ശന്തനുവും അമ്മയും ചേർന്ന് അവരുടെ വീടിനെ ക്രിസ്മസിനായി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.
പുൽക്കൂടും നക്ഷത്രങ്ങളും ബൾബുകളും ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും എല്ലാം ഷെൽഫിൽ നിന്ന് പുറത്തെടുത്തു വച്ചു അമ്മ.
വേർതിരിച്ച് വച്ചിരുന്ന പാർട്സുകളൊക്കെ കൂട്ടിയോജിപ്പിച്ച് ശന്തനു ,ക്രിസ്മസ് ട്രീയുണ്ടാക്കി. പിന്നെയതിന്മേൽ പല നിറങ്ങളിൽ മിന്നി മിന്നിത്തെളിയുന്ന അലങ്കാര വിളക്കുമാലകൾ ചുറ്റി.
അപ്പോഴേക്ക് ഇലക്ട്രീഷ്യൻ മനോജ് മാമൻ വന്നു ക്രിസ്മസ് ലാംപുകൾ തൂക്കാനായി. ഒരോ ലാംപും എവിടെ തൂക്കണമെന്ന് പറഞ്ഞു കൊടുത്തു അമ്മ. ആകെ അഞ്ചു ക്രിസ്മസ് ലാംപുകളുണ്ട്. ശന്തനു ചെറിയകുഞ്ഞ് ആയിരിക്കുമ്പോൾ മുതൽ ഉള്ള ലാംപുകളാണ് അതെല്ലാം. നല്ലോണം സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതു കൊണ്ട് ഒന്നിനും ഒരു തരി പോലും കേടുപറ്റിയിട്ടില്ല. ഇത്രയും പഴയ നക്ഷത്രങ്ങൾ സൂക്ഷിച്ചു വച്ചു പിന്നെയും പിന്നെയും ഉപയോഗിക്കുന്നവർ നമ്മളേ ഉണ്ടാകൂ എന്ന് അമ്മ അഭിമാനപൂർവ്വം ചിരിച്ചു.
ഓരോ നക്ഷത്രത്തിലും ഏത് നിറ ബൾബിടണമെന്ന് മനോജ് മാമന് പറഞ്ഞു കൊടുത്തത് ശന്തനുവാണ്. വെള്ളയിൽ, പല നിറങ്ങൾ മാറി മാറി വരുന്ന ബൾബ്. മുള നക്ഷത്രത്തിൽ ചുവപ്പ്.ചുവപ്പിൽ വെള്ള. പനമ്പു കൊണ്ടുള്ളതിൽ നീല. വീടിന്റെ മുകൾ നിലയിൽ ചുവപ്പും മുളകൊണ്ടുള്ളതും. ബാക്കി താഴത്തെ നിലയിൽ. കാർഷെഡിൽ വെള്ളനിറ എൽ ഇ ഡി. അങ്ങനെയങ്ങനെ നക്ഷത്രക്കാര്യങ്ങൾ തീരുമാനമായി.
മനോജ് മാമൻ പോയതും ശന്തനു വന്ന് ബാക്കി അലങ്കാരങ്ങൾ ക്രിസ്മസ് ട്രീയിൽ തൂക്കുകയായി. പല നിറങ്ങളിലുള്ള ഗോളങ്ങളും സമ്മാനപ്പൊതികളുടെ മിനിയേച്ചർ രൂപങ്ങളും ക്രിസ്മസ് അപ്പൂപ്പന്റെ ചെറിയ ചുവന്ന രൂപവും ക്രിസ്മസ് അപ്പൂപ്പന്റെ വാക്കിങ് സ്റ്റിക്കും പല നിറമണികളും ചേർന്നപ്പോ ക്രിസ്മസ് ട്രീ ആകെ കളർ ഫുളായി. അതു നോക്കി നിൽക്കെ ശന്തനുവിന് ഒരു തന്നത്താൻ ചിരി വന്നു. ബൾബു മാലകളും കൂടി ഓൺ ചെയ്തപ്പോൾ ക്രിസ്മസ് ട്രീ മഹാരസമായി.

ഇനി പുൽക്കൂടൊരുക്കണം. അതിനകം ആകെ ക്ഷീണിച്ചു പോയ ശന്തനു അമ്മയെ കൂട്ടുവിളിച്ചു. അമ്മ കരിക്കിൻ വെള്ളവുമായി വന്ന് ശന്തനുവിനെ ഉഷാറാക്കി.
ശന്തനുവും അമ്മയും പുൽക്കൂടിനു നേർക്ക് നടന്നു. പുൽക്കൂടിൽ വയ്ക്കാനുള്ള രൂപങ്ങൾ നിറഞ്ഞ ബോക്സ് അമ്മ കൈയിൽ താങ്ങിപ്പിടിച്ചിരുന്നു.
പുൽക്കൂടിനടുത്തെത്തിയപ്പോൾ അവർക്ക് ചിരി വന്നു. അതിനകത്ത് നീണ്ടു നിവർന്നിരിക്കുന്നു തങ്കുപ്പൂച്ച. അതവളുടെ വീടാണെന്ന ഗമയിലാണവളുടെ ഇരിപ്പ്. അവളുടെയടുത്ത് എന്തോ ഇളകുന്നതു കണ്ട് ശ്രദ്ധിച്ചു നോക്കുമ്പോഴല്ലേ, തങ്കുവിന്റെ മൂന്നു കുട്ടികളുമുണ്ട് അതിൽ. അവൾ കടിച്ചെടുത്തു കൊണ്ടുവന്നു വച്ചതായിരിക്കും. സിസിലി, റോസിലി, വാസിലി എന്നാണവരുടെ പേര്.
തങ്കൂ, ഒന്നു മാറിയേ ,എനിക്ക് മൂന്നു രാജാക്കന്മാരെയും ജോസഫച്ഛനെയും മേരിയമ്മയെയും ഉണ്ണീശോയെയും ആട്ടിൻപറ്റങ്ങളെയും ഒട്ടകത്തെയും മാലാഖമാരെയും വയ്ക്കേണ്ടതാണ് ഇതിനകത്ത് എന്നു ശന്തനു പലതവണ പല ടോണിൽ പറഞ്ഞു നോക്കി.
തങ്കുവിനുണ്ടോ വല്ല കൂസലും. അവൾ ഒന്നും കേൾക്കാ ഭാവത്തിൽ തല ഉയർത്തിപ്പിടിച്ചിരുന്നു. പൂച്ചക്കുഞ്ഞുങ്ങൾ അവളുടെ മേലെ കൂടി കേറി മറിഞ്ഞു.
പൂച്ചകൾ പുൽക്കൂടവരുടെ വീടാക്കിയെന്ന് ശന്തനുവിനും അമ്മയ്ക്കും തീർച്ചയായി. ഇനിയെന്താ ചെയ്യുക, ഇവർ മാറുന്ന ലക്ഷണമൊന്നുമില്ല, നമുക്ക് പുൽക്കൂടിനു പുറത്ത് നിരത്താം ഈ രൂപങ്ങളെ എന്നു പറഞ്ഞു അമ്മ.

അങ്ങനെ പൂച്ചകൾ പുൽക്കൂടിനകത്തായ,പുൽക്കൂട് രൂപങ്ങൾ പുൽക്കൂടിനു പുറത്തായ ക്രിസ്മസാണ് ഇത്തവണ ശന്തനു ആഘോഷിച്ചത്.
ചിലപ്പോ പൂച്ചകളും വന്നു കാണും പണ്ട് യേശുക്കുഞ്ഞിനെ കാണാൻ, ആടുകളും ആട്ടിടയന്മാരും നിൽക്കുന്നതിനിടെ ന്യായമായും പൂച്ചകളും ചേർന്നിരിക്കും അക്കൂട്ടത്തിൽ എന്നു പറഞ്ഞു ചിരിച്ചു അമ്മ.
ശന്തനു ലൈറ്റ് മാലയിട്ട് പൂച്ചപ്പുൽക്കൂട് അലങ്കരിച്ചു. താങ്ക് യു താങ്ക് യു എന്നാവർത്തിച്ചു പറയുമ്പോലെ തങ്കു തുരുതുരാ മ്യാവു എന്നു പറഞ്ഞു.
പൂച്ചപ്പുൽക്കൂടിനകത്തുനിന്ന് തല നീട്ടി തങ്കു ഉണ്ണിയേശുവിനെ മണത്തു നോക്കി. അത് തിന്നാനുള്ള സാധനമൊന്നുമല്ല ഉണ്ണിയേശുവാണ് എന്നു പറഞ്ഞു ചിരി ച്ചുശന്തനു.
എന്നിട്ടവൻ പൂച്ചപ്പുൽക്കൂടിനടുത്ത് കാൽ നീട്ടിയിരുന്ന് ഉണ്ണിയേശു പിറന്ന കഥ തങ്കുവിന് പറഞ്ഞു കൊടുത്തു. അവൾ ചെവി കൂർപ്പിച്ച് അത് കേട്ടിരുന്നു.
പൂച്ചക്കുട്ടികൾ തങ്കുവിന്റെ പാലുകുടിക്കാൻ ബഹളം കൂട്ടി.
അമ്മ പൂച്ചപ്പുൽക്കൂടിന്റെ ഫോട്ടോയെടുത്ത് എഫ് ബിയിലിട്ടു. ലൈക് വന്ന് നിറയുന്നത് ശന്തനു തങ്കുവിനെ കാണിച്ചു കൊടുത്തു. അവൾക്ക് നല്ല ഗമയായി.അവൾക്ക് ചോറും മീനും കൂട്ടിക്കുഴച്ചത് അവളുടെ പൂച്ചപ്ലേറ്റിൽ വച്ചു കൊടുത്തു അമ്മ.
രാജാക്കന്മാർ കാഴ്ചവച്ച കുന്തിരിക്കത്തിന്റെ മണത്തിനു പകരം ഇത്തവണ പുൽക്കൂടിന് മീൻ മണമാവും എന്നു പറഞ്ഞു ചിരിച്ചു അമ്മ. ശന്തനുവും അമ്മയ്ക്കൊപ്പം ചിരിച്ചു .
പൂച്ചപ്പുൽക്കൂടിന്റെ കാര്യം മനസ്സിൽക്കണ്ട് നിങ്ങൾക്കും ചിരി വരുന്നുണ്ടാവും അല്ലേ കൂട്ടുകാരേ?