ചിന്നുവും അലനും പ്ലേ സ്കൂളിലാണ്. വല്യ കൂട്ടുകാരാണ് അവര്‍
അവര്‍ ഒരേ വാനിലാണ് സ്‌ക്കൂളിലേക്ക് പോകുന്നതും വരുന്നതും . അടുത്തടുത്ത സീറ്റുകളിലാണ് അവര്‍ സ്കൂളിലും വാനിലും ഇരിക്കുന്നത്.
ചിന്നു കൊണ്ടു വരുന്ന ഫുഡൊക്കെ ചിന്നു അലനുമായിട്ട് ഷെയര്‍ ചെയ്യും . അലന്‍ കൊണ്ടു വരുന്ന ഫുഡൊക്കെ അലന്‍, ചിന്നുവുമായിട്ടും ഷെയര്‍ ചെയ്യും.
രണ്ടു പേരും ഒന്നിച്ചിരുന്നാണ് ABCD , 1234 ഒക്കെ എഴുതിപ്പഠിക്കുക . ചിന്നുവും അലനും എവിടെ, ചിന്നുവും അലനും എന്തു ചെയ്യുകയാണ് , ചിന്നുവും അലനും ഇങ്ങോട്ടു വാ എന്നൊക്കെ രണ്ടുപേരുടെയും പേരു ചേര്‍ത്താണ് മാല ടീച്ചര്‍ അവരോട് ഏതു കാര്യവും പറയുക . അത്രയ്ക്ക് ഒന്നിച്ചാണവരുടെ ഇരിപ്പും നടപ്പും ഓട്ടവും കളിയും.
അങ്ങനെയിരിക്കുമ്പോഴാണ് അലന്റെ അച്ഛന് ജോലിമാറ്റമായത്. വേറെ കുറച്ചകൂടി നല്ല ജോലി കിട്ടി അലന്റെ അച്ഛന്‍ ബാംഗ്‌ളൂര്‍ക്ക് പോവുകയാണ് എന്നു മാല ടീച്ചര്‍ ക്‌ളാസിലെ കുട്ടികളോട് പറഞ്ഞു . അലനും അമ്മയും കൂടി അച്ഛനൊപ്പം ബാംഗ്‌ളൂര്‍ക്ക് പോവും, ഇനി അലന്‍ ഈ സ്കൂൾ വിട്ട് ബാംഗ്‌ളൂരിലെ സ്കൂളിലാണ് പഠിക്കുക എന്നു കൂടി ടീച്ചര്‍ പറഞ്ഞു . അതു കേട്ടതും അലനും ചിന്നുവിനും ഭയങ്കര സങ്കടമായി. അവർ ഒന്നുകൂടി ചേര്‍ന്നിരുന്നു .
ഞാന്‍ പോണില്ല ബാംഗ്‌ളൂര്‍ക്ക്. ഞാന്‍ ചിന്നുവിന്റെ വീട്ടില്‍ നിന്നു പഠിച്ചോളാം എന്നു പറഞ്ഞ് അലന്‍ കരഞ്ഞു. അലന്‍ കരയുന്നതു കണ്ടപ്പോള്‍ ചിന്നുവിനും ടീച്ചറിനും മാത്രമല്ല ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സങ്കടം വന്നു. പലരും കരച്ചിലായി. ടീച്ചര്‍ അവരെയൊക്കെ ചേര്‍ത്തുപിടിച്ചു സമാധാനിപ്പിച്ചു.
നമുക്കിപ്പോ മൊബൈല്‍ ഫോണുണ്ടല്ലോ. നമുക്കിടക്കിടയ്ക്ക് അലനെ വീഡിയോ കോള്‍ ചെയത് സംസാരിക്കാം, വിശേഷങ്ങളൊക്കെ തിരക്കാം, അലന് ഫ്ലൈയിങ് കിസ്സൊക്കെ കൊടുക്കാം.

അതു കേട്ടപ്പോ കുട്ടികള്‍ക്കൊക്കെ ഇത്തിരി ആശ്വാസമായി. അവർ, അലനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
അലന്‍ ബാംഗ്‌ളൂര്‍ക്ക് പോകുന്നത് പ്രമാണിച്ച്, അലന്റെ അമ്മ എല്ലാവര്‍ക്കും മഞ്ഞ ജിലേബി കൊടുത്തു വിട്ടിരുന്നു.
ടീച്ചര്‍ പാക്കറ്റ് പൊട്ടിച്ച് ഓരോ മഞ്ഞ ജിലേബി എല്ലാവര്‍ക്കും കൊടുത്തു .
അലന്‍, ജിലേബി കണ്ണിനു നേരെ പിടിച്ച് ജിലേബി-വളയത്തില്‍ക്കൂടി എല്ലാവരെയും നോക്കി. പിന്നെ ഒരു കണ്ണടച്ചു നിന്ന് അതു ക്യാമറയാണെന്നു സങ്കല്‍പ്പിച്ച് എല്ലാവരുടേയും ഫോട്ടോയെടുത്തു.
അലന്റെ കൈയില്‍ ചിന്നു ഒരു പൂച്ചെടിയുട പടം വരച്ചു കൊടുത്തു. ആ ചെടി വളര്‍ന്ന് വലുതാവും , അതില്‍ നിറയെ പൂവിടും, ഓരോ പൂവും കാണുമ്പോള്‍ അലന്‍ ചിന്നുവിനെയും അവരുടെ വാത്സല്യം പ്ലേസ്കൂളിനെയും ഓര്‍ക്കും എന്നു പറഞ്ഞു ചിരിച്ചു മാല ടീച്ചര്‍.
കൈയില്‍ സ്കെച്ച് പെന്‍ കൊണ്ട് വരച്ച ചെടി മാഞ്ഞുപോകില്ലേ, അതെങ്ങനാ വളരുക, അതിനെങ്ങനാ വെള്ള മൊഴിച്ചു കൊടുക്കുക, അതിൽ നിറയെ പൂവിട്ടാല്‍ അലനെങ്ങനെയാ പൂച്ചെടിയുള്ള കൈയും വച്ച് നടക്കുക എന്നൊക്കെ ചിന്നുവിന് സംശയമായി.
അതൊക്കെ ചിന്നു കണ്ടോളൂ എന്നു പറഞ്ഞു മാല ടീച്ചര്‍ അവളെ ഇക്കിളിയിട്ടു.
ഇക്കിളി വന്ന് അവള്‍ ചിരിച്ചുപോയി .
അവള്‍ ടീച്ചറിനെയും ഇക്കിളിയിട്ടു .
ടീച്ചറിനത് രസിച്ചു, പിന്നെ കുട്ടികളെല്ലാവരും പരസ്പരം ഇക്കിളിയിടാന്‍ തുടങ്ങി. അതോടെ ക്ലാസ്, ഒരു ചിരിക്ക്ലാസായി മാറി.
അതിനിടെ ചിന്നു അലന്റെ കൈയില്‍ സ്കെച്ച് പെന്‍ കൊണ്ട് ഒരു കുഞ്ഞിക്കിളിയെ വരച്ചു കൊടുത്തു.
നല്ല ഭംഗിയുണ്ടായിരുന്നു കുഞ്ഞിക്കിളിയെ കാണാന്‍. അവളുടെ കൊക്ക് നീലയും ഒരു ചിറക് മഞ്ഞയും മറ്റേച്ചിറക് വെള്ളയും വാല് പച്ചയുമായിരുന്നു . ഇങ്ങനൊരു കിളിയെ ആരും കണ്ടിട്ടില്ലല്ലോ ഇതുവരെ എന്നത്ഭുതപ്പെട്ടു മാല ടീച്ചര്‍. അങ്ങനൊരു കിളിയെ ഒരു ദിവസം ഞാനൊരു സ്വപ്നത്തില്‍ കണ്ടായിരുന്നു എന്നു പറഞ്ഞു നിമ . ഞാനും കണ്ടിട്ടുണ്ട് എന്നു പറഞ്ഞു രുദ്രു.
ഈ കിളി ഇനി വലുതാകും ,മുട്ടയിടും, മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകും , അലന് നമ്മളെ കാണണമെന്നു തോന്നുമ്പോള്‍, ഈ കിളിപ്പുറത്തു കയറി ഇങ്ങോട്ടുവന്നാല്‍ മതി എന്നു പറഞ്ഞു ചിന്നു.

അലന് നല്ല ഭാരമില്ലേ, അലന്‍ പുറത്തു കയറിയാല്‍ ചതഞ്ഞു പോകില്ലേ കിളി എന്നായി അലക്സ്.
കിളികള്‍ക്ക് മന്ത്രമറിയാം, ആരെയെങ്കിലും ചുമക്കേണ്ടി വരുമ്പോള്‍ അവര്‍ , മന്ത്രം ചൊല്ലി വലുതാകും എന്നു പറഞ്ഞു ചിന്നു.
അലക്സ് തല കുലുക്കി നിന്നു .
അങ്ങനെ മന്ത്രം ചൊല്ലി വലുതായ ഏതെങ്കിലും കിളിയെ കണ്ടിട്ടുണ്ടോ താനെന്ന് ആലോചിച്ചുനോക്കി നിന്നു അല.
അതിനിടെ ഓരോരുത്തരും അടുത്തുനില്‍ക്കുന്നയാളുടെ കൈയില്‍ പലമാതിരി കുഞ്ഞിക്കിളികളെ വരയ്ക്കാന്‍ തുടങ്ങി.
ആ കുഞ്ഞിക്കിളികളൊക്കെ വലുതായി മുട്ടയിടും നിറയെ കുഞ്ഞുങ്ങളുണ്ടാവും. അവർ മന്ത്രം ചൊല്ലി വലുതാകുമ്പോള്‍ , അവരുടെ പുറത്തു കയറി ഞങ്ങള്‍ ഷോപ്പിങ്ങിനും സിനിമയ്ക്കും അലനെ കാണാനും പോവും എന്നു പറഞ്ഞു ചിലര്‍. മറ്റു ചിലര്‍ പറഞ്ഞത് കിളിപ്പുറമേറി അവര്‍ വണ്ടര്‍ ലായിലേയ്ക്കും സൂവിലേയ്ക്കും ലുലുമാളിലേയ്ക്കും പോകുമെന്നാണ്.
എന്നെയും കൂടി കൊണ്ടുപോവുമോ നിങ്ങളുടെ ഒപ്പം എന്നു ചോദിച്ചു മാല ടീച്ചര്‍.
ടീച്ചര്‍ അവരേക്കാള്‍ ഒരുപാട് വലുതല്ലേ , കിളികള്‍ക്ക് മന്ത്രം ചൊല്ലി എത്ര വലുതായാലും ഒരു ടീച്ചറിനെയൊന്നും ചുമക്കാന്‍ പറ്റില്ല എന്നു പറഞ്ഞു കുട്ടികളില്‍ പലരും.
അപ്പോള്‍ അല, മാല ടീച്ചറുടെ കൈയില്‍ വരച്ചു കൊടുത്തു ഒരു മാനിനെ . മാന്‍ മന്ത്രം ചൊല്ലി വലുതായി ടീച്ചറിനെ എവിടോട്ടു വേണമെങ്കിലും കൊണ്ടുപോവും എന്നു പറഞ്ഞു അല.
ഓ, ഇവിടെ കിളികളും പൂക്കളും മാനുകളും ചേര്‍ന്ന് ഒരു വലിയ കാടു തന്നെയാവുമല്ലോ എന്നു പറഞ്ഞു ടീച്ചര്‍.
അതൊന്നും കുട്ടികള്‍ കേട്ടില്ല എന്നു തോന്നുന്നു . കിളികളുടെ പുറത്തു കയറി ലുലുമാളില്‍ ചെല്ലുമ്പോള്‍, അവിടെയെല്ലാവരും അത്ഭുതപ്പെടില്ലേ എന്നു ചോദിച്ചു ടീച്ചര്‍ . അവരതും കേട്ടില്ല എന്നു തോന്നുന്നു . അവരെല്ലാം പിന്നെയും പിന്നെയും മഞ്ഞജിലേബി തിന്നുന്ന തിരക്കിലായിരുന്നു.
കുട്ടികളാവുന്നത് എന്തു രസമാണ്, ഒരു കാര്യത്തില്‍ നിന്ന് മറ്റൊരു കാര്യത്തിലേക്ക് പൂര്‍ണ്ണമായും കടക്കാന്‍ അവര്‍ക്ക് അരസെക്കന്‍ഡ് പോലും വേണ്ട എന്നോര്‍ത്തു ടീച്ചര്‍ .
പിന്നെ ടീച്ചര്‍ അവരെ ABCD പഠിപ്പിക്കാന്‍ തുടങ്ങി പതിവുപോലെ.