കമലയുടെ വീട്ടുമുറ്റത്ത് ഒരു ദിവസം രാവിലെ ഒരാണ്‍ മയില്‍ വന്നു .
കുറേനേരം അവിടൊക്കെ കൊത്തിപ്പെറുക്കി നടന്നശേഷം , അത് പീലി വിരിച്ചാടാന്‍ തുടങ്ങി. കമലയും അപ്പൂപ്പനും അമ്മൂമ്മയും മയിലാട്ടം കാണാന്‍ വേണ്ടി മുറ്റത്തേക്കിറങ്ങി നിന്നു.
ഇതുവരെ കാണാത്ത ഒരു മനോഹരസ്വപ്‌നം മുന്നില്‍ കാണുന്നതു പോലെയുണ്ട് അല്ലേ എന്നു ചോദിച്ചു അമ്മൂമ്മ .
അവരെ കൂടാതെ ഒരണ്ണാനും മരം കൊത്തിയും കുറേ കരിയിലാംപീച്ചികളും കുറേ കൊക്കുകളും രണ്ട് പൂച്ചയും മുറ്റത്തവിടവിടെയൊക്കെ നിന്ന് നൃത്തം കാണുന്നുണ്ടായിരുന്നു.
അവരൊക്കെ അത്ഭുതപ്പെട്ട് കണ്ണുവിടര്‍ത്തിനിന്നു കണ്ടു ആ നൃത്തം . ഇത്രയും ഭംഗിയുള്ള യാതൊന്നും ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല എന്ന അഭിപ്രായക്കാരായിരുന്നു അവരെല്ലാം തന്നെ .
കരിയിലാംപീച്ചിക്ക് തന്റെ കരിയില നിറമോര്‍ത്ത് നാണമായി. അണ്ണാനും വിഷമമായി അതിന്റെ ചവുണ്ട നിറമോര്‍ത്ത്. ആകെ വെള്ള നിറമുള്ള കൊക്കിനും കറുത്ത നിറക്കാരായ പൂച്ചകള്‍ക്കും അവര്‍ക്കാകെയുള്ള ഒറ്റ നിറമോര്‍ത്ത് സങ്കടമായി.
അവർ മയിലിന്റെ കൊഴിഞ്ഞു വീണ പീലികളെടുത്ത് ഭംഗി നോക്കി കോരിത്തരിച്ചുനിന്നു .
ഈ തൂവലിലെ നാലിലൊന്ന് നിറമെങ്കിലും തങ്ങള്‍ക്കു കിട്ടിയെങ്കിലെന്നായി അവരുടെ മോഹം.
അവർ, മയിലിനോട് മിണ്ടാനാരംഭിച്ചു . മയിലിനവരെയൊക്കെ ഇഷ്ടമായി .
അവരോടൊക്കെ കൂട്ടുകൂടാന്‍ മയില്‍ റെഡിയായത് അവര്‍ക്ക് വിശ്വസിക്കാനായില്ല . എന്തൊരു വിനയം , എന്തൊരു എളിമ ഈ മയില്‍സുന്ദരന്. ഇവന് തന്റെ ഭംഗിയോര്‍ത്തോര്‍ത്ത് ഗമ വരണ്ടതാണല്ലോ ന്യായമായും – അവര്‍ ശങ്കിച്ചു.
മയില്‍ പറഞ്ഞു . ഈ പീലികള്‍ക്ക് ഭയങ്കര ഭാരമാണ് . ഇതും ചുമന്ന് പറക്കാന്‍ എന്തു വിഷമമാണെന്നോ . എനിയക്ക് ആകാശത്തുകൂടെ അധികം പറക്കാനാവില്ല ഈ തൂവല്‍ഭാരവും വച്ച് . ഞാനൊരു മരക്കൊമ്പില്‍ നിന്ന് അടുത്തുള്ള മരക്കൊമ്പിലേയ്ക്ക് പറക്കുന്നത് എന്തു വിഷമിച്ചാണെന്ന് എനിക്കേ അറിയൂ . ഇത്രയുമൊന്നും ഭംഗി വേണ്ട . ഇത്രയും നീളമുള്ള പീലികളും വേണ്ട . നൃത്തമാടാനുള്ള കഴിവും വേണ്ട . ഒന്ന് നേരാംവണ്ണം പറക്കാന്‍ പറ്റിയാല്‍ മതി എന്നാണ് എന്റെ വിചാരം. എനിക്ക് കരിയിലാം പീച്ചിയെപ്പോലെ ഒരു കൊച്ചുപക്ഷിയായാല്‍ മതി.
അതു കേട്ടതും അശ്ശശ്ശോ, ഈ സുന്ദരമയിലിനും ഉണ്ടോ അതിന്റെ രൂപത്തെക്കുറിച്ച് പരിഭവങ്ങള്‍ എന്നായി അണ്ണാരക്കണ്ണന്റെയും പൂച്ചകളുടെയും കരിയിലാംപീച്ചികളുടെയും കൊക്കുകളുടെയും ചിന്ത.

അപ്പോ കമലയിറങ്ങി മയില്‍സുന്ദരന്റെ അടുത്തേയ്ക്ക് വന്നു.
മയിലിന് മനുഷ്യരെ പേടിയായിരുന്നു . അതിനെ കണ്ടാല്‍ കല്ലെറിയലും പീലി വിരിക്കാതെ നില്‍ക്കുന്നതെന്താ എന്നു ചോദിച്ച് അതിന്റെ പിന്നാലെ നടന്ന് അതിന്റെ സ്വൈര്യം കെടുത്തലുമായിരുന്നു മനുഷ്യരുടെ സ്ഥിരം പരിപാടി. അതുകൊണ്ടാവും തന്റെ പീലിയെല്ലാം ഒതുക്കി മയില്‍സുന്ദരന്‍ പറന്ന് ചെന്ന് അവിടെ നിന്നിരുന്ന മാവിന്റെ മുകളില്‍ പോയിരുന്നു കമലയെ നോക്കി.
ഇതു വലിയ കഷ്ടമായല്ലോ, ഞാന്‍ നിന്റെ അടുത്തേയ്ക്ക് നിന്നെയൊന്ന് ഭംഗിയായി കാണാനും നിന്റെ ഫോട്ടോയെടുക്കാനും വേണ്ടി വരികയായിരുന്നല്ലോ. അപ്പോഴേക്ക് നീ ഓടിയൊളിച്ചുകളഞ്ഞോ എന്ന് കമല അതിനോട് പരിഭവം പറഞ്ഞു .
കമല പറഞ്ഞത് മയിലിനത്ര വിശ്വാസം പോരായിരുന്നു. ജീവികളെ ഉപദ്രവിക്കാത്ത മനുഷ്യരെ അത് കണ്ടിട്ടേയില്ലായിരുന്നു. ഞങ്ങൾക്ക് ഭംഗിയും ഒരു വലിയ പൊല്ലാപ്പാണ്. സ്വീകരണമുറിയിൽ അലങ്കരിക്കാൻ മയിൽപ്പീലിക്ക് വേണ്ടി ആളുകൾ ഞങ്ങളെ കൊല്ലാറു പോലുമുണ്ട്. കണ്ടിട്ടില്ലേ മയിൽപ്പീലിൽ കടയിൽ വിൽക്കാൻ വച്ചിരിക്കുന്നത് എന്നു കൂടി ചോദിച്ചു മയിൽ .
അണ്ണാരക്കണ്ണനും കൊക്കുകളും പൂച്ചകളും കരിയിലാംപീച്ചികളും ഉറപ്പു പറഞ്ഞു , ഏയ് അങ്ങനെ ജീവികളോട് ക്രൂരത കാണിയ്ക്കുന്ന തരക്കാരല്ല കമലയും അപ്പൂപ്പനും അമ്മൂമ്മയും .അവര്‍ കിളികള്‍ക്കും മറ്റു ജീവികള്‍ക്കും വേനല്‍ക്കാലത്ത് കുടിക്കാനായി വെള്ളവും കൊറിയ്ക്കാനായി അരിമണിയും മുറ്റത്തു വയ്ക്കുന്ന തരം ആള്‍ക്കാരാണ് .
അവരുടെയൊക്കെ ഉറപ്പിന്മേല്‍ മയില്‍ താഴേക്ക് പറന്നു വന്നു . എന്നിട്ട് കമലയുടെ അടുത്ത് ഇരിപ്പായി.
കമല അതിനെ തലോടി . അതിന്റെ തലയിലെ പൂവില്‍ മെല്ലെ തൊട്ടു .അവൾ പറഞ്ഞു, മയിൽപ്പീലി വാങ്ങണമെന്ന് ഒരിക്കൽ ഞാനച്ഛനോട് വാശി പിടിച്ചപ്പോൾ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട് മയിലുകളെ പിടിച്ച് കൊന്നിട്ടാണ് ഈ മയിൽപ്പീലി എടുക്കുന്നതെന്ന്. അതിൽപ്പിന്നെ മയിൽപ്പീലി വാങ്ങണമെന്ന് ഞാനൊരിക്കലും ആരോടും പറഞ്ഞിട്ടില്ല.
കമലയുടെ പെരുമാറ്റത്തില്‍ സന്തോഷം വന്നിട്ടാവും അത് പിന്നെയും പീലി വിരിച്ചു.
കമലയ്ക്ക് പീലി വിരിച്ചാടി നില്‍ക്കുന്ന മയിലിനെ വരയ്ക്കണമെന്നു തോന്നി.

അവള്‍ വീട്ടിനകത്തേയ്ക്കു പോയി ഒരു പേപ്പറെടുത്തു കൊണ്ടുവന്നു മയിലിനെ സ്കെച്ച് ചെയ്യാന്‍ തുടങ്ങി.
പിന്നെ വരച്ച മയിലിന്, അവൾ നിറം കൊടുത്തു . അപ്പോഴത് ശരിക്കും ഒരു മയിലായി.
ആ പടം കണ്ട് മയിലിനത്ഭുതമായി . നല്ല ഭംഗിയുണ്ടോല്ലോ.എനിക്ക് ശരിക്കും ഇത്ര ഭംഗിയുണ്ടോ നേരിൽ കാണുമ്പോൾ?
നിന്നെ നേരിൽ കാണുമ്പോൾ വെയിലത്ത് നിന്റെ നിറങ്ങൾ തിളങ്ങും. അപ്പോ നിന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കാൻ തോന്നും, കമല പറഞ്ഞു.
പക്ഷേ, എന്നാലും ഒരു കരിയിലാംപീച്ചിയാവുന്നതാണെനിക്കിഷ്ടം മയിൽ പറഞ്ഞു.
എല്ലാവർക്കും വേറെരാളാവാനാണല്ലോ ഇഷ്ടം എന്നോർത്തു അണ്ണാരക്കണ്ണൻ. അവന് നിറം മാറുന്ന ഓന്താവാനായിരുന്നു ഇഷ്ടം. കൊക്കിനാണെങ്കിലോ ഒരു മുയലാവാനായിരുന്നു താത്പര്യം. പൂച്ചകൾക്കാണെങ്കിലോ പട്ടികളാവാനായി രുന്നു ഇഷ്ടം.
അപ്പോ കമല പറഞ്ഞു. എനിയ്ക്ക് ഞാനാവാനാണിഷ്ടം. എനിക്ക് എന്നോട് വല്യ സ്നേഹമാണ്.
അങ്ങനെയാണ് വേണ്ടത്. അവനവനോട് സ്നേഹം വേണം എന്നു പറഞ്ഞു കൊണ്ട് അപ്പോഴതു വഴിയൊരു കാറ്റു പോയി.അപ്പൂപ്പനും അമ്മൂമ്മയും അവർക്കെല്ലാം കഴിക്കാൻ ഞാവൽപ്പഴം കൊണ്ടു കൊടുത്തു.
മയിൽ പിന്നെ ബൈ പറഞ്ഞ് പറന്നു പോയി.പോകുന്ന പോക്കിൽ കമലക്കായി ഒരു പീലി കൊഴിച്ചിടാൻ അവൻ മറന്നില്ല കേട്ടോ.