മന്ദാരം വീട്ടിലെ നീലിന് ഒട്ടും ഇഷ്ടമല്ല പരിപ്പുവട. മുത്തച്ഛനിഷ്ടമാണെന്നു പറഞ്ഞ് നീലിന്റെ അമ്മ എല്ലാ ഞായറാഴ്ചയും ഉണ്ടാക്കും പരിപ്പുവട.
എനിക്കു തരണ്ടാട്ടോ, എനിക്കിഷ്ടമല്ല ഈ സാധനം എന്നു പറയും നീൽ.
അപ്പോ അമ്മ പറയും, എല്ലാം തിന്നു ശീലിക്കണം. വലുതാവുമ്പോ പുറത്തൊക്കെ പോയി പഠിക്കാനുള്ളതാണ്. ഹോസ്റ്റലിൽ എന്തു ഭക്ഷണമാ കിട്ടുക എന്നാർക്കറിയാം.
എന്നിട്ടമ്മ നീലിന്റെ മുന്നിൽ ഒരു പ്ലേറ്റിൽ ഒരു പരിപ്പുവടയെടുത്തു വച്ചിട്ടു പോവും. നീൽ അതിന്റെ മൊരിഞ്ഞ ഭാഗമൊക്കെ തിന്നും. ബാക്കിയായ നടുഭാഗമെടുത്ത് ആരും കാണാതെ ജനലിലൂടെ ഫ്രാൻസിസ് കാക്കയ്ക്ക് എറിഞ്ഞു കൊടുക്കും. എവിടെ നിന്നാണെന്നറിയില്ല ദിവ്യദൃഷ്ടികൊണ്ടെന്ന പോലെ പരിപ്പുവടക്കാര്യമറിഞ്ഞു വന്ന് ഫ്രാൻസിസ് അത് കൊത്തി വിഴുങ്ങും.
അങ്ങനെയാണ് നീലും ഫ്രാൻസിസും തമ്മിലുള്ള കൂട്ടുകെട്ടാരംഭിക്കുന്നത്.
പിന്നെപ്പിന്നെ നീൽ സ്കൂളിൽനിന്നു വന്ന് പോക്കറ്റിൽ നിന്ന് കീയെടുത്ത് വീടു തുറന്നകത്തു കയറാൻ ഭാവിക്കുമ്പോഴേ തന്നെ ഫ്രാൻസിസ് ഹാജരാകും. രണ്ട് ബിസ്‌ക്കറ്റ് അടുക്കളയിൽ നിന്നെടുത്തവന് കൊടുത്ത ശേഷം ടിഫിൻ ബോക്സ് കഴുകി വയ്ക്കാനും കുളിക്കാനുമായി നീൽ പോകും.
അവൻ കുളിച്ചു കുട്ടപ്പനായി തിരികെ വരും വരെ മുറ്റത്തൊക്കെ കൊത്തിപ്പെറുക്കി നടക്കും ഫ്രാൻസിസ്. അമ്മ നട്ട കാന്താരിയിൽ പഴുത്തു തൂങ്ങിക്കിടക്കുന്ന ചോന്ന മുളകുകളുണ്ടെങ്കിൽ അത് കൊത്തി വിഴുങ്ങാനാവും അവനപ്പോ താൽപ്പര്യം.
കുളി കഴിഞ്ഞു വന്ന് നീൽ അവനും അമ്മയ്ക്കുമായി ചായ ഉണ്ടാക്കും. അവനുള്ള ത് ഊതിയൂതി കുടിച്ചു കൊണ്ട് അമ്മയ്ക്കുള്ളത് അവൻ ഫ്ലാസ്‌ക്കിലാക്കി വയ്ക്കും. ചായ കുടിച്ചു കഴിഞ്ഞ് അവനിത്തിരി പാൽ ഫ്രാൻസിസിസിനായി അമ്മ മാറ്റി വച്ചിരിക്കുന്ന പൂക്കപ്പിൽ ഒഴിച്ചു കൊടുക്കും .ഫ്രാൻസിസ് ഒരു തരി പോലും ബാക്കി വയ്ക്കാതെ അത് കുടിക്കും.

പിന്നെ, ഫ്രാൻസിസും നീലും തമ്മിലുള്ള ചാറ്റ് ടൈമാണ്.സ്കൂളിൽ നടന്ന കാര്യങ്ങളൊക്കെ നീൽ പറയും. അത് കേട്ടിരിക്കും ഫ്രാൻസിസ്. ചിലപ്പോ “കാ, കാ” എന്ന് ഇടയ്ക്കു കയറി അഭിപ്രായം പറയുകയും ചെയ്യും.
ഉദാഹരണത്തിന്, മറിയ സയൻസിന് തോറ്റതു പറഞ്ഞാൽ അയ്യോ, കഷ്ടമായിപ്പോയല്ലോ, അടുത്ത പരീക്ഷക്ക് കുറച്ചു കൂടി നന്നായി പഠിക്കണം എന്നാവും അവൻ പറയുക. ഞാനിന്ന് ഹോം വർക്ക് ചെയ്യാൻ മറന്നു പോയി എന്നു നീൽ പറയുന്നുവെന്നിരിക്കട്ടെ, നിനക്കീയിടെയായി ഒരുത്തരവാദിത്ത വുമില്ല പഠനകാര്യങ്ങളിൽ എന്ന് ഫ്രാൻസിസ് മുഖം വീർപ്പിക്കും.
തിരിച്ച് നീലിനോട് ഫ്രാൻസിസും വിശേഷങ്ങൾ പറയും കേട്ടോ. ഇന്ന് കമലയുടെ വീട്ടിൽ നിന്ന് കേക്ക് കിട്ടിയെന്നും ലാലുവിന്റെ അച്ഛൻ കല്ലെടുത്തെറിഞ്ഞു വെന്നും ഇന്ന് നെല്ല് ഉണക്കാനിട്ടിട്ടുണ്ട് താരാ വീട്ടിലെന്നും തുടങ്ങി ഒരു പാട് വിശേഷങ്ങൾ.
അമ്മ ഓഫീസിൽ നിന്നു വരുമ്പോൾ ഫ്രാൻസിസ് ഒരു പ്രത്യേക രീതിയിൽ “കാ, കാ” എന്ന് നാലഞ്ചു തവണ നീട്ടി നീട്ടി ഒച്ച വയ്ക്കും. അമ്മ വരൂ, ക്ഷീണിച്ചു പോയോ, ഫ്ലാസ്‌ക്കിൽ ചായയുണ്ട് എടുത്തു കുടിക്കൂ എന്നാണതിന്റെ അർത്ഥം എന്ന് നീൽ പറയും അമ്മയോട്. നീ വലുതായി ഒരു കഥാകാരനാവും എന്ന് ചിരിക്കും അപ്പോഴമ്മ.

നീൽ പറയുന്ന ഫ്രാൻസിസ് വിശേഷങ്ങളൊക്കെ നീലിന്റെ ഉണ്ടാക്കിക്ക ഥകളാണെന്നാണ് അമ്മയുടെ വിചാരം’
കുട്ടികൾ ഏതിനോടും വർത്തമാനം പറയുന്നവരാണെന്നും ചുറ്റുമുള്ള ജീവജാലങ്ങളെല്ലാം അവരോട് വർത്തമാനം പറയുന്നുണ്ടെന്നും കുട്ടികളവ രോട് തിരിച്ച് വിശേഷങ്ങൾ വിസ്തരിക്കാറുണ്ടെന്നും നീൽ അമ്മയോട് പറയാറുണ്ട് അപ്പോഴെല്ലാം.
നീലതു പറയുമ്പോഴെല്ലാം ശരിയാണ്, ശരിയാണ് എന്ന് സമ്മതിക്കും. പക്ഷേ കുറേ കഴിയുമ്പോ അമ്മ ചോദിക്കും, ഇന്ന് ഫ്രാൻസിസ് കഥയൊന്നുമില്ലേ?
ഈ മനുഷ്യർക്ക് കുട്ടികളെയും അവരുടെ ചുറ്റും നിന്നവരോട് വർത്തമാനം പറയുന്ന ജീവികളെയും എന്നാണാവോ മനസ്സിലാവുക എന്ന് നിൽ അപ്പോഴൊക്കെ അമ്പരക്കും. സാരമില്ലെന്നേ എന്നു പറഞ്ഞു കൊണ്ട് അപ്പോ ഫ്രാൻസിസ് മാവിൻ കൊമ്പിനും മുകളിലേക്കുയർന്ന് പറന്ന് വേറെ ഏതോ വീട്ടിലേക്കു പറന്നു പോവും. അവിടുത്തെ കുട്ടി സ്കൂൾ വിട്ടു വരുന്ന നേരമായിക്കാണും, ആ കുട്ടിയോട് കിന്നാരം പറയാൻ പോയതായിരിക്കും എന്നുവിചാരിക്കും നീൽ. പിന്നെ ഹോം വർക്ക് ചെയ്യുകയോ മുറ്റത്തിറങ്ങി കളിക്കുകയോ അമ്മയുടെ ഓഫീസ് വിശേഷം കേൾക്കുകയോ ചെയ്യും.
കുറേക്കഴിഞ്ഞ് വെയിലു മങ്ങുമ്പോൾ, ഫ്രാൻസിസിനു ചേക്കേറാൻ നേരമാവും. കിളികൾ വൈകുന്നേരം കൂട്ടിലേക്കു തിരികെ പോകുന്നതിനാണ് ചേക്കേറുക എന്നു പറയുന്നത്. നീൽ ആകാശത്തേക്കു കൈ ഉയർത്തി ബൈ, ഫ്രാൻസിസ്, നാളെ കാണാം എന്നു പറയുമ്പോൾ എവിടുന്നോ ഒരു കാക്ക ശബ്ദം മുഴങ്ങും. അത് ഫ്രാൻസിസല്ലാതെ മറ്റാരാകാനാണ്?