വൈകുന്നേരമായപ്പോള്‍ നല്ല മഴ ചെയ്തു.
ചൂടു കൊണ്ടുവലഞ്ഞിരിക്കുകയായിരുന്ന കുറുക്കനും മാനും ആനയും മുയലും മയിലും എല്ലാം മഴയത്തിറങ്ങിനിന്ന് ആനന്ദനൃത്തം ചെയ്തു.
തവളക്കൂട്ടം മഴയ്ക്കകമ്പടിസേവിച്ച് പേക്രോം പേക്രോം പാട്ടുപാടി.
മഴയ്ക്ക് കൂട്ടായി ഇടിയും മിന്നലുമൊക്കെ ഉണ്ടായിരുന്നു.
മഴ തുടങ്ങിയതും ഈയലുകള്‍ മണ്ണില്‍ നിന്ന് പൂക്കുറ്റി കത്തിയ്ക്കുന്നതു പോലെ പറന്നുപൊങ്ങി.
ഈയലുകളെ ശാപ്പിടാന്‍ കാക്കക്കൂട്ടം ഹാജരായി.
തവളകള്‍ കാക്കക്കൂട്ടത്തിനും ഈയലുകള്‍ക്കുമിടയിലൂടെ ചാടി നടന്നു.
ഏറ്റവും കുഞ്ഞിത്തവളയായ കുഞ്ഞനുണ്ണിത്തവളയ്ക്കുമാത്രം മഴ കാരണം ഭയങ്കരമായി തണുത്തു. വല്ലാതെ തണുപ്പിച്ചു കൊണ്ട് കടന്നുവന്ന മഴയെ അവനുമാത്രം ഇഷ്ടമായില്ല. അവന്‍ മഴയോട് പിണങ്ങി, ഇലകള്‍ കൊണ്ട് പുതച്ചിരുന്നു.
കുഞ്ഞിത്തവള മുഖം തിരിച്ച് പിണങ്ങിയിരിക്കുന്നതു കണ്ട് മഴയ്ക്ക് ഭയങ്കര വിഷമമായി.
ഇടയ്ക്കിടയ്ക്ക് ഞങ്ങളിങ്ങനെ ആകാശത്തുനിന്ന് ഭൂമിയിലേയ്ക്ക് വരുന്നതുകൊണ്ടല്ലേ നീയും നിന്റെ ബന്ധുക്കളുമൊക്കെ താമസിയ്ക്കുന്ന കുളത്തില്‍ നിങ്ങള്‍ക്ക് ജീവിയ്ക്കാന്‍ വേണ്ടുന്ന വെള്ളമുണ്ടാകുന്നത് എന്നു ചോദിച്ചു മഴ.
ആഹാ, അതു ശരിയാണല്ലോ എന്നു വിചാരിച്ചു കുഞ്ഞനുണ്ണിത്തവള.
അപ്പോ അവന് മഴയോട് ഇത്തിരി സ്‌നേഹം തോന്നി. ഇലകള്‍ കൊണ്ട് പുതച്ചിരിപ്പായിരുന്ന പച്ചിലക്കാട്ടില്‍ നിന്നും അവന്‍ മഴയത്തേയ്ക്ക് തലനീട്ടി.

അവനെ മഴത്തുള്ളികള്‍ കൊണ്ട് കെട്ടിപ്പിടിപ്പിടിച്ചു മഴ. അമ്മ കെട്ടിപ്പിടിക്കുന്നതു പോലെ പതുപതുത്ത ഒരു കെട്ടിപ്പിടുത്തമായിരുന്നു മഴയുടേത്.
“എന്റെ കുളമൊന്ന് വെള്ളം കൊണ്ട് നിറച്ചുതരാമോ മഴയേ, ഇപ്പോ അതിലാകെ ഇത്തിരി വെള്ളമേ ഉള്ളൂ,” എന്നു പറഞ്ഞു കുഞ്ഞനുണ്ണിത്തവള.
“ഒറ്റത്തവണ ഞാന്‍ വന്നാലൊന്നും നിറയില്ല നിന്റെ കുളം. ഒരഞ്ചാറു തവണ ഞാന്‍ വരേണ്ടി വന്നേക്കും അതിന്,” എന്നു പറഞ്ഞു മഴ.
“എത്ര തവണ വന്നാലും എനിക്ക് കുഴപ്പമില്ല. എന്റെ കുളമൊന്നു നിറച്ചു തന്നാല്‍ മതി. നല്ലോണം വെള്ളം നിറഞ്ഞ കുളത്തില്‍ നീന്തിത്തുടിച്ചു രസിച്ചിട്ടെത്ര കാലമായെന്നോ മഴയേ,” എന്നു പറഞ്ഞു കുഞ്ഞനുണ്ണി.
“എന്താ മഴയോടൊരു വര്‍ത്തമാനം? എന്നു ചോദിച്ച് അപ്പോ കുഞ്ഞനുണ്ണിയുടെ അമ്മ കമലത്തവള വന്നു അവിടെ.
മഴയോടു പിണങ്ങിയതും പിന്നെ മഴയോടു കൂട്ടായതും വിസ്തരിച്ചു കുഞ്ഞനുണ്ണി.
അമ്മ പറഞ്ഞു, “മഴയില്ലെങ്കില്‍ കുളം വറ്റി നമ്മളൊക്കെ ചത്തുപോകും.”
ചത്തുപോവുക എന്നു കേട്ടപ്പോഴേ കുഞ്ഞനുണ്ണിത്തവളയ്ക്ക് പേടിയായി. അവന്‍ അമ്മയുടെ വയറിനടിയിലേയ്ക്ക് പേടിച്ച് ചേര്‍ന്നിരുന്നു.
“ഞാനിടയ്ക്കിടയ്ക്ക് വരില്ലേ, അങ്ങനെയങ്ങനെ കുളം നിറയില്ലേ, പിന്നെന്തിനാ പേടിക്കുന്നത്?” എന്നു ചോദിച്ചു മഴ.
മഴ പെയ്തു കഴിയാറായിരുന്നു. മഴയുടെ വണ്ണം നേര്‍ത്തുനേര്‍ത്തു വന്നു കൊണ്ടിരുന്നു .
കുഞ്ഞനുണ്ണിത്തവള ഇപ്പോ പച്ചിലക്കാട്ടില്‍ നിന്ന് മുഴുവനായും പുറത്തുവന്ന് അമ്മയോടു ചേര്‍ന്നു നിന്ന് മഴ കാണുകയാണ് .

മഴ, അമ്മ പറയാറുള്ള കഥകളിലെ രാജകുമാരികളെപ്പോലെ സുന്ദരിയാണെന്ന് തോന്നി കുഞ്ഞനുണ്ണിക്ക്. അവന്‍ നാവു നീട്ടി മഴവെള്ളം രുചിച്ചുനോക്കി. ഹായ്, എന്തൊരു ഇളം തണുപ്പ്. കുളത്തിലെ വെള്ളത്തേക്കാളും മധുരം എന്നോര്‍ത്തു അവന്‍. അവന്‍ പിന്നെ അമ്മയുടെ കൈ പിടിച്ച് മണ്ണില്‍ കെട്ടിക്കിടന്ന വെള്ളത്തിലേയ്ക്കും പിന്നെ അവിടെ നിന്ന് അവരുടെ കുളത്തിലേക്കും ചാടി.
കുളത്തിലൂടെ അമ്മയ്‌ക്കൊപ്പം നീന്തുമ്പോള്‍ അന്നത്തെ മഴയുടെ അവസാനതുള്ളികള്‍ അവരുടെ നെറുകയില്‍ വീണു താഴേക്കൊലിച്ചിറങ്ങി .
“മഴയേ, ഇനി നീ എന്നാ വരിക?” എന്ന് കുറുക്കനും മാനും മുയലും ആനയും മയിലും ചേര്‍ന്ന് ഉച്ചത്തില്‍ ചോദിച്ചു.
“നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്നോടിത്ര സ്‌നേഹമാണെങ്കില്‍ നാളെ ഇതേ നേരത്തു വരാം,” എന്നു പറഞ്ഞു പിരിഞ്ഞു പോയി മഴ.
മഴയെക്കുറിച്ചൊരു കവിതയെഴുതി ഫെയ്‌സ് ബുക്കില്‍, അമ്മയുടെ സഹായത്തോടെ പോസ്റ്റു ചെയ്യാമെന്നു വിചാരിച്ചു കുഞ്ഞനുണ്ണിത്തവള. കുളത്തിലെ ഓളങ്ങളില്‍ ആറ്റിക്കുറുക്കി കവിതയെഴുതുകയാണ് കുഞ്ഞനുണ്ണി ഇപ്പോള്‍. നാളേക്കത് റെഡിയാവും എന്നാണ് തോന്നുന്നത്. നാളെ മഴ വരുന്ന നേരത്ത് അത് മഴയെ ചൊല്ലിക്കേള്‍പ്പിക്കാമെന്നാണ് അവന്റെ പ്ലാൻ. മഴയ്ക്കിഷ്ടപ്പെടുമോ ആവോ അവന്റെ കവിത?
അങ്ങനെ ആലോചിക്കുന്നതിനിടെ അവന്‍ രണ്ടു മൂന്നു ഈയലുകളെ സാപ്പിട്ടു.
“കുളവും നിറയ്ക്കും, ഭക്ഷണമായി ഈയലുകളെ കൊണ്ടുത്തരികയും ചെയ്യും, പിന്നെ എങ്ങനെയാണ് നിനക്ക് മഴയോട് കൂട്ടാകാതിരിക്കാന്‍ പറ്റുക, അല്ലേ? ആദ്യം തോന്നിയ ഇഷ്ടക്കേട് മാറി എത്ര പെട്ടെന്നാണ് നീ മഴയോട് കൂട്ടായത്,” എന്നു ചോദിച്ചു അമ്മ.
എന്നിട്ടവന്റെ തലയില്‍ തലോടി പറഞ്ഞു, “ഇഷ്ടം ഇഷ്ടക്കേടാവാനും ഇഷ്ടക്കേട് ഇഷ്ടമാവാനും ഇത്തിരി നേരമേ വേണ്ടൂ.”
അമ്മ പറഞ്ഞത് എത്ര വലിയ സത്യമാണെന്നോര്‍ത്തു കുഞ്ഞനുണ്ണി.