ലോലയ്ക്ക് ചുമയും ശ്വാസം മുട്ടും പനിയുമൊക്കെ വന്നു. അവരുടെ ഫ്ലാറ്റിനടുത്താണല്ലോ പ്ലാസ്റ്റിക് മാലിന്യ കൂനയ്ക്ക് തീ പിടിച്ച ഇടം. പത്രത്തിലും ടി വിയിലുമൊക്കെ വലിയ വാര്‍ത്തയായിരുന്നല്ലോ അത്.
പ്ലാസ്റ്റിക് കത്തിയതിന്റെ പൂകയാണ് ലോലയുടെയൊക്കെ ഫ്ലാറ്റിരിക്കുന്ന സ്ഥലത്തുമുഴുവനും. അതു ശ്വസിച്ച് ആ പരിസരത്തുള്ളവര്‍ക്കൊക്കെ പലമാതിരി അസുഖങ്ങളാണ്.
ലോലയുടെ പാവകള്‍ക്കു വരെ പുകകൊണ്ട് ഓരോരോ വയ്യായ്കകളാണ്.
പാവകളൊന്നും എണീയ്ക്കാതെ കിടപ്പുതന്നെ കിടപ്പാണ്. ലോലയാണ് അവരെ യൊക്കെ ശൂശ്രൂഷിക്കുന്നത് . ലോലയെപ്പോലെയല്ല, അസുഖം മാറി ഓടിച്ചാടി നടന്ന് കളിക്കണം എന്നൊരു വിചാരവുമില്ല പാവകള്‍ക്ക് . പുതച്ചു മൂടി കിടപ്പാണ് എല്ലാവരും. ലോല പുറകേ നടന്നു വേണം എല്ലാവരെ യും എഴുന്നേല്‍പ്പിക്കാനും ആഹാരവും മരുന്നും കഴിപ്പിക്കാനുമൊക്കെ.
പാവകളുടെ ഡോക്ടര്‍ ലോലയുടെ റോണി നായയാണ് കേട്ടോ . അവനാണ് പാവ ഫുഡിന്റെയും പാവ മെഡിസിന്റെയും കാര്യമൊക്കെ തീരുമാനിച്ച് ലോലയ്ക്ക് പറഞ്ഞു കൊടുക്കുന്നത്. ലോലയുടെ കട്ടിലിന്റെ അടിയിലാണ് റോണി നായയുടെ പാവ ഹോസ്പിറ്റല്‍.
പുറത്തെ പുക വീട്ടിലേക്ക്, കടന്നു വരാതിരിക്കാനായി വീടിന്റെ ജനലെല്ലാം ബാൽക്കണിയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ജനലിലൂടെ കാണുന്ന മരക്കൊമ്പിലേക്ക് ആകാശത്തേക്ക് ബൈനോക്കു ലേഴ്സ് പിടിച്ച് അതിലൂടെ കാണുന്ന കാഴ്ചകൾ കണ്ടു രസിക്കലാണല്ലോ ലോലയുടെ പ്രിയ വിനോദം. ബാൽക്കണിയിൽ വന്നു നിന്ന് ബൈനോക്കു ലേഴ്സിലൂടെ നോക്കിയാൽ താഴെക്കൂടി ചീറിപ്പായുന്ന നഗരത്തെത്തന്നെ അടുത്തു കാണാം. പ്ലാസ്റ്റിക് മാലിന്യപ്പുക പടർന്നതിൽപ്പിന്നെ അകത്തടച്ചിരി ക്കാതെ വേറെന്തു രക്ഷ?
ലോല പടം വരയിലും ചായം കൊടുക്കലിലും പാവകളെ വച്ച് കളിക്കലിലും കളി മൃഗങ്ങളെ വച്ച് സൂ ഉണ്ടാക്കുന്നതിലും ബിൽഡിങ് ബ്ലോക്സ് വച്ച് വീടുണ്ടാക്കു ന്നതിലും മുഴുകി അപ്പോൾ.

അങ്ങനെയിരുന്ന് കളിക്കുന്നതിനിടയിലാണ് ലോല ശ്രദ്ധിക്കുന്നത് ഈ കളിപ്പാട്ടങ്ങളിലേറെയും പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയവയാണല്ലോ എന്ന്. ഞാൻ വലുതാകും ഒരു നാൾ, അന്ന് ഈ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്ന പ്രായം കഴിഞ്ഞിരിക്കും, അപ്പോ ഇതും പ്ലാസ്റ്റിക് പാഴ് വസ്തുവാകും, അപ്പോ ഇത് എവിടെ കൊണ്ടു സൂക്ഷിക്കും അല്ലെങ്കിൽ എവിടെ കൊണ്ടു കളയും?
പ്ലാസ്റ്റിക് കത്തിച്ചു കളയാനും പറ്റില്ലല്ലോ. ഇപ്പോ കത്തിയ ആ പ്ലാസ്റ്റിക് മാലിന്യക്കൂനയിൽ നിന്നെന്ന പോലെ വിഷപ്പുക വന്ന് മൂടും അപ്പോൾ നമ്മളെയൊക്കെ.
വാങ്ങിയത് വാങ്ങി ഇനി പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ നമുക്കു വാങ്ങണ്ട എന്നു പറയാൻ അച്ഛന്റയടുത്തേക്കോടിപ്പോയി ലോല.
കട്ടിലിനടിയിലെ തന്റെ ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നു റോണി നായ. നീയ് ഈ പനി പിടിച്ച പാവക്കുട്ടികൾക്ക് സമയത്ത് മരുന്നു കൊടുക്കാതെ എങ്ങോട്ടാണ് ഇത്ര ധൃതി പിടിച്ചോടുന്നത് എന്നു ചോദിച്ചു റോണി എന്ന നായ.
പ്ലാസ്റ്റിക്കിൽ നിന്ന് ലോകത്തെ രക്ഷിക്കണ്ടേ, അതിനായി എന്നെക്കൊണ്ടാവുന്ന ഒരു കാര്യം പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ മേലിൽ വാങ്ങില്ല എന്നു തീരുമാനിക്കലാണ്, റോണീ അച്ഛനോടീക്കാര്യം പറഞ്ഞ ശേഷം ഞാൻ എന്റെ കൂട്ടുകാരോടും പറയാൻ പോവുകയാണ്.
അങ്ങനെയൊക്കെ പറഞ്ഞു ഓടിപ്പാഞ്ഞു അച്ഛനിരിക്കുന്നിടത്തേക്കു പോയ ലോലയെ മുഴുവൻ കാര്യവും പിടികിട്ടാതെ അന്തം വിട്ടു നോക്കി നിന്നു റോണി.
അതു വഴി വന്ന തുമ്പിയോട് അവൻ ചോദിച്ചു.നീയും ഞാനുമൊക്കെ പ്ലാസ്റ്റിക് ആണോ?ആണേൽ ലോല ഇനി നമ്മളെ കൂടെ കൂട്ടില്ല.
തുമ്പിക്കതു കേട്ട് ചിരി വന്നു. പോടാ നമ്മളൊക്കെ ജീവനുള്ള ജീവികളല്ലേ? നമ്മളൊക്കെ ഓക്സിജൻ ശ്വസിച്ച് ജീവിക്കുന്നവരല്ലേ?

ഇത്തവണയും കാര്യം മുഴുവനായി മനസ്സിലായില്ല എങ്കിലും റോണിയ്ക്കതുകേട്ട് സമാധാനമായി. അവൻ കട്ടിലിനടിയിലെ പാവ ആശുപത്രിയിലേക്ക് നൂണ്ടു കയറി നീലക്കണ്ണുള്ള നീലാഞ്ജന പാവയ്ക്ക് പനി കുറവുണ്ടോ എന്ന് നോക്കി. അവൾ ചുമച്ചപ്പോൾ നെഞ്ച് തടവിക്കൊടുത്തു. ശ്വാസം മുട്ട് കലശലായുള്ള തനു പാവയ്ക്ക് അവനൊരു ഇൻജക്ഷൻ കൊടുത്തു.അതോടെ അവൾ വലിയ വായിൽ കരച്ചിലായി.
അതു കേട്ടാവും ലോല വന്ന് അവളെ എടുത്ത് തോളിൽ കിടത്തി. എന്നിട്ട് തനുവിന്റെ പ്ലാസ്റ്റിക് ഷൂ വും പ്ലാസ്റ്റിക് വളയും ഊരിക്കളഞ്ഞു.എന്നിട്ട് തനുവിന്റെ സോഫ്റ്റായ തുണിക്കൈയ് മുകളിലേക്കുയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളിപ്പിച്ചു.പ്ലാസ്റ്റിക് വേണ്ടേ വേണ്ട.
റോണി അതേറ്റു വിളിച്ചു. അവൻ പാൽ കുടിക്കുന്ന നീല പ്ലാസ്റ്റിക് പാത്രം അവൻ കാലുകൊണ്ട് തട്ടി ദൂരെയെറിഞ്ഞു.ബലേ ഭേഷ്, നിനക്ക് പ്ലാസ്റ്റിക് കണ്ടാൽ തിരിച്ചറിയാറായി അല്ലേ എന്നു ചോദിച്ചവനെ കെട്ടിപ്പിടിച്ചു ലോല. അപ്പോ അവനൊന്നു കൂടി കുരച്ചു പറഞ്ഞു, പ്ലാസ്റ്റിക് വേണ്ടേ വേണ്ട