ക്രിസ്റ്റി ആദ്യമായി തിന്നുകയായിരുന്നു മാങ്കോസ്റ്റിന്‍ പഴം. കടയില്‍ നിന്ന് അച്ഛന്‍ വാങ്ങിച്ചു കൊണ്ടു വന്നതാണ് കേട്ടോ. നല്ല വിലയാണ് പോലും. കട്ടിപ്പുറന്തോടാണ്. അത് കൈയില്‍ വച്ച് അമക്കി പൊട്ടിക്കണം, അപ്പോള്‍ വെളുത്തു മാംസളമായ അല്ലികള്‍ കാണാം. അതെടുത്ത് വായിലിട്ട് നുണഞ്ഞിറക്കണം. നല്ല സ്വാദാണ് കേട്ടോ അതലിഞ്ഞ് നാവില്‍ ചേരുമ്പോള്‍. ഒരല്ലിക്കു മാത്രം ഇത്തിരി വണ്ണക്കൂടുതലുണ്ടാവും. അതിനകത്താണ് വിത്ത്. വായിലിടുമ്പോള്‍ അത് വിഴുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അത് തൊണ്ടയില്‍ കെട്ടാന്‍ സാധ്യതയുണ്ട്.
ക്രിസ്റ്റി ആ അല്ലിയിലെ നീര് ഊറ്റിക്കുടിച്ചശേഷം ആ വിത്തൊക്കെയെടുത്ത് സൂക്ഷിച്ചു വച്ച് വെയിലത്ത് ഒരു ദിവസം വച്ചുണക്കിയ ശേഷം നട്ടു.
അമ്മ പറഞ്ഞു മാങ്കോസ്റ്റിന്‍ നല്ല തണലുള്ള മരമാണ്. നമ്മുടെ മഹാനായ എഴുത്തുകാരന്‍ ബഷീര്‍ എപ്പോഴും മാങ്കോസ്റ്റിന്‍ മരത്തില്‍ ചുവട്ടിലെ തണലിലായിരുന്നു ഇരിപ്പ് . അദ്ദേഹമവിടെ ഇരുന്നാണ് ആളുകളോട് സംസാരിച്ചിരുന്നതും സുലൈമാനി എന്ന കട്ടന്‍ ചായ കുടിച്ചിരുന്നതും ഗ്രാമഫോണ്‍ റെക്കോഡ്‌സിലെ പാട്ടു കേട്ടിരുന്നതും.
ക്രിസ്റ്റി ഓര്‍ത്തു ബഷീറപ്പൂപ്പന്റെ “പാത്തുുമ്മയുടെ ആടും”, “ന്റുപ്പുപ്പാക്കൊരാ നേണ്ടാര്‍ന്നു”വും അവന് ഇഷ്ടമാണ്. അമ്മ വായിച്ചു കൊടുത്തിട്ടുണ്ട് അവനാക്കഥയൊക്കെ.
ബഷീറപ്പൂപ്പനോട് ഇഷ്ടമുള്ള കുട്ടികള്‍ തീര്‍ച്ചയായും മുറ്റത്ത് മാങ്കോസ്‌ററിന്‍ മരം നട്ടു പിടിപ്പിക്കേണ്ടതാണെന്ന് പറഞ്ഞു അമ്മ.
അങ്ങനെയങ്ങനെ ദിവസങ്ങള്‍ കടന്നു പോയപ്പോഴുണ്ട് ദാ ഒരു ദിവസം ക്രിസ്റ്റി മുറ്റത്തിറങ്ങി നോക്കുമ്പോള്‍ അവന്‍ നട്ട മാങ്കോസ്റ്റിന്‍ വിത്ത് കിളിര്‍ത്തിരിക്കുന്നു. ചുവന്ന തളിരില കണ്ടാല്‍ മാങ്കോസ്റ്റിന്‍ മരത്തിന്റെ തൈ തന്നെയാണോ ഇതെന്ന് സംശയം തോന്നും എന്നു പറഞ്ഞു ക്രിസ്റ്റി . അമ്മ ഉടനെ ഗൂഗിള്‍ ചെയത് മാങ്കോസ്റ്റിന്‍ മരത്തിന്റെ തളിരിലകള്‍ അവനെ കാണിച്ചു കൊടുത്തു . ഹായ് , ഇതതു തന്നെ എന്ന് ക്രിസ്റ്റി സന്തോഷം കൊണ്ടു തുള്ളിച്ചാടി.

പിന്നെ ദിവസവും രാവിലെയും വൈകുന്നേരവും മാങ്കോസ്റ്റിന്‍ ശുശ്രൂഷയില്‍ മുഴുകുകയായി ക്രിസ്റ്റി . എന്നും രാവിലെയുംം വൈകുന്നേരവും ഒരു ഗ്‌ളാസ് വെള്ളം ചെടിക്ക് കുടിക്കാന്‍ കൊടുക്കും നമ്മുടെ ക്രിസ്റ്റി . വെള്ളം കിട്ടിക്കഴിയുമ്പോഴേയ്ക്ക് മാങ്കോസ്റ്റിന്‍ തൈ ഉഷാറാവും . അത് കാറ്റിലാടും സന്തോഷത്തോടെ. ഇപ്പോഴതിന് വളമൊന്നും ആവശ്യമില്ല , അതിന്റെ വേരു പിടിക്കട്ടെ ആദ്യം എന്നമ്മ പറഞ്ഞത് കേട്ട് ക്രിസ്റ്റി തലകുലുക്കി.
ഒരു ദിവസം നോക്കുനോഴുണ്ട് തളിരിലകളൊന്നില്‍ ഒരുണ്ടക്കണ്ണന്‍ പുഴു. ഇല തിന്ന് നശിപ്പിക്കാനാവും, അമ്മ പറഞ്ഞു . ക്രിസ്റ്റി അതിനെ എടുത്ത് അമ്പട വീരാ നീ അത്രയ്ക്കായോ എന്നു ചോദിച്ച് ദൂരേക്ക് കളഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം ക്രിസ്റ്റിയും അമ്മയും കൂടി അച്ഛന്റെ ജോലിസ്ഥലത്തേക്കു പോയി. അച്ഛനെയും അച്ഛന്‍ ജോലി ചെയ്യുന്ന നാടും കാണാം എന്നമ്മ പറഞ്ഞു. അച്ഛന്റെ ജോലിസ്ഥലം ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ്. അവിടെ നിറയെ വെള്ളച്ചാട്ടങ്ങളും പുഴകളും ഒക്കെയുണ്ട്. അതൊക്കെ കാണാൻ നല്ല രസമായിരിക്കും, ക്രിസ്റ്റി ഓര്‍ത്തു. തന്നെയുമല്ല അവിടെ ഭയങ്കര തണുപ്പാണ്. തണുപ്പത്ത് കട്ടിക്കൊട്ടൊക്കെ ഇട്ട്, മഫ്ലര്‍ കഴുത്തില്‍ ചുറ്റി, തണുപ്പേല്‍ക്കാത്ത രോമത്തൊപ്പി വച്ച് നടക്കാനും നല്ല രസമായിരിക്കും.
അവർ പോകുമ്പോ ചെടിയൊക്കെ ആരു നനയ്ക്കും എന്നാലോചിച്ചു അമ്മ. അടുത്ത വീട്ടിലെ ദേവന്‍ ചേട്ടനോട്, “ദേവാ ,ഞങ്ങള്‍ വരും വരെ ഈ ചെടിയൊക്കെ ഒന്നു നനയ്ക്കാമോ?” എന്നു ചോദിച്ചു അമ്മ. ദേവന്‍ ചേട്ടന്‍, “അതിനെന്താ ആന്റി വിഷമം, ഞാന്‍ ചെയ്യാല്ലോ…” എന്നു സമ്മതിച്ചു.

അവരങ്ങനെ അച്ഛന്റടുത്തേയ്ക്കു പോയി അവിടുത്തെ ഒരു റിസോര്‍ട്ടില്‍ താമസിച്ചു നന്നായി എന്‍ജോയ് ചെയ്തു. പറഞ്ഞില്ലല്ലോ അച്ഛന്‍ താമസിച്ചിരുന്നത് വയനാടായിരുന്നു കേട്ടോ. ക്രിസ്റ്റിക്ക് ഒരുപാട് ഇഷ്ടമായി വയനാട്. അവനൊരു പാട് മാന്‍ കൂട്ടങ്ങളെ കണ്ടു സഞ്ചാരവഴിയില്‍. ഒരാനക്കൂട്ടത്തെ അവര്‍ ദൂരെ കണ്ടു. ഒരുപാട് സ്ഥലങ്ങളും അവര്‍ സന്ദര്‍ശിച്ചു.
വയനാട്ടിലെങ്ങാനും മാങ്കോസ്റ്റിന്‍ മരം കാണുന്നുണ്ടോ എന്ന് അവന്‍ വഴിയിലൊക്കെ തിരഞ്ഞു. ഒരു മാങ്കോസ്റ്റിന്‍ മരം പോലും അവര്‍ക്കവിടെയെങ്ങും കണ്ടെത്താനായില്ല. മാങ്കോസ്റ്റിന്‍ മരത്തിന് പറ്റിയ കാലാവസ്ഥയല്ല ഇവിടെ എന്നു തോന്നുന്നു എന്നു പറഞ്ഞു അമ്മ.
അവര്‍ ഒരാഴ്ചസമയമെടുത്തു തിരിച്ചു നാട്ടിലെത്താന്‍. നാട്ടിലെത്തി വീടിന്റെ ഗേറ്റു തുറന്നതും ക്രിസ്റ്റി ബഷീറപ്പൂപ്പന്റെ മാങ്കോസ്റ്റിന്‍ മരത്തിന് പുതിയ ഇല വന്നിട്ടുണ്ടോ എന്നു കാണാനോടി.
പക്ഷേ, അവിടെ ചെന്നപ്പോഴോ, മാങ്കോസ്റ്റിന്‍ മരത്തിന്റെ രണ്ടിലകളും ഏതോ ജീവി തിന്നിരിക്കുന്നു . പുഴുവല്ല ഏതോ വലിയ ജീവിയാണ് തിന്നിരിക്കുന്നതെ ന്നു നിശ്ചയം. ക്രിസ്റ്റി കരച്ചിലായി. അമ്മ അപ്പുറത്തെ വീട്ടിലെ ദേവന്‍ ചേട്ടനെ വിളിച്ചു കാര്യം തിരക്കി. ഒരു ആട് ഗേറ്റു തള്ളിത്തുറന്നു വന്ന് തിന്നതാണതെന്ന് ദേവന്‍ ചേട്ടന്‍ പറഞ്ഞതു കേട്ട് , ആ ആടിനെ കണ്ടാല്‍ ഞാന്‍ ശരിയാക്കും എന്നു പറഞ്ഞ് ഉച്ചത്തില്‍ കരച്ചിലായി ക്രിസ്റ്റി .
അത് ബഷീറപ്പൂപ്പന്റെ കഥയിലെ പാത്തുമ്മയുടെ ആട് തന്നെയായിരിക്കും എന്നു പറഞ്ഞു അമ്മ. പാത്തുമ്മയുടെ ആട് എന്നു കേട്ടതും ക്രിസ്റ്റി കരച്ചിൽ നിർത്തി.
എങ്കിൽ കുഴപ്പമില്ല, ബഷീറപ്പൂപ്പന്റെ മാങ്കോസ്റ്റിൻ മരത്തിന് കുഴപ്പമൊന്നും വരില്ല പാത്തുമ്മയുടെ ആട് തിന്നാൽ എന്നു പറഞ്ഞു ക്രിസ്റ്റി.
പിന്നെ ക്രിസ്റ്റി പറഞ്ഞു, ഞാനും മാങ്കോസ്റ്റിൻ മരവും വലുതാകുമല്ലോ. അപ്പോ ഞാൻ മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിൽ ചാരുകസേരയിട്ടിരുന്ന് ബഷീറപ്പുപ്പ നെ പോലെ കഥ എഴുതും പാട്ടുകേൾക്കും.
അതുകൊള്ളാം എന്നു പറഞ്ഞു അമ്മ. അപ്പോഴതുവഴി ഇല തിന്ന ആടുകയറി വന്നു.അത് “മ് ഹേ” എന്നു ശബ്ദമുണ്ടാക്കി.
ആടിനു പുറകേ ഒരു പെൺകുട്ടി, “ആടേ, നീ ഇവിടെ വാ… നോക്ക്, ഞാനാ വിളിക്കുന്നത്…” എന്നു പറഞ്ഞ് ഓടിക്കയറി വന്നു.
അതാവും പാത്തുമ്മ എന്ന് ക്രിസ്റ്റിക്ക് തോന്നി. “നിൻ്റെയാടാണോ ഇത്?” ക്രിസ്റ്റി ചോദിച്ചു .
അവൾ തലയാട്ടി.
“നിൻ്റെ പേര് പാത്തുമ്മ, എന്നാണോ?” ക്രിസ്റ്റി ചോദിച്ചു.
“എങ്ങനെ മനസ്സിലായി?” അവൾ അത്ഭുതപ്പെട്ടു.
“അതൊക്കെയുണ്ട്…” എന്ന് ക്രിസ്റ്റി ഗമക്കാരനായി.
“നിൻ്റെ ആടിനെ പിടിച്ചോ, അല്ലെങ്കിലത് എൻ്റെ ബാക്കി മാങ്കോസ്റ്റിൻ കൂടി തിന്നുകളയും!” ക്രിസ്റ്റി പറഞ്ഞു.
അവളാ ആടിനെ പ്ലാവിൻ ചോട്ടിൽ കെട്ടിയിട്ടു. എന്നിട്ട് അവളും ക്രിസ്റ്റിയും കൂടെ കളി തുടങ്ങി. ആടും മാങ്കോസ്റ്റിനും കൂടി അവരുടെ കളി നോക്കി നിന്നു.