scorecardresearch

മുളകു ബജിയും ലാലപ്പൻ എന്ന പൂവങ്കോഴിയും

“അതല്ലെങ്കിൽപ്പിന്നെ പിടക്കോഴികളെല്ലാം കൂടി അടുത്ത നിമിഷം തന്നെ പച്ചക്കറിത്തോട്ടത്തിലേക്കു വച്ചു പിടിക്കാൻ വേറെ എന്തു കാരണം?” പ്രിയ എ എസ് കുട്ടികൾക്കായി എഴുതിയ ക്രിസ്മസ് കഥ

Children, Stories, Priya A S

ലാലപ്പൻ എന്ന പൂവങ്കോഴി മുറ്റത്ത് ചിക്കിച്ചികഞ്ഞു നടപ്പായിരുന്നു. മിത്രയുടെ അമ്മ കുറേ കോഴികളെ വളർത്തുന്നുണ്ട്. അക്കൂട്ടത്തിലൊരൊറ്റ പൂവൻ കോഴിയേയുള്ളു. അതാണ് ലാലപ്പൻ.

ലാൽ ഹിന്ദി വാക്കാണ്. അർത്ഥം ചുവപ്പ്. നല്ല ചൊകചൊകാ ചോന്ന പൂവും താടിയുമല്ലേ പൂവങ്കോഴിക്ക്? ഹിന്ദി പഠിക്കുന്നതിനിടെ ലാൽ എന്ന വാക്കിൽ രസം പിടിച്ച് മിത്രയാണ് ആ പൂവങ്കോഴിക്ക് ലാലപ്പൻ എന്ന് പേരിട്ടത്.

ലാലപ്പാ എന്ന് ആരു വിളിച്ചാലും കഴുത്തു കഴിയുന്നത്ര നീട്ടിപ്പിടിച്ച് കൊക്ക കൊക്കോ എന്ന് ഉച്ചത്തിൽ കൂവും ലാലപ്പൻ.

ഒരു ദിവസം ലാലപ്പൻ നോക്കുമ്പോഴുണ്ട് മിത്രയുടെ അമ്മ മഞ്ഞളും ചാരവും കൂടി മിക്സ് ചെയ്ത് പച്ചക്കറിത്തോട്ടത്തിലെ ചെടികളുടെ മേലെ തൂവുന്നു.

ഇതെന്തു വിദ്യയാ മിത്രേടെ അമ്മേ എന്നു ചോദിക്കുമ്പോലെ ലാലപ്പൻ മിത്രയുടെ അമ്മയുടെ അരികത്ത് പോയി നിന്നു.

അമ്മ മഞ്ഞൾപ്പണി നിർത്താതെ അവനോട് ചോദിച്ചു, നീ ഒക്കെ ഉണ്ടായിട്ടെന്തു കാര്യം ലാലപ്പാ? ഇതിലെല്ലാം അപ്പടി പുഴുവാണ്. ഈ വഴുതനയുടെയും ബജി മുളകിന്റെയും തക്കാളിയുടേയും നടുവിലൂടെ നീ എപ്പഴും കവാത്ത് പാസാക്കണതു കാണാല്ലോ? ഈ പുഴുക്കളെ തുരത്താൻ നീ ഒറ്റയാള് വിചാരിച്ചാൽ മതിയല്ലോ. നിന്റെ വയറും നിറയും എന്റെ പച്ചക്കറികൾ നന്നാവുകയും ചെയ്യും.

ലാലപ്പന് അമ്മയുടെ ചോദ്യവും വഴക്കുപറച്ചിലും കേട്ട് ആകെ നാണക്കേടായെന്നു പറഞ്ഞാൽ മതിയല്ലോ.

അവനുടനെ ചിറകുകൾ തുരുതുരാ എന്ന് വീശി, ഇനി പുഴുക്കാര്യം ഞാൻ ശ്രദ്ധിച്ചോളാം എന്ന് മിത്രയുടെ അമ്മയ്ക്ക് ഉറപ്പു നൽകി. ഇന്നും നാളെയും നോക്കും നീയ്, മറ്റന്നാളാകുമ്പോൾ നീ പിടക്കോഴികളോട് കിന്നാരം പറയാൻ പോവും, എനിക്കറിയാത്തതാണോ നിന്നെ? അമ്മ ഒരൽപ്പം പിണക്ക ഭാവത്തിൽ പറഞ്ഞു. ഉറപ്പായും ഞാനേറ്റു പുഴുശല്യം മാറ്റൽ എന്നവൻ മൂന്നു തവണ കൊക്കകൊക്കോ എന്ന് കൂവി.

പറഞ്ഞതു പോലെ ചെയ്താൽ നിനക്ക് കൊള്ളാം എന്ന് പറഞ്ഞ് അമ്മ മുറ്റത്തു നിന്ന് അകത്തേക്കു പോയി. മിത്രയെ മേലു കഴുകിപ്പിക്കാനാവും, ലാലപ്പൻ വിചാരിച്ചു.

പിറ്റേന്നു മുതൽ രാവിലെ എഴുന്നേറ്റ ഉടൻ ലാലപ്പൻ പുഴു വേട്ടക്കിറങ്ങുകയായി. കൊക്കു കൊണ്ട് പുഴുവിനെ കൊത്തിയെടുത്ത് കാലുകൊണ്ട് മണ്ണ് ചികഞ്ഞ് കുഴിയുണ്ടാക്കി അതിലിട്ടു മൂടും. അങ്ങനെ എത്രയെത്ര പുഴുക്കളെ കൊന്നെന്നോ അവൻ?

children, stories, priya a s

അവന് പുഴുക്കളെ തിന്നുന്നത് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അതു കൊണ്ടാണവൻ മണ്ണിട്ടു മൂടി പുഴുക്കളെ കൊന്നുകളഞ്ഞത്. തിന്നാൻ മിത്രയുടെ അമ്മ തരുന്ന ഗോതമ്പ്, അരി, ദോശ, ചോറ്, പനീർ, ഉണ്ണിയപ്പം ഇതൊക്കെയുള്ളപ്പോ ആർക്കു വേണം പുഴുക്കളെ അല്ലേടാ ലാലപ്പാ എന്നു ചോദിച്ചു മിത്ര. അതേയതെ എന്ന് കൊക്കരക്കോ ഉത്തരം നൽകി ലാലപ്പൻ.

ലാലപ്പന്റെ സേവനത്തിന്റെ ഫലമായി മിത്രയുടെ അമ്മയുടെ പച്ചക്കറിച്ചെടികളെല്ലാം ഒന്നിനൊന്ന് മിടുക്കരായി പൂവിട്ടു കായ്ച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

അമ്മയ്ക്ക് കുട്ട നിറയെ തക്കാളി, വഴുതനങ്ങ, ബജി മുളക് ഒക്കെ കിട്ടി. അമ്മ, ലാലപ്പന്റെ ചുവന്ന താടിയിൽ തൊട്ടു കൊണ്ട്, ഞാൻ വിചാരിച്ച പോലെയല്ല ല്ലോ മിടുക്കനാണല്ലോ എന്ന് പറഞ്ഞു.

പോരാത്തതിന് നല്ല ഇളം ചൂടുള്ള മുളക് ബജിയുണ്ടാക്കി മിത്രയുടെ കൈയിൽ കൊടുത്തയക്കുകയും ചെയ്തു. അവനാദ്യമായാണ് മുളകുബജി തിന്നുന്നത് എന്നവൻ മിത്രയോട്‌ പറഞ്ഞു.

children, stories, priya a s

അതിനിടയിൽ പിടക്കോഴികളും വന്നു ബജ്ജിയുടെ സ്വാദ് നോക്കാൻ. ലാലപ്പൻ ഒരു മുഴുവൻ ബജി അവർക്കായിട്ടു കൊടുത്തു അവർ പുഴുകൊത്തിക്കളയലി ലൊന്നും പങ്കാളികളായിരുന്നില്ലയെങ്കിലും.

ലാലപ്പൻ പിന്നെ നീട്ടിക്കൂവി. ഇന്ന് തന്നത് തന്നു, നാളെ മുതൽ പുഴു കൊത്തിക്കളയലിൽ നിങ്ങളും കൂടണം. എന്നാലേ ഇനി മുളക് ബജി ടേസ്റ്റ് നോക്കാൻ തരൂ എന്നാണ് അവന്റെ കൊക്കകൊക്കോയുടെ അർത്ഥം എന്ന് മിത്രയ്ക്ക് തോന്നി. അതല്ലെങ്കിൽപ്പിന്നെ പിടക്കോഴികളെല്ലാം കൂടി അടുത്ത നിമിഷം തന്നെ പച്ചക്കറിത്തോട്ടത്തിലേക്കു വച്ചു പിടിക്കാൻ വേറെ എന്തു കാരണം?

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya a s stories for kids christmas