വേനല്‍ക്കാലമാണ്. എങ്ങും ഉഗ്രന്‍ ചൂടാണ്. കുളങ്ങളൊക്കെ വറ്റിവരണ്ടു.
പക്ഷികളും മൃഗങ്ങളുമൊക്കെ എവിടെപ്പോയി വെള്ളം കുടിക്കും? നീനയോട് അച്ഛന്‍ ചോദിച്ചു .
ചെടിക്ക് നനക്കാന്‍ വെള്ളമെടുക്കുന്ന പൈപ്പുണ്ട് മുറ്റത്ത്.പക്ഷേ. പൈപ്പ് തിരിച്ചു തുറന്നു വെള്ളമെടുക്കാന്‍ അണ്ണാറക്കണ്ണന് പറ്റുമോ? കാക്കയ്ക്ക് പറ്റുമോ? കീരിക്ക് പറ്റുമോ? ഇല്ലല്ലോ. ദാഹിക്കുമ്പോള്‍ പിന്നെന്തു ചെയ്യും ഈ ജീവികളായ ജീവികളൊക്കെ? നീനയ്ക്ക് ആധിയായി.
വഴിയുണ്ട്- അച്ഛന്‍ പറഞ്ഞു.
എന്തു വഴി?- നീന അച്ഛനോട് ചോദിച്ചു.
അതൊക്കെയുണ്ട്. മോള്‍ അച്ഛന്റെ കൂടെ വാ. അച്ഛന്‍ പറഞ്ഞു.
എന്നിട്ടവർ രണ്ടും കൂടി കാറില്‍ കയറി ചെടിച്ചെട്ടിയും മണ്‍പാത്രങ്ങളും വില്‍ക്കുന്ന വഴിയോരക്കടയിലേക്ക് പോയി.
അവിടെ വലിയ തിരക്കായിരുന്നു.
ചെടിച്ചട്ടി വാങ്ങാനും മീന്‍ ചട്ടി വാങ്ങാനും കറിപ്പാത്രം വാങ്ങാനുമൊക്കെ നില്‍ക്കുന്ന ആളുകള്‍ക്കിടയിലേക്കു നൂണ്ടു കയറി അച്ഛന്‍ ചോദിച്ചു.
ജീവികള്‍ക്ക് വെള്ളം കുടിക്കാനായി മുറ്റത്ത് വയ്ക്കുന്ന പാത്രം ഉണ്ടോ?
കടക്കാരന്‍ അച്ഛന് അത്തരം പാത്രങ്ങള്‍ കാണിച്ചു കൊടുത്തു.
അത്തരം പാത്രങ്ങള്‍ വാങ്ങാനും ആളുകളുടെ തിരക്കുണ്ടായിരുന്നു . ഇവരെല്ലാവരും എല്ലാദിവസവും മുറ്റത്ത് വെള്ളം നിറച്ച പാത്രങ്ങള്‍ വയ്ക്കുമോ അച്ഛാ, നീന അച്ഛനോട് ചോദിച്ചു.
കടക്കാരനാണ് ഉവ്വുവ്വ്, ഇവരെല്ലാം അങ്ങനെ ചെയ്യുന്നവരാണ് എന്നു മറുപടി പറഞ്ഞത്.
എന്റെ കടയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഇപ്പോള്‍ ഇത്തരം മണ്‍പാത്രങ്ങള്‍ക്കാണ് , കടക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
നാലു പാത്രം വാങ്ങി അച്ഛനും മകളും.
നാലു പാത്രമുണ്ടെങ്കില്‍ വീടിന്റെ നാലുവശത്തും വെള്ളം നിറച്ചു വയ്ക്കാമല്ലോ.
വീട്ടില്‍ ചെന്നയുടന്‍ നീന വെള്ളം നിറച്ചു പാത്രങ്ങളില്‍.

അവള്‍ മുറ്റത്തേക്കു വെളളപ്പാത്രവുമായി പോകുന്നതു കണ്ടതേ ഒരു കാക്ക അവളുടെ പുറകേ പോയി.
അവള്‍ വെള്ളം കൊണ്ടു വച്ചതും കാക്ക അതിലേക്ക് തലയിട്ടു. എന്നിട്ട് കുറേ വെള്ളം കുടിച്ചു. പിന്നെ കുഞ്ഞിക്കിളികള്‍ വരവായി. അവരാ വെള്ളത്തിലറങ്ങി കുളി പാസ്സാക്കി വെള്ളം ഉണങ്ങാന്‍ പാകത്തില്‍ ചിറകു കുടഞ്ഞു.
അവർ നോക്കി നില്‍ക്കെ മുറ്റം മുഴുവന്‍ ജലദാഹികളെക്കൊണ്ടു നിറഞ്ഞു.
ഒരണ്ണാരക്കണ്ണന്‍, രണ്ട് ഓന്ത്, ഒരു മരം കൊത്തി, പിന്നെ എണ്ണിയാല്‍ത്തീരാത്തത്ര കരിയിലക്കിളികള്‍,ഒരു കീരി ഇവരെല്ലാം, ഇവിടെ വെള്ളം വച്ചിട്ടുണ്ടേ എന്ന ആരോ അവർക്ക് മെസേജ് അയച്ചതുപോലെ. വെള്ളക്കാര്യമറിഞ്ഞ്, മുറ്റത്ത് ഓടിപ്പാഞ്ഞ് നടപ്പായി.
വെള്ളം കുടിച്ചിട്ട്, അതില്‍ പലരും നീനയെയും അച്ഛനെയും നോക്കി എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു.
ഒരുപക്ഷേ, താങ്ക് യു പറഞ്ഞതാവണം, അല്ലേ?
നീന വെള്ളം തീരുന്നതിനനുസരിച്ച് വീണ്ടും വെള്ളം നിറച്ചു പാത്രങ്ങളില്‍.

പിന്നെ അവള്‍, മുറ്റത്തു വെള്ളപ്പാത്രം വച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ കിളികളുടെ തിരക്കായതിനെ കുറിച്ചെല്ലാം പറഞ്ഞ് കൂട്ടുകാര്‍ക്ക് ഫോണ്‍ ചെയ്തു.
അവരെല്ലാവരും അവരുടെ മുറ്റത്തും ബാല്‍ക്കണിയിലും വെള്ളപ്പാത്രം വയ്ക്കാന്‍ പോകുന്നുവെന്ന് നീനയോട് പറഞ്ഞു. നീന അച്ഛനോടു ചോദിച്ച് മണ്‍പാത്രക്ക ടയുടെ ലൊക്കേഷന്‍ അവര്‍ക്കെല്ലാം അയച്ചു കൊടുത്തു.
ഇന്നും നാളെയുമൊക്കെ അവരില്‍ പലരും പോയി കിളികള്‍ക്കും മറ്റും വെള്ളം വയ്ക്കാനുള്ള പാത്രങ്ങള്‍ വാങ്ങുമായിരിക്കും. കടക്കാരന് നല്ല തിരക്കാവും മണ്‍പാത്രം വാങ്ങിക്കാന്‍ വരുന്ന കുട്ടികളെക്കൊണ്ട്.
ഇത്തിരി കൂടി വിസ്താരമുള്ള ഒരു പാത്രം കൂടി വാങ്ങാന്‍ നീന പ്ലാൻ ചെയ്യുന്നുണ്ട്. കിളികള്‍ക്കു കുളിക്കാന്‍ സൗകര്യത്തിനുവേണ്ടിയാണത്.
അപ്പോൾ, നിങ്ങളും പുറപ്പടുകയല്ലേ മണ്‍പാത്രക്കടയിലേക്ക്?