ലീല ചിത്രശലഭത്തിന് രാവിലെ എണീക്കാൻ മടിയായി. അച്ഛനുമമ്മയും എത്ര വിളിച്ചിട്ടും എണീക്കാതെ അവൾ പിന്നെയും പിന്നെയും കിടന്നുറങ്ങി. വിളിച്ചു മടുത്ത് അച്ഛനും അമ്മയും അവസാനം പറന്നു പോയി. പൂന്തേൻ അന്വേഷിച്ച് കണ്ടെത്തി അത് കുടിക്കാതെ എങ്ങനെയാ ചിത്രശലഭങ്ങളുടെ വയറു നിറയുക, രാവിലെ ഉണർന്നു പറന്നാലേ തേൻ കിട്ടൂ എന്നൊക്കെ പോകുന്ന പോക്കിലും അവർ പറഞ്ഞു നോക്കി. പക്ഷേ ആരു കേൾക്കാൻ?
അത്തിമരത്തിന്റെ ഒരു കൂറ്റൻ ഇലയിലാണ് ലീല കിടന്നുറങ്ങിയിരുന്നത്.
ഒരു മരം കൊത്തി അവളുറങ്ങുന്ന ഇലയുടെ അടുത്ത് വന്നിരുന്ന് നിർത്താതെ ഒച്ചവെച്ചപ്പോൾ, അവൾ ഒന്നിളകിക്കിടന്നു. മരംകൊത്തി ഇത്തിരി കഴിഞ്ഞ് അവന്റെ മൂർച്ചയുള്ള കൊക്ക് കൊണ്ട് അത്തിമരത്തടിയിൽ ട ക് ടക് എന്ന് കൊത്തിക്കൊത്തി മരപ്പണി ബഹളമായപ്പോൾ, ഉള്ള സ്വൈര്യമെല്ലാം പോയി ലീലയ്ക്ക് എണീക്കേണ്ടി വന്നു.
എണീറ്റ വഴി ലീല മരംകൊത്തിയോട് ദേഷ്യപ്പെട്ടു. ഞാൻ കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ എന്റെ അടുത്തുവന്നിരുന്ന് ബഹളം വയ്ക്കുന്ന നിനക്കെതിരെ ഞാൻ കേസ് കൊടുക്കും. ഒരു മാസം മുഴുവൻ ഒച്ച വെയ്ക്കാതിരിക്കണം മരം കൊത്തി എന്ന് കോടതി നിനക്ക് ശിക്ഷ വിധിക്കും.
മരംകൊത്തിയാകട്ടെ ലീല പറഞ്ഞതൊന്നും തീരെ ഗൗനിക്കാതെ ഒറ്റപ്പറക്കൽ. മരംകൊത്തിയുടെ ആ പോക്ക് കണ്ട് ലീലയ്ക്ക് പിന്നെയും ദേഷ്യം വന്നു.അവൾ ചിറകിളക്കി ഉറക്കത്തിൽ നിന്ന് മുഴുവനായും എണീറ്റു.
എന്നിട്ട് അത്തിമരത്തിന്റെ വേറൊരു കൊമ്പിൽ പോയിരുന്നു ഉറക്കം മുഴുവൻ കുടഞ്ഞു കളഞ്ഞു.

പിന്നെ അവൾക്ക് വിശക്കാൻ തുടങ്ങി. ചിത്രശലഭങ്ങളുടെ പ്രധാന ഭക്ഷണം തേനാണല്ലോ. അത്തി മരച്ചുവട്ടിൽ നിൽക്കുന്ന ചെത്തിപ്പൂക്കളിലേക്ക് അവൾ പറന്നിറങ്ങി. അയ്യയ്യോ, എന്തൊരു കഷ്ടം, ഒറ്റപ്പൂവിലും തേനില്ലല്ലോ എന്നു തന്നത്താൻ പറഞ്ഞു കൊണ്ട് അവൾ തൊട്ടടുത്തു നിന്ന മന്ദാരപ്പൂക്കൾ സന്ദർശിക്കാൻ തീരുമാനിച്ചു. ഇതിലുമില്ലല്ലോ ഒരു തരി തേൻ പോലും എന്ന് സങ്കടപ്പെട്ടുകൊണ്ട് അവൾ വേലിക്കലെ ചെമ്പരത്തിപ്പൂവുകളിൽ തേൻ തിരഞ്ഞു നടന്നു. ഞങ്ങളുടെയൊക്കെ തേൻ രാവിലെ എണീറ്റു വന്ന ചിത്രശലഭങ്ങളും തേൻ കുരുവികളും വണ്ടുകളും കുടിച്ചു തീർത്തു എന്നു പറഞ്ഞു ചെത്തിപ്പൂക്കളും മന്ദാരപ്പൂക്കളും ചെമ്പരത്തിപ്പൂക്കളും.
വിശപ്പു കൊണ്ട് തളരാറായി ലീല ചിത്രശലഭം. അപ്പോ അതുവഴി നമ്മുടെ മരം കൊത്തി വന്നു.ലീലയുടെ സങ്കടയിരിപ്പുകണ്ട് മരംകൊത്തി കാര്യം തിരക്കി.ഒരു പൂവിലും തേനില്ലാതായ കാര്യം അവൾ വിസ്തരിക്കെ മരംകൊത്തി ചോദിച്ചു, വെളുക്കും മുമ്പുണരുന്ന ചിത്രശലഭങ്ങൾക്കും വണ്ടുകൾക്കും തേൻ കിളികൾക്കുമേ തേനുള്ളൂ എന്ന ചൊല്ല് നീ കേട്ടിട്ടില്ലേ? അച്ഛനുമമ്മയും ഉണരുണര് എന്ന് നിന്നെ എത്ര നേരം വിളിച്ചതാണ്. അപ്പോ നീ എന്താ പറഞ്ഞത്? സ്കൂൾ പൂട്ടിയില്ലേ, ഇനി എന്തിനാ നേരത്തേ ഉണരുന്നത്? എനിക്കുച്ച വരെ കിടന്നുറങ്ങണം എന്നല്ലേ നീ അവരോട് ബഹളം വച്ചത്?

ലീല ചിത്രശലഭം ചോദിച്ചു, അപ്പോ അതിരാവിലെ മുതൽ നീ ഇവിടിരിപ്പുണ്ടായിരുന്നോ?
ഉവ്വുവ്വ് എന്നു പറഞ്ഞു മരംകൊത്തി. ഗംഭീര ഉറക്കമായിരുന്നതു കൊണ്ടാണ് നീ അപ്പോ എന്റെ ആശാരിപ്പണി ശബ്ദം കേൾക്കാതിരുന്നത്. നിന്റെ ഉറക്കം നേർത്തു വന്നപ്പോഴാണ് എന്റെ ട ക് ടക് ശബ്ദം കേട്ടത്. എന്റെ മരപ്പൊത്തിന്റെ പണി ഇന്നുതന്നെ തീരും.
അവൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ലീല, എനിക്ക് വിശക്കുന്നേ എന്ന് കരയാൻ തുടങ്ങി.
മരംകൊത്തിക്ക് കഷ്ടം തോന്നി. നീ എന്റെ പുറത്തു കയറിയിരുന്നോ. ആരൊക്കെ എത്രതേൻ കുടിച്ചാലും തീരാത്തത്ര തേനുള്ള ഒരു താമരത്തടാകം എനിക്കറിയാം. ഞാൻ നിന്നെ അങ്ങോട്ടു കൊണ്ടു പോകാം എന്നു പറഞ്ഞു മരംകൊത്തി.
ദാ നോക്കൂ, മരംകൊത്തി, ലീലയുമായി പറന്ന കന്നു കഴിഞ്ഞു താമരത്തടാകത്തിലേക്ക്.
നമ്മൾ വിഷമിച്ചിരിക്കുമ്പോൾ, നമ്മളൊട്ടും വിചാരിക്കാത്തയിടത്തു നിന്നാണ് നമുക്കു സഹായം കിട്ടുക എന്നതിന് ഇതിൽപ്പരം എന്തു തെളിവു വേണം അല്ലേ?