scorecardresearch

താറാക്കുഞ്ഞും കോഴിക്കുഞ്ഞും പിന്നൊരു സാരിയും

"എന്റെ താറാക്കുഞ്ഞിനെയും കോഴിക്കുഞ്ഞിനെയും കൂടി പഠിപ്പിക്കുമോ ആ വിദ്യ?" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

"എന്റെ താറാക്കുഞ്ഞിനെയും കോഴിക്കുഞ്ഞിനെയും കൂടി പഠിപ്പിക്കുമോ ആ വിദ്യ?" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya as , childrens stories, iemalayalam

ചിത്രീകരണം: വിഷ്‌ണു റാം

ഇളം മഞ്ഞയില്‍ വലിയ നീലയും പച്ചയും പൊട്ടുകളുള്ള അമ്മയുടെ ആ സാരി അന്നയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

Advertisment

ഇന്നാള് സിനിമയ്ക്ക് പോയപ്പോള്‍ അമ്മ അതാണ് ഉടുത്തിരുന്നത് . അന്നയുടെ ആവശ്യപ്രകാരമാണ് കേട്ടോ അന്ന് അമ്മ ആ സാരിയുടുത്തത് . ഇനി അതു നനയ്ക്കണം .

അന്ന സഹായിക്കാമെന്നേറ്റു അമ്മയെ. അന്ന വാഷിങ് മെഷിന്‍ തുറന്ന് അതിലേയ്ക്ക് സാരി ഇട്ടു. അമ്മ വന്ന് ആവശ്യമുള്ളത്രയും സോപ്പു പൊടി ഇട്ട് അത് ഓണാക്കി.

ഇനി 45 മിനിട്ട് കഴിയണം . അലക്കു കഴിയുമ്പോ മറന്നുപോകാതിരിക്കാന്‍ വേണ്ടി അന്ന ഫോണില്‍ 45 മിനിട്ടു കഴിഞ്ഞ് അലാം വച്ചു.

Advertisment

എന്നിട്ട് അന്ന ഒരു റഷ്യന്‍ കഥാപ്പുസ്തകം വായിക്കാന്‍ പോയി. പുസ്തകത്തിന്റെ പേര് കുട്ടിക്കഥകളും ചിത്രങ്ങളും .അതില്‍ ഒരു കോഴിക്കുഞ്ഞിന്റെയും താറാക്കുഞ്ഞിന്റെയും കഥയുണ്ട്. അത് അന്നയ്ക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാണ് .

രണ്ടുപേരും മുട്ട വിരിഞ്ഞു പുറത്തു വന്നതേയുണ്ടായിരുന്നുള്ളു . ഞാന്‍ നടക്കാന്‍ പോവുകയാണ്, താറാക്കുഞ്ഞ് പറഞ്ഞു. കോഴിക്കുഞ്ഞ് അത് ഏറ്റു പറഞ്ഞു. താറാക്കുഞ്ഞ് ഒരു പുഴുവിനെ പിടിച്ചു. ഞാന്‍ ഒരു പുഴുവിനെ പിടിച്ചു. പുഴുവിന്റെ ഒരറ്റം പിടിച്ചു കൊണ്ട് താറാക്കുഞ്ഞ് പറഞ്ഞപ്പോള്‍ കോഴിക്കുഞ്ഞ് എന്താ ചെയ്തതെന്നറിയാമോ? ആ പുഴുവിന്റെ തന്നെ മറ്റേ അറ്റം പിടിച്ച് ഉറക്കെ ഏറ്റു പറഞ്ഞു. ഞാനും പിടിച്ചു പുഴുവിനെ. താറാക്കുഞ്ഞ് പിന്നെ ഒരു പൂമ്പാറ്റയെ പിടിച്ചു. കോഴിക്കുഞ്ഞുടനെ ഓടിച്ചെന്ന് അതിന്റെ മറ്റേഅറ്റം പിടിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു, ഞാനും പിടിച്ചല്ലോ ഒരു പൂമ്പാറ്റയെ. പിന്നെ താറാക്കുഞ്ഞ് പറഞ്ഞു , ഞാന്‍ നീന്താന്‍ പോവുകയാണ് . കോഴിക്കുഞ്ഞുടനെ അതേറ്റു പറഞ്ഞു താറാക്കുഞ്ഞിനൊപ്പം വെള്ളത്തില്‍ച്ചാടി. അവനുണ്ടോ നീന്താനറിയുന്നു. അവന്‍ വെള്ളത്തില്‍ മുങ്ങിത്താണു കൈകാലടിട്ടടിച്ചു. താറാക്കുഞ്ഞ് ഭാഗ്യത്തിന് ഈ രംഗം കണ്ടു. അവന്‍ നീന്തിച്ചെന്ന് കോഴിക്കുഞ്ഞിനെ വലിച്ച് കരയ്ക്കു കയറ്റി. താറാക്കുഞ്ഞ് പറഞ്ഞു , ഞാന്‍ ഇനിയും നീന്താന്‍ പോവുകയാണ്. ആദ്യമായി ഏറ്റുു പറച്ചില്‍ നിര്‍ത്തി കോഴിക്കുഞ്ഞ്. ഞാനില്ല അവന്‍ പറഞ്ഞു . മറ്റുള്ളവര്‍ ചെയ്യുന്നത് അന്ധമായി അനുകരിക്കരുത്, തന്റെ കഴിവുകളനുസരിച്ചേ ഓരോന്നിനായി ചാടിപ്പുറപ്പെടാ വൂ എന്ന് കോഴിക്കുഞ്ഞിന് അന്നാദ്യമായി മനസ്സിലായി.

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

പലപ്രാവശ്യം വായിച്ച് അന്നയ്ക്ക് അക്കഥ കാണാപ്പാഠമാണ്. പിന്നെ അവളത് പാവക്കുട്ടികള്‍ക്കും ജെ സി ബികള്‍ക്കും ടെഡികള്‍ക്കുമായി പറഞ്ഞു കൊടുത്തു. അതിനിടെ അമ്മ അവളെ കഴിയ്ക്കാന്‍ വിളിച്ചു. ഇഡ്ഢലി ചമ്മന്തിയില്‍ മുക്കി കഴിച്ചശേഷം അവള്‍ കൈ കഴുകുമ്പോഴേക്ക് അലാം അടിച്ചു. അവള്‍ വാഷിങ് മെഷീന്‍ തുറന്ന് എത്തിവലിഞ്ഞുനിന്ന് സാരി പുറത്തെടുത്തു.

ഇനി അത് കഞ്ഞിമുക്കണം. എന്നാലേ സാരി തേക്കുമ്പോള്‍ അത് സ്റ്റിഫായി ഇരിക്കുകയുള്ള.

അമ്മ സാരി മുക്കിയെടുക്കാന്‍ പാകത്തിന് കൊഴുപ്പോടെ കഞ്ഞിവെള്ളം തയ്യാറാക്കി. അന്ന, സാരി അതില്‍ മുക്കി പുറത്തേക്കെടുക്കാന്‍ നോക്കി.

അതിലാകെ കഞ്ഞിവെള്ളം കയറിയപ്പോള്‍ എന്തൊരു ഭാരം. പിന്നെ അമ്മ അവളെ സഹായിച്ചു സാരി പുറത്തേക്കെടുക്കാന്‍. എന്നിട്ടവര് രണ്ടു പേരും കൂടി സാരി പിഴിഞ്ഞു.

ഇനി ഇത് വിടര്‍ത്തിയിടണം. കടും വെയിലത്ത് സാരി വിരിക്കരുത്, അമ്മ പറഞ്ഞു. സാരിയുടെ കളര്‍ മങ്ങും. അവര്‍ പാകത്തിന് വെയിലുള്ള സ്ഥലം നോക്കി സാരി വിരിച്ചു. അവർ സാരി വലിച്ചു നിവര്‍ത്തു പിടിച്ച് അതിലെ ചുളിവുകളൊക്കെ മാറ്റി അഴയില്‍ നീളത്തിലിട്ടു. കാറ്റ് വന്ന് സാരിയിലൂടെ കയറിയിറങ്ങി .

ഇനി ഒരു പത്തുമിനിട്ടു കൊണ്ട് സാരി ഉണങ്ങും . സാരി ഉണങ്ങിക്കഴിഞ്ഞാല്‍ നമുക്കത് മടക്കി തേക്കാന്‍ കൊടുക്കാം, അതുവരെ മോള്‍ പുസ്തകം വായിച്ചോ അമ്മ പറഞ്ഞു .

അന്ന പിന്നെയും കുട്ടിക്കഥകളും ചിത്രങ്ങളും കൈയിലെടുത്തു. ഓരോ പടവും വിശദമായി നോക്കി.

പിന്നെയും അവൾക്കേറ്റവും ഇഷ്ടമായത് താറാക്കുഞ്ഞിനെയും കോഴിക്കുഞ്ഞിനെയും തന്നെ.

സാരി കഞ്ഞി വെള്ളം മുക്കുന്ന രംഗത്തിലും കോഴിക്കുഞ്ഞും താറാക്കുഞ്ഞും ഉണ്ടായിരുന്നെങ്കിലെന്ന് അവൾ സങ്കൽപ്പിച്ചു നോക്കി.

താറാക്കുഞ്ഞ് പറഞ്ഞേനെ,സാരി മുക്കിയ ശേഷം ബാക്കി വന്ന കഞ്ഞി വെള്ളം കുടിക്കുകയാണ് ഞാൻ. കോഴിക്കുഞ്ഞുടനെ കഞ്ഞിവെള്ളപ്പാത്ര ത്തിൽ തലയിട്ട് പറഞ്ഞേനെ,ഞാനും. പിന്നെ താറാക്കുഞ്ഞ് പറഞ്ഞേനെ, ഞാൻ സാരിയുണങ്ങാൻ കാത്തിരിക്കുകയാണ് ഉടനെ കോഴിക്കുഞ്ഞ് പറഞ്ഞേനെ, ഞാനും. ചിന്തകൾ അത്രയുമെത്തിയപ്പോൾ അന്ന താനേ ചിരി ച്ചു പോയി.

അന്ന തന്നെയിരുന്ന് ചിരിക്കുന്നതു കണ്ട് അമ്മയ്ക്കും ചിരി വന്നു.

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

അപ്പോൾ വഴിയിൽ നിന്ന് രാധച്ചിറ്റ കയറി വന്നു ചോദിച്ചു. എന്താ രണ്ടാളും കൂടെ പണി. മോളെ, സാരി കഞ്ഞി മുക്കാൻ പഠിപ്പിക്കുകയാണ് എന്നു പറഞ്ഞു അമ്മ.

സ്കൂളവധിക്കാലം എന്നു പറഞ്ഞാൽ മുഴുവൻ സമയം കളിച്ചു നടക്കാനുള്ളതല്ല ഇങ്ങനെ ചെറിയ ചെറിയ പണികൾ കൂടി കളി പോലെ രസിച്ച് ചെയ്തു പഠിക്കാൻ കൂടിയുള്ളതാണ് എന്നു പറഞ്ഞു രാധച്ചിറ്റ.

അന്ന തലയാട്ടി. എന്നിട്ട് ചോദിച്ചു ,എന്നെ എന്തു പണി ചെയ്യാനാ രാധച്ചിറ്റ പഠിപ്പിക്കാൻ പോണത്? രാധച്ചിറ്റ ഒന്നാലോചിച്ചു നിന്നു ഒരിത്തിരി നേരം. എന്നിട്ടു പറഞ്ഞു, ഉള്ളീടെ തൊലി കളയാൻ പഠിപ്പിക്കണുണ്ട് ഞാൻ നാളെ നിന്നെ .

അന്ന സമ്മതിച്ചു.എന്നിട്ട് ചോദിച്ചു, എന്റെ താറാക്കുഞ്ഞിനെയും കോഴിക്കുഞ്ഞിനെയും കൂടി പഠിപ്പിക്കുമോ ആ വിദ്യ?ഏതു താറാക്കുഞ്ഞ് ഏതു കോഴിക്കുഞ്ഞ് എന്നു മനസ്സിലായില്ല രാധച്ചിറ്റയ്ക്ക്.

അപ്പോ അന്ന കുട്ടിക്കഥകളും ചിത്രങ്ങളുമെടുത്ത് മടിയിൽ വച്ച് രാധച്ചിറ്റയ്ക്ക് ആ കഥ പറഞ്ഞുകൊടുക്കാൻ തുടങ്ങി. രാധച്ചിറ്റയക്കുമിഷ്ടമായി ആ കഥ.

നമ്മളുള്ളി പൊളിക്കുമ്പോൾ അവരും കൂടെച്ചേരും അല്ലേ എന്നു ചോദിച്ചു രാധച്ചിറ്റ.

ആ രംഗം സങ്കൽപ്പിച്ച് അന്ന വീണ്ടും ചിരിക്കാൻ തുടങ്ങി.അവൾ പറഞ്ഞു, താറാക്കുഞ്ഞ് പറയും ഞാൻ ഉള്ളിത്തൊലി പൊളിക്കാൻ പഠിച്ചു. കോഴിക്കുഞ്ഞ് ഉള്ളിത്തൊലിയുടെ അറ്റത്ത് കേറി പിടിച്ച് പറയും ഞാനും.

അന്നയുടെ സങ്കൽപ്പങ്ങൾ കേട്ട് രാധച്ചിറ്റയ്ക്കും ചിരി വന്നു. കുഞ്ഞുങ്ങളോളം സങ്കൽപ്പങ്ങളുള്ള വരാരും ഈ ലോകത്തിലില്ല എന്നു പറഞ്ഞു രാധച്ചിറ്റ. എന്നിട്ടമ്മയും രാധച്ചിറ്റയും കൂടി അകത്തേക്കു പോയി. അന്ന, അന്നയുടെ കോഴിക്കുഞ്ഞും താറാക്കുഞ്ഞും സങ്കൽപ്പങ്ങൾ തുടർന്നു കൊണ്ട് സാരി ഉണങ്ങുന്നതും കാത്ത് അവിടെത്തന്നെയിരുന്നു.

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: