നീലു ഒരു കുറുക്കനെ സ്വപ്നം കണ്ടു രാത്രിയുറക്കത്തില്‍.
അമ്മൂമ്മ പറഞ്ഞ കഥയിലെ നീലക്കുറുക്കന്‍ തന്നെയാണോ ആ കുറുക്കന്‍ എന്ന് നീലു സംശയിച്ചു. കഥയിലെപ്പോലെ നീലച്ചായത്തില്‍ മുങ്ങിയല്ല താന്‍ നീലക്കുറുക്കനായത് എന്നു പറഞ്ഞു അവന്‍. അവന്റെ ഉടുപ്പ് നീലനിറമായതു കൊണ്ടായിരുന്നതു അവന്‍ നീലക്കുറുക്കനായത്.
അവന്‍ സ്വപ്നത്തിൽ നീലുവിന്റെ കിടക്കയുടെ അരികത്തു വന്നിരിപ്പായിരുന്നു . നല്ല സ്നേഹത്തിൽ അവന്‍ നീലുവിനെത്തന്നെ നോക്കിയിരിപ്പായിരുന്നു.
അവന്‍ നീലുവിന് ഒരു നീലപ്പൂവ് കൊണ്ടുവന്നിരുന്നു . എന്റെ പേര് നീലു എന്നായതു കൊണ്ടാണോ നീ എനിക്ക് നീലപ്പൂവ് തന്നെ കൊണ്ടുവന്നത് എന്നു ചോദിച്ചു അവനോട് സ്വപ്നത്തില്‍ നീലു .
നീന്റെ പൂന്തോട്ടത്തില്‍ നീയും അമ്മയും കൂടി ഒരുപാട് ചെടികള്‍ വളര്‍ത്തുന്നതും അതെല്ലാം പൂവിടുന്നത് കണ്ട് നിങ്ങള്‍ സന്തോഷിക്കുന്നതുമെല്ലാം ഞാന്‍ ഇടക്കിടെ അങ്ങേ കുന്നിന്‍മോളിലിരുന്ന് കാണാറുണ്ട് . നിനക്ക് നിന്റെ പൂന്തോട്ടത്തില്‍ ഒരു നീലപ്പൂവില്ലല്ലോ. നീ അങ്ങനെ സങ്കടം പറഞ്ഞായിരുന്നില്ലേ അമ്മയോടിന്നാള്‍? അതു കൊണ്ടാണ് ഞാന്‍ നിനക്ക് നീലപ്പൂ തന്നെ സമ്മാനമായി കൊണ്ടുവന്നത്.
പിന്നെ, കുറുക്കന്‍ അവന്റെ നീലയുടുപ്പിന്റെ പോക്കറ്റില്‍ നിന്ന് കുറച്ചു കറുത്ത വിത്തുകളെടുത്ത് അവളെ കാണിച്ച് പറഞ്ഞു . ഇതീ നീലപ്പൂവിന്റെ വിത്താണ്. നന്നായി തടമെടുത്ത് നട്ട് നനച്ച് വളര്‍ത്തിയാല് നിനക്ക് നീലപ്പൂവ് കണി കണ്ടു ണരാം.
നീലു, അവനോട് ചോദിച്ചു. ഞാനിതെവിടെ നടണം?
നീലക്കുറുക്കന്‍ ജനലിനടുത്തു ചെന്ന് പുറത്ത് മുറ്റത്തേയ്ക്ക് നോക്കി .

എന്നിട്ട് മാവിനപ്പുറത്തെ ഇടം ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. ദാ, അവിടെ നടാം.അവിടാകുമ്പോ ഇളം വെയിലും ഇത്തിരി തണലും കിട്ടും ചെടിക്ക്. അങ്ങനുള്ളിടത്താണ് ഈ ചെടി നന്നായി വളരുക.
നീലു തല കുലുക്കി സമ്മതിച്ചു.
പിന്നെ, അവളുടെ പോക്കറ്റിലേക്കിട്ടു കൊടുത്തു, നീലക്കുറുക്കന്‍ ആ വിത്തുകളെല്ലാം.
അവളതെടുത്ത് ഒരു കടലാസ്സില്‍ പൊതിഞ്ഞ് മേശപ്പുറത്തു സൂക്ഷിച്ചു വച്ചു.
പിന്നെ അവര്‍ കിടക്കയില്‍ നി്ന്നൂര്‍ന്നിറങ്ങി പാമ്പും കോണിയും കളിച്ചു . നാലു തവണ നീലക്കുറുക്കനും മൂന്നു തവണ നീലുവും ജയിച്ചു കളിയില്‍.
അപ്പോഴേക്കും നേരം വെളുത്തു .
അമ്മ വന്ന് കിടക്കയില്‍ ഇരുന്ന് നീലുവിനെ ഉമ്മവച്ച് മോളുക്കുട്ടീ , എഴുന്നേല്‍ക്ക്, സ്‌ക്കൂളില്‍ പോകണ്ടേ എന്നു പറഞ്ഞു വിളിച്ചുണര്‍ത്തി.
നീലു കണ്ണു തുറന്ന് ചുറ്റും നോക്കി.
എന്നിട്ടമ്മയോട് ചോദിച്ചു, നീലക്കുറുക്കനെവിടെ ?
അമ്മയ്ക്ക് ചിരി വന്നു. മോൾ, അമ്മൂമ്മ പറഞ്ഞു തരാറുള്ള കഥയിലെ ചായത്തില്‍ വീണ നീലക്കുറുക്കനെ സ്വപ്നം കണ്ടോ , അമ്മ ചോദിച്ചു.
ആ നീലക്കുറുക്കനെയല്ല നീലയുടുപ്പിട്ട നീലക്കുറുക്കനെയാണ് ഞാന്‍ സ്വപ്നം കണ്ടത്.നീലു പറഞ്ഞു.
നീലു പോക്കറ്റു തപ്പി , നീലക്കുറുക്കന്‍ തന്ന പൂവിത്തുകളെവിടെ ?
അയ്യോ, എന്റെ പോക്കറ്റിലൊന്നുമില്ലല്ലോ, നീലു സങ്കടപ്പെട്ടു പറഞ്ഞു .
പിന്നെ അവളോര്‍ത്തു പറഞ്ഞു, ഞാനതെടുത്ത് കടലാസ്സില്‍ പൊതിഞ്ഞ് ഈ മേശപ്പുറത്തെങ്ങാണ്ട് വച്ചായിരുന്നല്ലോ.
അമ്മയും അവളും കൂടി മേശപ്പുറം തപ്പി .

അപ്പോഴുണ്ട് ദാ ഇരിക്കുന്നു, ഒരു കടലാസു പൊതി. അവരു രണ്ടും കൂടി അതഴിച്ചുനോക്കിയപ്പോഴോ, കുറച്ചു കറുത്ത വിത്ത്.
നീലക്കുറുക്കന്‍ വന്നെന്നും എനിക്ക് നീലപ്പൂവിന്റെ വിത്ത് തന്നെന്നും ഞാന്‍ പറഞ്ഞത് ശരിക്കും ശരിയാണമ്മേ , അതിപ്പോ അമ്മയ്ക്ക് മനസ്സിലായില്ലേ എന്നു പറഞ്ഞ് നീലു തുള്ളിച്ചാടി.
നീലക്കുറുക്കന്‍ കൊണ്ടുവന്ന നീലപ്പൂവ്, കിടക്കയില്‍ നിന്നു നിലത്ത് വീണു കിടന്നതും അവളെടുത്ത് അമ്മയെ കാണിച്ചു കൊടുത്തു.
അമ്മ ശരിക്കും അത്ഭുതപ്പെട്ടു .എന്നിട്ട് പറഞ്ഞു,ഞാനിതുവരെ കേട്ടിരിക്കുന്ന കഥകളിലെല്ലാം കുറുക്കന്മാര് സൂത്രശാലികളാണ്. കള്ളന്മാരും ചതിയന്മാരുമാണ്. ഇവിടിപ്പോ നീലുവിന്റെ അടുത്ത് ഒരു പൂന്തോട്ടക്കാരന്‍ കുറുക്കന്‍ വന്നുവെന്നു കേട്ടിട്ട് എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല.
നല്ല കുട്ടികളുടെ അടുത്ത് വരുമ്പോള്‍ എല്ലാവരും നല്ലയാളുകളാവും എന്നു ചിരിച്ചു നീലു. എന്നിട്ടവളാ നീലപ്പൂവെടുത്ത് തലയില്‍ച്ചൂടി.
രാത്രിയില്‍ നമ്മള്‍ വീടിന്റെ ജനലും വാതിലുമൊക്കെയടച്ചല്ലേ കിടക്കുക? പിന്നേതുവഴി വന്നു കാണും ആ നീലക്കുറുക്കന്‍ എന്നായി പിന്നെ അമ്മയുടെ സംശയം.
വീടിന്റെ ജനലും വാതിലുമൊന്നുമല്ല സ്വപ്നത്തിന്റെ വാതിലും ജനലും ,മന്ത്രം കൊണ്ടതെല്ലാം തുറന്നാണ് സ്വപ്നത്തിലേക്ക് കഥാപാത്രങ്ങളോരോരുത്തരും ഒഴുകിയെത്തുക എന്നു പറഞ്ഞു നീലു.
ശരിയായിരിക്കും, കുട്ടികള്‍ പറയുന്നതെല്ലാം സത്യമാകാനാണ് വഴി എന്നു വിചാരിച്ചു അമ്മ.
എന്നിട്ടവരുരണ്ടും കൂടി ആ കറുത്ത വിത്തുകള്‍ പൂന്തോട്ടത്തില്‍ നടാന്‍ പോയി.