മുറ്റത്തു കളിച്ചു നടക്കുകയായിരുന്നു നക്ഷത്ര .
അപ്പോഴുണ്ട് മന്ദാരക്കൊമ്പിൽ ദാ ഇരിക്കുന്നു ഒരപ്പൂപ്പൻ താടി.
“അപ്പൂപ്പൻ താടീ, അപ്പൂപ്പൻ താടീ കണ്ടിട്ടെത്ര നാളായീ” എന്നൊരു പാട്ടും പാടി ഒത്തിരി സന്തോഷത്തോടെ അവളാ അപ്പൂപ്പൻ താടിയെ കൈയിലെടുത്തു.
അവളത് അകത്തു നിന്ന് മുറ്റത്തേക്കിറങ്ങി വന്ന അമ്മയെ കാണിച്ചു കൊടുത്തു.
അമ്മ പറഞ്ഞു, അതൂതിപ്പറത്തി കളിക്ക്.
വേണ്ട,വേണ്ട ഊതിപ്പറത്തിയാലത് ദൂരേയ്ക്കെങ്ങാനും പറന്നു പോയാലോ? പിന്നെ അതിനെ പിടിച്ചാൽ കിട്ടാതായാലോ എന്നു ചോദിച്ചു നക്ഷത്ര.
അതു ശരിയാ ,പക്ഷേ ഊതിപ്പറത്തി കളിക്കാനല്ലെങ്കിൽ പിന്നെന്തിനാ അപ്പൂപ്പൻ താടി എന്നായി അമ്മ.
എന്നാ നമുക്ക് വീടിനകത്തു കയറി ഒരു മുറിയടച്ചിട്ട് അവിടെ നിന്നൂ ഊതിപ്പറത്തിയാലോ അപ്പൂപ്പൻ താടി എന്നായി നക്ഷത്ര. എന്നിട്ടവർ വീടിനകത്തു കയറി.
അവിടെ ഒരു മുറിയുടെ വാതിൽ ചാരിയിട്ട് അവരിഷ്ടം പോലെ അപ്പൂപ്പൻ താടി ഊതിപ്പറത്തി കളിക്കുമ്പോഴാണ് അതു വഴി ഒരു പല്ലി വന്നത്. അപ്പൂപ്പൻ താടി പറക്കുന്നത് ഇത്തിരിപ്പോന്ന ഉണ്ടക്കണ്ണു മിഴിച്ച് അത്ഭുതത്തോടെ അവൻ നോക്കിയിരുന്നു. തുമ്പിയോ പച്ചക്കുതിരയെയോ പോലെ പറക്കുന്ന ഒരു ജീവിയാണ് അപ്പൂപ്പൻ താടി, അതിനെ പിടിച്ച് സാപ്പിടാം എന്നാണോ നിന്റെ വിചാരം, ഇത് ഒരു ചെടിയുടെ കായ്ക്കുള്ളിലെ വിത്താണ് എന്ന് പല്ലിക്കു പറഞ്ഞു കൊടുത്തു നക്ഷത്ര. പക്ഷേ അവനപ്പറഞ്ഞതൊന്നും കാര്യമാക്കാതെ അപ്പൂപ്പൻ താടിക്ക് പുറകേ ഓട്ടമാരംഭിച്ചു, ഇടയ്ക്ക് അപ്പൂപ്പൻ താടി പറന്നടുത്തു വരുമ്പോൾ അതിനെ പിടിക്കാൻ നാവു നീട്ടി.

നിന്റെ തൊണ്ടയിൽ കുരുങ്ങുമേ അത് എന്നു മുന്നറിയിപ്പ് കൊടുത്തു നക്ഷത്ര .
അതിനിടെ അമ്മൂമ്മ നാലഞ്ച് അപ്പൂപ്പൻ താടികളുമായി വാതിൽ ചാരിയിട്ടത് തുറന്ന് മുറിയുടെ അകത്തേക്കു വന്നു. ഞാൻ ചെടിക്കു നനയ്ക്കാൻ പോയപ്പോൾ കിട്ടിയതാ എന്നു പറഞ്ഞു അമ്മൂമ്മ. കുറച്ചെണ്ണം കാക്ക കൊത്തിക്കൊണ്ടു പോകുന്നതു കണ്ടു. കൂട്ടിൽ വിരിച്ച് വച്ച് മുട്ടിയിടുന്നയിടം സോഫ്റ്റാക്കാനാവും നക്ഷത്ര വിചാരിച്ചു. ആ നാലഞ്ചു അപ്പൂപ്പൻ താടികളെയും കൂടി കൈയിൽ വാങ്ങി നക്ഷത്ര .എന്നിട്ടത് അമ്മയുടെ നേരെ ഊതിപ്പറത്തി.അമ്മ തിരിച്ചതെല്ലാം നക്ഷത്രയുടെ നേരെ ഊതിപ്പറത്തി.
പല്ലി അപ്പോഴും അപ്പൂപ്പൻ താടി പിടിച്ചെടുക്കാനുള്ള യജ്ഞത്തിലായിരുന്നു. നിന്റെ തൊണ്ടയിൽ കുരുങ്ങി നിനക്ക് വായ തുറക്കാൻ പറ്റാതാവും ,പിന്നെ പല്ലി ഡോക്റ്ററുടെ അടുത്ത് പോയി തൊണ്ടയിൽ കുരുങ്ങി യ അപ്പൂപ്പൻ താടി പുറത്തേക്കെടുക്കാൻ സർജറിയൊക്കെ നടത്തേണ്ടി വരും. നക്ഷത്ര ഒന്നുകൂടി അവന് മുന്നറിയിപ്പ് കൊടുത്തു.
അവനുണ്ടോ ഇതു വല്ലതും കേട്ട ഭാവം? അവനപ്പോഴും അപ്പൂപ്പൻ താടിയുടെ പുറകെ ഓട്ടം തന്നെ ഓട്ടം.
ഇവനെന്തൊരു ബുദ്ദൂസാണ് അല്ലേ എന്നു ചോദിച്ചു അമ്മ. ചിലർക്കൊക്കെ എത്ര പറഞ്ഞു കൊടുത്താലും ഒന്നും മനസ്സിലാവില്ല അനുഭവം കൊണ്ടേ അവർ പഠിക്കൂ എന്നു പറഞ്ഞു അമ്മൂമ്മ. എന്നിട്ട് ഇനിയും അപ്പൂപ്പൻ താടി ഉണ്ടോ പറമ്പിൽ എന്ന് നോക്കീട്ടു വരാം എന്നു പറഞ്ഞ് മുറ്റത്തേക്ക് പോയി. അമ്മയും നക്ഷത്രയും അപ്പൂപ്പൻ താടി ഊതിയൂതിക്കളി തുടർന്നു.

അപ്പൂപ്പൻ താടി ശേഖരിച്ചു കൊണ്ടുപോയ ആ കാക്കയാവും അത് ജനലരികിൽ വന്ന് അമ്മയെയും നക്ഷത്രയെയും അപ്പൂപ്പൻ താടികളെയും മാറി മാറി നോക്കിയിരുന്നു.ഇവർക്കെന്തിനാ അപ്പൂപ്പൻ താടി, ഇവര് ചുള്ളിക്കമ്പു വീട്ടിലല്ലല്ലോ താമസിക്കുന്നത്, കിടക്കാനാണെങ്കിൽ നല്ല സോഫ്റ്റ് കിടക്കയുണ്ടല്ലോ ഇവർക്ക്, ഇവരെന്തിനാ അപ്പൂപ്പൻ താടിയുടെ പുറകെ ഓടുന്നത് എന്നൊക്കെയാവും അവന്റെ സംശയം എന്നു വിചാരിച്ച്, ഇതൊരു തരം കളിയാ എന്നു പറഞ്ഞു നക്ഷത്ര.
അതിനിടയിലാ പല്ലി, അപ്പൂപ്പൻ താടിക്കു പുറകേയുള്ള ഓട്ടത്തിനിടയിൽ കാലു തെറ്റി നിലത്തേക്ക് ഒരു വീഴ്ച. അതു കണ്ട് നക്ഷത്ര ചിരിച്ചു പോയി. പല്ലി പെട്ടെന്ന് അപ്പൂപ്പൻ താടിക്കു പുറകേയുള്ള ഓട്ടം മതിയാക്കി എങ്ങോട്ടോ സ്ഥലം വിട്ടു.അവന്റെ നട്ടെല്ലൊടിഞ്ഞു കാണും വീഴ്ചയിൽ, ഡോക്ടറെ കാണാൻ പോയതാവും എന്നു പറഞ്ഞു അമ്മ. അതു ശരിയായിരിക്കുമെന്ന് നക്ഷത്രയ്ക്കും തോന്നി.
പിന്നെയവൾ അപ്പൂപ്പൻ താടികളെല്ലാം ഒരു ബോക്സിൽ സൂക്ഷിച്ചു വച്ചു.ഒരെണ്ണം ആ കാക്കയ്ക്ക് കൊടുത്തേരെ എന്നു പറഞ്ഞത് അവളനുസരി ച്ചു. അവൾ ജനാല തുറന്ന് അത് ഊതി വിട്ടു കാക്കയുടെ അടുത്തേക്ക്. അതും കൊത്തിയെടുത്ത് കാക്ക പറന്നു പോയി.അവൾ നല്ല സോഫ്റ്റായ അപ്പൂപ്പൻ താടികിടക്കയിൽ മുട്ടയിട്ട് അടയിരിക്കട്ടെ, അവൾ വിചാരിച്ചു.
പിന്നെയവൾ ആ പല്ലി ബുദൂസിനെ തിരയാൻ തുടങ്ങി അവിടൊക്കെ.മച്ചിൻ പുറത്താവും പല്ലിയാശുപത്രി എന്നു പറഞ്ഞു അമ്മ.
പിന്നെ നക്ഷത്രയിരുന്ന് ആ പല്ലി അപ്പൂപ്പൻ താടിയെ പിടിക്കാനോടുന്ന പടം വരയ്ക്കാൻ തുടങ്ങി. അത് മുഴുവനാകുമ്പോൾ നിങ്ങൾക്കും കാണിച്ചു തരാമേ.