scorecardresearch
Latest News

നിലാവ് എന്ന വീട്

“ഇതാരാ?” എന്നു അവനിയെ ചൂണ്ടി കുഞ്ഞനോട് ചോദിച്ചു നീലത്തുമ്പി. എന്റെ കുഞ്ഞമ്മയുടെ മകളാണ് അവനിക്കുട്ടി. തൊട്ടപ്പുറത്താണ് അവരുടെ വീട്. ഞങ്ങളുടെ വീടുകള്‍ക്കിടയില്‍ മതിലുകളില്ല, അത് നീ ശ്രദ്ധിച്ചിട്ടില്ലേ – കുഞ്ഞന്‍ വിസ്തരിച്ചു.” പ്രിയ എ എസ് എഴുതിയ കുട്ടികളുടെ കഥ

നിലാവ് എന്ന വീട്

നിലാവ് എന്നു പറഞ്ഞ് ഒരിടത്തൊരിടത്തൊരു വീട്. ആ വീട്ടിൽ ഒരു ഒഴിവു ദിവസം നടന്ന സംഭവമാണേ ഈ കഥ.

സ്കൂളില്ലാതിരുന്നിട്ടും കൂടി കുഞ്ഞനന്ന് രാവിലെ ആരും വിളിക്കാതെ തന്നെ എഴുന്നേറ്റു. എഴുന്നേറ്റതും മുഖം പോലും കഴുകാതെ അവന്‍ കലണ്ടറില്‍ പോയി നോക്കി ഒന്നു കൂടി ഉറപ്പുവരുത്തി – ഇന്ന് ഞായറാഴ്ച സെപ്റ്റംബര്‍ 29.

അതിനിടെ ജനല്‍പ്പടിയില്‍ വന്നിരുന്ന് ഒരു കാക്ക അവനെ ചാഞ്ഞും ചരിഞ്ഞും നോക്കി കാകാ ബഹളം ഉണ്ടാക്കി. കുഞ്ഞന്‍, കാക്കയോട് പറഞ്ഞു – അറിയാമോ നിനക്ക്? ഇന്നാണാ വല്യ ദിവസം. എന്റെ പിറന്നാളാണിന്ന്. ഇന്ന് സദ്യയും കേക്കും ഒക്കെയുണ്ടാവും. നിനക്കിന്ന് കുശാലാവും .

പിറന്നാളോ, അതെന്താണ് എന്നു ചോദിച്ചു, ചിറകടിച്ചു കൊണ്ട് കാക്ക. ഞാന്‍ ജനിച്ച ദിവസം എന്നു മറുപടി പറഞ്ഞ് കുഞ്ഞന്‍ സന്തോഷക്കുട്ടനായി തുള്ളിച്ചാടി പല്ലു തേയ്ക്കാന്‍ പോയി. ഹായ്, കേക്ക്, സദ്യ എന്നൊക്കെ ഓര്‍ത്തു രസിച്ച് കാക്ക കുറച്ചു നേരം കൂടി ജനല്‍പ്പടിമേല്‍ത്തന്നെയിരുന്നു. പിന്നെ മറ്റു ജീവജാലങ്ങളോട് കുഞ്ഞന്റെ പിറന്നാള്‍ക്കാര്യം പറയാനാവും ആനന്ദം വീട്ടില്‍ നിന്ന് അതിവേഗത്തില്‍ പറന്നു പോയി.

കുഞ്ഞന്‍ കുളിച്ചു, പുതിയ ഇളം നീല ഷര്‍ട്ടിട്ട്, കസവുമുണ്ടുടുത്ത് പിറന്നാള്‍ക്കുട്ടിയായാണ് മുറിക്ക് പുറത്തേക്കു വന്നത്. ആഹാ, അമ്മ പുറകേ നടക്കാതെ തന്നെ ഇന്നെല്ലാം കൃത്യം കൃത്യമായി ചെയ്തല്ലോ എന്നു പറഞ്ഞു ചിരിച്ചു അമ്മ. ആ ചിരിയില്‍ അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും കൂടി ചേര്‍ന്നു.

കുഞ്ഞനിഷ്ടമുള്ള മധുരക്കൊഴുക്കട്ടയായിരുന്നു ബ്രേക്ക് ഫാസ്റ്റിന്. അവനത് നാലെണ്ണം കഴിച്ചു . അഞ്ചാമതും ഒരെണ്ണം കഴിക്കണോ എന്നാലോചിക്കുന്നതിനിടെ അപ്പുറത്തുനിന്ന് അവനിക്കുട്ടി വന്നു. തൊട്ടപ്പുറത്താണ് അവനിക്കുട്ടിയുടെ വീട്.

അവനി വന്നപ്പോ, കുഞ്ഞന്റെ അടുത്ത് ഒരു നീലത്തുമ്പി പറന്നു രസിക്കുന്നുണ്ടായിരുന്നു. ജമന്തിപ്പൂവിലിരുന്ന് രസിച്ച് പിന്നെ ഒരു ചെയ്ഞ്ചിനുവേണ്ടി കുഞ്ഞന്റെ വീട്ടിനകത്തേക്ക് കടന്നു വന്നതായിരുന്നു അവള്‍. കാക്ക അവളോടും പറഞ്ഞിരുന്നു കുഞ്ഞന്റെ പിറന്നാള്‍ക്കാര്യം. കുഞ്ഞനെ ഒന്നുമ്മ വച്ച് ഹാപ്പി ബര്‍ത്ത് ഡേ വിഷ് ചെയത് അവള്‍ തിരികെ ജമന്തിപ്പൂവിലേക്കു പോകാന്‍ തുടങ്ങുമ്പോഴാണ് അവനിക്കുട്ടി വന്നത്.

“ഇതാരാ?” എന്നു അവനിയെ ചൂണ്ടി കുഞ്ഞനോട് ചോദിച്ചു നീലത്തുമ്പി. എന്റെ കുഞ്ഞമ്മയുടെ മകളാണ് അവനിക്കുട്ടി. തൊട്ടപ്പുറത്താണ് അവരുടെ വീട്. ഞങ്ങളുടെ വീടുകള്‍ക്കിടയില്‍ മതിലുകളില്ല, അത് നീ ശ്രദ്ധിച്ചിട്ടില്ലേ – കുഞ്ഞന്‍ വിസ്തരിച്ചു.

കുഞ്ഞമ്മ എന്നു പറഞ്ഞാല്‍ ആരാണെന്നു മനസ്സിലായില്ല എന്ന മട്ടില്‍ നീലത്തുമ്പി അവിടെത്തന്നെ വട്ടം ചുറ്റി നിന്നു. കുഞ്ഞന്‍ വിശദീകരിച്ചു കൊടുത്തു. എന്റെ അമ്മയുടെ അനിയത്തിയെ ഞാന്‍ വിളിക്കുന്നത് കുഞ്ഞമ്മ എന്നാണ്. അതുകൊള്ളാം എന്നു പറയുമ്പോലെ നീലത്തുമ്പി ചിറകനക്കി, പിന്നെ അവള്‍, കേക്ക് കട്ടിങ്ങിന്റെയും പിറന്നാള്‍ സദ്യയുടെയും സമയമാവുമ്പോള്‍ വിളിച്ചേക്ക്, അപ്പോള്‍ വരാം എന്നു പറഞ്ഞ് തിരികെ ജമന്തിപ്പൂവിലേക്ക് പറന്നു.

priya as , story, iemalayalam

അവിനിമോൾ വല്ലതും കഴിച്ചോ എന്നു ചോദിച്ചു കുഞ്ഞന്റെയമ്മ. ഇല്ല എന്നു തലകൊണ്ട് ആംഗ്യം കാട്ടി അവനി. എന്നിട്ട് പറഞ്ഞു, ഇന്ന് പിറന്നാള്‍ച്ചേട്ടന്റെ കൂടെ കഴിക്കാമെന്നു വച്ചു ബ്രേക്ക് ഫാസ്റ്റ്. അപ്പോ കുഞ്ഞന്റെ അമ്മ അവള്‍ക്കും കൊടുത്തു മധുരക്കൊഴുക്കട്ട.

ആഹാ, കുഞ്ഞന്‍ ചേട്ടന്റെ പിറന്നാളിന് അവനിക്കുട്ടിയും പുത്തന്‍ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത്, എന്നു പറഞ്ഞു അവളുടെ തലമുടിയില്‍ തലോടി കുഞ്ഞന്റെ അമ്മ. വല്യമ്മേ, കുഞ്ഞന്‍ ചേട്ടന്റെ പിറന്നാളിന് ഞാനും പുതിയതിടണ്ടേ, ഞാന്‍ കുഞ്ഞന്‍ ചേട്ടന്റെ പൊന്നാര അനിയത്തിയല്ലേ എന്നു ചോദിച്ചു അവള്‍ അവളുടെ കസവു പാവാടയിലും ഇളം നീലബ്ലൗസിലും തൊട്ടുതലോടിക്കൊണ്ട്.. വേണമല്ലോ എന്നു പറഞ്ഞു അവളുടെ നെറ്റിയിലുമ്മ വച്ചു കുഞ്ഞന്റെ അമ്മ.

അപ്പോ കുഞ്ഞനും ഉമ്മ വച്ചു അവളെ. ഞങ്ങള്‍ രണ്ടാളും മാച്ചിങ് ഡ്രസിലാണ് എന്നു പറഞ്ഞു അവനിയോട് ചേര്‍ന്നുനിന്നു പിന്നെ കുഞ്ഞന്‍. അപ്പോ കുഞ്ഞന്റെ അമ്മ തുരുതുരായെന്ന് അവരുടെ കുറേ ഫോട്ടോയെടുത്തു മൊബൈലില്‍.

എന്റെ പിറന്നാളെന്നാ കുഞ്ഞന്‍ ചേട്ടാ, ഞാനാ ഡേറ്റ് മറന്നു പോയല്ലോ എന്നായി അവനി. പിറന്നാള്‍ ഡേറ്റ് ആരെങ്കിലും മറക്കുമോ, ഫെബ്രുവരി പതിനാറിനല്ലേ നിന്റെ പിറന്നാള്‍? ഞാനത് എന്റെ ഡയറിയില്‍ കുറിച്ചിട്ടുണ്ട് എന്നായി കുഞ്ഞന്‍.

എന്റെ കൈയിൽ വേറൊരു ഡയറി കൂടിയുണ്ട്. അത് ഞാന്‍ നിനക്കു തരാം. നീ നമ്മുടെ വീട്ടിലെ എല്ലാവരുടെയും പിറന്നാളുകളും പിന്നെ നിലാവ് വീടിന്റെയും നിന്റെ ചിലങ്ക വീടിന്റെയും പാലു കാച്ചല്‍ നടന്ന ദിവസം, അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ ദിവസം അങ്ങനെയൊക്കെ എല്ലാ ഇംപോര്‍ട്ടന്റ് ഡേറ്റ്‌സും അതില്‍ കുറിച്ചു വച്ചോളൂ .

അപ്പോഴാണ് കുഞ്ഞനോര്‍ത്തത് അവനി എല്‍ കെ ജിക്കാരിയാണ്, അക്ഷരം പഠിച്ചു തുടങ്ങുന്നതേയുള്ളു എന്ന്. നീ വേഗം അക്ഷരം പഠിക്ക്, അക്ഷരം പഠിച്ചു കഴിയുമ്പോ ഓരോ ദിവസത്തെയും കാര്യങ്ങളും നിനക്ക് ഡയറിയില്‍ എന്നെ പ്പോലെ എഴുതി സൂക്ഷിക്കാം എന്നു പറഞ്ഞു കുഞ്ഞന്‍.

അവനിക്കുട്ടിയെ എത്ര കാത്തിരുന്നു കിട്ടിയതാ ഞങ്ങള്‍ക്ക് എന്നറിയാമോ , ഞങ്ങളുടെ സുന്ദരിമാലാഖയാണ്, സുന്ദരസ്വപ്‌നമാണ് അവനിക്കുട്ടി എന്നു പറഞ്ഞ് അവളുടെ കവിളില്‍ തഴുകി കുഞ്ഞന്റെ അമ്മ അകത്തേക്കു പോയപ്പോള്‍, ശരിക്കും വല്യമ്മേ, എന്നെ അത്രയ്‌ക്കൊക്കെ കാത്തിരുന്നായിരുന്നോ നിങ്ങളെല്ലാവരും എന്ന് ചോദിച്ചു അവനിക്കുട്ടി. കുഞ്ഞന്റെ അമ്മ ഓണ്‍ ചെയ്ത മിക്‌സിയുടെ ശബ്ദത്തില്‍ ആ ചോദ്യം മുങ്ങിപ്പോയി.

പിന്നല്ലാതെ, നീ വരണതിനു തലേദിവസം ഞങ്ങളാരും നേരാംവണ്ണം ഉറങ്ങിയിട്ടു കൂടിയില്ല. നീ എങ്ങനുണ്ടാവും കാണാന്‍, നീ ഞങ്ങളെ നോക്കി ചിരിക്കുമോ അതോ നീ ഭയങ്കര കരച്ചിലായിരിക്കുമോ, നിനക്ക് പാല്‍ക്കുപ്പി റെഡിയാക്കണ്ടേ, നിനക്ക് തൊട്ടില്‍ ഏതു കളറില്‍ വേണം, നിന്നെ കൊതുകു കടിക്കാതിരിക്കാന്‍ വലക്കുട വാങ്ങണ്ടേ എന്നൊക്കെ തന്നെയായിരുന്നു ഇവിടെ അന്ന് വര്‍ത്തമാനം. കുഞ്ഞന്‍ പറഞ്ഞു.

അപ്പോ അവനിയുടെ മുഖം മങ്ങി. ജനിച്ച അന്നു തന്നെ നിങ്ങള്‍ക്കെന്നെ കാണാന്‍ പറ്റിയില്ല അല്ലേ, കുഞ്ഞന്‍ ചേട്ടാ, അതു കൊണ്ട് ഞാന്‍ ജനിച്ച ദിവസമല്ലല്ലോ, ഞാനിവിടെ വന്ന ദിവസമല്ലേ എന്റെ പിറന്നാളായിട്ട് നമ്മളാഘോഷിക്കുന്നത്. ശരിക്കും അതെന്റെ കറക്ട് പിറന്നാളല്ലല്ലോ കുഞ്ഞന്‍ ചേട്ടാ എന്നു ചോദിച്ചു മങ്ങിയ മുഖക്കാരി കുഞ്ഞവനി.

അവനിയുടെ മുഖത്ത് ഒരു കളിനുള്ളു പാസ്സാക്കി കുഞ്ഞന്‍ . നീ ജനിച്ചത് ദൂരെയെവിടെയോ അല്ലേ? ഞങ്ങളാരും അറിയാത്ത ഏതോ ഇടത്ത്? നീ ജനിച്ച ദിവസം, ഞങ്ങളൊക്കെ ഇവിടെയായിരുന്നില്ലേ? പിന്നെ കുഞ്ഞമ്മയും ചിറ്റപ്പനും കൂടി വന്ന് ഞങ്ങള്‍ക്ക് ആ മോള്‍ മതി എന്ന് നിന്നെ ദത്തെടുത്ത് കൊണ്ടു പോരുകയായിരുന്നില്ലേ?

എന്താണ് ദത്തെടുക്കുക എന്നു പറഞ്ഞാല്‍ എന്നു ചോദിച്ചു അവനി. അതു കേട്ടു കൊണ്ട് കുഞ്ഞന്റെ അമ്മ അവിടേക്കു വന്നു. ആരുമില്ലാത്ത ഒരു കുഞ്ഞിനെ എല്ലാവരുമുള്ളതാക്കി മാറ്റി എടുക്കുന്നതിനാണ് ദത്തെടുക്കുക എന്നു പറയുന്നത് എന്ന് രണ്ടാള്‍ക്കുമായി പറഞ്ഞു കൊടുത്ത് അവനിയുടെയും കുഞ്ഞന്റെയും വായില്‍ ഓരോ ഉണ്ണിയപ്പക്കഷ്ണം സ്വാദുനോക്കാന്‍ വച്ചു കൊടുത്തു കുഞ്ഞന്‍ അമ്മ എന്ന അവനിയുടെ വല്യമ്മ.

ദത്തെടുക്കാനേ കുറേ പണിയുണ്ട് . നമ്മൾ ചുമ്മാ ചെന്നാലൊന്നും അതെല്ലാം നടക്കില്ല . അതിനു ഗവണ്‍മെന്റിന്റെ അനുവാദം വേണം. കുറേ നാളുകളെടുക്കുന്ന ഒരു പരിപാടിയാണ് അത്. കുറേ പേപ്പര്‍ വര്‍ക്‌സൊക്കെ നടത്തി കുറേ പണിപ്പെട്ടിട്ടാ കുഞ്ഞമ്മയ്ക്കും ചിറ്റപ്പനും നിന്നെ ഈ വീട്ടിലേക്കു കൊണ്ടു വരാന്‍ അനുവാദം കിട്ടിയത് എന്നു പറഞ്ഞു കുഞ്ഞന്‍.

എല്ലാവരും കൂടി കുറേ പണിപ്പെട്ടിട്ടാണ് തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വരാന്‍ പറ്റിയത് എന്നു കേട്ടപ്പോള്‍ അവനിക്ക് അഭിമാനമായി. അവളുടെ മുഖം നിറയെ ഒരു ചിരി പടര്‍ന്നു.

ജനിക്കുമ്പോ എങ്ങനാ ആരോരുമില്ലാതാകുന്നത്, ആ കുഞ്ഞിന് അതിന്റെ അച്ഛനുമമ്മയും അപ്പൂപ്പനും അമ്മൂമ്മയും വല്യമ്മയും വല്യച്ഛനും ചേട്ടനും ഒക്കെ കാണില്ലേ എന്നു ചോദിച്ചു പിന്നെ അവനി. അവരൊക്കെ ഭൂകമ്പത്തിലോ ഉരുള്‍ പൊട്ടലിലോ മരിച്ചു പോയിക്കാണും, നമ്മൾ അത്തരം വാര്‍ത്തകൾ പത്രത്തിലും ടിവിയിലും ഒക്കെ കാണാറില്ലേ എന്നു ചോദിച്ചു കുഞ്ഞന്‍. ശരിയാണല്ലോ എന്നോര്‍ത്തു അവനി.

priya as , story, iemalayalam

അവനിയോട് പിന്നെ കുഞ്ഞന്‍ ചോദിച്ചു, നിനക്ക് ഏതു നിറത്തിലെ ഉടുപ്പാണ് പിറന്നാളിനു വേണ്ടത്? മഞ്ഞ എന്നു പറഞ്ഞു അവനി. ഇത്തവണയും നിന്റെ പിറന്നാളുടുപ്പു എന്റെ വക. എന്റെ കുടുക്ക പൊട്ടിച്ച് അതിലെ കാശു കൊണ്ടല്ലേ നമ്മൾ നിനക്ക് പിറന്നാളുടുപ്പു വാങ്ങുക, നിന്റെ പിറന്നാളുടുപ്പു എന്റെ അവകാശമാണ് എന്നു ഗമക്കാരനായി കുഞ്ഞന്‍. അപ്പോ കുഞ്ഞന്റെ വയറ്റത്തുമ്മ വച്ചു അവനി. അപ്പോ കുഞ്ഞന്റെ അമ്മ അവളെ എടുത്തുയര്‍ത്തി നെഞ്ചോട് ചേര്‍ത്തു. എന്നിട്ട് പാടി-

“മാനത്തെ അമ്പിളിത്തെല്ലു പോലെ
മാറത്തിരിക്കണ കുഞ്ഞുപൂവേ
വളര്, കൈവളര്
തങ്കപ്പൂങ്കാല്‍ വളര്
താഴമ്പൂമെയ് വളര്
നാളേക്കൊരു നിധിയല്ലേ നീ?”

ആ സിതാരയാന്റി ടിവിയിൽ ഈ പാട്ട് പാടുമ്പോഴൊക്കെ വല്യമ്മയ്ക്ക് തോന്നും, ഇത് അവനിക്കുട്ടിയെക്കുറിച്ചാണെന്ന്.

എനിക്കും അങ്ങനെ തോന്നാറുണ്ട് എന്നുകുഞ്ഞന്‍ അമ്മ പറഞ്ഞത് ഏറ്റുപിടിച്ചു.

ശരിക്കും ഞാനൊരു നിധിയാണോ വല്യമ്മേ എന്നു ചോദിച്ചു അവനി. ശരിക്കും ഞങ്ങളുടെ കുഞ്ഞു വലിയ നിധിയാണ് മോളുക്കുട്ടി എന്നു പറഞ്ഞ് കുഞ്ഞന്റെ അമ്മ അവളുടെ കുഞ്ഞിക്കവിള്‍ രണ്ടിലും ഓരോ ഉമ്മ കൊടുത്തു. അമ്മ അവളെ എടുത്തിരിക്കുന്നതു കൊണ്ട് അവളുടെ കവിളോളം എത്താത്തതുകൊണ്ട് പകരമായി കുഞ്ഞനവളുടെ കുഞ്ഞിപ്പഞ്ഞിക്കാലുകളില്‍ ഓരോ ഉമ്മ കൊടുത്തു.

പിന്നെ, അവളെ താഴെ നിര്‍ത്തി കുഞ്ഞന്റെ അമ്മ പായസമുണ്ടാക്കാനാവും അകത്തേക്ക് പോയി.

ആ സര്‍ക്കീട്ടുകാരി കാക്ക ഇതിനിടെ തിരികെയെത്തി നിലാവ് വീടിന്റെ മുറ്റത്തെ പവിഴമല്ലിയില്‍ ഇരിപ്പായത് അവനിയും കുഞ്ഞനും ശ്രദ്ധിച്ചിരുന്നില്ല. കാക്കച്ചി അവർ പറയുന്നതൊക്കെ വള്ളിപുള്ളിവിടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് കുട്ടികളുണ്ടോ അറിയുന്നു.

അവരുടെ വര്‍ത്തമാനത്തിനിടയിലേക്ക് കയറി അവള്‍ പറഞ്ഞു – എനിക്കറിയാം ദത്തടുക്കുക എന്നു വച്ചാല്‍ എന്താണെന്നൊക്കെ. ഞാന്‍ രണ്ടു കുയില്‍ക്കുഞ്ഞുങ്ങളെ ദത്തെടുത്തിട്ടുണ്ട്. അവരെന്റെ കാക്കക്കുഞ്ഞുങ്ങളോടൊപ്പം എന്റെ കാക്കക്കൂട്ടില്‍ വളരുന്നുണ്ട്.

പക്ഷികളും ദത്തെടുത്തു വളര്‍ത്തുമോ കുഞ്ഞുങ്ങളെ? അവരുടെ അമ്മയും മറ്റു ബന്ധുക്കളുമൊക്കെ ഭൂകമ്പത്തില്‍ മരിച്ചു പോയതാണോ എന്നു ചോദിച്ചു അവനി .

കുഞ്ഞന്‍ വിസ്തരിച്ചു.

അല്ല അവനീ, കുയിലമ്മ ഒരു മടിച്ചിയാണ്. സ്വന്തമായിട്ട് കൂടുണ്ടാക്കാനും അതിൽ അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കാനുമൊക്കെ അവള്‍ക്ക് മടിയാണ്. അതുകൊണ്ട് പാത്തു പതുങ്ങിച്ചെന്നവള്‍ കാക്കയുടെ കൂട്ടില്‍ മുട്ടയിടും. കാക്കമ്മ, കാര്യം മനസ്സിലായാലും ഒരു വേര്‍തിരിവും കാണിക്കാതെ തന്റെ മുട്ടകള്‍ക്കൊപ്പം കുയില്‍ മുട്ടകള്‍ക്കൊപ്പം അടയിരിക്കും. എല്ലാ കുഞ്ഞുങ്ങള്‍ക്കും തീറ്റതേടിക്കൊണ്ടുവന്ന് കൊടുക്കും.

എന്തൊരു നല്ല കാക്കമ്മയാണീ കാക്കമ്മ എന്നു സ്‌നേഹം വന്നു അവനിക്ക്. കാക്കമ്മയുടെ കൂട്ടിലിപ്പോ എത്ര കുയില്‍ കുഞ്ഞുങ്ങളുണ്ടെന്ന് ചോദിച്ചു അവനി. രണ്ട് എന്നു പറഞ്ഞു കാക്കമ്മ. അവരുടെ പേരെന്താ എന്നു ചോദിച്ചു കുഞ്ഞന്‍.

ജോര്‍ജ്, ശാരിക എന്നു മറുപടി പറഞ്ഞു കാക്കമ്മ. കുയിലമ്മയില്ലെങ്കിലെന്ത് ഈ കാക്കയമ്മയും പിന്നെ കാക്കയച്ഛനും കാക്കയപ്പൂപ്പനും കാക്കയമ്മൂമ്മയും രണ്ടു കാക്കക്കുഞ്ഞന്‍ ചേട്ടന്മാരുമില്ലേ അവര്‍ക്ക് എന്നഭിമാനക്കാരിയായി നിന്നു കാക്കമ്മ. കാക്കക്കുഞ്ഞന്‍ ചേട്ടന്മാരുടെ പേരെന്താണ് എന്നു ചോദിച്ചു കുഞ്ഞന്‍. മനു, മജീദ് എന്നു മറുപടി പറഞ്ഞു കാക്കമ്മ. നല്ല പേര് എന്നു കൈയടിച്ചു അവനി.

ഞാനൊരു ദിവസം അവരെയെല്ലാം കൂട്ടി വരാമേ എന്നു പറഞ്ഞു കാക്കമ്മ. എന്തിനാ നീട്ടി വയ്ക്കുന്നത്? ഇന്നു തന്നെ ആയിക്കോട്ടെ അവരെ കൂട്ടിക്കൊണ്ടു വരല്‍. ഇന്ന് നല്ലൊരു ദിവസമല്ലേ, എന്‍റെ പിറന്നാളല്ലേ എന്നു ചോദിച്ചു കുഞ്ഞന്‍.

അതു ശരിയാണല്ലോ എന്നോര്‍ത്തു കാക്കമ്മ തിരികെ കൂട്ടിലേക്കു പറന്നു പോയി. മുറ്റത്തെ തെങ്ങിലാണല്ലോ അവളുടെ കൂട്. കിളിക്കുഞ്ഞുങ്ങളുടെ പിറന്നാൾ എന്നാണെന്ന് ചോദിക്കാന്‍ വിട്ടുപോയി, അവരുടെ പിറന്നാളിനും പായസം വച്ച് കേക്കൊക്കെ വാങ്ങി നമുക്കൊരു ട്രീറ്റ് കൊടുക്കണം വല്യമ്മേ എന്ന് അങ്ങോട്ടതിനിടെ വന്ന കുഞ്ഞന്റെ അമ്മയോട് അവനി പറഞ്ഞു.

പിറന്നാള്‍ കേക്ക് മുറിക്കാന്‍ സമയമായോ എന്നു ചോദിച്ച് നീലത്തുമ്പി അതിനിടെ അങ്ങോട്ടുവന്നു. കാക്കക്കുട്ടന്മാരും കുയില്‍ക്കുഞ്ഞുങ്ങളും പിന്നെ കുറേ ഗസ്റ്റുകളും വരാനുണ്ട്, അതുവരെ നീ വെയ്റ്റു ചെയ്യ് എന്നു കുഞ്ഞന്‍ പറഞ്ഞപ്പോ അവനിയുടെ തലമുടിത്തുമ്പില്‍ കയറിയിരുന്നു നീലത്തുമ്പി.

നമ്മുടെ നീല ഉടുപ്പുകള്‍ക്കു നല്ല മാച്ചാണല്ലേ ഇവള്‍ എന്നു പറഞ്ഞ് കുഞ്ഞന്‍ അപ്പോ അവരുടെ ഒരു സെല്‍ഫിയെടുത്തു .

പിന്നെ അവര്‍ കുഞ്ഞന്റെ അച്ഛനും അവനിയുടെ അമ്മയും അച്ഛനും കൂടി കൊണ്ടുവരാമെന്നേറ്റ ഫുട്‌ബോളിന്റെ പടമുള്ള പിറന്നാള്‍ കേക്ക് കാത്തു കാത്തിരിപ്പായി.

അതുവരെ നമുക്കു ഫുട്‌ബോള്‍ കളിക്കാമെന്നു പറഞ്ഞു കുഞ്ഞന്‍. കുഞ്ഞന്‍ നീല അര്‍ജന്റീനയായി. മഞ്ഞപ്രിയക്കാരി അവനി ബ്രസീലും. ലോകകപ്പു ആരു നേടുമോ ആവോ?

നീലത്തുമ്പി അവരുടെ കളി കണ്ടിരുന്നു.

കാക്കകുട്ടന്മാരും കുയില്‍ക്കുഞ്ഞുങ്ങളും, അവരേതു ഫുട്‌ബോള്‍ ടീമിന്റെ ഉടുപ്പാവുമോ ഇട്ടുവരിക എന്ന് നമ്മുടെ നീലത്തുമ്പി ഇടക്കെപ്പോഴോ ഒന്നാലോചിച്ചു.

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya a s story for children nilaavu enna veedu