അമ്മുവിന്റെ ക്രയോണ്‍വരകള്‍

വീടിനു ചുറ്റും നിറയെ മരങ്ങള്‍.
മരങ്ങളിലൊക്കെ പലതരം പക്ഷികള്‍.
ഒരു കാക്ക, ഒരു മാടത്ത, ഒരു കുയില്‍, ഒരു തത്ത.
മരക്കൊമ്പുകളങ്ങനെ ഉയരത്തിലുയരത്തില്‍ പടര്‍ന്നു പിടിച്ചു നില്‍ക്കുന്നതിനപ്പുറം ആകാശമാണ്.

ആകാശത്തില്‍ രാവിലെ സൂര്യന്‍ എന്നൊരാള്‍ വരും,വൈകുന്നേരം ചന്ദ്രന്‍ എന്നൊരാള്‍ വരും. രാത്രിയില്‍ വരിക നക്ഷത്രക്കുഞ്ഞുങ്ങളാണ്.

അമ്മുവിനെ കാണാനാണ് അവര്‍ വരുന്നത്.

അവളിടക്കിടക്ക് അവരുടെയെല്ലം പടം വരയ്ക്കും ക്രയോണ്‍ കൊണ്ട്.

അപ്പോ സൂര്യന് വെളിച്ചവും തെളിച്ചവും കൂടും.
ചന്ദ്രന്‍ കൂടുതല്‍ വട്ടത്തിലാവും.priya as, childrens stories, iemalayalam
നക്ഷത്രങ്ങളെല്ലാം അമ്മുവിന്റെ പടത്തില്‍ തമ്മില്‍ത്തമ്മില്‍ അടുത്തടുത്തായി തൊട്ടുതൊട്ടു നില്‍ക്കും, എന്നിട്ടെല്ലാം കൂടിച്ചേര്‍ന്ന് രത്‌നമാല പോലെ തിളങ്ങും.

അമ്മു വരക്കുന്നതു കാണാന്‍ അടുത്തുവന്നു നില്‍ക്കും അമ്മ. അപ്പോള്‍ അമ്മു, അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിക്കും,’അമ്മയ്ക്ക് അറിയില്ല അല്ലേ? കുട്ടികള്‍ക്ക് കാണാനും വരയ്ക്കാനും നിറം കൊടുക്കാനും വേണ്ടിയാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും’.

‘അതെയോ?’ എന്ന് അത്ഭുതത്തോടെ ചോദിച്ച് താടിക്ക് കൈയും കൊടുത്ത് അമ്മ കസേരയില്‍ ഇരിപ്പായതു കണ്ട് അമ്മുവിന് ചിരിവന്നു. priya as, childrens stories, iemalayalam
അമ്മയെയും അമ്മുവിനെയും നോക്കി ഒരു നക്ഷത്രം താഴ്ന്നുവന്ന് ജനലിനപ്പുറം നിന്ന് എത്തിനോക്കി.

അത് അമ്മു മാത്രമേ കണ്ടുള്ളു. അമ്മ അപ്പോഴും വല്യ എന്തോ ആലോചനയിലായിരുന്നല്ലോ.

എന്നാപ്പിന്നെ ആലോചിച്ചിരിക്കുന്ന അമ്മയെ വരക്കാം എന്നു വിചാരിച്ചു അമ്മു.

എന്നിട്ടവള്‍ കടലാസു മറച്ചുപിടിച്ച്, അമ്മയെ നോക്കിനോക്കി വരയ്ക്കാന്‍ തുടങ്ങി.

വര മുഴുവനാകുമ്പോള്‍ അവളതമ്മയെ കാണിച്ച് അമ്മയെ അത്ഭുതപ്പെടുത്തും. സന്തോഷം വന്ന് അമ്മ അവളെ കെട്ടിപ്പിടിക്കും, എന്നിട്ട് തുരുതുരെ ഉമ്മ വയ്ക്കും.

അങ്ങനെയാണ് അമ്മു വിചാരിക്കുന്നത്.

അമ്മയുടെ ഉമ്മയ്ക്കാണല്ലോ ലോകത്തില്‍ വച്ചേറ്റവും പതുപതുപ്പ്…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook