പുറത്തെ രാത്രിയിരുട്ടിലേക്ക് നോക്കി, മിന്നാമിന്നികളെ കണ്ടിട്ട് ഒരുപാടു നാളായല്ലോ എന്ന് വിചാരിച്ചു ജോ.
എനിക്ക് മിന്നാമിന്നികൾ രാത്രിയിൽ തിളങ്ങിപ്പറക്കുന്നത് കാണാൻ എന്തിഷ്ടമാണെന്നോ അമ്മേ? അവൾ കിടക്ക കൊട്ടി വിരിക്കുന്ന അമ്മയോട് പറഞ്ഞു.
അമ്മ എന്തെങ്കിലും മറുപടി പറയും മുൻപേ തെങ്ങോലത്തുമ്പത്ത് ഒരു മിന്നാമിന്നിത്തിളക്കം കണ്ടു അവർ രണ്ടു പേരും. നമുക്ക് മിന്നാമിന്നിയെ കാണാൻ തോന്നുന്നു എന്നു നമ്മൾ പറഞ്ഞത് ഈ മിന്നാമിന്നി എങ്ങനെ അറിഞ്ഞാവോ, ജോ അത്ഭുതപ്പെട്ടു. അമ്മ ജനൽ തുറന്നിട്ടു, മിന്നാമിന്നിയെ ശരിക്കും കാണാൻ പറ്റും വിധം അമ്മ അവളെ എടുത്ത് ജനൽപ്പടി മേൽ നിർത്തി.
അങ്ങനെ അവർ നോക്കി നിൽക്കുമ്പോഴുണ്ട് ആ മിന്നാമിന്നിക്ക് പുറകിൽ വേറെയും വെളിച്ചപ്പൊട്ടുകൾ. ഇത് ലീഡർ മിന്നാമിന്നിയായിരിക്കും അത് വേറെ മിന്നാമിന്നികളെയും കൂട്ടി വരികയായിരിക്കും നമ്മുടെ മിന്നാമിന്നി ഇഷ്ടമറിഞ്ഞ്, ജോ പറഞ്ഞു.
അവരങ്ങനെ നോക്കി നിൽക്കെ മിന്നാമിന്നികളോരോന്നായി അവരുടെ മുറിയിലേക്ക് ജനലിലൂടെ കയറി വന്നു. മുറി ഒരു മിന്നാമിന്നിക്കടലായി.അമ്മേ നമ്മുടെ മുറി ഒരു വെളിച്ചക്കടലായതു കണ്ടോ, ജോ സന്തോഷവും അത്ഭുതവും സഹിക്കാതെ കൈകൊട്ടിയാർത്തു വിളിച്ചു ചോദിച്ചു.

മിന്നാമിന്നികൾ വന്നാൽ സങ്കടമൊക്കെ മാഞ്ഞു പോവും അല്ലേ ജോ തുടർ ന്നു. അമ്മ തലയാട്ടി. എന്നിട്ട് ചോദിച്ചു, അതിന് ഇപ്പോ കുഞ്ഞിനെന്താ സങ്കടം?
സ്കൂളടച്ചില്ലേ, കൂട്ടുകാരെയൊന്നും കാണാനും തൊടാനും പറ്റില്ല. വേനലിന്റെ ഒഴിവു തീരും വരെ അവരുടെ ഒപ്പം കളിക്കാൻ പറ്റില്ല. അതു വല്യ സങ്കടമാ എന്നു പറഞ്ഞു ജോ. അമ്മയ്ക്കുമുണ്ടോ വല്ല സങ്കടവും എന്നായി പിന്നെ ജോയുടെ ആലോചന. ആലോചിച്ചപ്പോ അമ്മയുടെ സങ്കടം പിടികിട്ടി ജോയ്ക്ക്. എന്തൊരു ചൂടാണ്, സഹിക്കാൻ പറ്റണില്ല, ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് കുറേ ദിവസമായല്ലോ അമ്മ പറയുന്നു. മഴ പെയ്യാത്തതാണ് അമ്മയുടെ സങ്കടം അല്ലേ എന്നു ചോദിച്ചു ജോ. അമ്മ തലയാട്ടി.
നമുക്കീ മിന്നാമിന്നികളോട് പറയാം അങ്ങ് തെങ്ങോലത്തുമ്പത്തിനുമപ്പുറം ആകാശത്തുഞ്ചത്തു ചെന്ന് മഴ മേഘങ്ങളെ കൂട്ടിക്കൊണ്ടുവരാൻ എന്ന് പറഞ്ഞു അമ്മ.
ജോ ചുറ്റും നോക്കി മിന്നാമിന്നി വെളിച്ചക്കടലിലേക്ക്. എല്ലാവരും മുറിയുടെ സീലിങ്ങിൽ പോയിരുന്ന് ആകാശത്ത് നക്ഷത്രമെന്ന പോലെ മിന്നുകയാണ്.
ജോ അവരെ കൈ കാട്ടി വിളിച്ചു പറഞ്ഞു താഴേക്കു വാ. ഒരു കാര്യം പറയാനുണ്ട്.അതു കേട്ടതും ഒരു മിന്നാമിന്നി താഴേക്കു വന്ന് അമ്മയുടെ തലമുടിയിലിരിപ്പായി. പിന്നെ നോക്കുമ്പോഴുണ്ട് ജോ വിളിച്ചത് മനസ്സിലായതുപോലെ എല്ലാരും താഴേക്ക്. അവര് ജനലഴികളിലും കർട്ടനിലും ജോ യുടെ ഉടുപ്പിലും ജോയുടെ പെൻസിൽബോക്സിലും അവരുടെ കിടക്കയിലുമൊക്കെ വന്നിരിപ്പായി. അവരുടെ ലീഡറാണെന്നു തോന്നുന്നു ജോയുടെ മൂക്കിൽ മൂക്കുത്തി പോലിരുന്ന് മിന്നി മിന്നി.

ജോ അതിനെ കൈയിലെടുത്തു. ഹായ് എന്തു രസം അത് മിന്നി മിന്നിയിരിക്കുന്നതു കാണാൻ. ജോ അതിനെ മുഖത്തോടടുപ്പിച്ചു.എന്നിട്ട് പറഞ്ഞു. എന്റെ അമ്മയ്ക്കിവിടെ ഉഷ്ണം കൊണ്ടു വയ്യ. നീയും നിന്റെ കൂട്ടുകാരും കൂടി അങ്ങ് മാനത്തു ചെന്ന് മഴയെ പറഞ്ഞു വിടാമോ ഇങ്ങോട്ട്?
ശരി, ശരി, എന്നു പറയുമ്പോലെ മിന്നാമിന്നി ചിറകിളക്കി.എന്നിട്ട് ജനലിലൂടെ പുറത്തേക്ക് പോയി. പിന്നെ ബാക്കി മിന്നാമിന്നികളും അത് വിളിച്ചിട്ടെന്നവണ്ണം പുറത്തേക്കു പോയി. അമ്മയും ജോയും നോക്കി നിൽക്കെ അവർ തെങ്ങോല ഉയരത്തിലേക്ക് ഉയർന്നു പൊങ്ങി. എന്തു ഭംഗി എന്ന് ജോ തുള്ളിച്ചാടി.
മഴയെയും കൂട്ടി വരണേ എന്റമ്മക്കായി എന്ന് അവരോട് വിളിച്ചു പറഞ്ഞു ജോ.
ജോയും അമ്മയും കൂടി കിടക്കാൻ തുടങ്ങിയതും മഴ വന്നു. നല്ല ഇടിമിന്നൽ മഴ. മുറിയുടെ ജനാലയിലൂടെ മഴത്തണുപ്പ് മുറിയിലേക്ക് അരിച്ചരിച്ചു കയറി വന്നു. മഴത്തണുപ്പിൽ രസിച്ച് കെട്ടിപ്പിടിച്ചു കിടന്ന്, മഴയെ ആകാശത്തു നിന്ന് ഭൂമിയിലേക്ക് വിളിച്ചിറക്കിക്കൊണ്ടു വന്ന മിന്നാമിന്നികളോട് താങ്ക് യു പറഞ്ഞു. മിന്നാമിന്നികൾ ,ഉറങ്ങുന്ന അമ്മയെയും മകളെയും നോക്കി ജനൽ കമ്പികളിലും മഴ നനഞ്ഞ ഇലത്തുമ്പുകളിലും വന്നിരുന്നു.അത് സത്യമാണോ സ്വപ്നമാണോ എന്ന് അമ്പരന്നു കൊണ്ട് നമ്മുടെ ജോ അമ്മയുടെ ദേഹത്തേക്ക് കാലെടുത്തിട്ട് ഉറങ്ങുകയാണ്. മിന്നാമിന്നികൾ പ്രകാശിക്കുന്ന കാഴ്ചയോളം തന്നെ ഭംഗിയുണ്ട് ഇക്കാഴ്ചയ്ക്കും അല്ലേ?