അപ്പുവിന് ഒരു കളിപ്പാട്ട ജിറാഫുണ്ട്. മുറിയുടെ പകുതിയോളം ഉയരമുണ്ടവന്. ആ ടോയിയോടൊപ്പം ഒരു കുഞ്ഞേണിയുമുണ്ട്. ആ ഏണി ചാരി വച്ചു വേണം അപ്പുവിന് ജിറാഫിന്റെ പുറത്തു കയറാൻ.
അങ്ങനെ ജിറാഫിന്റെ പുറത്തു കയറിയിരുന്നാണ് അപ്പു ഷെൽഫിൽ നിന്ന് അവനു വേണ്ടുന്ന കഥാപുസ്തകങ്ങളെടുക്കുന്നതും വായന കഴിഞ്ഞവ തിരികെ വയ്ക്കുന്നതും.ഫാനിന്റെയും ലൈറ്റിന്റെയും സ്വിച്ചോണാക്കുന്നതും സ്വിച്ചോഫാ ക്കുന്നതും അങ്ങനെ തന്നെ. അപ്പു കഥയുണ്ടാക്കുന്നതും പാട്ടു പാടുന്നതുമൊക്കെ അതിൻമേലിരുന്നാണ്. അതു കൊണ്ടൊക്കെത്തന്നെ അപ്പുവിന്റെ ഏറ്റവും പ്രിയപ്പെട്ട ടോയ് ആണ് ജിറാഫ്.
അതെല്ലാം കാരണം അപ്പുവിന്റെ മറ്റു കളിപ്പാട്ടങ്ങൾക്കെല്ലാം ജിറാഫിനോട് അസൂയയായിരുന്നു. തരം കിട്ടുമ്പോഴൊക്കെ റ്റീനപ്പാവയും ദിൻകർ പാവയും അച്ചു ടെഡിബെയറും ഒക്കെ ടോയ് ജിറാഫിനെ, അപ്പു കാണാതെ പിച്ചുകയും മാന്തുകയുമൊക്കെ ചെയ്യുമായിരുന്നു.
അപ്പു കിടന്നുറങ്ങുന്ന രാത്രി നേരത്താണ് അവരുടെ ഉപദ്രവം. അപ്പോഴൊക്കെ ജിറാഫ് ശബ്ദമൊതുക്കി കരയും. വലിയ ശബ്ദത്തിൽ കരഞ്ഞാൽ പാവം അപ്പുവിന്റെ ഉറക്കം മുറിയില്ലേ?
ഇവരുടെ ഉപദ്രവത്തെക്കുറിച്ച് അപ്പു, അറിയിക്കാതിരിക്കാൻ ടോയ് ജിറാഫ് ഒരു പാടൊക്കെ പരിശ്രമിച്ചു എന്നത് ശരി തന്നെ. പക്ഷേ, ഉപദ്രവക്കാര്യങ്ങളൊക്കെ അപ്പു അറിയുക തന്നെ ചെയ്തു എങ്ങനെയെന്നല്ലേ? ജിറാഫിന്റെ ദേഹത്തു കണ്ട മുറിപ്പാടുകളുടെ കാര്യം തിരക്കി അപ്പു. മറ്റു കളിപ്പാട്ടങ്ങളുടെ ഉപദ്രവക്കാര്യം പറയാതെ വേറെ നിവൃത്തിയില്ലെന്നായി ജിറാഫിന്.
അതൊക്കെ കേട്ടതും അപ്പുവിന് ദേഷ്യവും സങ്കടവുമായി.
അവൻ കളിപ്പാട്ടങ്ങളുടെ ഒരു മീറ്റിങ് വിളിച്ചുകൂട്ടി.

ടോയ് ജിറാഫിനെ ഉപദ്രവിച്ചവർ കൈ പൊക്കാൻ പറഞ്ഞു അപ്പു. ആരും കൈ പൊക്കിയില്ല.എല്ലാവരും അപ്പുവിന്റെ മുഖത്തു നോക്കാതെ കള്ള ഭാവത്തിൽ കുനിഞ്ഞു നിന്നു.
അപ്പുവിന് നല്ല ബുദ്ധിയുണ്ടല്ലോ. എന്നെ നോക്കാതെ കള്ളത്തരത്തിൽ മുഖം പിടിച്ചു നിൽക്കുന്നവരൊക്കെ ടോയ് ജിറാഫിനെ ഉപദ്രവിച്ചവരാണ് എന്നെ നിക്കു മനസ്സിലായി കേട്ടോ എന്നു പറഞ്ഞു അപ്പു.
അതു കേട്ടതും കളിപ്പാട്ടങ്ങൾക്കൊക്കെ, അപ്പു ഇനി എന്തു ശിക്ഷയാണാവോ തരാൻ പോകുന്നത് എന്നു പേടിയായി .
അവർ പേടിച്ചു വിറച്ച് തമ്മിൽത്തമ്മിൽ നോക്കി.
അപ്പു എന്താണ് ഇനി പറയാൻ പോകുന്നതെന്ന് അവർ കാതോർത്തു നിന്നു.
അപ്പു പറഞ്ഞു, ഇനി ഒരാഴ്ചത്തേക്ക് അതായത് ഏഴുദിവസത്തേക്ക് ഞാൻ നിങ്ങളെയാരെയും വച്ച് കളിക്കില്ല. നിങ്ങളെയാരെയും ഈ ദിവസങ്ങളിൽ ഞാൻ തൊടുകയോ നോക്കുകയോ പോലും ചെയ്യില്ല.
അപ്പു അങ്ങനെ പറഞ്ഞതും കളിപ്പാട്ടങ്ങൾ വിതുമ്പിക്കരയാൻ തുടങ്ങി.അപ്പുവിന് കളിക്കാനുള്ളതല്ലേ ഞങ്ങളെല്ലാം? അപ്പു ഞങ്ങളെ തൊട്ടില്ലെങ്കിൽ പിന്നെ എന്തു രസം? കുട്ടികൾ കൈയിലെടുക്കുമ്പോഴല്ലേ ഞങ്ങൾക്ക് ജീവൻ വയ്ക്കുക?
ടോയ്സെല്ലാം കൂടി അങ്ങനെയങ്ങനെ സങ്കടം പറഞ്ഞ് അപ്പുവിന് ചുറ്റും കൂടി. അപ്പുവിന്, കണ്ണീരൊലിച്ചിറങ്ങിയ അവരുടെ മുഖങ്ങൾ കണ്ട് പാവം തോന്നി.
ഇനി ടോയ് ജിറാഫിനെ ഉപദ്രവിക്കുമോ? അവനോട് അസൂയ പിടിക്കുമോ? അപ്പു ചോദിച്ചു.
ഇല്ലില്ലയെന്ന് പറഞ്ഞു കളിപ്പാട്ടങ്ങൾ.
വാക്കാണോ എന്നു ചോദിച്ചു അപ്പു. വാക്ക്, ഉറപ്പ് എന്ന് അവരെല്ലാവരും ചേർന്ന് പറഞ്ഞു.
ഒരു മൂലയിൽ, മറ്റുള്ള കളിപ്പാട്ടങ്ങളുടെ രാത്രിയുപദ്രവം സഹിച്ച ശേഷം പതുങ്ങിക്കൂടി മെല്ലെ ഉറങ്ങുകയായിരുന്ന ജിറാഫ് അവരുടെ ഒച്ച കേട്ട് ഞെട്ടിയുണർന്നു. വീണ്ടും അവർ തന്നെ ഉപദവിക്കാൻ വരികയാണെന്നോർത്ത് അവൻ അപ്പുവിന്റെയടുക്കലേക്കോടി.

അപ്പു അവനെ ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു. ഇവരെല്ലാം നിന്നെ കെട്ടിപ്പിടിച്ചുമ്മ തരും ഇപ്പോൾ. ഇനി ഇവരാരും നിന്നെ ഉപദ്രവിക്കില്ല എന്നും പറഞ്ഞു അപ്പു.
അതു കേട്ടതും ദിൻകർപാവയും റ്റീനപ്പാവയും അച്ചു ടെഡിയും ജെ സി ബി യും മഞ്ഞക്കാറും എല്ലാം ക്യൂ നിന്ന് ജിറാഫിന് ഉമ്മ കൊടുത്തു.
പകരമായി ടോയ് ജിറാഫ് അവരെയെല്ലാം തൻ്റെ പുറത്തു കയറ്റി സവാരി നടത്തി.എല്ലാ ടോയ്സിനും ജിറാഫ് സവാരി ഒത്തിരി ഇഷ്ടമായി.
അവർ പിന്നെയും പിന്നെയും ഉമ്മ കൊടുത്തു ജിറാഫിന്. ചിലരവന് ഷേക്ക് ഹാൻഡ് കൊടുത്തു. ചിലരവനെ ഇക്കിളിയിട്ടു ചിരിപ്പിച്ചു.
വലിയ പൊക്കക്കാരനാണെന്നേയുള്ളൂ, പക്ഷേ, പാവമാണ് അല്ലേ നീ എന്നു ചോദിച്ചു റ്റീനപ്പാവ.
അവരെല്ലാം ജിറാഫിനോട് കൂട്ടാവുന്നത് നോക്കി കെയടിച്ചു അപ്പു.
പിന്നെ അപ്പു അവരെ ഓരോരുത്തരെയും കൈയിലെടുത്ത് വെൽ ഡൺ എന്നു പറഞ്ഞഭിനന്ദിച്ചു.
കളിപ്പാട്ടങ്ങളോട് പിന്നെ അപ്പു, ഇനിമേൽ ടോയ് ജിറാഫിനെ മാത്രമല്ല നിങ്ങളിൽ എല്ലാവരെയും ഞാനെടുത്ത് കളിക്കാട്ടോ എന്നാശ്വസിപ്പിച്ചു. കളിപ്പാട്ടങ്ങൾ അതു കേട്ടതും ആനന്ദനൃത്തം തുടങ്ങി. എത്ര പെട്ടെന്നാണ് ഓരോ വൻ പ്രശ്നങ്ങൾക്ക് സുന്ദര പരിഹാരമുണ്ടാകുന്നത് അല്ലേ എന്ന് ഭിത്തിയിൽ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പല്ലി ചിലച്ചു പറഞ്ഞു. അപ്പു അവനോട് കളിയായി, ഓടെടാ എന്നു പറഞ്ഞു. പിന്നെ കളിപ്പാട്ടങ്ങളെയെല്ലാം വെച്ച് കളിയായി.
എന്തു രസമാണല്ലേ കുട്ടിയായിരുന്ന് ടോയ്സിനെയെല്ലാം വച്ച് കളിക്കാൻ? വലുതാവേണ്ട എന്നു തോന്നുന്നുണ്ടല്ലേ എല്ലാ കുട്ടികൾക്കും?