scorecardresearch

ഫ്രം കൊച്ചി റ്റു മുംബൈ

ഒരു മേഘത്തുണ്ടിനെ പിടിച്ചു പോക്കറ്റിലിടാൻ തോന്നി അമ്മൂന്. പ്ലെയിൻ യാത്ര ചെയ്തുവെന്നുള്ളതിന് ഏറ്റവും നല്ല തെളിവ് പോക്കറ്റിലെ ഒരു കഷണം മേഘമല്ലേ? പക്ഷേ അതെങ്ങനെ കിട്ടാൻ? പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

ഒരു മേഘത്തുണ്ടിനെ പിടിച്ചു പോക്കറ്റിലിടാൻ തോന്നി അമ്മൂന്. പ്ലെയിൻ യാത്ര ചെയ്തുവെന്നുള്ളതിന് ഏറ്റവും നല്ല തെളിവ് പോക്കറ്റിലെ ഒരു കഷണം മേഘമല്ലേ? പക്ഷേ അതെങ്ങനെ കിട്ടാൻ? പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya as | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

അമ്മു ഇന്ന് ഫ്ലൈറ്റിൽ മുബൈയിലെ വല്യമ്മാവന്റടുത്തേക്ക് തനിയേ പോയല്ലോ.

ഓണം ഒഴിവല്ലേ, അമ്മൂനെ കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ടു വിടൂ. അവൾ പ്ലെയ്നില്‍ കേറീട്ടുമില്ലല്ലോ ഇതുവരെ. കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങളുടെ വീടിനൊരനക്കം വയ്ക്കട്ടെ എന്നെല്ലാം അമ്മുവിന്റെ അമ്മയോട്‌ പറഞ്ഞു വല്യമ്മാവൻ.

Advertisment

അമ്മുവിന്റെ അമ്മ ടീച്ചറല്ലേ, ഓണം വെക്കേഷനും അമ്മയ്ക്ക് തിരക്കാണ്. ഓണപ്പരീക്ഷയുടെ ആൻസർ പേപ്പർ നോക്കിക്കൊടുക്കണ്ടേ ഓണം വെക്കേഷൻ കഴിഞ്ഞാലുടൻ?

എന്നാപ്പിന്നെ അച്ഛന്റെ കൂടെ ആയാലോ അമ്മുവിന്റെ ബോംബെയാത്ര എന്നു പ്ലാൻ ചെയ്തു അമ്മുവും അമ്മയും.

അപ്പോ അച്ഛൻ പറഞ്ഞു. പത്തു വയസ്സായില്ലേ അമ്മുവിന്? ഇതിനേക്കാൾ ചെറിയ കുട്ടികളൊക്കെ തനിയെ ഫ്ലൈറ്റിൽ പോകുന്നില്ലേ? അമ്മുവും തനിയെ പോയാൽ മതി. ഒന്നര മണിക്കൂർ കൊണ്ട് മുംബൈയിലെത്തും കൊച്ചിയിൽ നിന്ന്. തനിയെ അങ്ങനെയൊക്കെ പോയാലേ കോൺഫിഡൻസ് ഉണ്ടാവൂ. അതുകൊണ്ടല്ലേ നമ്മളിപ്പോ അമ്മൂനെ സ്കൂൾ ബസിലല്ലാതെ ലൈൻ ബസിൽ സ്കൂളിൽ വിടുന്നത്?

അങ്ങനെയാണ് അമ്മു തനിയേ മുംബൈയ്ക്ക് പറന്നത്.

Advertisment

അച്ഛനാണ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഫ്ലൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് മാത്രമേ സീറ്റ് നമ്പർ സെലക്ട് ചെയ്യാമ്പറ്റുന്ന വെബ് ചെക്കിൻ നടത്താൻ പറ്റുള്ളൂന്ന് അച്ഛൻ പറഞ്ഞു.

ഭാഗ്യത്തിന് അമ്മൂന് വിൻഡോ സീറ്റ് തന്നെ കിട്ടി.12 F.

വിൻഡോ സീറ്റ്, മിഡ് സീറ്റ്, എയ്ൽ സീറ്റ്- അങ്ങനെയാണ് വിമാനത്തിലെ സീറ്റുകളെ പറയുക. ഒരു നിരയിൽ ആറു സീറ്റ്. എ മുതൽ എഫ് വരെ. വിൻഡോ സീറ്റ്, മിഡ് സീറ്റ്, എയ്ൽ സീറ്റ്. നടുക്കുവഴി. പിന്നെയും എയ്ൽ സീറ്റ്, മിഡ് സീറ്റ്, വിൻഡോ സീറ്റ്. അച്ഛനവൾക്ക് പറഞ്ഞു കൊടുത്തു.

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് ഒന്ന് അഞ്ചിനായിരുന്നു ഫ്ലൈറ്റ്. അമ്മുവും അച്ഛനും അമ്മയും പതിനൊന്നു മണിക്കേ എയർപോർട്ടിലെത്തി.

അച്ഛന്റെ ഒരു പരിചയക്കാരിയെ കണ്ടു എയർപോർട്ടിൽ വച്ച്. അവരും അതേ ഫ്ലൈറ്റിൽ മുംബൈയ്ക്കായിരുന്നു. അച്ഛൻ അമ്മുവിനെ അവരെ ഏൽപ്പിച്ചു. അൺഅക്കംപനീഡ് മൈനറിനുള്ള സമ്മതപത്രം അച്ഛൻ നേരത്തേ ഒപ്പിട്ടു കൊടുത്തിരുന്നു. അൺഅക്കംപനീഡ് മൈനർ എന്നു വച്ചാൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടി എന്നർത്ഥം.

കൊമ്പൻ മീശക്കാരായ തോക്ക് ധാരികളെ ടിക്കറ്റ് കാണിച്ച് അമ്മുവും ആ ആന്റിയും ടെർമിനലിനകത്തേക്ക് കടന്നു. പിന്നെ ബോർഡിങ് പാസെടുക്കുകയും ബഗേജ്, കൗണ്ടറിൽ ഏൽപ്പിക്കുകയും ചെയ്തു.15 കിലോയിൽ കുടുതലാകാൻ പാടില്ല ബഗേജ്. അമ്മുവിന്റെ പെട്ടി പത്തു കിലോയേ ഉണ്ടായിരുന്നുള്ളു. പിന്നെ അമ്മുവിന്റെ കൈയിൽ വല്യമ്മാവനും വല്യമ്മായിക്കു മുള്ള ഓണ ഉപ്പേരി കൾ നിറച്ച ഒരു ബാഗുണ്ടായിരുന്നു. അത് ഏഴു കിലോ വരെയാകാം. അമ്മുവിന്റെ ബാഗ് രണ്ടു കിലോയേ ഉണ്ടായിരുന്നുള്ളു. അതമ്മൂന് കൈയിൽ വയ്ക്കാം.

പിന്നൊരു കുഞ്ഞു സ്ലിങ് ബാഗിൽ പൈസയും ടിക്കറ്റും ഐഡന്റിറ്റി കാർഡും. ഓ അതു പറയാൻ മറന്നു ഐഡന്റിറ്റി കാർഡ് കാണിക്കണം ടെർമിനലിലേക്ക് കടക്കുന്ന നേരത്തും ബോർഡിങ് പാസെടുക്കുന്ന നേരത്തും.

സെക്യൂരിറ്റി ചെക്കായിരുന്നു പിന്നെ അടുത്ത പരിപാടി. അമ്മു ചെന്ന് നിന്നപ്പോൾ ബീപ്, ബീപ് ശബ്ദം കേട്ടു. മെറ്റൽ പാർട്ടുള്ള ബെൽറ്റ് ധരിച്ചിട്ടുള്ളതു കാരണമാണ് ആ ബീപ് ബീപ്പ് എന്ന് സെക്യൂരിറ്റി ആന്റി അവൾക്ക് പറഞ്ഞു കൊടുത്തു. അതഴിച്ച് ട്രെയിൽ വച്ച് മെഷീൻപരിശോധന കഴിഞ്ഞതെത്തിയപ്പോൾ വീണ്ടുമതെടുത്തു കെട്ടി അമ്മു.

ഗേറ്റ് നമ്പർ 3 എന്നെഴുതിയിരുന്നു ബോർഡിങ് പാസിൽ. ആ ഗേറ്റ് കണ്ടു പിടിച്ച് അതിനടുത്ത് കാത്തിരുന്നു അമ്മുവും ആ ആന്റിയും. പന്ത്രണ്ടു പത്തായപ്പോൾ ഇന്ന നമ്പർ മുതൽ ഇന്ന നമ്പർ വരെയുള്ളവരെ ഓരോ ബാച്ച് ബാച്ചായി വിളിച്ച് എയ്റോബ്രിഡ്ജിലൂടെ വിമാനത്തിലേക്ക് കയറ്റി. അമ്മു 12 F സീറ്റിലിരുന്നു.

വിമാനത്തിലെ അനൗൺസ്മെന്റ് പ്രകാരം ടേക്ക് ഓഫിനു മുമ്പ് സീറ്റ് ബെൽറ്റിട്ടു. കാറിന്റെ ബെൽറ്റിടുന്നതു പോലെയേയുള്ളു അത്. വിമാനത്തിൽ വെച്ച് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ ക്കുറിച്ച് പിന്നെ എയർ ഹോസ്റ്റസാന്റി ഡെമോൺസ്ട്രേറ്റ് ചെയ്തു.

വിമാനം പറന്നു പൊങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോൾ, അനൗൺസ്‌മെന്റ് പ്രകാരം അമ്മു ബെൽറ്റ് മാറ്റി. പിന്നെ ജനാലയിൽ മുഖം അമർത്തി താഴേക്കു നോക്കിയിരിപ്പായി അമ്മു.

ഇടയ്ക്ക് പൈലറ്റ് അങ്കിൾ പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി. 35,000 അടി മുകളിലൂടെയാണ് നമ്മുടെ വിമാനം പറക്കുന്നതെന്ന് പൈലറ്റങ്കിൾ പറഞ്ഞത് കേട്ടപ്പോൾ അമ്മു പേടിച്ച് ജനാലയിലൂടെ ഒന്നുകൂടി താഴേക്ക് നോക്കിപ്പോയി.

പതുക്കെപ്പതുക്കെ കേരളം അങ്ങ് താഴെഒരു പച്ച നിറമായി. പിന്നെ നീലാകാശത്തു കൂടെയായി യാത്ര. താഴെയും മുകളിലും മേഘങ്ങൾ. മേഘങ്ങളാവട്ടെ പല പല ആകൃതികളിൽ. ചിലപ്പോൾ തുണ്ടുകളായി, ചിലപ്പോൾ ഹിമാലയൻ രൂപങ്ങളായി. ചിലത് കപ്പ് കേക്ക് ആണെന്നു തോന്നി. ചിലത് ഐസ്ക്രീമാണെന്നു തോന്നി. ചിലത് സാന്റാക്ലോസപ്പൂപ്പന്റെ താടി പോലുണ്ടായിരുന്നു. ഒരു മേഘത്തുണ്ടിനെ പിടിച്ചു പോക്കറ്റിലിടാൻ തോന്നി അമ്മൂന്. പ്ലെയിൻ യാത്ര ചെയ്തുവെന്നുള്ളതിന് ഏറ്റവും നല്ല തെളിവ് പോക്കറ്റിലെ ഒരു കഷണം മേഘമല്ലേ? പക്ഷേ അതെങ്ങനെ കിട്ടാൻ?

priya as | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

അമ്മുവിന്റെ അടുത്തിരുന്ന രണ്ട് അങ്കിൾമാരും വിമാനത്തിൽ കയറിയതേ ഉറങ്ങാൻ തുടങ്ങി. അവർ ഒരു പാടു വിമാനയാത്രകൾ നടത്തി മേഘങ്ങളെ കണ്ടു കണ്ട് മടുത്തു പോയവരായിരിക്കും, അമ്മു വിചാരിച്ചു.

പിന്നെ ഭക്ഷണം വന്നു. വെജ് വേണോ നോൺ വെജ് വേണോ എന്നു ചോദിച്ചു എയർഹോസ്റ്റസാന്റി. വെജ് മതിയെന്നു പറഞ്ഞു അമ്മു. അമ്മു റൈസ് കഴിച്ചില്ല. ബ്രഡ് റോളും പിന്നെ കസ്റ്റർഡും കഴിച്ചു. കുട്ടിയാത്രക്കാർക്കുള്ള സ്പെഷ്യൽ ഐറ്റമായി എയർ ഹോസ്റ്റസ് കൊണ്ടുവന്ന ചോക്കലേറ്റ് ബാർ, വല്യമ്മാവനും വല്യമ്മായിക്കും കൊടുക്കാൻ വേണ്ടി അമ്മു പോക്കറ്റിലെടുത്തിട്ടു.

കാപ്പി സെർവ് ചെയ്യാൻ പിന്നെയും സമയമെടുത്തു. പുറത്തെ കാലാവസ്ഥ മോശമായതിനാൽ വിമാനം കുലുങ്ങുന്നതു കൊണ്ടാണ് കാപ്പിയും ചായയും വൈകുന്നത് എന്ന് എയർ ഹോസ്റ്റസാന്റി പറഞ്ഞു. പിന്നെ കാപ്പി വന്നപ്പോ അത് തുളുമ്പാതെ കുടിക്കാൻ അമ്മു ഇത്തിരി കഷ്ടപ്പെട്ടു കേട്ടോ.

അത്രയുമൊക്കെ ആയപ്പോഴേക്ക് മുംബൈയില്‍ ലാൻഡിങ്ങിനുള്ള നേരമായി. ലാൻഡിങ് നേരത്തും സീറ്റ് ബെൽറ്റിടണം. പണ്ട് മുംബൈയുടെ പേര് ബോംബെ എന്നായിരുന്നു. സോഷ്യൽ സയൻസിൽ ഇൻഡ്യയിലെ മെട്രോകൾ എന്ന പാഠത്തിൽ അമ്മു അതൊക്കെ പഠിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പച്ച നിറമായിരുന്നില്ല. വിമാനം താണു താണിറങ്ങിയപ്പോഴേക്ക് മുംബൈ കൂറ്റൻ ഫ്ലാറ്റുകളുടെ കൂട്ടമായി.

ഇറങ്ങാൻ നേരം കുഞ്ഞു യാത്രക്കാർക്കുള്ള ഒരു പാർട്ടിങ് ഗിഫ്റ്റ് കിട്ടി അമ്മുവിന്. പ്ലെയിനിന്റെ ആകൃതിയിലുള്ള ഒരു പെൻസിൽ ബോക്സായിരുന്നു അത്. അമ്മുവത് ഒരു നിധിപോലെ നെഞ്ചോട് ചേർത്തു പിടിച്ചു.

കൊച്ചിയുടെ നാലിരട്ടി വലിപ്പമുള്ള മുംബൈ എയർപോർട്ട് കണ്ട് അമ്മു പകച്ചുപോയി. ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് മുംബൈ വിമാനത്താവളത്തിന്റെ പേര്. ശിവജിയുടെ കൂറ്റൻ പ്രതിമ അമ്മു കണ്ടു.

അമ്മുവിന്റെ പെട്ടി കൺവയർ ബെൽറ്റിൽ നിന്ന് അച്ഛന്റെ കൂട്ടുകാരിയാന്റി അമ്മുവിന് എടുത്തു കൊടുത്തു. പ്ലെയിനിൽ നമ്മൾ കൊടുത്ത യാത്രാ സാമാനങ്ങൾ തിരികെ വരുന്ന സംവിധാനത്തെ അഥവാ ബഗേജ് ഹാൻഡ്‌ലിങ് സിസ്റ്റത്തെയാണ് കൺവെയർ ബെൽട്ട് എന്നു പറയുക.

ടെർമിനലില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ വല്യമ്മാവൻ കാത്തു നിൽപ്പുണ്ടായിരുന്നു അറൈവൽ ഗേറ്റില്‍ .

ഗേറ്റ് വേ ഓഫ് ഇന്ത്യ, നെഹ്റു പ്ലാനെറ്റോറിയം, ജുഹു ബീച്ച്, മറൈൻ ഡ്രൈവ് ഇവിടൊക്കെ പോകണ്ടേ എന്നു ചോദിച്ചു വല്യമ്മാവൻ. എനിക്കു പഠിക്കാനുണ്ട് സോഷ്യൽ സയൻസിൽ അതൊക്കെ എന്നു പറഞ്ഞു അമ്മു. പിന്നെ അവൾ വല്യമ്മാവന്റെ കൈ പിടിച്ച് പെട്ടിയുന്തി കാറിനരികിലേക്കു നടന്നു. എന്തൊരു തിരക്കാണീ മുംബൈയ്ക്ക്, അവൾ വിചാരിച്ചു.

അവൾ ഒരു ഹോർഡിങ്, കാറിലിരുന്ന് വായിച്ചു, അമ്ചി മുംബൈ, സുന്ദർ മുംബൈ…


.

Priya As Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: