ഹിമ കളിക്കുകയായിരുന്നു ബിൽഡിങ് ബ്ലോക്കുകൾ വച്ച്. ആദ്യമവൾ മഞ്ഞ വാതിലുകളുള്ള, നീല ജനലുകളുള്ള, വെള്ള ഭിത്തികളുള്ള, പച്ച ചുമരുകളുള്ള ഒരു വീടുണ്ടാക്കി. അതിന് പിന്നെ പിങ്ക് മതിലുണ്ടാക്കി. കാക്കി നിറ ഉടുപ്പിട്ട ഒരു കാവൽക്കാരനെയുമുണ്ടാക്കി ഒടുക്കം അവൾ.
പിന്നെയവൾ അമ്മയുടെ മൊബൈൽ വാങ്ങി അതിൻ്റെ കുറെ ഫോട്ടോയെടുത്തു.
അപ്പോ അമ്മ നിലം തുടക്കാൻ ബക്കറ്റും തുണിയും ചൂലുമൊക്കെയായി വന്നു.
ഇതൊന്നും എടുത്തു മാറ്റണ്ട, ഇതെല്ലാം ഇവിടെ തന്നെയിരുന്നോട്ടെ, നല്ല ഭംഗിയുണ്ട്, അച്ഛൻ വരുമ്പോ കാണിച്ചിട്ട് അഴിച്ചു വയ്ക്കാം എന്നു പറഞ്ഞു അമ്മ.
ഹിമ സമ്മതിച്ചു. വീട് കുറേക്കൂടി ഭംഗിയാക്കാനുള്ള മിനുക്കു പണികളിൽ ഹിമ മുഴുകിയിരുന്നപ്പോഴാണ് ഒരു വലിയ കാറ്റു വന്നതും ഹിമ പണിത വീട് തട്ടി മറിച്ചു താഴെയിട്ടതും. ഹിമയ്ക്കാകെ സങ്കടമായി. അവൾ കരയാൻ തുടങ്ങി.
അമ്മയ്ക്ക് കഷ്ടം തോന്നി അവളുടെ കളി വീടിൻ്റെ അവസ്ഥകണ്ട്. അമ്മ ചൂലും ബക്കറ്റുമൊക്കെ ഉപേക്ഷിച്ച് അതെല്ലാം പെറുക്കിക്കൂട്ടാൻ ഹിമയെ സഹായിക്കുന്നതിൽ മുഴുകി.
ഓരോ നിറത്തിലുള്ള ബിൽഡിങ് ബ്ലോക്കുകളും വെവ്വേറെ കവറിലിട്ടു ഹിമ. എന്നിട്ടതെല്ലാം റ്റോയ് ബാഗിലേക്കു കൊണ്ടു ചെന്നു വയ്ക്കാൻ ഭാവിക്കുകയായിരുന്നു അവൾ.
അപ്പോഴാണത് സംഭവിച്ചത്. മരക്കൊമ്പിലിരുന്ന ഉപ്പൻ വന്ന് ഒരു കവറും കൊത്തിയെടുത്ത് ഒറ്റപ്പോക്ക്. ഹിമ സ്തംഭിച്ചു നിന്നു പോയി ഒരു നിമിഷത്തേക്ക്. പിന്നെ അവൾ ആ ഉപ്പൻ്റെ പറക്കലിനു പുറകേ, തിരിച്ച് താ എൻ്റെ നീല ബിൽഡിങ് ബ്ലോക്ക്സ് എന്ന് പറഞ്ഞോടി. എന്തു ഫലം? അപ്പോഴേക്കും അവളുടെ കൺവെട്ടത്തു നിന്ന് മുഴുവനായും പോയിക്കഴിഞ്ഞിരുന്നു ഉപ്പൻ.

തിരികെ വന്ന് അവൾ അമ്മയെ കെട്ടിപ്പിടിച്ച്, ഇനി നീല ബിൽഡിങ് ബ്ലോക്ക്സിന് ഞാനെന്തു ചെയ്യും എന്ന് ചോദിച്ച് കരഞ്ഞു. ഹിമ കുറേ നാളായില്ലേ ഇതു വച്ചു കളിയ്ക്കുന്നു, ഇനി കുറച്ചു നാൾ ഉപ്പൻ്റെ മക്കൾ അതു വച്ച് കളിക്കട്ടെ. ഓലയും കമ്പും കോലും നാരുമൊക്കെ വച്ച് കളിച്ച് അവർ മടുത്തിട്ടുണ്ടാവും. അവർക്കൊരു ചെയ്ഞ്ചാവട്ടെ എന്നു ചിരിച്ചു അമ്മ.
ഉപ്പൻ കുഞ്ഞുങ്ങൾ ബിൽ ഡിങ് ബ്ലോക്ക്സ് വച്ചു കളിക്കുന്നതാലോചിച്ചപ്പോൾ ഹിമയ്ക്കും ചിരി വന്നു.
അന്ന് വൈകുന്നേരം ഹിമ ബാക്കി ബിൽഡിങ് ബ്ലോക്സ് വച്ചു ഒരു പള്ളിയുണ്ടാക്കി കളിക്കുകയായിരുന്നു. അപ്പോഴുണ്ട് ഒരു അണ്ണാരക്കണ്ണൻ വന്ന് ജനൽപ്പടി മേൽ വന്നിരുന്ന് അവളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്നു.
ഹിമ കളി മതിയാക്കി അവൻറടുത്തേക്ക് ചെന്നു ചോദിച്ചു.ഇവിടുന്ന് ബിൽഡിങ് ബ്ലോക്ക്സ് കിട്ടിയ കാര്യം നിന്നോട് നിൻ്റെ ഫ്രണ്ട് ആ ഉപ്പൻ പറഞ്ഞു കാണും അല്ലേ? അവിടെ ഇനിയുമുണ്ട് കുറേ ബിൽഡിങ് ബ്ലോക്ക്സ്, വേണോങ്കിച്ചെന്ന് അടിച്ചുമാറ്റിക്കോ നിൻ്റെ കുട്ടികൾക്ക് കളിക്കാനായി എന്നു പറഞ്ഞു കാണും നിന്നോടവൻ അല്ലേ എന്നു ചോദിച്ചു ഹിമ.

എൻ്റെ കള്ളത്തരം കണ്ടു പിടിച്ചല്ലോ നീയ് എന്നു പറയുമ്പോലെ തല താഴ്ത്തിയിരുന്നു അണ്ണാറക്കണ്ണൻ.
എനിക്കച്ഛൻ പുതിയ ബിൽഡിങ് ബ്ലോക്ക്സ് വാങ്ങിത്തരുമ്പോ പഴയതെല്ലാം വണ്ണാത്തിക്കിളിയുടെയും കാക്കയുടെയും അണ്ണാരക്കണ്ണൻ്റെയും കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൊടുക്കാം അല്ലേ അമ്മേ എന്ന് ഹിമ അകത്തു നിന്ന അമ്മയെ നോക്കി വിളിച്ചു ചോദിച്ചു. അമ്മ അത് കേട്ടില്ലയെന്നു തോന്നുന്നു.
ബിൽഡിങ് ബ്ലോക്സ് കിട്ടിയാൽ അണ്ണാരക്കണ്ണൻ കുഞ്ഞുങ്ങൾ, ഉപ്പൻ കുഞ്ഞുങ്ങൾ, വണ്ണാത്തിക്കിളിക്കുഞ്ഞുങ്ങൾ, കാക്കക്കുഞ്ഞുങ്ങൾ ഒക്കെ എന്താവും ഉണ്ടാക്കുക എന്നാലോചിച്ച് ഹിമ ഉച്ചയൂണിനു ശേഷം കിടന്നുറങ്ങിപ്പോയി.
നിങ്ങൾ പറയ്, അവരെന്തൊക്കെയാവും ബിൽഡിങ് ബ്ലോക്ക് സ് വച്ചുണ്ടാക്കുക?