കുഞ്ഞിത്താറാവിന് വയറുവേദന വന്നു. തലേദിവസം കഴിച്ച എന്തോ ദഹിക്കാഞ്ഞിട്ടാണ് വയറുവേദന എന്നു പറഞ്ഞ് താറാമ്മ അവളുടെ വയറ് തിരുമ്മിക്കൊടുത്തു.
അതുകൊണ്ടൊന്നും പോയില്ല വയറുവേദന.
താറാക്കുഞ്ഞ് വയറമര്‍ത്തിപ്പിടിച്ച് വലിയ വായിലേ കരച്ചിലായി .
താറാമ്മ ചൂടുവെള്ളം കുടിക്കാന്‍ കൊടുത്തു നോക്കി. എന്നിട്ടും മാറിയില്ല വയറുവേദന.
പിന്നെ ചൂടുവെള്ളം നിറച്ച ഹോട്ട്‌വാട്ടര്‍ബാഗ് വയറ്റിലമര്‍ത്തി വച്ചു നോക്കി . എന്നിട്ടും മാറിയില്ല വയറുവേദന .
പിന്നെ താറാമ്മ ഇഞ്ചിചതച്ച് പഞ്ചസാരയും കൂട്ടി കൊടുത്തുനോക്കി . എന്നിട്ടും മാറിയില്ല വയറു വേദന .
ഇനി എന്തു ചെയ്യും, താറാമ്മയ്ക്ക് ആധിയായി.
താറാമ്മ ഡോക്ടർ കുളക്കോഴിയെ വിളിച്ച് അപ്പോയിന്‍മെന്റ് എടുത്തു.
പിന്നെ താറാക്കുഞ്ഞിനെ എടുത്തിരുത്തി കാറ് സ്റ്റാര്‍ട്ട് ചെയ്തു .
താറാമ്മ വണ്ടി നേരെ വിട്ടു, ഡോക്ടര്‍ കുളക്കോഴിയുടെ അടുത്തേയ്ക്ക്.
ഇരുപതു മിനിട്ടു കൊണ്ട് ഡോക്ടറുടെയടുത്ത് അവരെത്തി.
ആശുപത്രിയില്‍ വലിയ തിരക്കായിരുന്നു കേട്ടോ.
പക്ഷേ താറാക്കുഞ്ഞ് വേദന കൊണ്ട് പുളയുകയായിരുന്നല്ലോ. അവളെ പെട്ടെന്ന് തന്നെ ഡോക്ടർ കുളക്കോഴി,കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നെ ഇന്‍ജക്ഷനായി, ഡ്രിപ് കൊടുക്കലായി, എക്‌സ്‌റേ എടുക്കലായി -ആകെ ബഹളം.

താറാക്കുഞ്ഞ് ആകെ പേടിച്ചുപോയി. അമ്മ എന്റടുത്തിരിക്ക് എന്നവള്‍ കരച്ചിലായി.
ഡോക്ടർ, അവളുടെ തലയില്‍ തലോടി, ഇപ്പോ മാറും കേട്ടോ എന്നു സമാധാനിപ്പിച്ചു.ശരിയായിരുന്നു കേട്ടോ ഡോക്ടർ പറഞ്ഞത്
മരുന്ന് ഉള്ളില്‍ച്ചെന്ന് കുറച്ചു കഴിഞ്ഞതും താറാക്കുട്ടിയുടെ വേദന കുറഞ്ഞു .
അവള്‍ക്ക് എഴുന്നേറ്റിരിക്കാമെന്നായി, ചിരിക്കാമെന്നായി.
ഇപ്പോ വേദന മാറിയില്ലേ, ഇനി കുറച്ചുനേരം അനങ്ങാതെ കിടന്ന് ഈ ഡ്രിപ് തീരും വരെ വിശ്രമിക്ക്, മറ്റു രോഗികളെ നോക്കിത്തീര്‍ത്തിട്ട് വരാം എന്നു പറഞ്ഞ് ഡോക്ടർ പോയി.
ഡ്രിപ്പില്‍ നിന്ന് ട്യൂബിലൂടെ ഓരോ തുള്ളി അടര്‍ന്നു വീഴുന്നത് നോക്കിനോക്കി രസിച്ചു കിടന്ന് താറാക്കുഞ്ഞ് ഉറങ്ങിപ്പോയി.
ഉറക്കത്തില്‍ താറാക്കുഞ്ഞ് സ്വപ്‌നം കണ്ടു. താറാക്കുഞ്ഞ് വളരെ വലിയ , സുന്ദരിയായ ഒരു താറാവായിത്തീര്‍ന്നിരുന്നു സ്വപ്‌നത്തില്‍ . കഴുത്തില്‍ സ്‌റ്റെതസ്‌ക്കോപ്പിട്ട്, വെളുത്ത കോട്ടൊക്കെയിട്ട് ഒരു ഡോക്ടറായിത്തീര്‍ന്നിരുന്നു താറാക്കുഞ്ഞ്.
ഡോക്ടര്‍ കുളക്കോഴിയുമുണ്ടായിരുന്നു സ്വപ്‌നത്തില്‍ .
ഡോക്ടർ വയസ്സനായിരുന്നു. ഡോക്ടര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തിരുന്നു അദ്ദേഹം. ഏതോ വലിയ അസുഖം വന്ന് ആശുപത്രിയില്‍ കിടക്കുകയായിരു ന്നു കുളക്കോഴി ഡോക്ടർ. ആകെ അവശനായിരുന്നു അദ്ദേഹം, വേദന സഹിക്കാതെ കരയുകയും പുളയുകയും ആയിരുന്നു.
അദ്ദേഹത്തെ ചികിത്സിക്കുന്നത് നമ്മുടെ താറാഡോക്ടര്‍ആയിരുന്നു . താറാഡോക്ടര്‍ ഒട്ടും നോവാതെ ഇന്‍ജക്ഷന്‍ കൊടുത്തുറക്കി വയസ്സനായ കുളക്കോഴി ഡോക്ടറെ.കുളക്കോഴി ഡോക്ടറുടെ നെറ്റിയില്‍ തലോടി , ഉറങ്ങിക്കോളൂ എന്നു പറഞ്ഞു താറാഡോക്ടര്‍.
സ്വപ്‌നം അത്രയുമായപ്പോഴേയ്ക്ക് താറാക്കുഞ്ഞ് സ്വപ്‌നത്തില്‍ നിന്നുണര്‍ന്നു . അമ്മയോട് അവള്‍ ചോദിച്ചു. ഞാന്‍ വലുതായോ, വലുതായി ഡോക്ടറായോ?
അമ്മ അവളെ എടുത്ത് മടിയിലിരുത്തി. എന്നിട്ട് ചോദിച്ചു, കുഞ്ഞ് സ്വപ്‌നം കണ്ടോ?
അപ്പോഴേയ്ക്ക് ബാക്കി രോഗികളെയൊക്കെ ചികിത്സിച്ച ശേഷം, എങ്ങനുണ്ട് താറാക്കുഞ്ഞേ? എന്നു ചോദിച്ച് കുളക്കോഴി ഡോക്ടര്‍ വന്നു, .

ഒക്കെ ഭേദമായി എന്നു പറഞ്ഞു അമ്മ. താറാക്കുഞ്ഞ്, ഡോക്ടര്‍ക്ക് ഒരുമ്മ കൊടുത്തു.
ഞാന്‍ വലുതാകുമ്പോ ഒരു ഡോക്ടറാകും , എന്നിട്ട് ഡോക്ടര്‍ക്ക് അസുഖം വരുമ്പോ ചികിത്സിക്കും എന്നു പറഞ്ഞു കുളക്കോഴി ഡോക്ടറെ കെട്ടിപ്പിടിച്ചു താറാക്കുഞ്ഞ്.
ഡോക്ടർ കുളക്കോഴി അതു കേട്ട് മിടുക്കി എന്നു പറഞ്ഞവളുടെ തോളിൽ തട്ടി. എന്നിട്ട് അവള്‍ക്ക് ഒരു ചിത്രശലഭത്തിന്റെ സ്റ്റിക്കര്‍ കൊടുത്തു. അത് ഇനി കളര്‍ ചെയ്യണം. കളര്‍പെന്‍സിലൊക്കെ വീട്ടിലാണല്ലോ . താറാക്കുഞ്ഞിന് വീട്ടിലെത്തി സ്റ്റിക്കര്‍ കളര്‍ ചെയത് അവളുടെ ഭിത്തിയിലൊട്ടിക്കാന്‍ തിടുക്കമായി.
വീട്ടില്‍പ്പോകണമെങ്കില്‍ ആശുപത്രിയിലെ ചികിത്സയുടെ പണം അടയ്ക്കണം , എന്നാലേ ആശുപത്രിക്കാര് നമ്മളെ ഡിസ്ചാര്‍ജ് ചെയ്യുള്ളൂ എന്നു പറഞ്ഞു അമ്മ.
അവർ, ഹോസ്പിറ്റല്‍ ബില്‍ വരുന്നതും കാത്ത് ഇരിക്കുകയാണ് ഇപ്പോ . താറാക്കുഞ്ഞിന്റെ ഡ്രിപ്പും തീര്‍ന്നു. ഡ്രിപ് ഇട്ടിടത്ത് കൈയിലിത്തിരി നീരുണ്ട്. അവിടെ മരുന്നു പുരട്ടിക്കൊടുത്തു കുയില്‍ നേഴ്‌സമ്മ.
താറാക്കുഞ്ഞ് അമ്മയുടെ മടിയില്‍ തല വെച്ചു കിടന്ന് വീണ്ടും സ്വപ്‌നം കാണാന്‍ തുടങ്ങി, ഡോക്ടറാകുന്നതിനെ കുറിച്ച്.
അമ്മ പറഞ്ഞു ഡോക്ടറാകണമെങ്കില്‍ എം ബി ബി എസ് എന്ന കോഴ്‌സിനാണ് പഠിക്കേണ്ടത്. അതിന് അഡ്മിഷന്‍ കിട്ടാന്‍ എന്‍ട്രന്‍സ് എഴുതി നല്ല മാര്‍ക്ക് വാങ്ങണം.
എം ബി ബി എസിനെകുറിച്ച് ഓരോരോ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ താറാക്കുഞ്ഞ്, അമ്മയോട്.
കുഞ്ഞുങ്ങളേ, നിങ്ങള്‍ വലുതാകുമ്പോള്‍ ആരാവും ? എന്തു പഠിക്കും. എന്തു പഠിച്ചാലും വേണ്ടില്ല നല്ല ആളുകളാവണം കേട്ടോ എല്ലാവരും.