മിയ ഒരു കഥക്കുട്ടിയാണ്. എപ്പോഴും കഥ കേൾക്കണം അവൾക്ക്. കഥ വേണം എന്നു പറഞ്ഞവൾ മടിയിൽ കയറുമ്പോഴേ അച്ഛനും അമ്മയ്ക്കും അമ്മൂമ്മയക്കും ആധിയാവും- ഇന്നെന്തു കഥ പറയും. അങ്ങനെ അവരാധി പിടിക്കുമ്പോഴേക്കും മിയ ഡിമാൻഡ് വച്ച് കഴിയും. ഇന്ന് ആനയുടെ കഥ മതി അല്ലെങ്കിൽ ഉറുമ്പിന്റെ.
എന്നുമെന്നും പറഞ്ഞ് അവരുടെ കഥയൊന്നും ബാക്കിയില്ലല്ലോ എന്നു പറയും അച്ഛനും അമ്മയുമൊക്കെ.മിയ നിർബന്ധം പിടിക്കും എനിക്കിന്ന് ആനയുടെയോ ഉറുമ്പിന്റെയോ കഥ മതി.
എവിടുന്നു കൊണ്ടുവരും മിയക്കുട്ടിക്ക് വേണ്ടുന്ന ഉറുമ്പു കഥ അല്ലെങ്കിൽ ആനക്കഥ? അറിയാവുന്ന, വായിച്ചിട്ടുള്ള ആനക്കഥകളെല്ലാം ഉറുമ്പുകഥകളെല്ലാം അവരെല്ലാം കൂടിപറഞ്ഞു തീർന്നു പോയിരുന്നു.
ഇനി ഉണ്ടാക്കിക്കഥ പറഞ്ഞു നോക്കാം അമ്മ വിചാരിച്ചു.
അമ്മ പറഞ്ഞു തുടങ്ങി.ഒരിടത്തൊരിടത്ത് ഒരു ഉറുമ്പുണ്ടായിരുന്നു. അവന്റെ പേര് ലോറൻസ് എന്നായിരുന്നു.
അത്രയുമായപ്പോ മിയ ഇടക്കുകയറിപ്പറഞ്ഞു.ലോറൻസ് എന്നു വേണ്ട വിക്രമാദിത്യൻ എന്നു മതി അവന്റെ പേര്.അങ്ങനെയെങ്കിൽ അങ്ങനെ അമ്മ സമ്മതിച്ചു.എന്നിട്ട് അമ്മ തുടർന്നു. അവന് രാവിലെ വിശന്നു.നോക്കുമ്പോ മുന്നിൽ കിടക്കുന്നു ഒരു അവൽ മണി. അവനത് വലിച്ച് കൂട്ടിലേക്കു കൊണ്ടുപോയി വച്ച് സമാധാനമായി തിന്നാമെന്നു കരുതി.
അത്രയുമായപ്പോഴേക്ക് മിയ ഇടയിൽ കയറി പറഞ്ഞു. അവന് കിട്ടിയത് അവൽ മണിയല്ല പഞ്ചസാരത്തരിയാണ്. ഓ അങ്ങനെയെങ്കിൽ അങ്ങനെ അമ്മ സമ്മതിച്ചു.

അമ്മ തുടർന്നു. അവൻ പഞ്ചസാരത്തരി കഷ്ടപ്പെട്ട് കൂട്ടിലെത്തിച്ച് നക്കിത്തിന്നാൻ തുടങ്ങുമ്പോഴുണ്ടായതെന്താണെന്നോ?ദാ വരണു ഒരു പല്ലിത്താൻ. അവൻ ചാടി വീണു പഞ്ചാരത്തരിയിലേക്ക്. എന്നിട്ടതും വായിലാക്കി ഓടെടാ ഓട്ടം.
ഉറുമ്പാകെ വിഷമിച്ച് നിന്നു. ഇനി എന്തു ചെയ്യും, വിശന്നിട്ടാണെങ്കിലോ വയ്യ. പല്ലിയുടെ പുറകേ പോയി അവന് രണ്ട് കടി കൊടുക്കാമെന്നു വച്ചാൽ ഉറുമ്പിനുണ്ടോ പല്ലിയുടെയത്രയും സ്പീഡ്? ഉറുമ്പ് കരയാൻ തുടങ്ങി.
ബാക്കി ഞാൻ പറയാം, മിയ പറഞ്ഞു. കഥ ഇനി എങ്ങോട്ടു കൊണ്ടു പോകണമെന്നറിയാതെ നിന്ന അമ്മയ്ക്ക തുകേട്ട് ആശ്വാസമായി.
മിയ പറഞ്ഞു.ആ വീട്ടിൽ മിയ എന്നൊരു നല്ല കുട്ടിയുണ്ടായിരുന്നു. അവൾ ഉറുമ്പിന്റെ കരച്ചിൽ കേട്ടു. എന്താ കാര്യം എന്നവൾ അവനോട് ചോദിച്ചു. അവൻ കാര്യമൊക്കെ വിസ്തരിച്ചപ്പോൾ അവൾ അവന് ഒരു ഹലുവക്കഷണം കൊടുത്തു. അവൻ അതുവരെ ഹലുവ തിന്നിട്ടേ ഉണ്ടായിരുന്നില്ല. ഹലുവാ സ്വാദ് അവന് രസിച്ചു. അവൻ മിയയ്ക്ക് താങ്ക് യു പറഞ്ഞു. ഇത്രേം നല്ല മിയക്കുട്ടിയെ ഈ ജീവിതത്തിൽ ഞങ്ങൾ ഉറുമ്പുകളൊന്നും കടിക്കില്ല എന്നൊരുറപ്പും മിയയ്ക്ക് കൊടുത്തു ഉറുമ്പ്.

കഥ ഇത്രേയുള്ളോ എന്നു ചോദിച്ചു അമ്മ. തീർന്നു, നല്ല കഥയല്ലേ എന്നു ചോദിച്ചു മിയ. അമ്മ തലയാട്ടി.
പിന്നെ മിയ പാവക്കുട്ടിയെ വച്ച് കളിക്കാൻ പോയി.പോകുന്ന പോക്കിൽ അവളമ്മയോട് പറഞ്ഞു, നാളെ ഒട്ടകത്തിന്റെ കഥ മതി.
നാളെ ഒട്ടകത്തിന്റെ കഥ എവിടുന്നു കൊണ്ടു വരും എന്നായി അമ്മയുടെ ചിന്ത. കഥ പകുതിയാവുമ്പോ മിയ ഇടയ്ക്കു കയറി കഥയെ എങ്ങോട്ടെങ്കിലും നടത്തുമായിരിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ.
മിയക്കുട്ടി ഒട്ടകക്കഥയ്ക്കിടക്കു കയറിയില്ലെങ്കിൽ അമ്മ വലഞ്ഞതു തന്നെ അല്ലേ?
അമ്മ വിചാരിച്ചു,കുട്ടികൾക്കു വേണ്ടി കഥയെഴുതുന്നവരെ ആരെയും പരിചയമില്ല. ഉണ്ടെങ്കിൽ പറയാമായിരുന്നു, കുറേ ഒട്ടകക്കഥകൾ എഴുതി റെഡിയാക്കി വയ്ക്കാൻ.
കുട്ടിക്കഥകളെഴുതുന്ന ആളുക്കളുടെ പേരറിയാമെങ്കിൽ മിയയുടെ അമ്മയ്ക്ക് പറഞ്ഞു കൊടുക്കണേ പ്ലീസ്.