ചുവന്ന ബസും ഒരു കാക്കയും
ചുവന്ന ബസ്, ‘പോം പോം പീ പീ,’ എന്നുറക്കെ ഒച്ചവച്ച് റോഡിലൂടെ പാഞ്ഞുപോവുകയായിരുന്നു.
ഒരു കാക്കച്ചി, റോഡിന്റെ നടുവില്‍ ചുമ്മാ ഇരിക്കുന്നുണ്ടായിരുന്നു.
‘കാക്കയുടെ മേത്തു കൂടി ഇപ്പം ബസ് കേറിയിറങ്ങും, അവന് ചത്തുമലക്കും,’ എന്നു പേടിച്ചു മുറ്റത്തുനിന്നു ഹാരിസ് കുട്ടി.
‘എനിക്കതൊന്നും കാണാന്‍ വയ്യായേ,’ എന്നു വിചാരിച്ച് അവന് കണ്ണു പൊത്തി.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
പോം പോം എന്ന് ഉച്ചത്തിലുച്ചത്തില്‍ കൂവി വിളിച്ച് ബസ് അടുത്തെത്തും വരെ കാക്ക ഒരു കൂസലുമില്ലാതെ ചുമ്മായിരിപ്പു തുടര്‍ന്നു.
ബസ് അതിനെ മുട്ടി, മുട്ടിയില്ല എന്നായപ്പോ കാക്ക ഒരൊറ്റ പൊങ്ങിപ്പറക്കല്‍..
കാക്ക, അതിന്റെ വഴിയ്ക്കും ബസ്, അതിന്റെ വഴിയ്ക്കും പോയി.
ഹാരിസ് നോക്കുമ്പോഴുണ്ട്, ഒന്നുമറിയാത്തുപോലെ കാക്ക ചെമ്പരത്തിക്കമ്പിലിരിപ്പാണ്.
കൈയിലിരുന്ന നെയ്യപ്പത്തിന്റെ പകുതി ഹാരിസ്കുട്ടി അതിന് എറിഞ്ഞു കൊടുത്തു. നെയ്യപ്പക്കഷണം മണ്ണില്‍ വീഴുംമുമ്പേ തന്നെ കാക്ക, പറന്നുവന്ന് അത് കൊക്കില്‍ കൊത്തിയെടുത്തുകൊണ്ട് തിരികെ ചെമ്പരത്തിക്കമ്പില് ചെന്നിരുന്നു.
അവന്റെ മടുക്കു കണ്ട് ഹാരിസ് അവനെ, ‘എടാ വിരുതന് ശങ്കു കാക്കേ.’ എന്നു വിളിച്ചു
അങ്ങനെ വിളിച്ചെങ്കിലും അടുത്ത് നിമിഷം തന്നെ അവന് സംശയം വന്നു, ‘അതോ വിരുതത്തി ശങ്കരിക്കാക്കയാണോ?’
അവനങ്ങനെയൊക്കെ വിചാരിക്കുമ്പോഴേക്ക്, ആ നെയ്യപ്പക്കഷണവുമായി അത് പറന്നുപോയിക്കഴിഞ്ഞിരുന്നു.
‘അതിന്റെ കുഞ്ഞിനു കൊടുക്കാനാവും കൊണ്ടുപോയത്, പാവം’ എന്നു ഹാരിസ് മുറ്റത്തു നിന്ന റോസാച്ചെടിയോട് പറഞ്ഞു.
റോസാച്ചെടി കാറ്റിലാടി തലകുലുക്കി.