മീന്‍കാരിയമ്മ , പെടയ്ക്കണ മീനുമായി രാവിലെ വരും . നടനടോയെന്ന് നടന്നു വരാറായിരുന്നു പണ്ടത്തെ പതിവ് . ഇപ്പോ കുറച്ചുനാളായി ടു വീലറിലാണ് വരവ് . ആ ടു വീലറിന്റെ ഹോണ്‍ കേട്ടാലേ പൂച്ചകള്‍ക്കു തിരിച്ചറിയാം . കളിയും വെറുതെ കിടപ്പും മരം കേറലും ഒക്കെ നിര്‍ത്തി ശിവകാമിയുടെ പൂച്ചകള്‍ അതോടെ ഗേറ്റിലേക്കോടും.
പൂച്ചകള്‍ എന്നു പറഞ്ഞാല്‍ പൂച്ചക്കുട്ടികളാണ് കേട്ടോ. മൂന്നെണ്ണമുണ്ട്. പേര് വാസിലി, ബ്രൂസിലി,റോസിലി. എങ്ങനെയാണ് അവരെ തിരിച്ചറിയുക എന്നല്ലേ? കറുത്ത നിറത്തിലുള്ളത് ബ്രൂസിലി, ചാരനിറമുള്ളത് വാസിലി, ബാക്കിയുള്ളത് റോസിലി.
മീന്‍കാരിയമ്മ ശിവകാമിയുടെ ഗേറ്റില്‍ വണ്ടി നിര്‍ത്തുമ്പോഴേക്ക് പൂച്ചക്കുഞ്ഞുങ്ങള്‍ വണ്ടിയെ വളഞ്ഞു കഴിയും. എന്നിട്ട് അവരുടെ മ്യാവൂ ഭാഷയില്‍ ബഹളം തുടങ്ങും. തായോ,തായോ, മീന്‍ തായോ, ഞങ്ങള്‍ക്ക് കൊതിയാവുന്നേ എന്നായിരിക്കും അവര്‍ പറയുന്നത് എന്നാണ് ശിവകാമിയുടെ വിചാരം.
മീന്‍കാരിയമ്മ വണ്ടിയില്‍ നിന്നിറങ്ങിയാല്‍ വാൽ നീര്‍ത്തിപ്പിടിച്ച് മീന്‍കാരിയമ്മയുടെ കാലിലുരുമ്മി തെക്കോട്ടും വടക്കോട്ടും നടപ്പാവും പൂച്ചക്കുഞ്ഞുങ്ങള്‍. അങ്ങോട്ട് മാറിനില്‍ക്ക് പൂച്ചകളേ എന്നു മീന്‍കാരിയമ്മ അവരെ കാലില്‍ നിന്നു കുടഞ്ഞു കളയും. അപ്പോഴേക്ക് ശിവകാമിയുടെ അമ്മ ,മീന്‍ വാങ്ങണ കറുത്ത ചട്ടിയുമായി അങ്ങോട്ട് വരും.
അമ്മ ചൂണ്ടിക്കാണിച്ച് പറയും ഏതു മീന്‍ വേണമെന്ന്. ചിലപ്പോഴത് ചെമ്മീനായിരിക്കും. ചിലപ്പോ കരിമീന്‍ അല്ലെങ്കില്‍ കൊഴുവ . ഈ മൂന്നുമീനാണ് അമ്മ വാങ്ങാറ്. കരിമീന്‍ അമ്മയ്ക്കാണ് ഇഷ്ടം. കൊഴുവ, ശിവകാമിയ്ക്കാണ് ഇഷ്ടം. ചെമ്മീന്‍ അച്ഛനും.

പിന്നെ അമ്മ മൂന്നു ചാള വാങ്ങും. അത് പൂച്ചകള്‍ക്കുള്ളതാണ്. അമ്മ മീന്‍ചട്ടിയുമായി അടുക്കളയുടെ പിന്‍വശത്തെ വാതിലിലൂടെ അകത്തു കയറും മുമ്പ് പൂച്ചകളുടെ പച്ചനിറമുള്ള പ്‌ളേറ്റില്‍ ചാളയിട്ടു കൊടുക്കും . മൂന്നു പൂച്ചക്കുഞ്ഞുങ്ങള്‍ തിക്കിത്തിരക്കി ഞണുങ്ങ്,മുണുങ്ങ് എന്ന് മീന്‍ നൊട്ടിനുണയും. അവര്‍ക്ക് പാല്‍ കുടിക്കാന്‍ വേറെ കുഴിയന്‍ പ്ലേറ്റുണ്ട് . അതിന്റെ നിറം മഞ്ഞ. ചോറും ബിസ്‌ക്കറ്റും ദോശയും തുടങ്ങി ബാക്കി സാധനങ്ങള്‍ അവര്‍ തിന്നുന്നത് പൂക്കളുടെ പടമുള്ള വെള്ള പ്ലേറ്റില്‍ നിന്നാണ്. പൂച്ചകളുടെ പ്ലേറ്റുകളൊക്കെ വച്ചിരിക്കുന്നത് അടുക്കളവശത്താണ് . മുന്‍വശത്തുവച്ചാല്‍ , പൂച്ചകള്‍ തിന്നു പാതിയാക്കിയതിലെല്ലാം ഉറുമ്പരിച്ച് നടക്കും. ഇടയ്ക്ക് കാക്ക വന്ന് അതില്‍ തലയിട്ട് കൊത്തിരസിക്കും. അതിലെ പാൽ തട്ടിത്തൂവും, അങ്ങനെ ആകെ വൃത്തികേടാവും മുന്‍വശം. മുന്‍വശം അങ്ങനെ വൃത്തികേടായാല്‍ ശിവകാമിയുടെ അമ്മയ്ക്ക് ദേഷ്യം വരും.
അവരത് തിന്നു തീര്‍ക്കുമ്പോഴേയ്ക്ക് അമ്മ അകത്തേക്കു കയറിപ്പോയിട്ടു ണ്ടാവും, വാതിലുമടച്ചിട്ടുണ്ടാവും.
പിന്നെ ഓമനച്ചേച്ചി വരുന്നതും കാത്തിരിപ്പാണ് പൂച്ചകളുടെ പണി.ഓമനച്ചേച്ചി അമ്മയെ വീട്ടുപണികളില്‍ സഹായിക്കാന്‍ വരുന്നയാളാണ്. അവർ വന്നാലേ മീന്‍ നന്നാക്കൂ.
നന്നാക്കിയെടുക്കാന്‍, മീനുകളെന്താ ചീത്തയാളുകളാണോ, അല്ലേ റോസിലീ എന്ന് ചോദിക്കും നമ്മുടെ ശിവകാമിക്കുട്ടി. ഞങ്ങള്‍ക്കതൊന്നുമറിയേണ്ട , ഞങ്ങള്‍ക്ക് ഓമനച്ചേച്ചി മീന്‍ കൈയിലെടുത്ത് അതില്‍ നിന്നു കളയുന്ന ചെതുമ്പലും വാലും തലയും തിന്നാന്‍ കിട്ടിയാല്‍ മതിയേ എന്നുള്ള ആര്‍ത്തി കാണിച്ച് നാവു കൊണ്ട് വായൊക്കെ തുടച്ച് കൊതിയരായി അപ്പോഴൊരിരി പ്പുണ്ട് പൂച്ചകള്‍ക്ക്.
ഓമനച്ചേച്ചി വന്ന് മീന്‍ചട്ടിയുമെടുത്ത് വാഴച്ചോട്ടിലേയ്ക്ക് നടക്കുമ്പോള്‍ , പൂച്ചക്കുഞ്ഞുങ്ങള്‍ അകമ്പടി സേവിക്കും. എന്നിട്ട് ഓമനച്ചേച്ചിയുടെ ചുറ്റുമിരിപ്പാവും. പിന്നെ തീറ്റയോട് തീറ്റയാണ്. ഓമനച്ചേച്ചി കളയുന്ന മിന്‍ഭാഗങ്ങളെല്ലാ സാപ്പിട്ട് വയറും നിറച്ച് പിന്നെ കൈയും കാലും നാവു കൊണ്ടു നക്കിത്തുടച്ച് വൃത്തിയാക്കി പിന്നെ വെയില്‍കാഞ്ഞൊരിരിപ്പുണ്ടവര്‍ക്ക്.

തൃപ്തിയായോ എന്നു ചോദിക്കും അവരുടെ ആ ഇരിപ്പു കണ്ട് ശിവകാമിക്കുട്ടി. ആയി ആയി എന്നു പറയുമ്പോലെ അവര്‍ മ്യാവൂ ഭാഷ പ്രയോഗിക്കും അപ്പോള്‍. അവര്‍ പറയുന്ന മ്യാവൂ ഭാഷ മിക്കതും നിത്യപരിചയം കൊണ്ട് മനസ്സിലാവും ശിവകാമിക്ക്. അമ്മയേക്കാളും അച്ഛനേക്കാളും ഓമനച്ചേച്ചിയേ ക്കാളും മ്യാവൂഭാഷ മനസ്സിലാവുന്നത് ശിവകാമിക്കുട്ടിക്കാണ് കേട്ടോ.
മൂന്നു പൂച്ചക്കുട്ടികളും അമ്മയോ അച്ഛനോ കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോഴേക്ക് ഒരു ഓടിവരവുണ്ട് . കാറനക്കാന്‍ സമ്മതിക്കാതെ അവര് കാറിന്റെ മുന്നിലും പിന്നിലുമായി അങ്ങനെ പിരുപിരാ പിപ്പിരാ എന്ന് നടക്കും . അതപകടമല്ലേ ? പൂച്ചക്കുട്ടികള്‍ക്കുണ്ടോ കാറിനടിയില്‍ പോയാല്‍ ചത്തുപോകും എന്ന അറിവ് ? അവരെ ഓരോന്നിനെയും പിടിച്ച് അടപ്പുള്ള ഒരു പ്ലാസ്റ്റിക് കൊട്ടയിലാക്കും ശിവകാമി. ശിവകാമി കുഞ്ഞായിരുന്നപ്പോള്‍, ശിവകാമിയുടെ കെട്ടുടുപ്പുകള്‍ സൂക്ഷിച്ചിരുന്നത് ആ പ്ലാസ്റ്റിക് ബാഗിലാണ് . ശിവകാമി വലുതായപ്പോള്‍ , കെട്ടുടുപ്പും ആ ബാഗും പിന്നെന്തിനാ? അപ്പോഴാണ് അമ്മ പറഞ്ഞത് അതില്‍ തുണി വിരിച്ച് പൂച്ചക്കുട്ടികള്‍ക്ക് രാത്രി ഉറങ്ങാനുള്ള ഇടമാക്കി മാറ്റാമെന്ന്.
കാറ് ഗേറ്റു കടന്നു പുറത്തു പോയി, പിന്നെ ഓമനച്ചേച്ചിയോ ശിവകാമിയോ ചെന്ന് ഗേറ്റടയ്ക്കും വരെ പൂച്ചക്കുട്ടികള്‍ ആ പ്ലാസ്റ്റിക് ബാഗില്‍ കിടന്ന് പുറത്തേയ്ക്കു പോകാനായി ചാടിനോക്കിക്കൊണ്ടേയിരിക്കും. ബുദ്ദൂസുകളേ , വണ്ടി തട്ടിയാല്‍ ചത്തു പോകും എന്ന് ശിവകാമി പറയുമ്പോള്‍ അവര് ഉണ്ടക്കണ്ണു മിഴിച്ച് , ചത്തുപോകലോ, എന്താ അത് എന്ന് മ്യാവൂഭാഷയില്‍ അവളോട് ചോദിക്കും. പിന്നെ ശിവകാമി ബാഗിന്റെ അടപ്പ് തുറക്കുമ്പോള്‍, രക്ഷപ്പെട്ടേ എന്ന മട്ടിലവരുടെ ഓരോട്ടമുണ്ട്. ഒരാള്‍ ഓടി ഞാവലിന്റെ തുമ്പത്തുകയറും. വേറൊരാള്‍ ശിവകാമിയുടെ സൈക്കിളില്‍ കയറും, മറ്റൊരാള്‍ നിലത്ത് മലര്‍ന്ന് കിടന്ന് തന്നത്താന്‍ കളിക്കും.
ഒരു ദിവസം ശിവകാമിക്ക് പനിയായിരുന്ന ദിവസം അമ്മയും അച്ഛനും കൂടി അവളെ ഡോക്ടറുടെ അടുക്കലേയ്ക്ക് കാറില്‍ കൊണ്ടുപോയി . പൂച്ചക്കുട്ടികളെ അവരുടെ പുറകേ നടന്ന് പിടിച്ച് പ്‌ളാസ്റ്റിക് ബാഗിനകത്താക്കാനൊന്നും നേരമില്ലാത്ത വിധം തിരക്കിലായിരുന്നു ഓമനച്ചേച്ചി . ഓമനച്ചേച്ചി അപ്പോ ഒരു സൂത്രപ്പണി ചെയ്തു . മീന്‍ വാങ്ങിക്കുന്ന കറുത്ത ചട്ടിയുമായി പിന്‍ വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് നടന്നു. അതിനകത്ത് മുഴുന്‍ മീനാണെന്നു വിചാരിച്ച് പൂച്ചകള്‍ മൂന്നും കാറിന്റെടുത്തെ കളി നിര്‍ത്തി ഓമനച്ചേച്ചിയുടെ പുറകെ ഓട്ടമായി . ആ തക്കത്തിന് കാറ് പുറത്തേക്കെടുത്തു അച്ഛന്‍, പൂച്ചകളുടെ ശല്യമില്ലാതെ.
ഓമനച്ചേച്ചി പറ്റിക്കുകയാണെന്നു ആദ്യമൊന്നും മനസ്സിലായില്ല പൂച്ചകള്‍ക്ക് . ഓമനച്ചേച്ചി വെറുതെ പാത്രം കഴുകി വെള്ളം കറിവേപ്പന്റെ ചുവട്ടിലേക്കൊഴിച്ച് അകത്തേക്കു നടക്കാന്‍ ഭാവിക്കുമ്പോഴല്ലേ അവര്‍ക്ക് മനസ്സിലായത് പറ്റിക്കപ്പെട്ട കാര്യം . അവര് ഓമനച്ചേച്ചിയുടെ മുണ്ടിന്റെ തുമ്പത്ത് അവരെ അകത്തേക്കു വിടാതെ തൂങ്ങിക്കിടന്നു . പിന്നെ ഒരു വിധത്തില്‍ അവരെ കുടഞ്ഞു നിലത്തിട്ട് ഓമനച്ചേച്ചി അകത്തേയ്ക്ക് രക്ഷപ്പെട്ടുവെന്നു പറഞ്ഞാല്‍ മതിയല്ലോ .

ഡോക്ടറെ കണ്ട് തിരിച്ചുവന്നപ്പോള്‍ പൂച്ചക്കുട്ടികളവരെ ഓമനച്ചേച്ചി പറ്റിച്ച കാര്യവും ഓമനച്ചേച്ചി പൂച്ചക്കുട്ടികള്‍ ശല്യം ചെയ്ത കാര്യവും ശിവകാമിയോട് പറഞ്ഞു കൊടുത്തു.
ഇതൊരു വലിയ കേസാണല്ലോ, അച്ഛന്‍ ഓഫീസില്‍ പോയി വരട്ടെ , നമുക്ക് എന്നിട്ട് അച്ഛനോട് പറയാം കാര്യങ്ങളൊക്കെ, അച്ഛന്‍ തീരുമാനിക്കട്ടെ ആരുടെ ഭാഗത്താണ് തെറ്റ്, ആരുടെ ഭാഗത്താണ് ശരി എന്ന് ശികാമി പൂച്ചക്കുട്ടികളെ സമാധാനിപ്പിച്ചു.
എന്നാലും മീനില്ലാപ്പാത്രം കാണിച്ച് ഞങ്ങളെ പറ്റിച്ചത് ശരിയായില്ല എന്നു പൂച്ചക്കുഞ്ഞുങ്ങളും എന്റെ മുണ്ടിന്മേല്‍ തൂങ്ങിക്കിടന്ന് എന്നെ ഒരിഞ്ചു നടക്കാന്‍ പോലും സമ്മതിക്കാതെ കുരുത്തക്കേടു കാണിച്ചത് ഒട്ടും ശരിയായില്ല എന്ന് ഓമനച്ചേച്ചിയും അന്നു മുഴുവന്‍ പരാതി പറഞ്ഞു.
അച്ഛന്‍ തിരികെ ഓഫീസില്‍ നിന്ന് വന്നപ്പോ രാത്രിയായി. ഓമനച്ചേച്ചി വീട്ടിലേക്ക് തിരികെ പോയിരുന്നു . പൂച്ചക്കുട്ടികളാണെങ്കില്‍ ഒരോന്തിന്റെ പുറകേ ചുറ്റിനടപ്പായിരുന്നു. അച്ഛനവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ജിംജാം ബിസ്‌ക്കറ്റ് കൊണ്ടുവന്നിരുന്നു .
അതും തിന്ന് അമ്മ കൊടുത്ത പാലും കുടിച്ച് ആ പ്ലാസ്റ്റിക് ബാഗില്‍ കയറിക്കിടന്ന് അവര്‍ മൂന്നാളും ഉറക്കമായി.
കറുത്ത മീന്‍ ചട്ടിനിറയെ മീനുകളായിരിക്കും അവരുടെ സ്വപ്‌നത്തിലെന്ന് ശിവകാമിക്ക് തീര്‍ച്ചയായിരുന്നു. പനിയുടെ മരുന്നും കഴിച്ച് ഉറങ്ങിയ ശിവകാമിയുടെ സ്വപ്‌നത്തിലാരായിരുന്നിരിക്കും എന്നല്ലേ നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്? ആ മൂന്നു പൂച്ചക്കുട്ടികളല്ലാതെ മറ്റാര്?