scorecardresearch
Latest News

നജ്മയ്ക്ക് കുട്ടിശ്ശങ്കരനെ കിട്ടിയ കഥ

“അത്തരം ഒരു സൈക്കിള്‍ യാത്രയില്‍ ബീച്ചില്‍ വച്ച് അവള്‍ പരിചയപ്പെട്ടതാണ് കുട്ടിശ്ശങ്കരനെ.”വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ

Children Story, Priya AS, kids story
Priya AS

വെക്കേഷനല്ലേ, നജ്മയ്ക്ക് പുതിയ സൈക്കിള്‍ വാങ്ങി കൊടുത്തു അച്ഛനുമമ്മയും.

എന്നും രാവിലെയോ വൈകുന്നേരമോ അച്ഛനൊപ്പം സൈക്കിള്‍ ചവിട്ടി കടല്‍ത്തീരത്തുകൂടി പോകാമെന്ന് അച്ഛന്‍ പറഞ്ഞു.

നജ്മയ്ക്കതു കേട്ടപ്പോള്‍ സന്തോഷമായി. അവള്‍ക്ക് കടൽ കാണുന്നതില്‍പ്പരം സന്തോഷം വേറെയില്ല.

കടല്‍ത്തീരത്തു കൂടി പോകുമ്പോള്‍ എന്തു കാറ്റാണ്.

തന്നെയുമല്ല ബീച്ചിലിറങ്ങി കാല്‍ കടല്‍വെള്ളത്തില്‍ നനച്ച് നടക്കാം, കക്ക പെറുക്കാം, പട്ടം പറത്തുന്ന കുട്ടികള കാണാം, കപ്പലണ്ടി വാങ്ങി കൊറിക്കാം.

ചിലപ്പോ രാവിലെ, ചിലപ്പോ വൈകുന്നേരം – നജ്മയും അച്ഛനും സൈക്കിള്‍ യാത്ര തുടങ്ങി.

അച്ഛന് നല്ല സ്പീഡില്‍ ചവിട്ടാനറിയാം എന്നാലും നജ്മയുടെ സ്പീഡിനൊപ്പമാണ് അച്ഛനത്തരം യാത്രകളിലൊക്കെ സൈക്കിള്‍ ചവിട്ടുക.

അപ്പോ അച്ഛനും അവള്‍ക്കും ഒരേ പോലെ കുട്ടിപ്രായമായതുപോലെ പോലെ തോന്നും അവള്‍ക്ക്.

അത്തരം ഒരു സൈക്കിള്‍ യാത്രയില്‍ ബീച്ചില്‍ വച്ച് അവള്‍ പരിചയപ്പെട്ടതാണ് കുട്ടിശ്ശങ്കരനെ.

കുട്ടിശ്ശങ്കരന്‍ ഒരു കുട്ടിയൊന്നുമല്ല കേട്ടോ, ഒരു നായയാണ്.

കുട്ടിശ്ശങ്കരനെന്ന് അവന് പേരിട്ടത് അച്ഛനാണ്, ഒരു ദിവസം അച്ഛന്റ കാലില്‍ വന്ന് അവന്‍ മുട്ടിയുരുമ്മി നിന്നു.

അച്ഛനവനോട് “എന്താടാ?” എന്ന് കുശലം ചോദിച്ചു.

അവന്‍ മറുപടി പറയുമ്പോലെ ചെറിയ ശബ്ദത്തില്‍ മുരളാന്‍ തുടങ്ങി. “വിശന്നിട്ടായിരിക്കും,” എന്നു പറഞ്ഞു നജ്മ.

“ശരിയായിരിക്കും,” എന്നു പറഞ്ഞ് അച്ഛന്‍ കടലോരച്ചായക്കടയില്‍ നിന്ന് അവന് ബണ്ണും പരിപ്പുവടയും വാങ്ങിച്ചു കൊടുത്തു. രണ്ടും അവന്‍ നിമിഷനേരം കൊണ്ടകത്താക്കി. അവന്‍ ശരിക്കും വിശന്ന് വലഞ്ഞിരിക്കുകയായിരുന്നു, അച്ഛന്‍ അവനെ തലോടിക്കൊണ്ട് പറഞ്ഞു.

നജ്മയും ഒന്നവനെ തലോടി.

പിന്നെ അവര്‍ സൈക്കിളോടിച്ച ദൂരമത്രയും അവന്‍ സൈക്കിളിനു പുറകേ ഓടി. അവര്‍ക്കൊപ്പമെത്താന്‍ തരത്തില്‍ ഓടിയോടി അവന്‍ അണയ്ക്കുന്നുണ്ടായിരുന്നു.

അവര്‍ അന്ന് ബസ്റ്റാന്‍ഡ് വരെ പോയി സൈക്കിളില്‍. തിരിച്ചു വരുന്നേരം ബീച്ചെത്തിയപ്പോള്‍, അവന്‍ ബീച്ചിലേക്ക് ഓടിപ്പോയി.

ബീച്ചാണ് അവന്റെ വീട് അച്ഛന്‍ പറഞ്ഞു.

“എന്താവും അവന്‍ നമ്മളോട് ഇഷ്ടം കൂടാന്‍ കാരണം?” നജ്മ ചോദിച്ചു.

“നമ്മളവനെ ഉപദ്രവിയ്ക്കുന്ന തരക്കാരല്ല എന്നവന് തോന്നിയിട്ടുണ്ടാവും,” അച്ഛന്‍ പറഞ്ഞു.

“അവനെ നമുക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരാമായിരുന്നു,” വീട്ടിലെത്തിയതും നജ്മ പറഞ്ഞു.

“അവന്റെ കൂട്ടുകാരൊക്കെ അവിടെയാവും. അവരെ വിട്ട് അവനെങ്ങനെ വരും മോളേ എന്നു ചോദിച്ചു അച്ഛന്‍.

അങ്ങനെയങ്ങനെ ബീച്ചു വഴി സൈക്കിളോടിച്ച് പോകുന്ന പല ദിവസവും അവരവനെ കണ്ടു. കണ്ട ദിവസങ്ങളിലൊക്കെ അവരവന് തിന്നാനെന്തെങ്കിലും വാങ്ങിക്കൊടുത്തു.

ആ ദിവസങ്ങളിലെല്ലാം അവര്‍ പോകുന്ന ഇടം വരെ അവനവരെ പിന്തുടര്‍ന്നു, പിന്നെ തിരികെ ബീച്ചെത്തുമ്പോ അവന്‍ ബീച്ചിലേക്ക് മടങ്ങിപ്പോയി.

അങ്ങനെ പല ദിവസം കഴിഞ്ഞപ്പോഴുണ്ട് ഒരു ദിവസം അവനവരുടെ വീടോളം അവരുടെ കൂടെ വന്നു.

“അവന് നമ്മളെ നല്ലോണം ഇഷ്ടമായെന്നാണ് തോന്നുന്നത്.” നജ്മ പറഞ്ഞു.

അവന്‍ അവരുടെ അടുത്ത് വാലാട്ടി നിന്നു. പിന്നെ അവരെ ഉരുമ്മി നടന്നു. നജ്മയും അച്ഛനും, അമ്മയെ വിളിച്ച് അവനെ പരിചയപ്പെടുത്തി. അമ്മ അവന് ദോശയും ചമ്മന്തിയും കൊടുത്തു. അവനത് നൊട്ടിനുണഞ്ഞു തിന്നു.

അമ്മ അവനെ തലോടി. അവനമ്മയോട് ചേര്‍ന്നു നിന്നു.

“അവനമ്മയെ ഞങ്ങളേക്കാളും ഇഷ്ടമായെന്നു തോന്നുന്നു,” നജ്മ പറഞ്ഞു.

“നമുക്കിവനെ കുളിപ്പിച്ചാലോ?” എന്നു ചോദിച്ചു നജ്മ.

അപ്പോഴേക്കും അച്ഛന്‍ ഹോസുമായി വന്നു കഴിഞ്ഞു. ഓടിയകത്തുപോയി സോപ്പുമെടുത്തു വന്നു നജ്മ.

പിന്നെ അവര്‍ മൂന്നു പേരും കൂടി അവനെ കുളിപ്പിക്കലില്‍ മുഴുകി.

ദേഹത്ത് വെള്ളം വീഴുന്നതും സോപ്പു പതപ്പിച്ച് ദേഹമാകമാനം തേയ്ക്കുന്നതും അവന് നല്ല ഇഷടമായെന്നു തോന്നുന്നു. അവന്‍ അനങ്ങാതെ നിന്നു കുളി കഴിയുവോളം.

“നിന്നെ ഞങ്ങളിവിടെ വളര്‍ത്തട്ടേ, കുട്ടിശ്ശങ്കരാ?” എന്നു ചോദിച്ചു അമ്മ.

“ആയിക്കോളൂ,” എന്നു പറയുമ്പോലെ അവന്‍ മുരണ്ടു. എന്നിട്ട് വീട്ടിലെ മാങ്കോസ്റ്റിന്റെ തണലത്തു പോയിച്ചുരുണ്ടു കൂടിക്കിടന്നുറങ്ങി.

“അവനിവിടെ മാങ്കോസ്റ്റിന്‍ തണലാണ് ഏറ്റവുമിഷ്ടമായതെന്നു തോന്നുന്നു,” എന്നു പറഞ്ഞു നജ്മ.

അവന്‍ വൈകുന്നേരമായിട്ടും ബീച്ചിലേക്കു പോകാനുള്ള ഭാവമില്ലെന്നു കണ്ടപ്പോ അച്ഛന്‍ പോയി അവന്റെ കഴുത്തിലിടാന്‍ ഒരു ബെല്‍റ്റ് വാങ്ങിക്കൊണ്ടുവന്നു.

അവന് ചങ്ങല വേണ്ട കേട്ടോ എന്നു പറഞ്ഞായിരുന്നു അമ്മ.

“അവന് ഇഷ്ടമുള്ളപ്പോഴൊക്കെ അവന്‍ ബീച്ചില്‍ പോയി അവന്റെ മറ്റു നായ സുഹൃത്തുക്കളെ കണ്ടോട്ടെ, അല്ലേ?” എന്നച്ഛന്‍ ചോദിച്ചു. അമ്മ തലകുലുക്കി.

പിറ്റേന്ന് അച്ഛന്‍ ആളെ വിളിച്ച് അവന് കൂടു പണിതു. “മഴയത്ത് അവന് കേറിക്കിടക്കാനാണ്, നമ്മളിതു പൂട്ടില്ല,” എന്നു പറഞ്ഞു അച്ഛന്‍.

അവനാപ്പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടാവണം അവനെഴുന്നേറ്റ് വാലാട്ടി.

ഇപ്പോള്‍ നജ്മയുടെ വീട്ടില്‍ത്തന്നെയാണ് കുട്ടിശ്ശങ്കരന്‍. അച്ഛനും മകളും ബീച്ചിലേക്ക് സൈക്കിള്‍ ചവിട്ടുമ്പോള്‍ അവന്‍ സൈക്കിളിന് പുറകേ ഓടും, ബീച്ചില്‍ പോയി അവന്റെ നായസുഹൃത്തുക്കളെ ഒക്കെ കാണും, അവരോട് കുശലം പറയും. എന്നിട്ട് അച്ഛന്റെയും മകളുടെയും കൂടി തിരിച്ചു വരും.

പിന്നെ, അവന്‍ നജ്മയുടെ കൂടെ കളിക്കും. ഇനി ഒരു മാസം കൂടിയുണ്ടല്ലോ നജ്മയ്ക്കു വെക്കേഷന്‍. അതു കഴിയുമ്പോ രാവിലെ ബീച്ചിലേക്കു സൈക്കിള്‍ ചവിട്ടാന്‍ അവള്‍ക്ക് നേരം കിട്ടിയെന്നു വരില്ല.

സ്കൂൾ തുറന്നാല്‍ അതിരാവിലെ സ്കൂൾ ബസു കയറി സ്കൂളിൽ പോകണ്ടേ? തിരിച്ചുവന്നാൽ അവള്‍ക്ക് ഹോം വര്‍ക്കും കാണും. പിന്നെയെവിടെയാണ് സൈക്കിള്‍ ചവിട്ടാന്‍ നേരം?

അതൊക്കെ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍, കു്ട്ടിശ്ശങ്കരന്‍ “ബൗ ബൗ” എന്നു പറഞ്ഞു മൂന്നാലു പ്രാവശ്യം.

“നീയ് സ്കൂളിൽ പോകുന്ന സമയത്ത് സൗകര്യം പോലെ ഞാനവരെ പോയി കണ്ടു തിരിച്ചുവന്നോളാം,” എന്നാവും അതിനര്‍ത്ഥം എന്നാണ് നജ്മയ്ക്ക് തോന്നുന്നത്.

“ശരി, ശരി” എന്നു പറഞ്ഞു നജ്മ .

“ഏതായാലും തിരിച്ചു വന്നേക്കണം, അവിടെ കറങ്ങിത്തിരിഞ്ഞു നടന്നേക്കരുത് പണ്ടത്തെപ്പോലെ,” എന്നു പറഞ്ഞു അവള്‍.

അപ്പോഴവളുടെ കാലിലുരുമ്മി കുട്ടിശ്ശങ്കരന്‍.

“ഏയ്, ഇല്ലില്ല…” എന്നാവുമോ അവന്‍ പറഞ്ഞത്?

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya a s stories for kids najmakku kutty sankarane kittiya katha