മനുവിന് രണ്ടുമൂന്നു ദിവസം മുമ്പ് ഒരു പൂച്ചയെ കിട്ടി. ജൊനാഥന്‍ എന്നവന് പേര്.
ശരിക്കും ആ പൂച്ചയെ കിട്ടിയതെങ്ങനെയാണെന്നറിയേണ്ടേ ?
മനു സ്കൂളില്‍ പോകുന്ന വഴിയേ ഉള്ള കളരിക്കല്‍ എന്ന വീട്ടിലേതായിരുന്നു ആ പൂച്ചക്കുട്ടി. മനു എന്നും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും കാണും ആ പൂച്ചക്കുട്ടിയെ. ചിലപ്പോഴൊക്കെ അത് വന്ന് ഗേറ്റില്‍ നിന്ന് മനുവിനോട് ‘മ്യാവൂ’ പറയും.
രാവിലെ മനുവിന് സ്കൂളില്‍ പോകുന്ന തിരക്കായിരിക്കുമല്ലോ, അതു കൊണ്ടവന്‍ ‘വൈകുന്നേരം കാണാമേ,’ എന്നു പറഞ്ഞ് സ്കൂള്‍ ബസില്‍ കയറാനായി തിരക്കിട്ട് പോകും. വൈകുന്നേരം തിരിച്ചു വരുമ്പോള്‍, അവന് ഒരുപാട് സമയമുണ്ടല്ലോ.
അവന്‍ ഗേറ്റിങ്കല്‍ നിന്നുകൊണ്ട് പൂച്ചക്കുട്ടിയെ മാടിവിളിക്കും. മനുവിനെ കണ്ടാല്‍, അത് കുതിച്ചു ചാടി ഓടിവരും. എന്നിട്ടവന്റെ കൂടെ കളിക്കും. അവന്‍ ഒരു കാട്ടുവള്ളിച്ചെടിയുടെ ഒരു കഷ്ണം പൊട്ടിച്ചെടുത്ത് അതിനു നേരെ നീട്ടും. അതിന്റെ അറ്റത്ത് പൂച്ചക്കുട്ടി കളിയായി തൂങ്ങിക്കിടക്കും. പിന്നെ വള്ളി ഒരു ജീവിയാണെന്ന മട്ടില്‍ അതിനെ പിടിക്കാനായി ചാടിത്തിമര്‍ക്കും. കടലാസുരുട്ടി പന്താക്കി മനു നീട്ടിയെറിയും. അവനതിന്റെ പിന്നാലെ പോയി അത് കടിച്ചെടുത്തു കൊണ്ടുവരും.
അങ്ങനെ മനുവും പൂച്ചക്കുട്ടിയും കളിച്ചുരസിക്കുന്നത് കണ്ടുകൊണ്ട് ആ വലിയ വീടിന്റെ മുന്‍വശത്തെ ചാരുകസേരയില്‍ വയസ്സായ മുത്തച്ഛന്‍ ചിരിച്ചു കൊണ്ട് കിടക്കുന്നുണ്ടാവും. ഒരു ദിവസം മുത്തച്ഛന്‍ ഗേറ്റിനരികില്‍ നിന്ന് പൂച്ചക്കുട്ടിയുമായി കളിച്ചുനിന്ന അവനെ അകത്തേക്കു വിളിച്ചു. അവനാ ചാരുകസേരയുടെ അടുത്ത് ചെന്നപ്പോള്‍ മുത്തച്ഛന്‍ ചോദിച്ചതെന്താണെന്നറിയാമോ?
“മോനീ പൂച്ചക്കുട്ടിയെ വേണോ,” എന്ന്. അവനുടനെ തലയാട്ടി . “എനിക്കിവനെ ഒത്തിരി ഇഷ്ടാ,” എന്നു പറഞ്ഞു മനു.
“എനിക്കും ഇവനെ ഒത്തിരി ഇഷ്ടാ. പക്ഷേ ഇവിടെ വയസ്സായ ഞാന്‍ മാത്രമല്ലേയുള്ളൂ. അവന് കളിക്കാന്‍ പ്രായത്തില്‍ കുട്ടികളുള്ള വീട്ടിലാണവന്‍ വളരേണ്ടത്. മോനിവനെ കൊണ്ടുപൊയ്ക്കോ,” എന്നു പറഞ്ഞു ആ മുത്തച്ഛന്‍.
അങ്ങനെ കിട്ടിയതാണ് മനുവിന് ജൊനാഥന്‍. ജൊനാഥന്‍ എന്ന പേരിട്ടത് മനുവിന്റെ അനിയത്തി മാളവികയാണ്. അവള്‍ വായിച്ച ഏതോ കഥയിലുള്ളതാണത്രേ ആ പേര്. പക്ഷേ, രസമെന്താണെന്നോ, അവള്‍ക്ക് ‘ഥ’ എന്ന് പറയാനറിയില്ല . അതിനു പകരം ‘ത്ത’ എന്നാണവള്‍ പറയുന്നത്. അങ്ങനെയാണ് നമ്മുടെ ജൊനാഥന്‍, ജൊനാത്തനായത് കേട്ടോ.
മനുവിനും മാളവികയ്ക്കും ജൊനാത്തനെ കിട്ടി മൂന്നു ദിവസം കഴിഞ്ഞപ്പോ വിഷുവായി.
അമ്മ കണി വയ്ക്കാനൊരുക്കുന്നതിനിടയിലൂടെ അവന്‍ ഓടിപ്പാഞ്ഞുനടന്നു. ഇടയ്ക്ക് കണിയുരുളിയിലേയ്ക്ക് തലയിട്ട് ഇതെന്താ സംഭവം എന്ന മട്ടില്‍ സംശയാലുവായി .

“ഇതുവരെ കണി കണ്ടിട്ടില്ല അല്ലേ, നീയ്? നിന്നെ കണി കാണിക്കുന്ന കാര്യം ഇത്തവണ ഞാനേറ്റു,” എന്നു പറഞ്ഞു മനു.
“ഇവന് പക്ഷേ മീനിനെയോ മറ്റോ കണി കാണുന്നതായിരിക്കും ഇഷ്ടം, ഇവനൊരു മീന്‍തീറ്റക്കാരനല്ലേ?” എന്നു ചിരിച്ചു മാളവിക.
മീനിന്റെ കാര്യം കേട്ടതും ജൊനാത്തന്‍ കുളക്കരയിലേയ്ക്ക് ഓടിപ്പോയി. അവനൊരു കുഞ്ഞു പൂച്ചയല്ലേ അവന് കുളത്തില്‍ മീനിളകുമ്പോള്‍ കരയില്‍ നിന്നു തുള്ളാനല്ലാതെ മീന്‍ പിടിക്കാനോ വല്ലതും അറിയുമോ? ഇല്ലല്ലോ.
അമ്മയും അച്ഛനും മനുവും മാളവികയും കൂടി കണി ഒരുക്കി വച്ചു ഉറങ്ങാന്‍ കിടന്നു.
രാവിലെയായപ്പോ അമ്മ വന്ന് കണ്ണുപൊത്തി മനുവിനെ കൂട്ടിക്കൊണ്ടുപോയി കണികാണാന്‍. പിന്നെ അമ്മ തിരിച്ചുവന്ന് മാളവികയുടെ കണ്ണുപൊത്തി അവളെയും കൂട്ടിക്കൊണ്ടുപോയി കണി കാണിച്ചു.
മനു പോയി നോക്കി, ജൊനാത്തന്‍ എവിടുണ്ട്? അവന്‍ ചവിട്ടിയില്‍ കിടന്ന് ഉറക്കമാണ്. “ജൊനാത്താ, ജൊനാത്താ,” എന്നു രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോ അവന്‍ ‘മ്യാവൂ’ എന്നു വിളി കേട്ടു.
“നിന്റെ കണ്ണു പൊത്താന്‍ പോവുകയാണേ ഞാന്‍, നീ പേടിച്ച്, എന്റെ കൈയില്‍ നിന്ന് കുതറിച്ചാടുകയൊന്നുമരുത് കേട്ടോ,” എന്നു പറഞ്ഞു മനു.
പിന്നെ മനു അവന്റെ കണ്ണു പൊത്തി കൈയിലെടുത്തു നടന്നു കണിയിടത്തിലേയ്ക്ക്. മാളവിക അവരുടെ കൂടെ നടന്നു. അമ്മ അതു കണ്ട് ചിരിച്ചുനിന്നു. അച്ഛനവിടെ ഉണ്ടായിരുന്നില്ല. അവര്‍ക്കെല്ലാം കൊടുക്കാന്‍ വിഷുകൈ നീട്ടം എടുക്കാന്‍ പോയതാവും അച്ഛന്‍.

ജൊനാത്തന്‍ ശാന്തനായി കണിയിടം വരെ മനുവിന്റെ കൈയില്‍ തൂങ്ങിക്കിടന്നു. കണ്ണുപൊത്തിയതു കൊണ്ട് എല്ലായിടവും ഇരുട്ടാണെങ്കിലും ജൊനാത്തന് മനുവിനെയും മാളവികയെയും അത്രകണ്ട് വിശ്വാസമായതു കൊണ്ടാവും അവനൊരെതിര്‍പ്പും കാണിക്കാതിരുന്നത്. കണിയിടത്തില്‍ കൊണ്ടു നിര്‍ത്തി കണ്ണു പൊത്തിയതു മാറ്റി മുന്‍കാലുകള്‍ രണ്ടും മനു ചേര്‍ത്തുപിടിച്ചു.
“ജൊനാത്തന്‍ ഇപ്പോ കണിയെ തൊഴുന്നതു പോലുണ്ട്,” എന്നു പറഞ്ഞു മാളവിക. ജൊനാത്തന്‍ അവന്റെ തവിട്ടു കണ്ണുകള്‍ മിഴിച്ച് കണി നോക്കിനിന്നു. പിന്നെ വിളക്കിനടുത്തുപോയി എണ്ണ കുടിക്കാന്‍ കിട്ടുമോ എന്ന് തലനീട്ടിനോക്കി. “പൊള്ളുമേ!” എന്നു പറഞ്ഞു മനു അവനെ എടുത്തുമാറ്റി വിളക്കിനടുത്തുനിന്ന്.
“പൂച്ചയെ കണി കാണിക്കുന്നു ഈ കുട്ടികള്‍. ഇവിടെ വരൂ, ഇതു കാണൂ,” എന്നു അകത്തേക്കു നോക്കി അമ്മ കിലുകിലെ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ അച്ഛന്‍ അകത്തുനിന്നു വന്നു.
“അമ്പട വീരാ, ജൊനാത്താ, കണി കണ്ടു കഴിഞ്ഞ സ്ഥിതിക്ക്, നിനക്ക് കൈ നീട്ടവും വേണമായിരിക്കും അല്ലേ?” എന്നു ചോദിച്ചു അച്ഛന്‍.
അച്ഛന്‍ കുട്ടികള്‍ക്കും അമ്മയ്ക്കും നോട്ടാണ് കൈ നീട്ടമായി കൊടുത്തത്. പിന്നെ മാളവിക, ജോനാത്തനെ പിടിച്ച് മുന്‍കാലുകള്‍ രണ്ടും കൂട്ടിത്തൊഴുന്ന മട്ടില്‍ നിര്‍ത്തി അച്ഛന്റെ മുന്നില്‍. അച്ഛനവനൊരു നാണയം വച്ചു കൊടുത്തു.
ഉടനെ അവനത് തട്ടിക്കളിയായി. കുട്ടികള്‍ അവന്റെ കൂടെ കളിക്കാന്‍ ചേര്‍ന്നു. “അപ്പോ എന്റെ കൈ നീട്ടം ആര്‍ക്കും വേണ്ടേ?” എന്നു ചോദിച്ചു അമ്മ.
കുട്ടികള്‍ രണ്ടും “ഓ, അതു മറന്നു പോയി,” എന്നു ബഹളം വച്ച് അമ്മയുടെ നേര്‍ക്ക് തിരിഞ്ഞു. പക്ഷേ അപ്പോഴും അച്ഛനും ജൊനാത്തനും കൂടി രസം പിടിച്ച് നാണയക്കളി കളിക്കുകയായിരുന്നു.
“ആ വീട്ടിലെ മുത്തച്ഛനെ അവനെ കൊണ്ടുകാണിക്കണ്ടേ? ഇവന് കൈ നീട്ടം കൊടുക്കണമെങ്കിലോ മുത്തച്ഛന്?” എന്നു ചോദിച്ചു കുട്ടികള്‍.
എന്നിട്ടവരവനെ മനുവിന്റെ കുഞ്ഞു പഴയ വിഷുക്കസവുമുണ്ടുടുപ്പിച്ചു ശരിക്കുമൊരു വിഷുപ്പൂച്ചയാക്കി.
ഇന്ന് ജൊനാത്തനെ നമുക്ക് വിഷുപ്പൂച്ച എന്നു വിളിച്ചാലോ ?