കുളത്തിന്റെ അരികിലുള്ള പൊന്തക്കാട്ടിലായിരുന്നു കൊക്കിന്റെ താമസം.
കുളത്തനരികില്‍ അവന്‍ താമസമാക്കിയത് എന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ അല്ലേ?
മീന്‍ പിടിക്കാനും പിടിച്ച മീനിനെ ഉടനെ കറുമുറാ എന്ന് സാപ്പിടാനും കുളത്തിനരികെ താമസിക്കുന്നതല്ലേ സൗകര്യം?
അവനങ്ങനെ രാജകീയമായി കുളത്തിനരികിലൊറ്റയ്ക്ക് രസിച്ചു താമസിക്കുന്നതിനിടയിലാണ് ഒരു പൊന്മാന്‍ കുളത്തിനരികില്‍ പൊത്തുണ്ടാക്കി അങ്ങോട്ട് താമസം മാറ്റിയത് . പൊന്മാനും മീന്‍ തീറ്റിക്കാരനാണല്ലോ.
അവനും കുളത്തില്‍ മീനിന്റെ അനക്കമുണ്ടോ എന്ന് പരിശോധിച്ചിരിപ്പായി സദാസമയവും.
കൊക്കിന് അവനൊരു ശല്യമായെന്നു പറഞ്ഞാല്‍ മതിയല്ലോ. കൊക്ക് ഉന്നം വയ്ക്കുന്ന മീനിനെ തന്നെയാവും പൊന്മാനും ഉന്നം വയ്ക്കുന്നത് . അല്ലെങ്കില്‍ പൊന്മാന്‍ ഉന്നം വയ്ക്കുന്ന മീനിനെയാവും കൊക്ക് ഉന്നം വയ്ക്കുന്നത്.
ഒരേ സമയത്ത് രണ്ടുപേരും പറക്കും ആ മീനിനെ ലക്ഷ്യമാക്കി. പക്ഷേ ആര്‍ക്കെങ്കിലും ഒരാള്‍ക്കല്ലേ മീനിനെ കൊത്തിയെടുത്തു പറക്കാന്‍ പറ്റൂ . അപ്പോ അവര് രണ്ടു പേരും തമ്മില്‍ ഈ മീനിനെ ആദ്യം കണ്ടത് ഞാാണ്, ഞാനണിതിനെ ആദ്യം കൊത്തിപ്പറക്കാന്‍ ഒരുങ്ങിയത്, ഞാന്‍ തൊട്ടതിനു ശേഷമാണ് നീയിതിനെ തൊട്ടത് എന്നു പറഞ്ഞ് വഴക്കാവും.
ദേഷ്യം വന്ന് അവര് തമ്മില്‍ കൊത്തിപ്പറിക്കും.രണ്ടുപേരുടെയും തൂവലുകള്‍ പറന്ന് അവിടം യുദ്ധക്കളമാവും. അതിനിടയില്‍ അവരുടെ വഴക്കിനു കാരണമായ മീന്‍ അവിടെക്കിടന്ന് പിടയുന്നതു കണ്ട് വല്ല കാക്കയോ മറ്റോ അത് കൊത്തിക്കൊണ്ടുപോയി സാപ്പിടും . വഴക്കിന്റെ ബഹളത്തിനിടയില്‍ കൊക്കും പൊന്മാനും അത് കാണില്ല . അവസാനം വഴക്കൊക്കെ കഴിഞ്ഞ് കൊത്തിപ്പറിച്ചവശരായി ഇരിയ്ക്കുമ്പോഴാവും അപ്പുറത്തെ തെങ്ങിലിരുന്ന് കാക്ക ചിരിച്ചു കൊണ്ടു പറയും, ഞാന്‍ തിന്നേ നിങ്ങളുടെ വഴക്കിനു കാരണമായ മീന്‍. അപ്പോ രണ്ടു പേരും അയ്യടാ എന്ന് ചമ്മിയിരിപ്പാവും.
ഇതു തന്നെ ആവര്‍ത്തിക്കും വൈകുന്നേരം വരെ . അവരിലാരെങ്കിലും മീന്‍ പിടിക്കും, പിന്നെ വഴക്കാവും, അതിനിടയില്‍ കാക്ക വന്ന് ആ മീനിനെ റാഞ്ചിക്കൊണ്ടുപോകും, ഫലമോ കൊക്കും പൊന്മാനും പട്ടിണി. അവർ പിന്നെ കുളത്തിലെ വെള്ളം കുടിച്ച് വയര്‍ നിറയ്‌ക്കേണ്ടതായി വരും .
അങ്ങനെയിരിക്കെ അവിടെ പുതിയ താമസക്കാരന്‍ വന്നു . ഒരു കരിങ്കുട്ടിആമ.

ആമ ചെറിയ ചെറിയ സസ്യങ്ങളും പ്രാണികളും ഒക്കെ കഴിച്ചു രസിച്ചു താമസിക്കുന്നതിനിടയില്‍ എന്നും പതിവുള്ള കൊക്കിന്റെയും പൊന്മാന്റെയും വഴക്ക് കാണാനിടയായി.
അവന്‍ , അവരോട് കൂട്ടാകാന്‍ ചെന്നു . കൊക്ക് അവനോട് ഹായ് പറഞ്ഞു.
നീലപ്പൊന്മാന്‍ ഗുഡ് മോണിങ് പറഞ്ഞു.
ആമ പറഞ്ഞു – നിങ്ങളുടെ വഴക്കു കേട്ടാണ് ഞാനെന്നും ഉണരുന്നത് തന്നെ . എന്തൊരു കോലാഹലമാണ് നിങ്ങളുടെ വഴക്ക്.
പൊന്മാനിനും കൊക്കിനും അതു കേട്ടപ്പോ നാണാമായി . എന്നാലും അവർ കാര്യങ്ങൾ വിശദീകരിച്ചു.
അപ്പോ ആമ ചോദിച്ചു, എന്നിട്ടവസാനം ആ മീനിനെ കാക്കച്ചാര്‍ കൊണ്ടുപോയിത്തിന്നുകയല്ലേ പതിവ് ? നിങ്ങള്‍ക്കോ വഴക്കു കൂടിയതിന്റെ ക്ഷീണം മാത്രം മിച്ചം അല്ലേ ?
മീന്‍ നഷ്ടമായിക്കഴിയുമ്പോള്‍ വല്ല കൊച്ചു പ്രാണികളെയോ പുഴുക്കളെയോ മറ്റോ തിന്ന് വിശപ്പടക്കേണ്ടി വരും അല്ലേ എന്നു ചോദിച്ചു ആമ.
കൊക്കും പൊന്മാനും ഇളിഭ്യരായി തലയാട്ടി.
ആമ പറഞ്ഞു . ഇനി മീനിനെ കിട്ടുമ്പോ എന്റെടുക്കാല്‍ കൊണ്ടുവന്നു തരാമെങ്കില്‍ ഞാന്‍ നിങ്ങളുടെ പ്രശ്നം പരിഹരിച്ചുതരാം.
അതു കേട്ടതും കൊക്കും പൊന്മാനും തലകുലുക്കി സമ്മതിച്ചു . അവര്‍ക്കെന്നും വഴക്കു കൂടി മടുത്തുപോയിരുന്നു .
പിറ്റേന്ന് രാവിലെ ആമ ഉണര്‍ന്നതുതന്നെ, കൊക്കും പൊന്മാനും വിളിച്ചിട്ടാണ് . അവര്‍ക്കൊരു മീനിനെ കിട്ടിയതും കൊണ്ടായിരുന്നു അവരുടെ വരവ്. ഞാനാണിതിനെ ആദ്യം കണ്ടത് എന്നു കൊക്കും ഞാനാണിതിനെ പിടിച്ചത് എന്നു പൊന്മാനും ആകെ ബഹളമായി.
ഒച്ച വയ്ക്കാതെ സമാധാനമായിരിക്ക് എന്നു പറഞ്ഞു ആമ .
എന്നിട്ട് ആമ ,ആ മീനിനെ രണ്ടായി മുറിച്ചു . രണ്ട് തുല്യം കഷ്ണങ്ങള്‍.
ഒരു കഷ്ണം കൊക്കിനും മറ്റേ കഷ്ണം പൊന്മാനും കൊടുത്തു . അവരത് ആര്‍ത്തിയോടെ തിന്നു.

രാവിലെ ഒരു മീന്‍ കഷണം തിന്നാന്‍ കിട്ടിയിട്ട് എത്ര നാളായെന്നോ എന്നു പറഞ്ഞ് കൊക്ക് ആമയെ കെട്ടിപ്പിടിച്ചു. പൊന്മാന്‍ അത്ഭുതപ്പെട്ടു, എന്റെ ആമച്ചാരേ നീ എത്ര എളുപ്പമാണ് ഞങ്ങളുടെ പ്രശ്‌നം പരിഹരിച്ചു തന്നത്.
ആമ പറഞ്ഞു, ഒന്നിലേക്കും എടുത്തു ചാടാതിരിക്കുക.എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട് ഈ ലോകത്തില്‍. ഒന്നു സമാധാനമായി ചിന്തിച്ചാല്‍ മതി , പരിഹാരത്തിനുള്ള വഴി തെളിഞ്ഞു വരും.
അപ്പറഞ്ഞത് ശരിയാണ് . മീനിനെ ആരാണ് കണ്ടത് , ആരാണാദ്യം പിടിച്ചത് എന്നൊക്കെ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഞങ്ങളാ മീനിനെ രണ്ടായി പകുത്തു കഴിച്ചിരുന്നെങ്കില്‍ ഈ വഴക്കും വക്കാണവും ഒന്നും ഉണ്ടാകുമായിരുന്നില്ല അല്ലേ?
ആമ പറഞ്ഞു: ശരിയാണ് .
ഇനിയും ഞങ്ങളിങ്ങനെ ഞങ്ങള്‍ പിടിച്ച മീനിനെ കൊണ്ടു വന്നാല്‍ പകുതി പകുതിയായി മുറിച്ച് തരുമോ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എന്നു ചോദിച്ചു കൊക്കും പൊന്മാനും .
ഏറ്റു എന്നു പറഞ്ഞു ആമ .
എന്തെളുപ്പമാണല്ലേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നത് എന്ന് പറഞ്ഞു കൊക്ക്. എന്നിട്ടവരു മൂന്നും കൂടി കൈകള്‍ കോര്‍ത്തു പിടിച്ച് ഒരു കുളത്തിൻകര നൃത്തം പാസ്സാക്കി.
അതു കാണാന്‍ നല്ല രസമുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലേ?