/indian-express-malayalam/media/media_files/uploads/2023/09/priya-as-03-1.jpg)
മഴയായിരുന്നു. ഗംഭീര മഴ. ചിന്നു മഴ കാണാൻ ബാൽക്കണിയിൽ വന്നു നിന്നു. ഇടയ്ക്കവൾ കൈ നീട്ടി മഴനാരുകൾ തട്ടിത്തെറിപ്പിച്ചു കളിച്ചു. മഴക്കാറുകൾ ആകാശമാകെ നിറഞ്ഞു കൊണ്ടേയിരുന്നു. അന്തരീക്ഷമാകെ മങ്ങി വൈകുന്നേരം പോലെ തോന്നിച്ചു .
പിന്നെ മിന്നലു വന്നു, ഇടിവെട്ടി. ചിന്നുവിന് പേടിയായി. അകത്തേക്കു പോകാൻ തുടങ്ങുകയായിരുന്നു അവൾ. അപ്പോഴേക്ക് മഴ കുറഞ്ഞു. ഏതൊക്കെയോ കിളികൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു.
അതിനിടെ മൂന്നു തത്തകൾ വന്ന് പുറത്തെ കേബിൾ റ്റിവിയുടെ വയറിൽ വന്നിരുന്ന് കസർത്തായി, ചിലപ്പായി.
ചിന്നു തത്തകളെ അത്ര അടുത്ത് ആദ്യമായി കാണുകയായിരുന്നു.
അവരുടെ പച്ച, ചുവപ്പ് നിറങ്ങൾ തമ്മിൽ എന്തു ചേർച്ചയാണെന്ന വളോർത്തു. തത്തമ്മപ്പച്ചയും തത്തമ്മച്ചുവപ്പും കോംബിനേഷനിൽ ഒരു ഉടുപ്പ് തനിയ്ക്ക് പണ്ടുണ്ടായിരുന്നല്ലോ, അത് ചെറുതായിപ്പോയി, ഇനീം അതുപോലൊരെണ്ണം തയ്പിക്കണം എന്നു കരുതി ചിന്നു.
മൂന്നു തത്തകളും കൂടി ചെവി തുളക്കുന്ന മാതിരി കലപില കൂട്ടുന്നതു കണ്ട് അവരെന്താവും പറയുന്നത് എന്നവളാലോചിച്ചു.
മഴയെ വഴക്ക് പറയുകയാവും അവർ എന്നവളുറപ്പിച്ചു. അവർ വൈകുന്നേരം ഒരു ഷോപ്പിങ്ങിന് പ്ലാൻ ചെയ്തു കാണും, അവരുടെ പ്ലാനൊക്കെ താറുമാറാക്കിക്കൊണ്ടായിരിക്കും മഴ വന്നത് എന്നൊക്കെ ചിന്നുവിന് തോന്നി. "ഞാൻ വിചാരിക്കുന്നതു പോലെയാണോ കാര്യങ്ങൾ," എന്നവൾ തത്തകളോട് ചൂളം കുത്തിച്ചോദിച്ചു.
തത്തകളപ്പോൾ ചൂളം വിളി വരുന്നതെവിടെ നിന്നാണ് എന്ന് തിരിഞ്ഞും മറിഞ്ഞും ശ്രദ്ധിച്ചു. എന്നിട്ട് ചിന്നുവിൻ്റെ ചൂളം കുത്തലിനു പകരമായി ശബ്ദമുണ്ടാക്കി.അവരെന്താണ് പറയുന്നതെന്ന് ചിന്നുവിന് മനസ്സിലായില്ല.
"മഴ മാറിയല്ലോ, ഇനി ഞങ്ങ ള് ഷോപ്പിങ്ങിനു പോവുകയാണ്, കൊറിക്കാനുള്ള പയർ മണികളൊക്കെ തീരാറായി, ഇനി അതെല്ലാം വാങ്ങി സ്റ്റോക്ക് ചെയ്യണം," എന്നൊക്കെയാണ് തത്തകൾ പറയുന്നതെന്ന് വിചാരിച്ചു ചിന്നു.
/indian-express-malayalam/media/media_files/uploads/2023/09/priya-as-01-1.jpg)
അവളങ്ങനെ വിചാരിക്കുന്നതിനിടെ തത്തകൾ ചിന്നുവിൻ്റെ ബാൽക്കണിയിലേക്ക് പാഞ്ഞു പറന്നു കയറി. വിശന്നിട്ടാവും, കുറച്ച് പയർ മണി തരാമോ തിന്നാൻ? വിശന്നിട്ട് വയ്യ എന്നാവും അവരുടെ വരവിൻ്റെ അർത്ഥം എന്നു തോന്നി ചിന്നുവിന്. അകത്തുചെന്ന് കുറച്ച് പയർ മണികൾ തരാമോ തത്തമ്മകൾക്ക് കൊടുക്കാൻ എന്ന മ്മയോട് ചോദിക്കാനായി പോയ തക്കത്തിന് തത്തമ്മകൾ എന്തു ചെയ്തു വെന്നറിയണ്ടേ?
ബാൽക്കണിയിൽ കൂട് വെച്ചിരുന്ന റോബിൻ കിളിയുടെ കൂട് തട്ടിത്താഴെയിട്ടു. അതിൽ രണ്ട് കിളിക്കുഞ്ഞുങ്ങളുണ്ടായിരുന്നു. ഒന്ന് പറന്ന് രക്ഷപെട്ടു. ഒന്ന് താഴെ വീണു. അതിൻ്റെ കാലൊടിഞ്ഞു. തത്തമ്മകൾ അതിൻ്റെ തലക്കിട്ട് കൊത്തിക്കൊണ്ടേയിരുന്നു.
പയർ മണിയുമായി തിരികെ വന്ന ചിന്നു ആ കാഴ്ച കണ്ട് നിലവിളിച്ചു പോയി. അവൾ "തത്തമ്മ ക ളെ പോ പോ," എന്നു പറഞ്ഞ് ആട്ടിയോടിച്ചു. പാവങ്ങളെ ഉപദ്രവിക്കുന്നോ എന്നു ചോദിച്ചവൾ അവരെ വഴക്കു പറഞ്ഞു.
അവൾ റോബിന്‍ കുഞ്ഞിനെ എടുത്ത് മടിയിൽ വച്ചു. പിന്നെ അച്ഛനെയും കൂട്ടി വെറ്റിനറി ഡോക്റ്ററുടെ അടുക്കൽ കൊണ്ടുപോയി കുഞ്ഞിക്കിളിയെ. ഡോക്റ്ററതിന് ഫില്ലറിൽ മരുന്നുകൊടുത്തു. പിന്നെ കാലിൽ മരുന്ന് വച്ച് കെട്ടി.കാർഡ് ബോർഡ് ബോക്സിൽ സോഫ്റ്റ് തുണി വിരിച്ച് കിളിയെ അതിൽ കിടത്താൻ പറഞ്ഞു ഡോക്റ്റർ. അതൊക്കെയനുസരിച്ചു അച്ഛനും ചിന്നുവും. മൂന്നു മണിക്കൂർ ഇടവിട്ട് അതിന് മരുന്നു കൊടുക്കുകയും വേണം.
/indian-express-malayalam/media/media_files/uploads/2023/09/priya-as-02-1.jpg)
ഇനീം തത്തമ്മകൾ വന്നു പദ്രവിക്കാതിരിക്കാനായി അവരാ കാർഡ് ബോർഡ് പെട്ടി വീട്ടിനകത്തു കൊണ്ടുവച്ചു.
അല്ലാ, എന്തിനായിരിക്കും തത്തമ്മകൾ കിളികുഞ്ഞിനെ ഉപദ്രവിച്ചത്? കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നു കാണിക്കാനാവുമോ? മനുഷ്യർക്കിടയിലും ഉണ്ട് അത്തരക്കാർ എന്നു പറഞ്ഞു അച്ഛൻ.
"എന്തെല്ലാം തരം സ്വഭാവക്കാരാണല്ലേ ഭൂമിയിൽ, അവരെയൊക്കെ എങ്ങനെ തിരിച്ചറിയും?" എന്നു ചോദിച്ചു ചിന്നു.
"എളുപ്പവഴിയൊന്നുമില്ല അതിന്, ജീവിച്ചു ജീവിച്ചേ അതൊക്കെ തിരിച്ചറിയാനാവൂ," എന്നു പറഞ്ഞു അച്ഛൻ.ചിന്നു തല കുലുക്കി.
അവൾ കുഞ്ഞുറോബിന് പിന്നെയും ഫില്ലറിൽ മരുന്ന് കൊടുത്തു. "റോബിന്‍ കുഞ്ഞേ വേഗം സുഖാവണേ, ലോകം മുഴുവൻ നല്ല വരെക്കൊണ്ട് നിറയണേ, തല തിരിഞ്ഞ ബുദ്ധിയുള്ള ആ മൂന്ന് തത്തമ്മകളെപ്പോലുള്ളവർക്കും നല്ല ബുദ്ധി തോന്നണേ…" എന്നെല്ലാമവൾ പ്രാർത്ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.