ശിവിനിക്കുട്ടിയുടെ അമ്മൂമ്മ അവരുടെ വീട്ടുമുറ്റത്തു നട്ട മാവ് ആദ്യമായി പൂത്തു.
മാമ്പൂവ് പിന്നെ കണ്ണിമാങ്ങകളായി.
അമ്മയുടെ കാതില്‍ നിന്ന് നീളന്‍ കമ്മലുകള്‍ തൂങ്ങിക്കിടക്കും പോലെ മാവ് നിറയെ ,ചെറുചെറു മാങ്ങകള്‍ തൂങ്ങിക്കിടപ്പാണ്.
ഒരു ചെറുകാറ്റുവന്നാല്‍ കണ്ണിമാങ്ങകള്‍ തമ്മില്‍ത്തമ്മില്‍ കൂട്ടിമുട്ടി ആടിനില്‍ക്കും. ശിവാനിയുടെ മുറിയുടെ ജനലിലൂടെ അതും നോക്കി രസിച്ച് നില്‍ക്കാന്‍ ശിവാനിക്ക് വലിയ ഇഷ്ടമാണ്. മുകളിലെ നിലയിലാണ് ശിവാനിയുടെ മുറി .
ഇടയ്ക്കിടയ്ക്ക് കണ്ണിമാങ്ങകള്‍ കൊഴിയും. അത് പെറുക്കിയെടുത്ത് അമ്മൂമ്മയെ ഏല്‍പ്പിക്കും ശിവാനി. ചുവന്നുള്ളിയും മുളകും കണ്ണിമാങ്ങയും കൂടി ചതച്ച് അതില്‍ വെളിച്ചെണ്ണ ചാലിച്ച് അമ്മൂമ്മയുണ്ടാക്കുന്ന ഒരു ചമ്മന്തിയുണ്ട് . കണ്ണിമാങ്ങാക്കാലമായാല്‍പ്പിന്നെ ചോറുണ്ണാന്‍ ശിവാനിക്ക് ആ ചമ്മന്തി മാത്രം മതി.
കണ്ണിമാങ്ങ കൊത്തിത്തിന്നാനോ കാരിത്തിന്നാനോ ഒരു ജീവിയും വരാറില്ല. കണ്ണിമാങ്ങ, കിളുന്നല്ലേ, അതിനൊരു ചവര്‍പ്പും പുളിപ്പുമല്ലേ, അതു കൊണ്ടാവും.
കണ്ണിമാങ്ങ വലുതായി മൂത്തു പഴുക്കുമ്പോള്‍ കാണണം മാവിന്‍ ചുവട്ടിലെ ബഹളം .അണ്ണാരക്കണ്ണനും കാക്കയും മറ്റു കിളികളും വവ്വാലും തമ്മില്‍ മാമ്പഴം തിന്നാന്‍ മത്സരമാവും. എന്തൊരു കലപിലയായിരിക്കും അവരെല്ലാം കൂടി. നേരം, രാത്രിയാവാന്‍ തുടങ്ങുമ്പോഴേ വവ്വാലുകള്‍ വരൂ. അവർ, മാങ്ങാ ചപ്പിത്തിന്നും. അണ്ണാരക്കണ്ണന്മാര്‍ കാരിത്തിന്നും മാങ്ങ.കാക്കയും മറ്റു കിളികളും കൊത്തിക്കൊത്തി സാപ്പിടും മാങ്ങ.മാങ്ങാമണമായിരിക്കും അന്നേരം മുറ്റം നിറയെ.
കണ്ണിമാങ്ങകള്‍ ആലോലമാടിരസിക്കുന്നതും നോക്കി നില്‍ക്കുകയായിരുന്നു ശിവാനിക്കുട്ടി ഒരു ദിവസം വൈകുന്നേരം.

അപ്പോഴുണ്ട് മതിലിനുപുറത്ത് ഏതോ കുട്ടികളുടെ ബഹളം .
ശിവാനി, ശിവാനിയുടെ മുറിയുടെ ജനല്‍പ്പടിമേല്‍ കയറിനിന്ന് നോക്കി.
എന്താ സംഗതി എന്നല്ലേ ? കുറേ കുട്ടികള്‍ തെറ്റാലിയുമായി നിന്ന് മാങ്ങകള്‍ വീഴ്ത്താന്‍ നോക്കുകയാണ് .
ചിലരുടെ തെറ്റാലിയിലെ കല്ല് കൃത്യം മാങ്ങയിന്മേല്‍ത്തന്നെ കൊണ്ട് മാങ്ങകള്‍ തുരുതുരാ വീഴുന്നുണ്ട് .
അമ്പട വീരന്മാരേ , നിങ്ങള്‍ക്ക് നല്ല ഉന്നമാണല്ലോ എന്നു വിചാരിച്ചു ശിവാനി .
ശിവാനിയെ പോലെ തന്നെ അമ്മൂമ്മയും കേട്ടു അവരുടെ ബഹളം എന്നു തോന്നുന്നു . അമ്മൂമ്മ , മിണ്ടാതെ മുറ്റത്തേക്കിറങ്ങി ഗേറ്റിലേക്ക് നടക്കുന്നതു കണ്ടു ജനലിലൂടെ ശിവാനി. ഇപ്പോള്‍ അമ്മൂമ്മ അവരെ കൈയോടെ പിടികൂടും, മാങ്ങ കട്ടുപറിക്കുന്നതിന് അവരെ വഴക്കു പറയും, അവരുടെ കൈയിലെ മാങ്ങയൊക്കെ തിരിച്ചുവാങ്ങിക്കും, എന്നിട്ടവരെ ഓടിച്ചു വിടും എന്നു വിചാരിച്ചു സങ്കടപ്പെട്ടു നിന്നു ശിവാനി.
പക്ഷേ ഉണ്ടായതെന്താണെന്നറിയാമോ?
കുട്ടികൾ തെറ്റാലിയില്‍ പായിച്ചപ്പോ ഗേറ്റിനകത്തേയ്ക്കും കുറച്ചു മാങ്ങകള്‍ വീണായിരുന്നു . അമ്മൂമ്മ അതൊക്ക പെറുക്കിക്കൂട്ടി ആ കുട്ടികളെത്തന്നെ ഏല്‍പ്പിച്ചു . അമ്മൂമ്മയെ കണ്ട് നിന്നനില്‍പ്പില്‍ ഓടാന്‍ തയ്യാറായി നിന്ന കുട്ടികള്‍, ഇത്ര നല്ല ഒരമ്മൂമ്മയോ എന്ന മട്ടില്‍ അമ്മൂമ്മയ്ക്ക് പഞ്ചാരച്ചിരി കൊടുത്തു. അത്രയുമൊക്കെയായപ്പോള്‍ ജനാലക്കാഴ്ച മതിയാക്കി, ശിവാനി താഴേയ്ക്ക് ഓടി. അവളും ചെന്നു ഗേറ്റിനു പുറത്തേയ്ക്ക്.
അതിലൊരു കുഞ്ഞു ചേട്ടന്‍ അവള്‍ക്കു നേരെ ഒരു കണ്ണിമാങ്ങ നീട്ടി . അവളത് സന്തോഷത്തോടെ വാങ്ങിച്ചു കടിക്കാന്‍ ഭാവിക്കെ, ആ കുഞ്ഞു ചേട്ടന്‍ പറഞ്ഞു, “ഉപ്പും മുളകും കൂട്ടി ഇതു തിന്നണം. സ്വര്‍ഗ്ഗത്തു പോയ പോലിരിക്കും.”
അമ്മൂമ്മ ശരിയാന്ന് തലയാട്ടി. പിന്നെ കുട്ടികളെ അകത്തേയ്ക്ക് വിളിച്ചു . അവര് വരാന്തയില് വരിവരിയായി ഇരുന്നു. അമ്മൂമ്മ ഉപ്പും മുളകുപൊടിയും കൂട്ടിക്കുഴച്ചു പ്‌ളേറ്റില്‍ കൊണ്ടുവന്നു . കുട്ടികള്‍ കണ്ണിമാങ്ങ അതില്‍ മുക്കി കുമുകുമാ എന്ന് തിന്നു. ചമ്മന്തിയേക്കാളും സൂപ്പര്‍ എന്ന് കൈമുദ്ര കാണിച്ചു ശിവാനി.

അമ്മൂമ്മ തിന്നു നോക്കണില്ലേ എന്നു ചോദിച്ചു കുട്ടികളിലാരോ. ശിവാനി അമ്മൂമ്മയുടെ വായില്‍ വച്ചു കൊടുത്തു ഉപ്പും മുളകും കൂട്ടിയ ഒര കണ്ണിമാങ്ങ. കണ്ണിമാങ്ങയുടെ ചവര്‍പ്പും പുളിപ്പും കൊണ്ട് അമ്മൂമ്മയുടെ മുഖം ചുളിഞ്ഞു.അമ്മൂമ്മയുടെ ആ മുഖഭാവം കുട്ടികള്‍ക്കു നല്ലോണം രസിച്ചു .
അമ്മൂമ്മയെന്താ ഇതുവരെ എനിയ്ക്കീ ഉപ്പും മുളകും രഹസ്യം പറഞ്ഞതരാതിരുന്നതെന്നു ചോദിച്ചു ശിവാനി .
ഒറ്റയ്ക്കിരുന്നു കഴിയ്ക്കുമ്പോഴല്ല കൂട്ടം കൂടിയിരുന്നു കഴിക്കുമ്പോഴാ ഇതിനൊക്കെ ഇത്ര രസം, അല്ലേ അമ്മൂമ്മേ എന്നു ചോദിച്ചു കുട്ടികളിലൊരാള്‍. വേറെ കുട്ടികളും വരട്ടെ എന്നിട്ടു പറയാം എന്നു വിചാരിച്ചു അല്ലേ അമ്മൂമ്മേ എന്നു ചോദിച്ചു വേറൊരാള്‍ . അമ്മൂമ്മ തലയാട്ടി.
ഇനി മാങ്ങ വേണ്ടപ്പോ ഇപ്പോ ചെയ്തതുമാതിരി കട്ടുപറിക്കാന്‍ നിൽക്കരുത്, അമ്മൂമ്മയോട് ചോദിച്ചാല്‍ മതി അല്ലേ അമ്മൂമ്മേ എന്നു ചോദിച്ചു മറ്റൊരു കുട്ടി.
അമ്മൂമ്മ അവനെ കെട്ടിപ്പിടിച്ചു.
മാങ്ങാതീറ്റ കഴിഞ്ഞപ്പോ അവരാ വരാന്തയിലിരുന്ന് അവര്‍ക്കറിയാവുന് പാട്ടൊക്കെ പാടി, അറിയാവുന്ന കളിയൊക്കെ ചിരിച്ചു .
അമ്മൂമ്മ അവര്‍ക്ക് നാരങ്ങാവെള്ളമുണ്ടാക്കിക്കൊടുത്തു . ഈ വീട്ടിലുണ്ടായ നാരങ്ങയാ എന്നു പറഞ്ഞു അമ്മൂമ്മ.
അവര് പിന്നെ നാരങ്ങാമരം കാണാന്‍ പോയി.
നാരങ്ങാമരത്തിന് നിറയെ മുള്ളുകളാണല്ലോ . അതിന്റെ ചുവട്ടിലൊക്കെ പോയി മുള്ളും കൊണ്ട് കുനിഞ്ഞുനിന്ന് നാരങ്ങാ പെറുക്കാന്‍ അമ്മൂമ്മയ്ക്ക് പറ്റുമോ? അതുകൊണ്ട് കുട്ടികള്‍ നാരങ്ങാ പെറുക്കി അമ്മൂമ്മയെ സഹായിച്ചു.
നാളെയും വരാമെന്നു പറഞ്ഞ് അവര്‍ ആര്‍ത്തുവിളിച്ചു തിരികെ പോകുന്നത് അമ്മൂമ്മയും ശിവാനിയും നോക്കിനിന്നു വഴിയിലിറങ്ങി നിന്നു. ഇന്ന് ശിവാനിക്ക് ഡയറിയെഴുതുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് എഴുതാനുള്ളത്, അല്ലേ!