/indian-express-malayalam/media/media_files/uploads/2023/08/priya-as-story-5-fi.jpg)
ചിത്രീകരണം : വിഷ്ണു റാം
ചിലങ്ക പെട്ടി പാക് ചെയ്യുകയായിരുന്നു . മൂന്നാംക്ലാസിലേ എത്തിയിട്ടുള്ളു എന്നു പറഞ്ഞാലൊന്നും കാര്യമില്ല തന്നത്താന്‍ പെട്ടി അടുക്കിപ്പഠിക്കണം എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. പെട്ടി അടുക്കുന്നത് ഒരു കലയാണ്, അതായത് ഒരു ആര്‍ട്ടാണെന്നു കൂടി പറയാറുണ്ട് അമ്മ.
ചിലങ്ക എന്തിനാണ് പെട്ടി പാക്കു ചെയ്യുന്നതെന്ന് മനസ്സിലായില്ല അല്ലേ?
അവളും അമ്മയും അച്ഛനും നാളെ ദുബായിലേക്ക് തിരിച്ചുപോവുകയാണല്ലോ. ദുബായിലാണ് അവരുടെ വീട്. ചിലങ്കയുടെ അച്ഛനും അമ്മയ്ക്കും അവിടെയാണ് ജോലി. ചിലങ്ക പഠിക്കുന്നതും അവിടെത്തന്നെ.
കേരളത്തിലെ സ്കൂളൊഴിവ് രീതികളല്ല ദുബായില്‍. ഓണത്തിന് മുമ്പാണ് അവിടെ സ്കൂളൊഴിവ്. സമ്മര്‍ ബ്രേക്ക് എന്നു പറയും ആ ഒഴിവിന്. ഓണത്തിന് തൊട്ടുമുമ്പാണ് അതിത്തവണ കഴിയുക. അതുകൊണ്ട് ഇത്തവണയും ഓണം കേരളത്തില്‍ ആഘോഷിക്കാന്‍ പറ്റില്ല ചിലങ്കയ്ക്ക്. കേരളത്തിന്റെ മാത്രം ആഘോഷമാണല്ലോ ഓണം.
ചിലങ്കയ്ക്ക് സങ്കടമുണ്ട് ഓണം കേരളത്തില്‍ ആഘോഷിക്കാന്‍ ഇത്തവണയും പറ്റാത്തതില്‍. ഇവിടെ കേരളത്തില്‍ വന്നാല്‍ അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും മറിമാറിത്താമസിക്കും ചിലങ്ക. അച്ഛന്റെ വീട്ടില്‍ അച്ഛച്ഛനും അച്ഛമ്മയുമുണ്ട്. അവിടെ മുറ്റത്തൊരു കൂറ്റന്‍ ഇലഞ്ഞിയുണ്ട്. ചിലങ്ക വരുമ്പോള്‍ അച്ഛച്ഛന്‍ അവള്‍ക്ക് പലകയും കയറുമൊക്കെയുള്ള നെടുനീളന്‍ ഊഞ്ഞാല കെട്ടിക്കൊടുക്കും.
അതിന്മേലിരുന്ന് ആടാന്‍ എന്തുരസമാണെന്നോ. ചിലങ്കയാടുമ്പോള്‍ ഇലഞ്ഞിക്കൊമ്പില്‍ നിന്ന് ഇലഞ്ഞിപ്പൂക്കള്‍ ഉതിര്‍ന്ന് അവളുടെ കണ്ണിലും കവിളിലും കഴുത്തിലുമൊക്കെ വീഴും. എന്തൊരു നല്ല മണമാണെന്നോ ഇലഞ്ഞിപ്പൂവിന്. ആയത്തിലാടിച്ചെന്നാല്‍ ഉയരത്തിലുള്ള ഇലഞ്ഞക്കൊമ്പത്തു കാല്‍ വിരല്‍ നീട്ടി തൊടാം. അവളെ ആയത്തിലാട്ടാന്‍ എപ്പോഴും അച്ഛച്ഛന്‍ റെഡിയാണ്.
പിന്നെ, അവിടെ കുളവുമുണ്ട്. അവള്‍ നീന്താന്‍ പഠിച്ചത് ഈ കുളത്തിലിറങ്ങിയാണ്. വെള്ളത്തിലിറങ്ങുമ്പോള്‍ കുഞ്ഞിക്കുഞ്ഞിമീനുകള്‍ വന്ന് കാലിലൊക്കെ ഉമ്മവയ്ക്കും. അതു നല്ല രസമാണ്. അപ്പോള്‍ ഒരു ചെറു ഇക്കിളി വരും. പിന്നെ, കുളത്തില്‍ ഉണ്ടക്കണ്ണന്‍ തവളകളുമുണ്ട്. വെള്ളത്താമര പിടിച്ചു വരുന്നുണ്ട് കുളത്തില്‍. അത് പൂക്കുമ്പോള്‍ നല്ല രസമായിരിക്കും. താമരയിലയിലൂടെ വെള്ളത്തുള്ളി, ഇലയെ നനയ്ക്കാതെ ഓടിയിറങ്ങുന്നതു കാണാന്‍ ചിലങ്കയ്ക്ക് ഒത്തിരി ഇഷ്ടമാണ്.
/indian-express-malayalam/media/media_files/uploads/2023/08/priya-as-story-5-1.jpg)
അമ്മയുടെ വീട്ടിലാണെങ്കിലോ നിറയെ മാവുകളാണ്. എത്രതരം മാവുകളുണ്ടെന്നോ അവിടെ. ഈമ്പിക്കുടിക്കുന്ന കുഞ്ഞന്‍മാങ്ങയാണ് അവള്‍ക്കിഷ്ടം. അടുക്കളവശത്തെ മാവിന്മേലെ മാങ്ങ അത്തരമാണ്. അണ്ണാരക്കണ്ണനും കാക്കയും ചിലങ്കയും കൂടി മത്സരിച്ചാണ് അവിടെ മാങ്ങാതീറ്റ.
"ഊണു കഴിക്കാന്‍ നേരത്തേയ്ക്ക് ഇത്തിരി സ്ഥലം ഒഴിച്ചിട്ടേക്കണേ ചിലങ്കക്കുട്ടീ , ഇന്ന് കരിമീന്‍ വറുത്തും ചെമ്മീന്‍ കറിയുമുണ്ട്," എന്നു വിളിച്ചു പറയും അടുക്കളയില്‍ നിന്ന് അമ്മൂമ്മ. മീനാണ് അവിടുത്തെ വേറൊരു വിശേഷം.
ആറ്റിറമ്പിലാണ് ആ വീട് . നല്ല പിടയ്ക്കണ മീന്‍ ഒത്തിരി കിട്ടും. ചിലങ്ക മീന്‍പ്രിയയാണല്ലോ. പക്ഷേ ഓണത്തിന് ഊണിന്റെ കൂടെ മീനുണ്ടാവില്ല. അവിയലും സാമ്പാറും മാങ്ങാപുളിശ്ശേരിയും ഓലനും പച്ചടിയും കിച്ചടിയുമൊക്കെയുള്ള സദ്യയാണ് ഓണത്തിന് ഇരു വീടുകളിലും പതിവ്.
ചിലങ്ക കൊച്ചു പേനാക്കത്തിയും കൊണ്ടു ചെന്ന് വാഴയില മുറിച്ച് അതെല്ലാം കഴുകിത്തുടച്ച് റെഡിയാക്കി നിലത്ത് നിരത്തും. ഓണത്തിന് നിലത്തിരുന്നാണുണ്ണുക. ഇലയില്‍ പായസമൊഴിച്ച് കൈ നക്കിനക്കി കഴിക്കാന്‍ അവള്‍ക്ക് നല്ലയിഷ്ടമാണ്. മധുരം കൊണ്ട് പായസം മടുക്കുമ്പോള്‍ അച്ചാറ് തൊട്ടുകൂട്ടണം. അപ്പോ ഒരെരിവ് വരും നാവിന്. അപ്പോ വീണ്ടും കഴിക്കാന്‍ പറ്റും പായസമധുരം.
ഓണപ്പുടവയുടെ കാര്യം പറഞ്ഞില്ലല്ലോ. ഓണത്തിന് ഇടാന്‍ പാകത്തില്‍ തയ്പിച്ച് വയ്ക്കുന്ന ഡ്രെസിനാണ് ഓണക്കോടി അല്ലെങ്കില്‍ ഓണപ്പുടവ എന്നു പറയുക. അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും റെഡിയാക്കി വച്ചിട്ടുണ്ടാവും ഓണക്കോടി. പാദം വരെ എത്തുന്ന പട്ടുപാവാടയും ബ്ലൗസുമാണ് പൊതുവേ ഓണക്കോടി. പാവാട ഇട്ട്, അതിത്തിരി പൊക്കിപ്പിടിച്ച് വീടിന്റെ സ്റ്റെപ്പോടിയിറങ്ങാന്‍ എന്തുരസമാണ്. അതിട്ട് പറമ്പിലൂടെ നടക്കുമ്പോള്‍ അതിന്മേല്‍ ഒരുതരം പുല്‍ത്തലപ്പ് പറ്റിപ്പിടിക്കും. അതോരോന്നും പറിച്ച് കളയുന്ന പരിപാടിക്ക് ഒത്തിരി നേരം വേണം. പക്ഷേ, അതും ഒരു രസമാണ്.
/indian-express-malayalam/media/media_files/uploads/2023/08/priya-as-story-5-2.jpg)
നാളെ ഇതെല്ലാം വിട്ട് വീണ്ടും ദുബായിലേക്ക് പറക്കണം എന്നു വിചാരിച്ച പ്പോള്‍ അവള്‍ക്ക് സങ്കടം വന്നു. അവിടെയും ഉണ്ട് ഊഞ്ഞാലുകള്‍. പക്ഷേ, ഒന്നും മരക്കൊമ്പിലല്ല. ഫ്ലാറ്റിനകത്തും പാര്‍ക്കിലുമൊക്കെയാണ് അവിടുത്തെ ഊഞ്ഞാല. അതിന്മേലിരുന്നാടിയാല്‍ കാലുകൊണ്ട് എത്തിച്ചു തൊട്ട് ചില്ല കുലുക്കാന്‍ ആവില്ല. ദേഹത്തേയ്‌ക്കൊട്ട് ഇലഞ്ഞിപ്പൂവുകള്‍ ഉതിര്‍ന്നു വീഴുകയുമില്ല.
അവിടെ നീന്തി രസിക്കാന്‍ പൂള്‍ ഉണ്ട്. പക്ഷേ അതില്‍ ഇക്കിളിയാക്കുന്ന മീനുകളില്ല, ചിലങ്കയ്ക്ക് കൂട്ടിരിക്കുന്ന ഉണ്ടക്കണ്ണന്‍ തവളകളില്ല, താമരയിലയും അതിലെ ഓട്ടക്കാരന്‍ വെള്ളത്തുള്ളിയുമില്ല. അവിടെ, ചൊന തെങ്ങിന്‍ തടിമേലുരച്ചു കളഞ്ഞ് ഈമ്പിക്കുടിക്കാന്‍ പാകത്തില്‍ കുഞ്ഞിമാങ്ങയുമില്ല. "ഇപ്പോ പിടിച്ച പെടയ്ക്കണ കരിമീന്‍ വേണോ," എന്നു ചോദിക്കുന്ന മീന്‍കാരന്‍ പത്രോസുമില്ല.
ചിലങ്കയ്ക്ക് ദുബായിലെ പളപളപ്പിനേക്കാള്‍ ഇഷ്ടം മിന്നാമിന്നികള്‍ തിളങ്ങിപ്പറക്കുന്ന തെങ്ങോലത്തുമ്പുകളുള്ള കേരളമാണ് എന്നു പറഞ്ഞു ചിലങ്ക അച്ഛനോട്.
"ഓരോ നാടിന് ഓരോ ആഘോഷം, ഓരോ പ്രത്യേകത," എന്നു പറഞ്ഞു അച്ഛന്‍.
"നമുക്ക് അന്നം തരുന്ന ദുബായിയെ നമ്മള്‍ തള്ളിപ്പറഞ്ഞു കൂടാ," എന്നു പറഞ്ഞു അമ്മ.
ചിലങ്ക അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇലഞ്ഞിപ്പൂക്കള്‍ ഒരു ചെപ്പിലാക്കി വയ്ക്കുന്ന തിരക്കിലായിരുന്നു അവള്‍. അതു കഴിഞ്ഞ് അവള്‍ ഒരു മുക്കുറ്റിത്തൈ പറിച്ച് റെഡിയാക്കി വച്ചു ദുബായില്‍ കൊണ്ടുനടാന്‍. അതവിടുത്തെ മണ്ണില്‍ പിടിക്കുമോ ആവോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.