scorecardresearch

ശന്തനുവിന്റെ ക്യാരറ്റുകള്‍

"ഇന്നലെ അവരുടെ ക്യാരറ്റ് അന്വേഷിച്ചു വന്നത് ആരാണെന്നറിയാമോ? സാക്ഷാല്‍ സിംഹരാജന്‍" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചുകൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

"ഇന്നലെ അവരുടെ ക്യാരറ്റ് അന്വേഷിച്ചു വന്നത് ആരാണെന്നറിയാമോ? സാക്ഷാല്‍ സിംഹരാജന്‍" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചുകൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya as , childrens stories, iemalayalam

ശന്തനു മുയലിന് കഴിക്കാനേറ്റവും ഇഷ്ടം ക്യാരറ്റാണ്. പക്ഷേ ക്യാരറ്റിനൊക്കെ എന്താ വില കാട്ടിലെ പച്ചക്കറിമാര്‍ക്കറ്റില്‍. അതു കൊണ്ട് തന്നത്താന്‍ ക്യാരറ്റ് കൃഷി ചെയ്യാന്‍ തീരുമാനിച്ചു അവന്‍ .

Advertisment

തടമൊരുക്കി അതില്‍ വളമിട്ട് വെള്ളമൊഴിച്ച് ക്യാരറ്റിന് പുതുനാമ്പ് വരുന്നതും കാത്ത് അവനിരിപ്പാണ് ഇപ്പോള്‍.

അപ്പോഴുണ്ട് ആനയൊരുത്തന്‍ വന്നു ആ വഴിയേ. അവനാ തടത്തിനു മീതേ കൂടി തുമ്പിക്കെയാട്ടി ചെവിയാട്ടി ഒരു നടപ്പ് .ഫലമോ , പുറത്തേയ്ക്കു വരാനായി കാത്തുനിന്ന ക്യാരറ്റ് മുളയെല്ലാം ചതഞ്ഞരഞ്ഞു പോയി . ശന്തനു മുയലിനു അതിയായ സങ്കടം വന്നു . അവനിരുന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു.

അവന്റെ കരച്ചില്‍ ആനച്ചാരുടെ കണ്ണില്‍പ്പെട്ടു . എന്തിനാ മുയലേ നീ സങ്കടപ്പെട്ടിങ്ങനെ കരയുന്നത് എന്നു ചോദിച്ചു ആനച്ചാര്.

Advertisment

ആനച്ചാരുടെ ഭീമന്‍ കാലിനടിയില്‍പ്പെട്ട് താന്‍ വളര്‍ത്തിക്കൊണ്ടുവന്ന ക്യാരറ്റ് തടം താറുമാറായിപ്പോയ കാര്യം കണ്ണീരിനിടയിലൂടെ ശന്തനു ആനച്ചാരെ പറഞ്ഞു കേള്‍പ്പിച്ചു .

അതു കേട്ടപ്പോ ആനച്ചാര്‍ക്ക് വലിയ വിഷമമായി. ഞാന്‍ അറിഞ്ഞോണ്ടു ചെയ്യതല്ല കൂട്ടുകാരാ, അവിടെ നിന്റെ ക്യാരറ്റ് തടം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു ,അതുകൊണ്ടാ ഞാനവിടെക്കൂടിയൊക്കെ നടന്നത്. മനപ്പൂര്‍വ്വം ഞാന്‍ നിന്റെ ക്യാരറ്റ് തോട്ടം നശിപ്പിക്കാന്‍ നോക്കുമോ എന്നു ചോദിച്ച് സ്‌നേഹത്തോടെ ശന്തനു മുയലിനെ ചേര്‍ത്തുപിടിച്ചു ആനച്ചാര്.

നീ സങ്കടപ്പെടണ്ട ,നമുക്കു ശരിയാക്കാം നിന്റെ ക്യാരറ്റ് തോട്ടക്കാര്യം . അതു വരെ നിനക്കുതിന്നാന്‍ വാഴപ്പഴം കൊണ്ടുവന്നു തരാം എന്നു പറഞ്ഞു ആനച്ചാര്.ശന്തനുവിനെ പുറത്തിരുത്തി നല്ല ക്യാരറ്റ് തൈ അന്വേഷിച്ച് പുഴക്കക്കരെ വരെ പോയി ആനച്ചാര് .

priya as , childrens stories, iemalayalam

ആനച്ചാര്‍ക്ക് അതിനിടെ ഒരു പേരിട്ടു കൊടുത്തു നമ്മുടെ ശന്തനു മുയല്‍ . അവന്‍ ആനച്ചാരുടെ ചെവിയില്‍ കുട്ടപ്പന്‍ എന്ന് മൂന്നു പ്രാവശ്യം ഉരുവിട്ടതോടെ ആനച്ചാരുടെ പേര് കുട്ടപ്പനെന്നായി ആനച്ചാര്‍ക്കിഷ്ടപ്പെട്ടു ആ പേര് എന്നവന്‍ മുറം പോലത്തെ ചെവിയാട്ടിപ്പറഞ്ഞു.

അവര്‍ക്ക് പുഴയ്ക്കക്കരെ നിന്ന് നല്ല ക്യാരറ്റ് വിത്തുകള്‍ കിട്ടി. ആനച്ചാര് മണ്ണില്‍ പതിഞ്ഞു കിടന്ന് തന്റെ കൂര്‍ത്ത കൊമ്പുകൊണ്ട് മണ്ണിളക്കിക്കൊടുത്തു. പിന്നെ അവന്‍ തുമ്പിക്കെയില്‍ വെള്ളം പുഴയില്‍ നിന്ന് എടുത്തുകൊണ്ടുവന്ന് അവിടമൊക്കെ നന്നായി നനച്ചു.അങ്ങനെ ക്യാരറ്റ് തടം ശരിയായപ്പോള്‍ , അവര്‍ രണ്ടാളും കൂടി ക്യാരറ്റ് തൈകള്‍ നട്ടു.

ക്യാരറ്റ് ചെടികള്‍ക്ക് മുള പൊട്ടിയപ്പോള്‍ അവരാ ക്യാരറ്റ് തടത്തിനു ചുറ്റും വേലി കെട്ടി. ഇനിയുമാരെങ്കിലും മനപ്പൂര്‍വ്വമായോ അല്ലാതെയോ വന്ന് ക്യാരറ്റ് തടം ചവിട്ടി നശിപ്പിക്കരുതല്ലോ.

അങ്ങനെയങ്ങനെ ക്യാരറ്റ് തൈകള്‍ ഓരില ,ഈരില എന്ന മട്ടില്‍ വളര്‍ന്നു വലുതായി .

ശന്തനുവിന്റെയും കുട്ടപ്പന്റെയും കൂട്ടുകൃഷി കാട്ടിലങ്ങ് പ്രസിദ്ധമായി .

ക്യാരറ്റ് ചെടികള്‍ വളര്‍ന്നുവലുതായി കാറ്റിലാടി നില്‍ക്കുന്നതു കാണാന്‍ കാടിന്റെ നാനാഭാഗത്തുനിന്നും ഓരോരോ ജീവികള്‍ വന്നു പോയി നിത്യേന.

അവസാനം ക്യാരറ്റ് വിളവെടുപ്പിന്റെ കാലമായി .

കുട്ടപ്പനാന ഓരോ ചെടിയും തുമ്പിക്കൈകൊണ്ട് പിഴുതെടുക്കുമ്പോള്‍ , അതിന്റെ ചുവട്ടിലെ ക്യാരറ്റിന്റെ വലിപ്പം കണ്ട് എല്ലാവരും കൈയടിച്ചു.ശന്തനു മുയല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

കുട്ടപ്പനോട് ശന്തനു പറഞ്ഞു , ഒരു ക്യാരറ്റ് തിന്നു നോക്ക് .

കരിമ്പും വാഴയുമൊക്കെ തിന്നാ എനിയ്ക്ക് ശീലം . ഞാനിതു വരെ ക്യാരറ്റ് തിന്നിട്ടില്ല.എനിയ്ക്കിഷ്ടമാകുമോ ആവോ എന്നാദ്യം സംശയിച്ചു നിന്നു കുട്ടപ്പനാന .

priya as , childrens stories, iemalayalam

പിന്നെ അവന്‍ രണ്ടും കൽപ്പിച്ച് ഒരു ക്യാരറ്റ് തിന്നുനോക്കി . ഹായ് , എന്താ സ്വാദ് എന്നു തുള്ളിച്ചാടി പറഞ്ഞുപോയി അവന്‍ .

എന്നിട്ടവന്‍ കുമുകുമാ എന്ന് എട്ടുപത്തു ക്യാരറ്റ് തിന്നു .

മതി മതി തിന്നത് , നിന്റെ വയറിന്റെ നിറം ഓറഞ്ചാവുമേ എന്നു കളിയാക്കി ശന്തനു .

എന്തിനധികം പറയുന്നു , ശന്തനുവിന്റെയും കുട്ടപ്പന്റെയും ക്യാരറ്റിന്റെ സ്വാദ് കാടു മുഴുവന്‍ പരന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ .

ഇന്നലെ അവരുടെ ക്യാരറ്റ് അന്വേഷിച്ചു വന്നത് ആരാണെന്നറിയാമോ? സാക്ഷാല്‍ സിംഹരാജന്‍ .

സിംഹരാജനും കറുമുറെ തിന്നു കുറേ ക്യാരറ്റ്. കുറേ പൊതിഞ്ഞു കെട്ടിക്കൊണ്ടു പോവുകയും ചെയ്തു .ഭാര്യയ്ക്കും മക്കള്‍ക്കും കൊടുക്കാനാവും .

സിംഹരാജനും കുടുംബവും വെജിറ്റേറിയന്‍സായാല്‍ നമ്മള്‍ ചെറുമൃഗങ്ങളുടെ ആയുസ്സു നീട്ടിക്കിട്ടാന്‍ മറ്റെന്തു വേണം എന്നാണ് മാനുകളുടെയും മറ്റും സ്വപ്‌നം . ആ സ്വപ്‌നം സത്യമാകട്ടെയല്ലേ?

ആ സ്വപ്‌നം ഉള്ളിലിട്ട് താലോലിച്ച് വലിയ തോതില്‍ ക്യാരറ്റ് കൃഷിയ്‌ക്കൊരുങ്ങുകയാണ് കാട് .മാനുകളും മുയലുകളും കടുവകളും കുറുക്കന്മാരും എന്നു വേണ്ട കാട്ടിലെ സകലമാന ജീവികളും ചേര്‍ന്നാണ് ഇത്തവണ ക്യാരറ്റ് നടാന്‍ പോകുന്നത്.

അവരുടെ ഇത്തവണത്തെ ക്യാരറ്റ് കൃഷിയും പൊടിപൊടിക്കട്ടെ, അല്ലേ ? .

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: