scorecardresearch

മീന്‍കുട്ടിയും മാന്‍കുട്ടിയും

" മനുഷ്യർ വല്ലാത്ത ഉപദ്രവകാരികളാണെന്നാണല്ലോ കേട്ടിരിക്കുന്നത് എന്നു പറഞ്ഞു അവര്‍ രണ്ടാളും ഒരുമിച്ച് " വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചുകൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

" മനുഷ്യർ വല്ലാത്ത ഉപദ്രവകാരികളാണെന്നാണല്ലോ കേട്ടിരിക്കുന്നത് എന്നു പറഞ്ഞു അവര്‍ രണ്ടാളും ഒരുമിച്ച് " വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചുകൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya as , childrens stories, iemalayalam

മീനുകള്‍ താമസിക്കുന്നത് എവിടെയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ അല്ലേ?

വെള്ളത്തില്‍, അല്ലേ? കരയ്ക്കിട്ടാല്‍ അവര്‍ ശ്വാസം കിട്ടാതെ പിടഞ്ഞു ചാകും .

Advertisment

നമ്മുടെ മീന്‍കുട്ടിയുടെ പേര് തിലോത്തമ എന്നായിരുന്നു. അവളുടെ അമ്മയാണ് അവള്‍ക്ക് ആ പേരിട്ടത് എന്നാണ് അവള്‍ നമ്മുടെ മാന്‍കുട്ടിയോട് പറഞ്ഞത് . മാന്‍കുട്ടിക്ക് പേരൊന്നുമിട്ടിട്ടില്ലായിരുന്നു ആരും . അവനെ എല്ലാവരും മാന്‍കുട്ടീ എന്നു വിളിിച്ചുപോന്നു . അവനൊരു പേരില്ലാത്തതോര്‍ത്ത് തിലോത്തമ മീന്‍കുട്ടിക്ക് ആകെ കഷ്ടം തോന്നി. അവളവനൊരു പേരിട്ടു കൊടുത്തു.ചന്ദ്രകാന്ത്.

നല്ല പേര്, എനിയ്ക്കിഷ്ടമായി എന്ന് അതു കേട്ടതും മാന്‍ കുട്ടി തലയിളക്കിപ്പറഞ്ഞു .

മാന്‍കുട്ടി ചന്ദ്രകാന്ത് വെള്ളം കുടിക്കാന്‍ പതിവായി വന്നിരുന്ന കുളത്തിലായിരുന്നു തിലോത്തമയുടെ താമസം. അങ്ങനെ എന്നും കണ്ടു കണ്ടാണ് അവര്‍ തമ്മില്‍ ഇത്ര കൂട്ടായത്.

Advertisment

രാവിലെ എണീറ്റു വരുമ്പോത്തന്നെ മാന്‍കുട്ടിക്ക് വെള്ളം കുടിക്കണം . അവന്‍ വരുന്നതും കാത്ത് കുളത്തിലവിടവിടെയൊക്കെ ചുറ്റിനടപ്പുണ്ടാവും തിലോത്തമ.

തിലോത്തമ അവനെക്കണ്ട ഉടനേ വെള്ളത്തിനു മിതേ കൂടി ഒരു സന്തോഷച്ചാട്ടം പാസ്സാക്കും. എന്നിട്ട് വിളിച്ചു പറയും, ഗുഡ്‌മോണിങ് ചന്ദ്രകാന്ത്.

അതു കേട്ടാലും ചന്ദ്രകാന്ത് വെള്ളത്തില്‍ നിന്ന് മുഖമുയര്‍ത്തില്ല. അവന്‍ മടുമടാന്ന് വെള്ളം കുടിക്കുകയായിരിക്കും അപ്പോഴെല്ലാം. ദാഹം ഒന്നടങ്ങിക്കഴിയുമ്പോഴേ അവന്‍ മുഖമുയര്‍ത്തി, തിരിച്ച് ഗുഡ്‌മോണിങ് പറയുള്ളൂ.

പിന്നെയവർ കളിക്കാന്‍ തുടങ്ങും. കുളത്തില്‍ അത്രയ്‌ക്കൊന്നും വെള്ളമില്ലാത്തതുകൊണ്ട് വെള്ളത്തിലൂടെ വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് ചന്ദ്രകാന്ത് വട്ടത്തിലോടും. കുളത്തിന്റെ ആകൃതി വട്ടത്തിലാണല്ലോ. അവനു പുറകേ നീന്തിത്തിമര്‍ക്കും തിലോത്തമ. എന്നിട്ടിടക്കിടക്ക് 'പിടിച്ചേ,തൊട്ടേ' എന്ന മട്ടില്‍ അവന്റെ കാലില്‍ അവളുടെ വായ കൊണ്ട് ഉരസും. അപ്പോ അവന് ഇക്കിളിയാകും. അവന്‍ കുടുകുടാന്ന് ചിരിക്കും. പിന്നെയും അവള്‍ക്ക് തൊടാന്‍ പറ്റാത്തത്ര സ്പീഡില്‍ വട്ടത്തില്‍ വട്ടത്തിലോടും അവന്‍. സര്‍വ്വശക്തിയും സംഭരിച്ച് തിലോത്തമ അവനെ തൊടാനായി നീന്തിപ്പായും . അങ്ങനെ കളിച്ചു ക്ഷീണിക്കുമ്പോള്‍ കുളത്തിന്‍ കരയിലെ പുല്ലു തിന്നാന്‍ പോകും ചന്ദ്രകാന്ത്. കുളത്തിലെ ചെറുസസ്യങ്ങള്‍ കഴിച്ച് തിലോത്തമയും വിശപ്പടക്കും.

priya as , childrens stories, iemalayalam

പിന്നെയവർ കഥ പറയും. ചന്ദ്രകാന്ത് കുളത്തിന്‍ കരയില്‍ കിടക്കും. അവന്‍ കിടക്കുന്നതിനോടു തൊട്ടുള്ള വെള്ളത്തില്‍ തിലോത്തമയും കിടക്കും .

കാര്യങ്ങള്‍ അങ്ങനെയങ്ങനെ പോകെ ഒരു ദിവസം ഒരു പ്രാവ് വന്നു കുളത്തിന്‍ കരയില്‍. അവള്‍ വന്ന പാടേ വെള്ളത്തിലേക്കിറങ്ങി വെള്ളം കുടിക്കാന്‍ തുടങ്ങി. ഓ, അവള്‍ നിര്‍ത്താതെ വെള്ളം കുടിക്കുകയാണല്ലോ . ഭയങ്കര ദാഹിച്ചാണവള്‍ വന്നിരിക്കുന്നതെന്നു തോന്നുന്നു എന്നു പറഞ്ഞു ചന്ദ്രകാന്ത്.

ശരിയാണ്, കടുത്ത ചൂടല്ലേ ഇപ്പോ എല്ലാടത്തും, അവള്‍ക്ക് ശരിക്കും ദാഹിക്കുന്നുണ്ടെന്നു തല ഒന്നു പൊക്കി നമ്മളെയൊന്നും നോക്കുകപോലും ചെയ്യാതെ വെള്ളം കുടിക്കുന്നതു കണ്ടാലറിയാം എന്നു പറഞ്ഞു തിലോത്തമ മീന്‍കുട്ടി.

ദാഹം ശമിച്ചപ്പോള്‍ പ്രാവ് മീന്‍കുട്ടിയോടും മാന്‍കുട്ടിയോടും കൂട്ടുകൂടാന്‍ വന്നു . അവള്‍ക്ക്, ഭാഗ്യത്തിന് ഒരു പേരുണ്ടായിരുന്നു. അല്ലെങ്കില്‍ അവള്‍ക്കും പേരിട്ടുകൊടുക്കേണ്ടി വന്നേനെ തിലോത്തമയ്ക്ക്. അവള്‍ ചിറകു കുടഞ്ഞ് കൊണ്ട് പറഞ്ഞു, എന്റെ പേര് പിങ്കി.

നിന്റെ കഴുത്തിന് പിങ്ക് നിറമായതു കൊണ്ടാണോ നിനക്ക് പിങ്കി എന്നു പേരിട്ടിരിക്കുന്നത്? ആരാണ് നിനക്കീ പേരിട്ടത് എന്നെല്ലാം മാന്‍കുട്ടിയും മീന്‍കുട്ടിയും അവളോട് കുശലം ചോദിച്ചു.

ഞാനെന്നും മുറ്റത്തെ നെല്ലു കൊത്തിത്തിന്നാന്‍ പോകുന്ന ഒരു വീടുണ്ട് . അവിടുത്തെ കുട്ടിയാണ് എനിക്ക് ഈ പേരിട്ടത് എന്നു പറഞ്ഞു പിങ്കി .

നിനക്ക് മനുഷ്യരുമായി കൂട്ടുണ്ടല്ലേ എന്നത്ഭുതപ്പെട്ടു മാന്‍കുട്ടിയും മീന്‍കുട്ടിയും. മനുഷ്യർ വല്ലാത്ത ഉപദ്രവകാരികളാണെന്നാണല്ലോ കേട്ടിരിക്കുന്നത് എന്നു പറഞ്ഞു അവര്‍ രണ്ടാളും ഒരുമിച്ച്.

എനിക്ക് പേരിട്ട വീട്ടിലെ കുട്ടിയുടെ പേര് അളക എന്നാണ്. ചൂടുകാലമായതില്‍പ്പിന്നെ അളക,മുറ്റത്ത് എനിക്ക് കുടിക്കാന്‍ എന്നും മണ്‍പാത്രത്തില്‍ വെള്ളം വയ്ക്കും. അവള്‍ അങ്ങനെ വെള്ളം വയ്ക്കാന്‍ മറന്നുപോയാല്‍ അവളുടെ അമ്മൂമ്മയോ അമ്മയോ അവളെ അക്കാര്യം ഓര്‍മ്മിപ്പിക്കണം. നല്ല മനുഷ്യരാണവര്‍ എന്നു പറഞ്ഞു പിങ്കി പ്രാവ്.

രണ്ടുമൂന്നു ദിവസം മുമ്പ് അളകയുടെ സ്കൂളടച്ചു. അവളുടെ പരീക്ഷയൊക്കെ കഴിഞ്ഞു. അവളെയും കൂട്ടി അവരുടെ വീട്ടുകാരെല്ലാം കന്യാകുമാരിക്ക് ടൂറിനു പോയി. അവര്‍ പോകുന്നതിനു മുമ്പ് നിറയെ പാത്രങ്ങളില്‍ കിളികള്‍ക്കും അണ്ണാരക്കണ്ണന്മാര്‍ക്കും ഓന്തുകള്‍ക്കും കീരികള്‍ക്കുമായി വെള്ളം വച്ചിരുന്നുവെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതൊക്കെ വറ്റിപ്പോയി . കൊടും ചൂടല്ലേ, വെള്ളം വറ്റാണ്ടിരിക്കുമോ? വെള്ളമമന്വേഷിച്ച് നടന്ന് ഞാനൊടുക്കം ഈ കുളത്തിനരികിലെത്തിയതങ്ങനെയണ്. പിങ്കി വിശദീകരിച്ചു.

priya as , childrens stories, iemalayalam

എന്നാ ഇനി നമുക്ക് കളിക്കാം എന്നു പറഞ്ഞ് മാന്‍കുട്ടി വെള്ളം തട്ടിത്തെറിപ്പിച്ച് കുളത്തിലൂടെ ഓടാന്‍ തുടങ്ങി. അവന്റെ വെള്ളം തട്ടിത്തെറിപ്പിക്കലില്‍ പ്രാവാകെ നനഞ്ഞു.

നനഞ്ഞ ചിറകോടെ മാന്‍കുട്ടിയുടെ പുറത്തുകയറിയിരുന്നു കൊണ്ട് പിങ്കി പറഞ്ഞു. വെള്ളം അമൂല്യമാണ് . അതൊരു തുള്ളിയും പാഴാക്കരുത് . നീയിങ്ങനെ വെള്ളം തട്ടിത്തെറിപ്പിച്ചു കളയുന്നത് വലിയ പാപമാണ് .

ഇതൊക്കെ നിനക്കെങ്ങനെ അറിയാം എന്നു ചോദിച്ചു തിലോത്തമ. അളക പറഞ്ഞു തരുന്നതാണ്, അവളുടെ പാഠപുസ്തകങ്ങളിലുണ്ട് വെള്ളത്തിന്റെ വിലയെക്കുറിച്ചൊരു പാഠം എന്നു പറഞ്ഞു പിങ്കി പ്രാവ്.

അതുശരി, എന്നാ നമുക്ക് വെള്ളം തെറിപ്പിക്കണ്ട, ഇക്കണ്ട വെള്ളമൊക്കെ തീര്‍ന്നു പോയോാലോ പിന്നെ നമ്മളെങ്ങനെ ജീവിക്കും എന്നു പരസ്പരം ചോദിച്ചങ്ങനെ വിഷമിച്ച് നിന്നുപോയി തിലോത്തമയും ചന്ദ്രകാന്തും. അളക തിരികെ വരുമ്പോള്‍ അവളെയും കൂട്ടി വരാമെന്നും അവള്‍ക്ക് ഒരു മാന്‍കുഞ്ഞിനെ തൊടണമെന്നും മീന്‍കുഞ്ഞിനൊപ്പം നീന്തണമെന്നും വലിയ ആശയാണെന്നു പറഞ്ഞു പിങ്കി.

അതിനെന്താ ഞങ്ങള്‍ റെഡിയാണ് എന്നു പറഞ്ഞു ചന്ദ്രകാന്തും തിലോത്തമയും.

എന്നും ഇപ്പോള്‍ അതിരാവിലെ എഴുന്നേല്‍ക്കും മാന്‍കുട്ടിയും മീന്‍കുട്ടിയും . എന്നിട്ടവര്‍ പ്രാവിനെ കാത്തിരിക്കും . എന്നാണ് പിങ്കിയുടെ കൂടെ അളക വരിക എന്നറിയില്ലല്ലോ.

ഇന്ന് പിങ്കി പറഞ്ഞു, നാളെ വരും ടൂറു കഴിഞ്ഞ് അളക. അളക എങ്ങനെയുണ്ടാവും കാണാന്‍, അവളൊരു മിടുക്കിയാണോ, അവള്‍ക്ക് നമ്മളെ ഇഷ്ടമാവുമോ എന്നെല്ലാം ചര്‍ച്ച ചെയത് ഇരിപ്പാണവര്‍. ശരിക്കും എങ്ങനെയുണ്ടാവും അളക? നിങ്ങള്‍ക്കാര്‍ക്കെങ്കിലും വല്ല ഊഹവുമുണ്ടോ ?

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: