scorecardresearch

കാട്ടാനയില്‍ നിന്ന് ദിനോസറിലേക്ക് ഒരു ശങ്കു

"ശങ്കു വാശി പിടിച്ചു. അങ്ങനൊന്നും പരഞ്ഞാല്‍ പറ്റില്ല. എനിക്കിപ്പോ വേണം ജീവനുള്ള ദിനോസറിനെ"വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

"ശങ്കു വാശി പിടിച്ചു. അങ്ങനൊന്നും പരഞ്ഞാല്‍ പറ്റില്ല. എനിക്കിപ്പോ വേണം ജീവനുള്ള ദിനോസറിനെ"വേനലവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാനും വായിച്ചു കൊടുക്കാനുമായി പ്രിയ എ എസ് എഴുതുന്ന അവധിക്കാല കഥാപരമ്പരയിലെ കഥ.

author-image
Priya A S
New Update
priya as , childrens stories, iemalayalam

ചിത്രീകരണം: വിഷ്‌ണു റാം

ശങ്കുവിന്റെ അമ്മ ടിവി കാണുകയായിരുന്നു. കാട്ടാനയെ താപ്പാനകളുടെ സഹായത്തോടെ പിടിച്ച് മറ്റൊരു കാട്ടിലേക്ക് ഒരു കൂറ്റന്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്നതായിരുന്നു ടിവിയില്‍ . പരിചയമില്ലാത്ത കാട്ടില്‍ച്ചെന്ന് അവന്‍ എങ്ങനെ ജീവിക്കും എന്ന് തന്നത്താന്‍ ചോദിച്ചു ശങ്കുവിന്റെ അമ്മ. ദിനോസറിനെ വച്ച് കളിക്കുന്നതിനിടെ ടിവിയിലേക്ക് പാളിനോക്കുന്നുണ്ടായിരുന്നു ശങ്കു .

Advertisment

പുതിയ കാട്ടിലും കാണും കരിമ്പും വാഴയും എന്നു പറഞ്ഞു ശങ്കു . അതൊക്കെ നാട്ടിലേ ഉള്ളൂ , കാട്ടിലെ ആനയെ നാട്ടില്‍ കൊണ്ടുവന്ന് അതിനെ തീറ്റി ശീലിപ്പിക്കുന്നതാണ് അങ്ങനെയൊക്കെ എന്നു പറഞ്ഞു അമ്മ .

ശങ്കു അപ്പോള്‍ അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അമ്മയുടെ അടുത്തേക്ക് തന്റെ കളിദിനോസറുമായി എണീറ്റു ചെന്നു ചോദിച്ചു. എനിക്ക് കാട്ടില്‍ നിന്ന് ശരിക്കുമുള്ള ഒരു ദിനോസറിനെ ഇതുപോലെ പിടിച്ചു കൊണ്ടു വന്നു തരാമോ?

അമ്മ അവന്റെ ചോദ്യം കേട്ട് ചിരിച്ചുപോയി. അമ്മ അവനെ എടുത്ത് മടിയിലിരുത്തി പറഞ്ഞു. ദിനോസറുകള്‍ പണ്ടുപണ്ടു പണ്ടത്തെ ജീവികളാണ് . അവയിപ്പോ എവിടെയുമില്ല . ദിനോസറുകളുടെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും മാത്രമേയുള്ളു തത്ക്കാലം ഭൂമിയില്‍.

Advertisment

ശങ്കു വാശി പിടിച്ചു. അങ്ങനൊന്നും പറഞ്ഞാല്‍ പറ്റില്ല. എനിക്കിപ്പോ വേണം ജീവനുള്ള ദിനോസറിനെ.

ദിനോസറുകള്‍ ആക്രമകാരികളാണ്. അവരുടെ വാലു കൊണ്ടൊരു തല്ലു തല്ലിയാല്‍ നമ്മള്‍ ചത്തുപോകും എന്നു പറഞ്ഞു അമ്മ .

എന്റെ ദിനോസര്‍ അങ്ങനെയൊന്നും ചെയ്യില്ല, അവനെ ഞാന്‍ എന്റെ പെറ്റായിട്ട് വളര്‍ത്തുകയല്ലേ ചെയ്യുക, അപ്പോ അവന് എന്നോട് നല്ല സ്‌നേഹമായിരിക്കും - ശങ്കു പറഞ്ഞു.

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

ആട്ടെ, ദിനോസറിനെ കിട്ടിയാല്‍ അവനെന്താ പേരിടുക എന്നായി അമ്മ. ശങ്കു ആലോചിക്കാന്‍ തുടങ്ങി. റെക്‌സ് എന്നു പേരിടാം എന്ന് അമ്മ പറഞ്ഞു. ടെറി എന്നു പേരിടാമെന്നായി ശങ്കു. എന്നാല്‍ റെക്‌സ് ടെറി എന്നു പേരിടാം എന്ന അമ്മയുടെ നിര്‍ദ്ദേശം ശങ്കുവിന് ഇഷ്ടപ്പെട്ടു.

നമ്മളവന് എന്താ കഴിക്കാന്‍ കൊടുക്കുക എന്നു ചോദിച്ചു അമ്മ.

തേങ്ങാപ്പാലില്‍ പഞ്ചസാര ചേര്‍ത്ത് അതില്‍ മുക്കി പത്തിരി കഴിക്കുന്നതാവും അവനിഷ്ടം എന്നു പറഞ്ഞു ശങ്കു . അത് ശങ്കുവിനേറ്റവും ഇഷ്ടമുള്ള ഭക്ഷണമല്ലേ എന്നു ചോദിച്ചു അമ്മ. എന്റെ ഇഷ്ടങ്ങളൊക്കെത്തന്നെയാവും അവന്റെയും ഇഷ്ടം എന്ന് പറഞ്ഞു ശങ്കു.

അപ്പോ അവന് മാമ്പഴജ്യൂസു കുടിക്കാനും ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച തണ്ണിമത്തന്‍ പൂളുകള്‍ കഴിക്കാനും കൊഴുവ ഫ്രൈ കഴിയ്ക്കാനും ഇഷ്ടമായിരിക്കും അല്ലേ എന്നു ചിരിച്ചുകൊണ്ട് ചോദിച്ചു അമ്മ . അതേയതേ, എനിക്കിതൊക്കെയാണല്ലോ ഇഷ്ടം, അപ്പോ പിന്നെ അതൊക്കെ അവനും ഇഷ്ടം തന്നെയായിരിക്കും എന്നു പറഞ്ഞു അവന്‍.

അമ്മ അവനെ എടുത്തുകൊണ്ട് ചോദിച്ചു , എന്നാപ്പിന്നെ നമുക്ക് തൽക്കാലം പത്തിരി കഴിക്കാന്‍ പോയാലോ ? വിശക്കണില്ലേ അമ്മയുടെ കുട്ടിക്ക്?

ദിനോസറിനെ കാട്ടില്‍ നിന്നു പിടിക്കാന്‍ ആളുകളെ ഏര്‍പ്പെടുത്തിയോ എന്നു ചോദിച്ചു ശങ്കു .

ദിനോസറിനെ പിടിക്കാന്‍ പരിചയമുള്ള ആളുകളെ വേണെന്നു പറഞ്ഞ് പത്രത്തില്‍ പരസ്യം കൊടുക്കാം എന്നു പറഞ്ഞു അമ്മ .

അതൊന്നും വേണ്ട, കുട്ടികളെ ദിനോസറുകള്‍ക്ക് വലിയ ഇഷ്ടമാണ് , അവരിലാരെങ്കിലും ഒരു ദിനോസറിനെ വളര്‍ത്താന്‍ ആലോചിച്ചാല്‍ അപ്പോ തന്നെ അതറിയും അവർ, അതറിഞ്ഞാലുടനെ അവര്‍ കാട്ടില്‍ നിന്ന് കുട്ടിയുടെ അടുത്തേയ്ക്ക് പുറപ്പെടും എന്നു പറഞ്ഞു അവരുടെ സംസാരം കേട്ടു കൊണ്ടിരുന്ന അച്ഛന്‍.

അച്ഛന്‍ പറഞ്ഞത് നല്ലോണം രസിച്ചു ശങ്കുവിന് .

എന്നാലമ്മയുടെ കുട്ടിയെ അമ്മ കുളിപ്പിക്കാം, എന്നിട്ട് നമുക്ക് കഴിക്കാനിരി ക്കാം എന്നു പറഞ്ഞു അമ്മ.

അല്ല, റെക്‌സ് ടെറി വന്നിട്ടുപോരേ കുളിക്കുന്നതും കഴിക്കുന്നതും എന്നു ചോദിച്ചു ശങ്കു.

അവന്‍ കാട്ടില്‍ നിന്ന് ഇത്ര ദൂരം നടന്നെത്തണ്ടേ , ഒരുപാട് സമയമെടുക്കും എന്നു പറഞ്ഞു അമ്മ.

കുട്ടികള്‍ കൊതിച്ചാല്‍ അവര് പറന്നാണെത്തുക എന്നു പറഞ്ഞു ശങ്കു .

ഓഹോ , അങ്ങനെയാണോ എന്നു തിരക്കി അമ്മ. എന്തായാലും റെക്‌സ് ടെറി വരുമ്പോഴേയ്ക്ക് കുളിച്ചും കഴിച്ചുമൊക്കെ മിടുക്കനായി നിന്നേക്കാം എന്നു പറഞ്ഞു അമ്മ .

പോകുന്ന പോക്കില്‍ അമ്മ, അച്ഛനോട് ആ പത്തിരിയൊക്കെ ഒന്നു വിളമ്പിവച്ചേക്ക് മേശപ്പുറത്ത് എന്നു പറഞ്ഞു .

അമ്മയും മകനും കുളിക്കാനും പോയി , അച്ഛന്‍ പത്തിരിപ്പാത്രവും പ്ലേറ്റും എടുക്കാനും പോയി .
പത്തിരി രണ്ടെണ്ണം പ്ലേറ്റിൽ എടുത്തു വച്ചു അച്ഛന്‍. അതിനിടെ അച്ഛനെ ആരോ വിളിച്ചു മുന്‍വശത്തുനിന്ന് .
അപ്പോ അച്ഛനങ്ങോട്ട് പോയി.

ഇത്തിരി കഴിഞ്ഞപ്പോ അമ്മ ശങ്കുവിനെ കുളിപ്പിച്ച് തോര്‍ത്തുടുപ്പിച്ച് കൊണ്ടുവന്നു .

priya as , childrens stories, iemalayalam
ചിത്രീകരണം: വിഷ്‌ണു റാം

അവര്‍ നോക്കുമ്പോഴുണ്ട് പ്ലേറ്റിലെ പത്തിരി ആരോ പകുതി കഴിച്ചിരിക്കുന്നു .

ആരാവും അത് ?

പൂച്ചയാവും, ഒരു കള്ളപ്പൂച്ച കുറേദിവസമായി ഇവിടെ കറങ്ങി നടപ്പുണ്ട് അമ്മ പറഞ്ഞു .

ഏയ് അല്ല, റെക്‌സ് ടെറി എന്ന നമ്മുടെ ദിനോസറാവും , അവന്‍ പറന്നുവന്നു കാണും ഇതിനകം , എന്നെ കണ്ടപ്പോ, പത്തിരി തിന്നല്‍ മതിയാക്കി എന്നെ പറ്റിക്കാന്‍ ഒളിച്ചിരിക്കുന്നതാവും - ശങ്കു പറഞ്ഞു.

പത്തിരിക്കഷ്ണവും തിന്നുകൊണ്ട് ജനലിലൂടെ ഓടിമറഞ്ഞ കള്ളപ്പൂച്ചയെ ഓടിച്ച് മുന്‍വശത്തുനിന്ന് തിരിച്ചു വന്ന അച്ഛന്‍ , ശങ്കുവിന്റെ ദിനോസര്‍ പത്തിരിക്കഥ നല്ലോണം ശ്രദ്ധിച്ചു കേട്ടു .

ശങ്കു പറഞ്ഞത് ശരിയായിരിക്കും , കുട്ടികള്‍ക്കാണ് അവരുടെ പെറ്റ് ആകാന്‍ പോകുന്ന ജീവിയെകുറിച്ചു നല്ലോണമറിയുക എന്നച്ഛന്‍ പറഞ്ഞു .

അതു കേട്ട് ശങ്കുവിന് സന്തോഷമായി . പത്തിരി കഴിച്ചു കഴിഞ്ഞതും ശങ്കുവിന് ഉറക്കം വന്നു .അവനെ അമ്മ എടുത്തു കട്ടിലില്‍ കിടത്തിയുറക്കി .

ഉണരുമ്പോള്‍ ശങ്കു, റെക്‌സ് ടെറിയെ അന്വേഷിക്കില്ലേ , അപ്പോ നമ്മളവന് എവിടെനിന്ന് കൊണ്ടു കൊടുക്കും റെക്‌സിനെ , അവന്‍ ഉറക്കത്തില്‍ കണ്ട സ്വപ്‌നമാണെന്നു പറയാം അല്ലേ എന്നു ചോദിച്ചു അമ്മ .

ടിവിയിലപ്പോഴും കാട്ടുകൊമ്പനെ കാട്ടിലേക്കിറക്കി വിട്ടിട്ടില്ലായിരുന്നു.

അച്ഛന്‍ അതിലേക്ക് പാളിനോക്കിപ്പറഞ്ഞു , റെക്‌സ് ടെറിക്ക് കൊമ്പനോട് പാവം തോന്നിയിട്ട്, അവനു പുതിയ കാടും പരിസരങ്ങളും അവിടത്തെ ജീവികളെയും പരിചയപ്പെടുത്താന്‍ കൊമ്പന്റെ കൂടെ കാട്ടിലേക്കു പോയി എന്നു പറയാം.

എന്നിട്ടച്ഛന്‍ ശങ്കുവിന് ഒരുമ്മ കൊടുത്തു. പിന്നെ ശങ്കുവിനെ പുതപ്പിച്ചു . അവന്റെ കൈയില്‍ നിന്ന് ദിനോസര്‍ കളിപ്പാട്ടമെടുത്ത് മാറ്റിവച്ചു.

ഉറക്കത്തില്‍, റെക്‌സ് എന്നു വിളിച്ചു ശങ്കു.

പാവം , ശങ്കുവും പാവം റെക്‌സ് െടറിയും പാവം കാട്ടാനക്കൊമ്പനും , അല്ലേ?

Priya As Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: