കുറുക്കന്റെ പേര് പങ്കജ് കുമാർ എന്നായിരുന്നു. സ്നേഹക്കൂടുതലുള്ളവരൊക്കെ പങ്കു എന്നു വിളിക്കും.
അവനങ്ങനെ ഒരു ദിവസം കാട്ടിൽ നല്ല നിലാവുള്ള നേരത്ത് കരിമ്പാറക്കൂട്ടങ്ങൾക്കിടയിലങ്ങനെ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു.
അപ്പോഴാണ് പെട്ടെന്ന് മഞ്ഞു പൊഴിയാൻ തുടങ്ങിയത്. വെളുവെളുത്ത മഞ്ഞു തരികളിൽ അടിമുടി കുളിച്ചു നിന്നവൻ. അവന്റെ ബ്രൗൺ നിറമാകെ മാഞ്ഞ് അവനൊരു വെളുവെളാ കുറുക്കനായി. അവനു തന്നെ അവനെ കണ്ടിട്ട് നല്ല രസം തോന്നി.
തന്നെയുമല്ല അവനാകെ തണുത്തു വിറയ്ക്കാനും തുടങ്ങി. അവൻ ഒറ്റ ഓട്ടത്തിന് അവന്റെ ഗുഹയിലെത്തി. ഗുഹയിലേക്ക് കടക്കും മുൻപ് അവൻ ദേഹത്തെ മഞ്ഞു തരികളൊക്കെ കുടഞ്ഞ് കളഞ്ഞു കുട്ടപ്പനായി.
അവൻ ഗുഹയിലേക്ക് കടന്നതും ഞാനുമിവിടുണ്ടേ, ഞാനുമിവിടുണ്ടേ എന്നു പറയുമ്പോലെ ഒരു ചിൽ ചിൽ ശബ്ദം കേട്ടു. ആരാണ് എന്റെ ഗുഹയിൽ എന്റെ അനുവാദം ഇല്ലാതെ കടന്നു കയറിയിരിക്കുന്നത് എന്നു ദേഷ്യപ്പെട്ടു പങ്കു ക്കുറുക്കൻ. അപ്പോഴുണ്ട് ഒരു അണ്ണാറക്കണ്ണൻ ഗുഹയുടെ മൂലയിൽ നിന്ന് വന്ന് കൈകൂപ്പിത്തൊഴുത് നിന്നു പറയുന്നു. പെട്ടെന്ന് മഞ്ഞു വീണപ്പോ രക്ഷയ്ക്കായി ഓടിക്കയറിയതാണേ. ക്ഷമിക്കണേ.

കുറുക്കന് അവന്റെ നിൽപ്പും മട്ടും മാതിരിയും കണ്ട് ചിരി വന്നു. അവന്റെ തോളിൽ തട്ടി കുറുക്കൻ പറഞ്ഞു, സാരമില്ലെടോ. താനിന്ന് എന്റെ ഗസ്റ്റ് ആണ്.
എന്നിട്ട് പങ്കജ് അവനെ ചേർത്തു പിടിച്ച് അവന്റെ പേരു ചോദിച്ചു. അവൻ, ജോർജ് എന്നു മറുപടി പറഞ്ഞു.
നല്ല പേര് എന്നവനെ ചേർത്തു പിടിച്ചു കൊണ്ട് കുറുക്കൻ മഞ്ഞിൻ തണുപ്പുകാരണം വിറയ്ക്കുന്ന അവന് വൂളൻ പുതപ്പെടുത്തുകൊടുത്തു. കുറുക്കൻ സ്വെറ്ററെടുത്തിട്ടു.
എന്നിട്ടവൻ ചൂടു ചായ ഉണ്ടാക്കി. കുറുക്കനും അണ്ണാരക്കണ്ണനും ഒരുമിച്ചിരുന്ന് ചായ കുടിച്ചു. പിന്നെ കുറുക്കൻ അണ്ണാരക്കണ്ണന് തിന്നാൻ പിസ്തയും കശുവണ്ടിയും കൊടുത്തു.
തീറ്റയും കുടിയും കഴിഞ്ഞപ്പോൾ അണ്ണാരക്കണ്ണൻ തണുപ്പിന്റെ വിറയലൊക്കെ മാറി മിടുക്കനായി.
പുറത്ത് ഇളം വെയിലും തെളിഞ്ഞു. ഇനി ഞാൻ പോട്ടെ, ഇനിയും വല്ലപ്പോഴും കാണാം എന്നു പറഞ്ഞ് ജോർജ്, പങ്കജിന് ഷേക്ക് ഹാൻഡ് കൊടുത്തു. പങ്കജ് പറഞ്ഞു, എപ്പോഴോ നിനക്ക് എന്നെ സഹായിക്കാൻ അവസരമുണ്ടായെന്നു വരാം, അല്ലേ ജോർജ്?

ജോർജ് തലയാട്ടി. എന്നിട്ട് പറഞ്ഞു. ആപത്തിൽ പെട്ട ചുണ്ടെലിയെ രക്ഷിച്ച സിംഹത്തിനെ പിന്നൊരിക്കൽ വേടന്റെ വലയിൽ നിന്ന് വല കടിച്ചു മുറിച്ച് ചുണ്ടെലി രക്ഷിച്ച സംഭവം അമ്മയെനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതുപോലെ പങ്കജ് ചേട്ടന് ഒരിക്കൽ ഞാനും ഉപകാരപ്പെടുമായിരിക്കും.
ശരിയാണ് എന്ന് ആ സംഭവമോർത്ത് സമ്മതിച്ചു നിന്നു കുറുക്കച്ചൻ. പിന്നെ അവർ കെട്ടിപ്പിടിച്ചുമ്മ വച്ച് പിരിഞ്ഞു. ഇനി മഞ്ഞു വീണാൽ, തണുത്താൽ പുതയ്ക്കാൻ ആ വൂളൻ പുതപ്പും കൂടി ജോർജിനു കൊടുത്തു പങ്കജ്.
ജോർജ് ഓടിച്ചാടിപ്പോകുന്നതു നോക്കി ഗുഹയിലെ ചാരുകസേരയിൽ കിടന്നു പങ്കജ്.
അണ്ണാരക്കണ്ണൻ തന്നെ ഒരിക്കൽ സഹായിക്കാൻ പോകുന്നതെങ്ങനെയാവും എന്ന് പല പല സാധ്യതകളാലോചിച്ചു നോക്കി പങ്കജ്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ വന്നപ്പോ, എണീറ്റ് ചായപ്പാത്രമൊക്കെ കഴുകി വച്ച്, വരാനുള്ളതൊക്കെ വരും, അതൊന്നും ഇപ്പോ ആലോചിച്ചാൽ പിടി കിട്ടുന്ന കാര്യങ്ങളല്ല എന്നു തന്നത്താൻ ഒരു ചിരിയോടെ പറഞ്ഞ് സ്വെറ്ററൊക്കെ മാറ്റി തോളത്തിട്ട് ഇളം വെയിലുകായാനിരിക്കുകയാണ് ഇപ്പോ നമ്മുടെ പങ്കജ്. നമുക്കവന്റെ ഒരു ഫോട്ടോയെടുത്താലോ?