scorecardresearch

മയില്‍പ്പീലി നിറമുള്ള കൂട്ടുകാര്‍

"ഭംഗി നോക്കിയല്ല പെരുമാറ്റം നോക്കിയാണ് താന്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞു മയില്‍" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

"ഭംഗി നോക്കിയല്ല പെരുമാറ്റം നോക്കിയാണ് താന്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞു മയില്‍" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

author-image
Priya A S
New Update
priya as , childrens stories, iemalayalam

ചിത്രീകരണം: വിഷ്‌ണു റാം

ഓന്ത് കണ്ണാടി നോക്കി.

അവനതു വരെ, അവന്റെ രൂപം കണ്ടിട്ടേയില്ലായിരുന്നു.

അവനിഷ്ടപ്പെട്ടില്ല അവന്റെ രൂപം . എന്തൊരു മുഖം, എന്തൊരു ദേഹം , എന്തൊരു വാല് - അവനിഷ്ടപ്പെട്ടില്ല ഒന്നും .

Advertisment

തൊട്ടുമുന്നില്‍ ഒരു മയില്‍, പീലി വിരിച്ചുനില്‍ക്കുമ്പോഴാണ് അവന്‍, കണ്ണാടി നോക്കി സ്വന്തം രൂപം കണ്ടത്. മയിലിനെപ്പോലൊരു ഭംഗിക്കൂടാരം മുന്നില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും ഇഷ്ടമാവുമോ കണ്ണാടിയില്‍ കാണുന്ന സ്വന്തം രൂപത്തെ?

ഓന്തിന്റെ കണ്ണാടി എന്താണെന്ന് നമ്മളിതുവരെ പറഞ്ഞില്ലല്ലോ. കുളത്തിലെ വെള്ളം, അല്ലാതെന്ത്?

ഓന്ത് താമസിച്ചിരുന്ന ചെമ്പരത്തിക്കാടിനടുത്തായിരുന്നു കുളം. കുളത്തിനു വേലിയുണ്ടായിരുന്നതു കൊണ്ട് ഓന്തിന്റെ കണ്ണിലിതുവരെ പെട്ടിരുന്നില്ല കുളം. ഒരു കാക്ക ഒരു ദിവസം അവനെ പേടിപ്പിച്ചോടിപ്പിച്ചപ്പോഴാണ് വേലിക്കപ്പുറത്തേക്ക് ചാടിയതും അവന്റെ കണ്ണില്‍ കുളം പെട്ടതും.

Advertisment

അവന്‍ കാക്കയുടെ കണ്ണില്‍ പെടാതെ കുളത്തിനരികിലെ പച്ചിലക്കാട്ടില്‍ ഒളിച്ചിരുന്നു. ഓന്തുകള്‍ക്ക് അവരിരിക്കുന്ന ഇടത്തിനനുസരിച്ച് നിറം മാറാന്‍ പറ്റുമല്ലോ. അവന്‍ തന്റെ അതു വരെയുള്ള കരിയില നിറം മാറ്റി പച്ച നിറമായാണ് പച്ചിലക്കാട്ടില്‍ ഒളിച്ചിരുന്നത് കേട്ടോ.

അവനെ തിരഞ്ഞ് തോറ്റ് കാക്ക സ്ഥലം വിട്ടെന്നു ബോദ്ധ്യമായപ്പോള്‍, അവന്‍ വെറുതെ കുളത്തിലേക്ക് കാല്‍ നീട്ടി. അയ്യയ്യാ, എന്തൊരു തണുപ്പ്.

അവന്‍ പിന്നെ കുളത്തില്‍ നിന്ന് ഇത്തിരി വെള്ളം കുടിച്ചു. അവനിഷ്ടപ്പെട്ടു കുളവെള്ളം.

അവനങ്ങനെ വെള്ളവും കുടിച്ച് വെള്ളത്തില്‍ പതിയുന്ന മരനിഴലുകളുടെ ഇളക്കവും കണ്ടു രസിച്ചു നി്ന്നു കുറച്ചുനേരം.

അപ്പോഴേയ്ക്ക് മയില്‍, പീലി ചുരുക്കി വച്ച് കുളത്തിനരികിലേക്ക് ഇറങ്ങിവന്നു ഓന്തിനോട്, എവിടുന്നാ വരുന്നത്?, നീ എന്താ ജീവനും കൊണ്ടോടിയത്? എന്നൊക്കെ വിശേഷം ചോദിച്ചു.

ഓന്ത്, കാക്ക അവനെ ഓടിച്ച കാര്യമൊക്കെ വിസ്തരിച്ചു.

ഓന്ത് അവന്റ ചെമ്പരത്തിക്കാട് ചൂണ്ടിക്കാണിച്ചു കൊടുത്തു. എന്നിട്ട് , ഒരു ദിവസം അങ്ങോട്ടൊക്കെയൊന്നിറങ്ങൂ എന്ന് ക്ഷണിച്ചു .

മയില്‍ ചോദിച്ചു, നീ എന്റെ കൂട്ടുകാരനാവുമോ ?

ഓന്തിന് അതു കേട്ട് അത്ഭുതമായി. നിന്നെപ്പോലെ ഭംഗിയുള്ള ഒരാള്‍, ഒട്ടും ഭംഗിയില്ലാത്ത എന്നെ കൂട്ടുകാരനാക്കുമോ?

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

ഭംഗി നോക്കിയല്ല പെരുമാറ്റം നോക്കിയാണ് താന്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞു മയില്‍.

എന്റെ കൂട്ടുകാരൊക്കെ നല്ല പെരുമാറ്റമുള്ളവരാണ്, അവരെയെല്ലാം കൂട്ടി മയിലിനടുത്തേയ്ക്ക് വന്നോട്ടെ ഒരു ദിവസം എന്നു ചോദിച്ചു ഓന്ത്. അപ്പോ, നിന്റെ കൂട്ടുകാരും എന്റെ കൂട്ടുകാരാവുമല്ലോ, ഒരുപാട് കൂട്ടുകാരുണ്ടാകു ന്നത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമാ എന്നു പറഞ്ഞു മയില്‍.

അണ്ണാരക്കണ്ണന്‍, കോഴി, മുയൽ, താറാവ്, മാന്‍ ഇവരൊക്കെയാണ് എന്റെ കൂട്ടുകാര്‍ എന്നു പറഞ്ഞു ഓന്ത്. അപ്പോ, മയില്‍ പറഞ്ഞു, ഇനിമേല്‍ നിന്റെ സൂഹൃത്തുക്കളെല്ലാം എന്റെയും കൂടി സുഹൃത്തുക്കളാണ് കേട്ടോ. എനിക്കവരെയൊക്കെ പരിചയപ്പെടാന്‍ ധിറുതിയായി.

അക്കാര്യം ഞാനേറ്റു. നീ നാളെയും വരില്ലേ ഇവിടെ എന്നെക്കാണാന്‍ . അപ്പോ ഞാനവരെയെല്ലാം സംഘടിപ്പിച്ച് നിര്‍ത്താം.

മയില്‍ കുളത്തിലേക്കിറങ്ങി അതിനിടെ . എന്നിട്ട് നിര്‍ത്താതെ വെള്ളം മടുമടാ എന്ന് കുടിച്ചുകൊണ്ട് പറഞ്ഞു, എന്തൊരു ചൂടാണ്. ഈ കുളം തേടിയാണ് ഞാനിപ്പോ ഇവിടെ വന്നത് . ഞാന്‍ താമസിക്കുന്നിടത്തൊന്നും ഒരു തുള്ളി വെള്ളം കിട്ടാനില്ല.

എന്നും ഇവിടേക്ക് പോരേ എന്നു പറഞ്ഞു ഓന്ത്.

അവന്‍ പതിയെ പച്ചിലക്കാടിനടുത്തുനിന്ന് പുറത്തു വന്ന് കരിയിലയുടെ നിറത്തിലായി.

മയിലവന്റെ നിറമാറ്റം കണ്ട് അത്ഭുതപ്പെട്ടു . ഇത് നീ തന്നെയാണോ ? അതോ വേറെ ഓന്താണോ ?

നിറം മാറ്റാനുള്ള കഴിവ് ഞങ്ങള്‍ ഓന്തുകള്‍ക്ക് ആദികാലം മുതലേ ഉണ്ടെന്ന് ഓന്ത് വിസ്തരിച്ചു പറഞ്ഞതു കേട്ട് മയിലിന് അത്ഭുതമായി.

ഏതൊക്കെ നിറങ്ങളിലേയ്ക്ക് മാറാന്‍ പറ്റുെമന്ന് ചോദിച്ചു മയില്‍ .

പച്ചിലക്കാട്ടിലെ പച്ച, കരിയിലയിടത്തിലെ കരിയില നിറം, മഞ്ഞച്ച ഇലകളുടെ മഞ്ഞ നിറം, ചെമ്പരത്തിച്ചോപ്പ് , വെള്ളമന്ദാര വെളുപ്പ് എന്നൊക്കെപ്പറഞ്ഞു ഓന്ത്.

പക്ഷേ, നിന്റെ മയില്‍നീല നിറത്തിലേക്ക് മാത്രം മാറാന്‍ പറ്റാറില്ല എന്നു സങ്കടപ്പെട്ടു ഓന്ത്.

മയിലിനതു കേട്ട് ചിരി വന്നു. അവന്‍ ഓന്തിനെ ചേര്‍ത്തുനിര്‍ത്തിപ്പറഞ്ഞു . ഇത്ര നിറങ്ങളിലേക്ക് മാറാന്‍ കഴിയുന്ന വേറെ ഏതു ജീവിയുണ്ട് ഈ ലോകത്തില്‍? കുയിലിനു പറ്റുമോ? താറാവിനോ കോഴിക്കോ പറ്റുമോ? മാനിനോ മുയലിനോ പറ്റുമോ?

ഓന്ത് തലകുലുക്കി സമ്മതിച്ചു, ഇപ്പറഞ്ഞത് ശരിയാണ്.

മയില്‍ പോകാന്‍ നേരം അവന് തന്റെ ഒരു മയില്‍പ്പീലി കൊടുത്തു. ഓന്ത് അതു തിരിച്ചും മറിച്ചും നോക്കി, എന്തൊരു ഭംഗി എന്നമ്പരന്നു നില്‍പ്പായി.

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

ഇതിനേക്കാള്‍ ഭംഗിയുണ്ടാകണം നമ്മുടെ കൂട്ടുകെട്ടിന് എന്നു പറഞ്ഞു മയില്‍.

നീ ഒന്നു കൂടി പീലി വിരിച്ചേ, ഞനൊന്ന് കാണട്ടെ എന്നു പറഞ്ഞു മയില്‍.

മയിലതു കേട്ടതും പീലി വിരിച്ച് ഓന്തിന്റെ കൈ പിടിച്ച് നൃത്തം വച്ചു.

ഓന്തിനെ പേടിപ്പിച്ചോടിക്കാന്‍ നോക്കിയ കാക്ക അപ്പോ അതു വഴി പിന്നെയും ഓന്തിന് തിരഞ്ഞു വന്നു. നിറം മാറ്റണോ, എന്തു നിറത്തിലേക്കാവണം എന്നു വിചാരിച്ചു നിന്ന ഓന്തിനെ മയില്‍ തന്റെ പീലിക്കൂടാരത്തിനകത്ത് ഒളിപ്പിച്ചു നിര്‍ത്തി.

ഇവിടുണ്ടായിരുന്നല്ലോ ആ ഓന്തപ്പന്‍, ഇവനിതെങ്ങോട്ടു പോയി, നിറം മാറി വല്ലയിടത്തും ഒളിച്ചിട്ടുണ്ടാവും, അതിനിടെ ഈ മയിലെവിടെ നിന്നു വന്നു എന്നൊക്കെ ആലോചിച്ച് കാക്ക പറന്നു പോയി.

പിന്നെ മയിലും ഓന്തും രണ്ടു വഴിക്ക് പോയി .

ഓന്ത് ചെന്ന് അവന്റെ കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി നടന്നതൊക്കെ വിസ്തരിച്ചു, മയില്‍ കൊടുത്ത മയില്‍പ്പീലി കാണിച്ചു കൊടുത്തു. അപ്പോ അണ്ണാരക്കണ്ണന്‍ പറഞ്ഞു, മയില്‍ പീലി വിരിച്ച് നൃത്തമാടുന്നതിനേക്കാള്‍ ഭംഗിയുണ്ടാവണം നമ്മുടെ കൂട്ടുകെട്ടിന്.

എല്ലാവരും തലകുലുക്കി .

പിന്നെ അവരെല്ലാം നാളെയാകാന്‍ കാത്തിരുന്നു. നാളെ മയില്‍ അവരെയെല്ലാം കാണാന്‍ വരുമല്ലോ .ചിലപ്പോ അവര്‍ക്കോരോരുത്തര്‍ക്കും കൊടുക്കുമായിരിക്കും ഓരോ മയില്‍പ്പീലി.

കൂട്ടുകാരേ, നിങ്ങള്‍ക്കുമുണ്ടോ മയില്‍ പീലി വിരിച്ചാടുന്നത്രയും ഭംഗിയുള്ള കൂട്ടുകെട്ടുകള്‍? അത്തരം കൂട്ടുകെട്ടുകള്‍ കളഞ്ഞു പോകാതെ സൂക്ഷിക്കണേ.

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: