scorecardresearch

ലൈലയുടെ ചിന്തകള്‍

"എനിക്ക് നായെയോ മുയലിനെയോ തത്തെയെയോ ലവ് ബേഡ്സിനെയോ ഒന്നും കൂട്ടിലിട്ട് വളര്‍ത്തുന്നതിഷ്ടമല്ല അമ്മാവാ" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

"എനിക്ക് നായെയോ മുയലിനെയോ തത്തെയെയോ ലവ് ബേഡ്സിനെയോ ഒന്നും കൂട്ടിലിട്ട് വളര്‍ത്തുന്നതിഷ്ടമല്ല അമ്മാവാ" വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

author-image
Priya A S
New Update
priya as , childrens stories, iemalayalam

ചിത്രീകരണം: വിഷ്‌ണു റാം

ലൈല സ്കൂളിൽ പോയി വന്നപ്പോഴുണ്ട് വരാന്തയിലെ കൊളുത്തില്‍ തൂക്കിയിട്ടിരിക്കുന്നു ഇരുമ്പുപക്ഷിക്കൂട്. അതില്‍ പക്ഷിയൊന്നുമില്ലായിരുന്നു കേട്ടോ.

Advertisment

ആരാണവിടെ പക്ഷിക്കൂടു കൊണ്ടു തൂക്കിയിട്ടിരിക്കുന്നത് എന്നു ചോദിച്ചുകൊണ്ട് ലൈല വീട്ടിനകത്തേക്ക് ഓടിക്കയറി.

അപ്പോഴുണ്ട് ഊണുമുറിയുടെ വാതില്‍ക്കല്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു അമ്മാവന്‍. അമ്മാവനെ കണ്ടപ്പോഴേ അമ്മാവന്റെ വേലയാണ് കിളിക്കൂട് എന്നു മനസ്സിലായി ലൈലയ്ക്ക് . അവള്‍ അമ്മാവന്റെ കൈയ്യിൽത്തൂങ്ങി.

അമ്മാവന്‍ അവളെ അണച്ചുപിടിച്ചു കൊണ്ടു പറഞ്ഞു. നിന്റെ പിറന്നാള്‍ അടുത്തുവരികയല്ലേ? ഹാപ്പിബര്‍ത്‌ഡേ ഗിഫ്റ്റാണ് ആ പക്ഷിക്കൂട് . നിനക്കിവിടെ അടുത്ത വീടുകളിലെങ്ങും കളിക്കാന്‍ പ്രായത്തിൽ കുട്ടികളില്ലല്ലോ. അപ്പോ നിനക്ക് ഒരു കിളിയെ കിട്ടിയാല്‍ നല്ല നേരംപോക്കാവും.

Advertisment

എനിക്ക് നായെയോ മുയലിനെയോ തത്തയെയോ ലവ് ബേഡ്സിനെയോ ഒന്നും കൂട്ടിലിട്ട് വളര്‍ത്തുന്നതിഷ്ടമല്ല അമ്മാവാ. അവര് അവരുടെ ഇഷ്ടത്തിന് ഓടിപ്പാഞ്ഞു നടക്കുന്നതു കാണാനാണെനിക്കിഷ്ടം എന്നു പറഞ്ഞു ലൈല.

അമ്മാവന്‍ പറഞ്ഞു, എനിയ്ക്കും ഇഷ്ടമല്ല അങ്ങനെ ഒരു ജീവിയെയും വളര്‍ത്തുന്നത്. നീ ഇവിടെ മിണ്ടാനും പറയാനും ആരുമില്ലാതെ കഴിയുകയാണല്ലോ എന്നോര്‍ക്കുമ്പോഴുള്ള വിഷമം കൊണ്ടാ ഞാനിങ്ങനെയൊരു സംഭവം പരീക്ഷിക്കാമെന്നോര്‍ത്തത്. ഏതായാലും നമുക്ക് പെറ്റ് ഷോപ്പില്‍ പോയി നിനക്കിഷ്ടമായ വല്ല കിളികളുമുണ്ടോ എന്നു നോക്കാം എന്നു പറഞ്ഞു അമ്മാവന്‍.

അവര്‍ പെറ്റ് ഷോപ്പിലെത്തിയപ്പോഴോ? എന്തെല്ലാം ജീവികളാണവിടെ? നായകള്‍, പൂച്ചകള്‍, മുയലുകള്‍, പലമാതിരി പക്ഷികള്‍- അവയെല്ലാം ലൈലയെ നോക്കി പലവിധശബ്ദങ്ങളുണ്ടാക്കി.അക്വേറിയത്തിലെ മീനുകള്‍ മാത്രം നിശബ്ദരായി ലൈല നില്‍ക്കുന്നയിടത്തെ വശത്തിലെ ഗ്ലാസില്‍ വായ മുട്ടിച്ച് അവളെ നോക്കി നിന്നു വാലിട്ടിളക്കി.

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

അവള്‍ക്ക് മീനുകള്‍ നീന്തുന്നത് നോക്കിനില്‍ക്കാന്‍ ഒത്തരി ഇഷ്ടമായി. അവർ ചിലപ്പോ വെള്ളത്തിന്റെ മുകളിലേക്ക് വന്ന് എല്ലായിടവുമൊന്നു നോക്കിപ്പോവും. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നില്ലേ എന്ന് അവര് വിലയിരുത്തുന്നതുപോലെയാണ് ലൈലയ്ക്ക് തോന്നിയത് .

അമ്മാവനവളെ കിളികളുടെ ഭാഗത്തേയക്ക് വിളിച്ചു . ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ ചിലചിലയെന്നു ചിലയ്ക്കുന്ന കളികളെ നോക്കിയങ്ങനെ രസിച്ചു നിന്നു ലൈല. ചില കൂട്ടിലൊക്കെ തുളകളുള്ള മണ്‍കലങ്ങൾ വച്ചിട്ടുണ്ട്. ആ തുളകളിലൂടെ കിളികള്‍ കയറിയിറങ്ങി . അവര്‍ക്ക് മുട്ടയിടാനുള്ള സൗകര്യത്തിനാണ് തുളകളുള്ള കുടങ്ങൾ കൂട്ടിനുള്ളില്‍ വച്ചിട്ടുള്ളതെന്ന് അമ്മാവന പറഞ്ഞു ലൈലയ്ക്ക് പറഞ്ഞു കൊടുത്തു. ഒരു കുടത്തില്‍ നാലു വെളുത്ത മുട്ടകളുണ്ടായിരുന്നു. നാല് ഇത്തിരിക്കുഞ്ഞൻ മുട്ടകള്‍. അതിന്മേല്‍ അടയിരിക്കുകയായിരുന്നു അമ്മക്കിളി . അച്ഛന്‍ കിളിയാവും എല്ലാം സുരക്ഷിതമല്ലേ എന്നു പരിശോധിച്ച് അവിടൊക്കെക്കൂടി പറക്കുന്നുണ്ടായിരുന്നു.

പിന്നെ, തത്തമ്മ. തത്തമ്മ ഗുഡ് മോണിങ് എന്നു പറഞ്ഞു കൊണ്ടേയിരുന്നു . ഗുഡ് ഈവനിങ് പറയൂ, ഇപ്പോള്‍ വൈകുന്നേരമായി എന്ന് ലൈല പറഞ്ഞതു തീരെ വകവയ്ക്കാതെ പയറ് കൊത്തിപ്പൊളിച്ചു തിന്നു കൊണ്ടിരുന്നു അത്.

ലവ് ബേഡ്‌സിനെ വേണോ തത്തയെ വേണോ എന്നു ചോദിച്ചു അമ്മാവന്‍.

ലൈല ഒന്നും മിണ്ടാതെ നിന്നു . എന്നാല്‍ മോള്‍ക്ക് മീനിനെ വാങ്ങിത്തരട്ടെ എന്നു ചോദിച്ചു അമ്മാവന്‍ .

എന്റെ ക്ലാസിലെ കുട്ടികള്‍ ഇടയ്ക്കിടെ അവരുടെ മീനുകള്‍ ചത്തുപോയകാര്യം പറയുന്നതു കേള്‍ക്കാം . അങ്ങനെയൊക്കെ വന്നാല്‍ എനിക്ക് സങ്കടമാവും അമ്മാവാ. സങ്കടപ്പെടാനാല്ലല്ലോ സന്തോഷിക്കാനല്ലേ നമ്മളീ പെറ്റ്‌സിനെ വളര്‍ത്തുന്നത് എന്നു ചോദിച്ചു ലൈല.

അങ്ങനെ കുറനേരം എല്ലാം നോക്കിനിന്നു രസിച്ചിട്ട് വെറും കൈയോടെ അവര്‍ രണ്ടാളും കടയില്‍ നിന്നിറങ്ങി.

പിന്നെ അവര്‍ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ കയറി ഐസ്‌ക്രീം കഴിച്ചു.

പിന്നെ അവര്‍ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോള്‍ മുറ്റത്തും മരങ്ങളിലും നിറയെ കിളികളായിരുന്നു.

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

ഇതൊക്കെ എന്റെ സ്വന്തം കിളികളാണമ്മാവാ എന്നു പറഞ്ഞു ലൈല. അവരുടെ ഇഷ്ടമനുസരിച്ച് അവ പറന്നു കളിക്കുന്നതു കാണാനാണ് എനിയ്ക്കിഷ്ടം. നമ്മളെ ആരെങ്കിലും ഒരു മുറിയിലടച്ചിട്ടാല്‍ നമുക്കിഷ്ടമാവുമോ, നമ്മളെ മുറിയിലടച്ചാല്‍ നമുക്കു തോന്നുന്ന ശ്വാസം മുട്ടു തന്നെയല്ലേ നമ്മള്‍ അക്വേറിയത്തിലാക്കുന്ന മീനുകള്‍ക്കും കൂട്ടിലാക്കുന്ന കിളികള്‍ക്കും തോന്നുക എന്നു ചോദിച്ചു ലൈല.

അമ്മാവന്‍, അതെയതെ ലൈലക്കുട്ടി പറയുന്നത് ശരിയാണ് എന്നു പറഞ്ഞു .

അതിനിടെ കുറേ കരിയിലാംപീച്ചികള്‍ കരകരയെന്നു അവരുടെ കൂര്‍ത്തശബ്ദില്‍ ചിലച്ചുകൊണ്ട് നാരകമരത്തില്‍ കയറിപ്പറ്റി . കൊത്തിത്തിന്നാന്‍ പാകത്തില്‍ വല്ല പുഴുവുമുണ്ടോന്നു നോക്കുകയാവും എന്ന് ലൈല അമ്മാവനോട് പറഞ്ഞു.ഒരു ഓലേഞ്ഞാലി അതിനിടയില്‍ വന്നു തെങ്ങോലയിലിരുന്ന് ആടി .

മൂന്നാലു കൊക്കുകള്‍ മുറ്റത്ത് കൊത്തിനടന്നു. ഒരു പൊന്മാന്‍ ലൈലയുടെ തലയ്ക്കുമകളിലൂടെ പറന്നുപോയി.

എനിക്ക് സ്വന്തമായി ഇത്രയുമൊക്കെ കിളികളുള്ളപ്പോള്‍ , എനിക്കെന്തിനാണ് ഇരുമ്പഴിക്കൂട്ടില്‍ പിടിച്ചിട്ട കിളി എന്നു ചോദിച്ചു ലൈല.

അമ്മാവനവളുടെ കവിളില്‍ തലോടി, മോള്‍ പറയുന്നത് ശരിയാണ് എന്നു പറഞ്ഞു.

അപ്പോ ഒരു വണ്ണാത്തിക്കിളി ഇരുമ്പുപക്ഷിക്കൂടു പരിശോധിക്കാന്‍ അതിനകത്തു കയറി. അവള്‍ അതില്‍ ഘടിപ്പിച്ചിട്ടുള്ള ഊഞ്ഞാലില്‍ ഇരുന്നാടി.

ഈ പക്ഷിക്കൂട് ഇവിടെ കിടക്കട്ടെ , വല്ലപ്പോഴും കിളികള്‍ക്കിതില്‍ കയറി ചുമ്മാനടക്കാം, ഊഞ്ഞാലില്‍ ഇരുന്നാടാം എന്നു പറഞ്ഞു അമ്മാവന്‍.

ലൈല സമ്മതിച്ചു.

വണ്ണാത്തിക്കിളി ഊഞ്ഞാലില്‍ ആടിക്കൊണ്ട് ഒരു പാട്ടുപാടാന്‍ തുടങ്ങി .

"ലൈല നല്ല ലൈല
ലൈല നല്ല കുട്ടി" എന്നാണാ പാട്ടെന്ന് അമ്മാവന്‍ പറഞ്ഞു . ലൈലയ്ക്ക് അതു കേട്ട് സന്തോഷമായി .

കൂട്ടുകാരേ,നിങ്ങളുമൊരു ജീവിയെയും പിടിച്ച് കൂട്ടിലിട്ട് വളര്‍ത്തരുത് കേട്ടോ.

നിങ്ങളെ ഒരു മുറിയിലിട്ടടച്ചാല്‍ നിങ്ങള്‍ക്ക് ശ്വാസം മുട്ടുമെന്ന കാര്യം അപ്പോഴൊക്കെ ഓര്‍ക്കണം കേട്ടോ.

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: