒരു ഇലക്കുമ്പിളിൽ. മാവിലേക്ക് പടർന്നു കയറിയ മുല്ലവള്ളിയിൽ ഒരു പാട് മുല്ലപ്പൂക്കളുണ്ടല്ലോ, മുല്ലപ്പൂക്കൾക്ക് ഒരു രാത്രിയല്ലേ ആയുസ്സുള്ളു, പകലത് കൊഴിഞ്ഞു വീഴുമല്ലോ എന്നെല്ലാമോർത്ത് മെറീന മുല്ലപ്പൂക്കളും ശേഖരിക്കാൻ തുടങ്ങി.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

പൂക്കളത്തിന്റെ നടുക്ക് ഏതു പൂവാ വയ്ക്കുക എന്നായി പിന്നെ അവളുടെ ആലോചന. അപ്പോഴാണ് ഒരു ചുവന്ന ചെമ്പരത്തി കാറ്റിലാടി എന്നെ പറിച്ചോളൂ, എനിക്ക് വൈകുന്നേരം വരെയല്ലേ ആയുസ്സുള്ളു എന്നു പറഞ്ഞത്. ചോപ്പ് ചെമ്പരത്തി നടുക്കുവച്ച് അതിനു ചുറ്റും വട്ടത്തിൽ മൂന്നു വരിയായി അവൾ മുല്ലപ്പൂ അടുക്കി വച്ചു. നല്ല ഭംഗിയുണ്ട്, ചുവപ്പും വെള്ളയും തമ്മിൽ നല്ല ചേർച്ചയാണ് എന്നു പറഞ്ഞു മെറീന പൂക്കളമിടുന്നത് കണ്ടു നിന്ന അച്ഛൻ.

മുല്ലപ്പൂവെള്ള കഴിഞ്ഞ് ഗന്ധരാജന്റെ കരിമ്പച്ചയില വയ്ക്കാം, വെള്ളയുടെ അടുത്ത് പച്ചയ്ക്ക് നല്ല എടുപ്പാണ് എന്നു പറഞ്ഞ് ഒരേ വലിപ്പത്തിലുള്ള ഗന്ധരാജൻ ഇലകൾ നോക്കി നോക്കി പറിച്ചു കൊടുത്തു അച്ഛൻ. അവളത് മുല്ലപ്പൂ നിരക്കു ചുറ്റും നിരത്തി. പിന്നെ അവൾ പവിഴമല്ലിപ്പൂവെടുത്ത് ഇലനിരയ്ക്ക് ചുറ്റും കട്ടിയിൽ വിതറി. ഒടുക്കം അവൾ തവിട്ടു നിറമുള്ള മയിൽക്കണ്ണനിലകളുടെ ഒരു വട്ടം കൂടി ഉണ്ടാക്കി. ഇപ്പോ പൂക്കളം ഗംഭീരം, കുറേ ദിവസം നിൽക്കുന്ന പൂക്കളൊന്നും നമ്മൾ പൂക്കളത്തിനു വേണ്ടി പറിച്ച് നശിപ്പിച്ചിട്ടുമില്ല എന്നു പറഞ്ഞു അച്ഛൻ.

ഉച്ചയായപ്പോൾ ചെറിയ മഴ തൂളി. ഒരു ചെറിയ കാറ്റു വന്നു. എങ്ങുനിന്നോ വന്ന ഒരു പൂച്ച പൂക്കളത്തിനു മീതേ കൂടി നടന്നു. ചുരുക്കിപ്പറയുകയാണെങ്കിൽ പൂക്കളം അലങ്കോലമായി. മെറീനയ്ക്ക് സങ്കടമായി.

ഓരോ പൂക്കളവും ചിതറിത്തെറിക്കാനുള്ളതാണ്. എന്നാലല്ലേ നമുക്ക് പിറ്റേന്ന് ഇന്നത്തേക്കാൾ വലിയ, കൂടുതൽ ഭംഗിയുള്ള പൂക്കളം ഉണ്ടാക്കാനാവൂ എന്നു ചോദിച്ചു അച്ഛൻ.

മോൾ ശ്രദ്ധിച്ചായിരുന്നോ, അത്തത്തിന്റന്ന് നല്ല മഴയായിരുന്നു. അത്തം കറുത്താൽ തിരുവോണം വെളുക്കുമെന്നാ ചൊല്ല്.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

ഓണ രാത്രികളിലെ നിലാവിനാണ് നിലാവുകളിൽ വച്ചേറ്റവും ഭംഗി എന്നു പറഞ്ഞു അച്ഛൻ. "ഓണനിലാവേ പൂനിലാവേ ഓടിപ്പോകരുതേ..." എന്ന പാട്ടു പാടി അമ്മ.

നാളത്തെ പൂക്കളത്തിന് എന്തെല്ലാം പൂ വേണം എന്ന് തീരുമാനിക്കാനായി മെറീന പറമ്പിലേക്കിറങ്ങി. പൂക്കളം ചിതറിത്തെറിപ്പിച്ച ആ പൂച്ച വാലു പൊക്കിപ്പിടിച്ച് മെറീനയ്ക്ക് കൂട്ടായി ചെന്നു. "നീ അങ്ങനെ എന്നോട് കൂട്ടൊന്നും കൂടാൻ വരണ്ട, പൂക്കളം തട്ടിത്തെറിപ്പിക്കുന്ന വിദ്വാനല്ലേ, നീയ്?" എന്നു ചോദിച്ച് അവളവനെ ഓടിച്ചു.

എന്നിട്ടവൾ ഊഞ്ഞാലിൽ പോയിരുന്നാടി.

പൂച്ച അപ്പോഴും സ്ഥലം കാലിയാക്കിയിരുന്നില്ല. അതൊരു മൂലയിൽ പതുങ്ങിയിരിപ്പായിരുന്നു. "ഇത്തവണ അത്തം കറുത്ത സ്ഥിതിക്ക് തിരുവോണം വെളുത്തതായിരിയ്ക്കുമല്ലോ അല്ലേ?" എന്നു വിളിച്ചു ചോദിച്ചു മെറീന. എനിക്കറിയാമ്മേലേ എന്നു പറയുമ്പോലെ വാലുമുയർത്തി പൂച്ച ഒറ്റപ്പോക്ക്. അതു കണ്ട് മെറീന ചിരിച്ചു. അപ്പോ 'മ്യാവൂ' എന്ന് നാലു തവണ പറഞ്ഞു പൂച്ച. എന്തായിരിക്കും ആ മ്യാവുവിനർത്ഥം?

Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: