ക്രിസ്മസിൻ്റെ തലേന്ന് മൂടിപ്പുതച്ചു കിടന്ന് കമല ഉറങ്ങുകയായിരുന്നു.
“കമല ഉറങ്ങിക്കോളൂ, പാതിരാത്രിയാവുമ്പോഴേ ക്രിസ്മസ് അപ്പൂപ്പൻ സമ്മാനവുമായെത്തൂ. നമ്മൾ ക്രിസ്മസ് ട്രീ യുടെ അരികെ തൂക്കിയിട്ട വലിയ ചോപ്പു നിറ സോക് സിൽ കമലക്കുള്ള സമ്മാനം വച്ചിട്ടുണ്ടാവും കമലയെണീക്കുമ്പോഴേക്ക് ക്രിസ്മസ് അപ്പൂപ്പൻ.” അങ്ങനെ പറഞ്ഞു അച്ഛൻ.
ക്രിസ്മസ് അപ്പൂപ്പനെയും എൽഫുകളെയും റെയിൻ ഡിയറുകൾ വലിക്കുന്ന വണ്ടിയെയും നേരിട്ടു കാണണമെന്നുണ്ടായിരുന്നു കമലയ്ക്ക്.
ഉറങ്ങാതിരിക്കാൻ കുറച്ചു നേരം കണ്ണുതുറന്നു പിടിച്ചെങ്കിലും പെട്ടെന്നു തന്നെ അവൾ ഉറങ്ങിപ്പോയി.ഉറക്കത്തിലവൾ ക്രിസ്മസ് അപ്പൂപ്പനെ സ്വപ്നം കണ്ടു.
റെയിൻഡിയർ വലിക്കുന്ന വണ്ടിയിൽ കമലയുടെ മുറ്റത്ത് ചോപ്പു കുപ്പായക്കാരൻ, കൂർമ്പൻ തൊപ്പിക്കാരൻ, പഞ്ഞിത്താടിക്കാരൻ വന്നിറങ്ങുമ്പോൾ വണ്ടിയിലപ്പടി മഞ്ഞു തൂവിക്കിടക്കുന്നുണ്ടായിരുന്നു.
കമല ക്രിസ്മസ് അപ്പൂപ്പനെ കണ്ടതും ഓടിച്ചെന്ന് ആ വിരലിൽ തൂങ്ങി. എന്നിട്ട് പരിഭവം പറഞ്ഞു, “എത്ര നേരമായി ഞാൻ എനിക്കുള്ള സമ്മാനവുമായി അപ്പൂപ്പൻ വരുന്നതു കാത്തിരിക്കുന്നു.”
ക്രിസ്മസ് അപ്പൂപ്പൻ കമലയുടെ കവിളിൽ മഞ്ഞു വീണ് തണുത്ത കൈ കൊണ്ട് തലോടി. അപ്പോ കമലയ്ക്ക് വിറയ്ക്കും പോലെ തണുത്തു.
“എത്രയെത്രയോ നാടുകളിലെ കുട്ടികളുടെ അടുത്തു പോയിട്ടാണ് ഞാൻ വരുന്നതെന്നറിയാമോ കമലയ്ക്ക്?” ക്രിസ്മസ് അപ്പൂപ്പൻ പറഞ്ഞു,
കമല സമ്മാനങ്ങൾ കൂമ്പാരമായി നിറച്ചു വച്ചിരിക്കുന്ന ക്രിസ്മസ് അപ്പൂപ്പൻ്റെ വണ്ടിയിലേക്കു നോക്കി അത്ഭുതപ്പെട്ടു. ഇത്ര ദൂരം സഞ്ചരിച്ചിട്ടും വണ്ടി നല്ല ക്ലീൻ, ക്ലീനായിരിക്കുന്നല്ലോ. വണ്ടിയുടെയും സമ്മാനങ്ങളുടെയും സൂക്ഷിപ്പുകാരായി എൽഫുകളുണ്ടെന്ന് പറഞ്ഞവരെ കമലയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു ക്രിസ്മസ് അപ്പൂപ്പൻ. എൽഫുകൾ കമലയുടെ കൈ പിടിച്ച് വട്ടത്തിൽ കറങ്ങി ‘ജിങ്കിൾ ബെൽസ്, ജിങ്കിൾ ബെൽസ് പാടി നൃത്തം ചെയ്തു.

അതിനിടെ ക്രിസ്മസ് അപ്പൂപ്പൻ കമല ക്രിസ്മസ് ട്രീയുടെ അരികിൽ തൂക്കിയിട്ട ചോപ്പ് സോക്സിനുള്ളിലേയ്ക്ക് കമലയറിയാതെ രഹസ്യമായി കമലയ്ക്കുള്ള സമ്മാനം തിരുകി വച്ചത് നൃത്ത ബഹളത്തിനിടയിൽ കമല കണ്ടില്ല. ഡാൻസു കഴിഞ്ഞ് കിതച്ചു നിന്ന കമലയെ ക്രിസ്മസ് അപ്പൂപ്പനെടുത്തു മടിയിലിരുത്തി.
അപ്പോ കമല പറഞ്ഞു, “ഇനി റെയിൻ ഡിയർ വലിക്കുന്ന ഈ വണ്ടി ഒന്ന് ക്രിസ്മസ് അപ്പൂപ്പൻ മാറ്റണം. നല്ല ഇലക്ട്രിക് വണ്ടികളുണ്ടല്ലോ ഇപ്പോ. സമ്മാനങ്ങളൊക്കെ നല്ല വിശാലമായി വയ്ക്കാൻ പറ്റുന്ന നല്ല വിസ്താരമുള്ള ഒരു വണ്ടി വാങ്ങണം. ഒരു രാത്രി കൊണ്ട് എത്രയെത്ര കുട്ടികളുടെ അടുത്ത് എത്താനുള്ള താണ്? അപ്പോ നല്ല സ്പീഡില് പായണ്ടേ വണ്ടി?”
കമലയുടെ വിചാരങ്ങൾ കേട്ട് കുലുങ്ങിക്കുലുങ്ങി ചിരിച്ചു ക്രിസ്മസ് അപ്പൂപ്പൻ.എന്നിട്ടു പറഞ്ഞു “ഇപ്പോ ഏതു നാട്ടീന്നും ഏതു കുട്ടിക്കും സമ്മാനങ്ങൾ കൊറിയർ ചെയ്യാമല്ലോ. അപ്പൂപ്പനിത്ര ദൂരം സഞ്ചരിച്ചു കഷ്ടപ്പെടേണ്ടി വരില്ലല്ലോ. എളുപ്പവഴിയാണതൊക്കെ. പക്ഷേ അപ്പൂപ്പന് അപ്പൊ നിങ്ങൾ കുട്ടികളെ നേരിട്ടു കാണാൻ പറ്റുമോ? ഇങ്ങനെ മടിയിലിരുത്താൻ പറ്റുമോ കമല മോളെ?”
കമല തലയാട്ടി പറഞ്ഞു, “ശരിയാണപ്പൂപ്പൻ പറയുന്നത്.”
അപ്പോ അപ്പൂപ്പൻ തുടർന്ന് ചോദിച്ചു. “റെയിൻ ഡിയർ വലിക്കുന്ന, മണി കിലുക്കുന്ന ഈ വണ്ടിയല്ലേ നാടൊട്ടുക്ക് ശരിക്കും ക്രിസ്മസിൻ്റെ വരവറിയിക്കുന്നത്?”
അപ്പോ കമല വണ്ടി മണികളിൽ തൊട്ടു. പിന്നെ മണികളാട്ടി രസിച്ചു “ണിങ് ണിങ്” എന്ന് ഒച്ചയുണ്ടാക്കി മണിയൊച്ചയ്‌ക്കൊപ്പം ചിരിച്ചു.
“ഈ എൽഫുകളെയും എനിക്കെത്ര ഇഷ്ടമാണെന്നോ കാണാനും തൊടാനും,” എന്നവൾ പറഞ്ഞതും എൽ ഫുകൾ വന്നവളെ പൊതിഞ്ഞു നിന്നു.

അതിനിടയിൽ അവളോർത്തു. എന്താവും ക്രിസ്മസ് അപ്പൂപ്പൻ കൊണ്ടുവന്ന സമ്മാനം?
അവൾ ക്രിസ്മസ് ട്രീ യുടെ അരികിലേക്കോടിപ്പോയി ക്രിസ്മസ് സോക്സിൽ കൈയിട്ടു. അപ്പോഴുണ്ട് സോക്സിനുള്ളിൽ നിന്ന് ഒരു നന്നെ നനുത്ത ഒരു ‘കീ കീ’ ഒച്ച. എന്തിൻ്റെ ഒച്ചയാണത് എന്ന് കമലക്ക് മനസ്സിലായില്ല.
അപ്പോഴേയ്ക്ക് കമല സ്വപ്നത്തിൽ നിന്നുണർന്നു. ഉണർന്നപ്പോ ക്രിസ്മസ് അപ്പൂപ്പനില്ല എൽഫുകളില്ല റെയിൻ ഡിയറുകളില്ല. കമലയ്ക്ക് സങ്കടമായി.
അവൾ എണീറ്റ് ക്രിസ്മസ് ട്രീ യുടെ അടുത്തേക്ക് നടന്നു. അപ്പോഴുണ്ട് ഒരു ‘കീ കീ’ ഒച്ച. അവൾ ക്രിസ്മസ് സോക്സിൽ കൈയിട്ടു. അയ്യടാ, ഒരു തൂവെള്ള പട്ടിക്കുഞ്ഞ്. അവൾ “അമ്മേ” എന്നു വിളിച്ച് അതിനെ കൈയിലെടുത്ത് അതിന് ഉമ്മ കൊടുത്ത് തുള്ളിച്ചാടി.
സ്വപ്നത്തിൽ വന്ന ക്രിസ്മസ് അപ്പൂപ്പൻ വച്ചിട്ടു പോയ സമ്മാനമാണതെന്ന് അവൾ അമ്മയോട് പറഞ്ഞു. അമ്മ ചിരിച്ചു. “നിനക്ക് തണുക്കുന്നുണ്ടോടാ?” എന്നു ചോദിച്ച് അവളതിനെനെഞ്ചോട് ചേർത്തു.
അതിന് ഫില്ലറിലെടുത്ത് പാലു കൊടുത്തു കൊണ്ട് ക്രിസ്മസപ്പൂപ്പനോട് ഇലക്ട്രിക്ക് വണ്ടി വാങ്ങാൻ പറഞ്ഞതൊക്കെ കമല അമ്മയോട് വിസ്തരിച്ചു. അങ്ങനെ എല്ലാം പരിഷ്ക്കരിക്കാനാണെങ്കിൽ എനിക്കീ സമ്മാനമാക്കെ കൊറിയർ ചെയ്യാനുള്ളതല്ലേയുള്ളൂ എന്നു ക്രിസ്മസ് അപ്പൂപ്പൻ ചോദിച്ചതു പറയാനും അവൾ മറന്നില്ല.
ഇങ്ങനെ ജീവനുള്ള സമ്മാനങ്ങൾ കുട്ടികൾക്ക് കൊറിയർ ചെയ്താൽ അത് ചത്തുപോകില്ലേ, ക്രിസ്മസ് അപ്പൂപ്പൻ ഇലക്ട്രിക് വണ്ടിയും കൊറിയറുമൊക്കെയായി പച്ചപ്പരിഷ്ക്കാരിയാവാതിരിക്കുന്നതാ നല്ലത് എന്നു കൂടി പറഞ്ഞു അവൾ.
അതിനിടെ പട്ടിക്കുഞ്ഞ് അവളെ നക്കി. “ഞാൻ ഒരു പാട് താമസിച്ചല്ലേ ഇത്തവണ എന്തു സമ്മാനം വേണമെന്നു പറഞ്ഞ് ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതിയത്? അതിത്ര വേഗം കിട്ടിയോ ക്രിസ്മസ് അപ്പൂപ്പന്?” എന്ന് കമല അതിനിടെ അത്ഭുതപ്പെട്ടു.
അതു കേട്ട് അമ്മ കുടുകുടെ ചിരിച്ചു.
എന്തിനായിരിക്കും അമ്മ ചിരിച്ചത്? ആർക്കെങ്കിലും പറയാമോ ഈ ചോദ്യത്തിനുള്ള ഉത്തരം?