രാവിലെ നന്ദയെ പഠിക്കാനിരുത്തിയിട്ട് അടുക്കളയിലേയ്ക്ക് പോന്നതാണമ്മ. അമ്മ ഒരു ചായയുണ്ടാക്കി കുടിച്ചു കൊണ്ട് അടുക്കളയിലെ കസേരയിൽ ഒന്നിരുന്നപ്പോഴേക്കും നന്ദയുണ്ട് അവിടെ.
ഇത്ര വേഗം പഠിച്ചു കഴിഞ്ഞോ എന്ന് ദേഷ്യപ്പെട്ടു അമ്മ. അമ്മയെ അടുക്കളയിൽ സഹായിക്കാൻ വരുന്ന രമ ചേച്ചി ഇന്ന് ലീവല്ലേ, അതുകൊണ്ട് അമ്മയെ ഇന്ന് സഹായിക്കാമെന്നു വച്ചു എന്ന് പറഞ്ഞു മുഖം നിറയെ ചിരിയുമായി നന്ദ നിൽക്കുന്നതുകണ്ടപ്പോ അമ്മയുടെ ദേഷ്യമെല്ലാം പൊയ്പ്പോയി.
സാധാരണ അച്ഛനും അമ്മയും കൂടിയാണ് അടുക്കളയിലെ ജോലിയെല്ലാം തീർക്കുക. അച്ഛന് വയനാടേക്ക് ട്രാൻസ്ഫറായല്ലോ ഒരു മാസം മുൻപ്. അച്ഛനിപ്പോ അവിടെ ലോഡ്ജിലാണ് താമസം. അച്ഛന് മാറ്റമായതിൽപ്പിന്നെ യാണ് അമ്മയെ സഹായിക്കാൻ രമച്ചേച്ചി വരുന്നത്. രമച്ചേച്ചിയുടെ കുട്ടിക്ക് വയ്യ, ഹോസ്പിറ്റലിൽ കൊണ്ടു പോണം എന്നു പറഞ്ഞ് കുറച്ചു കാശും കടം വാങ്ങിയാണ് ഇന്നലെ രമച്ചേച്ചി പോയത്. ഒരു വർഷം മുൻപ് രമച്ചേച്ചിയുടെ ഭർത്താവ് മരിച്ചു പോയി. അതിൽ പിന്നെ അവരുടെ കാര്യം കഷ്ടമാണ്. വീട്ടുജോലിക്കു പോയാണ് അവരിപ്പോ ജീവിക്കുന്നത്. കഷ്ടം തന്നെ അവരുടെ കാര്യം. പക്ഷേ രമച്ചേച്ചിയുടെ മുഖം മങ്ങിക്കാണാറേയില്ല. അതു കൊണ്ടാണ മ്മയക്ക് അവരെ ഇത്ര കാര്യം.
അങ്ങനെയൊക്കെ ആലോചിച്ചു കൊണ്ട് അമ്മ കൊടുത്ത നെയ്യിട്ട കട്ടൻകാപ്പി ഊതിയൂതി കുടിച്ചു നിന്നു നന്ദ. കാപ്പിയുടെ മുകളിൽ നെയ്യുരുകി സ്വർണ്ണവളയങ്ങളായി നടക്കുന്നത് നന്ദ കണ്ടു രസിച്ചു.
അപ്പോഴാണ് അമ്മ ചോദിച്ചത് – അമ്മയെ എങ്ങനെ സഹായിക്കാനാണ് നന്ദയുടെ പ്ലാൻ? കറിക്കു കഷ്ണം മുറിക്കാൻ റെഡിയായി അമ്മ ഫ്രിഡ്‌ജിൽ നിന്നു പുറത്തെടുത്തു വച്ച കോവയ്ക്കയും പിന്നെ കട്ടിങ് ബോർഡും കൈയിലെടുത്തു നന്ദ.
വേണ്ട, വേണ്ട, എക്സാമടത്തു വരികയല്ലേ, എങ്ങാനും കൈ മുറിഞ്ഞാലോ എന്നായി അമ്മ. എന്നാൽ ഞാനീ തേങ്ങാമുറി ചിരകിനോക്കാം എന്നായി നന്ദ അമ്മ രണ്ടായി പൊട്ടിച്ച തേങ്ങയിലെ തേങ്ങാവെള്ളം ഗ്ലാസിലെടുത്തമ്മ നീട്ടിയതു വാങ്ങിക്കുടിച്ചു കൊണ്ട്. തേങ്ങ ചിരണ്ടുമ്പോ കൈ തെന്നി മുറിവു പറ്റിയാൽ പണിയാകും എന്നു തടസ്സം പറഞ്ഞു അമ്മ.

ഞാനാദ്യമായിട്ടാണ് കഷ്ണം മുറിക്കാനൊരുങ്ങുന്നതും തേങ്ങ ചിരവാൻ പോകുന്നതും. അപ്പോ ചെലപ്പോ കൈയൊന്ന് മുറിഞ്ഞെന്നൊക്കെയിരിക്കും. അത് സാരമാക്കാനില്ല അമ്മേ. ചെയ്തു ചെയ്താണോരോന്ന് പഠിക്കുന്നതെന്ന് പറയാറില്ലേ അമ്മ? എന്നു ചിണുങ്ങി പരാതിക്കാരിയായി നന്ദ.
അപ്പോ അമ്മ ചുറ്റും ചുറ്റും നോക്കി ഒന്നാലോചിച്ചിട്ട് പറഞ്ഞു, എന്നാ നന്ദ ഇഡ്ഡലിക്ക് കോരിയൊഴിച്ചോളൂ.
നന്ദയ്ക്കമ്മയുടെ ഇഡ്ഡലി ഐഡിയ ക്ഷ പിടിച്ചു.
അമ്മ ചൂണ്ടിക്കാണിച്ച ഇഡ്ഡലിക്കുട്ടകവും ഇഡ്ഡലിത്തട്ടുകളും നന്ദകഴുകിയെടുത്തു.
ഇഡ്ഡലിത്തട്ടുകൾ തുണികൊണ്ട് തുടച്ചു.എന്നിട്ടതിന്റെ കുഴിയോരോന്നിലും എണ്ണ പുരട്ടി. മാവ് പാത്രം ഫ്രിഡ്ജിൽ നിന്നെടുത്തു നന്ദ.പിന്നെ ഇന്നത്തേക്കുള്ള മാവ് ഒരു പാത്രത്തിലേക്ക് അമ്മ കാണിച്ചു കൊടുത്ത പ്രകാരം തവി കൊണ്ട് പകർന്ന് ബാക്കി മാവ് ഫ്രിഡ്ജിലേക്കു തിരികെ വച്ചു.
ഇഡ്ഡലി മാവിൽ പാകത്തിന് ഉപ്പും വെള്ളവും ചേർക്കുന്നതെങ്ങനെയെന്ന് അമ്മ പഠിപ്പിച്ചു കൊടുത്തു അവൾക്ക്. പിന്നെ മാവ് നല്ലോണം ഇളക്കി.
ഇഡ്ഡലിക്കുട്ടകത്തിന്റെ കാൽ ഭാഗത്ത് അവൾ വെള്ളം നിറച്ചു.എന്നിട്ടാ ദ്യത്തെ തട്ടെടുത്ത തിൽ വച്ച് മാവു കോരിയൊഴിച്ചു ഓരോ കുഴിയിലേക്കും.പിന്നെ അടുത്തതട്ട് അതിനു മുകളിൽ വച്ച് അതിലെ കുഴികളും മാവുകൊണ്ട് നിറച്ചു. ഏറ്റവുമൊടുക്കം മൂന്നാമത്തെ തട്ടും വച്ച് അതിലും മാവൊഴിച്ച് ഇഡ്ഡലിപ്പാത്രം മൂടി കൊണ്ടടച്ച് അടുപ്പിൽ വച്ചു. ഗ്യാസ് ലൈറ്റർ കൊണ്ട് നന്ദ തന്നത്താനേ അടുപ്പു കത്തിച്ചു. ഇനി ഏഴെട്ടു മിനിട്ടു നേരം, അമ്മ പറഞ്ഞു.
നന്ദ അടുപ്പിലേക്കു തന്നെ നോക്കി നിന്നു.അടപ്പിനിടയിലൂടെ ആവി പുറത്തേക്കു വരുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.
ഏഴു മിനിട്ടുകഴിഞ്ഞ് അടുപ്പ് ഓഫ് ചെയ്തതും നന്ദ. പാത്രം അടുപ്പത്തു നിന്ന് വാങ്ങി വച്ചത് അമ്മ.

പിന്നെ മൂടി തുറന്ന് പക്കഡ് കൊണ്ട് ഓരോ തട്ടും സർക്കസുകാരിയെപ്പോലെ ബാലൻസ് ചെയ്ത് പുറത്തെടുത്തു നന്ദ.നല്ലോണം പൊങ്ങിയിരിക്കുന്നു ഓരോ ഇഡ്ഡലിയും എന്നു കണ്ട് അവൾക്ക് സന്തോഷമായി. പിന്നെ അവളോരോ തട്ടും ഫാനിന്റെ ചോട്ടിൽ ആറാൻ വച്ചു.
പാകത്തിന് ആറിയോന്ന് അവൾ ഇഡ്ഡലി തൊട്ടു നോക്കി. പിന്നെ പിറന്നാൾ കേക്ക് മുറിച്ച മരക്കത്തിയുടെ അറ്റം കൊണ്ട് തട്ടിൽ നിന്ന് ഇഡ്ഡലിയോരോന്നും വിടുവിച്ചെടുത്തു.
ആഹാ നല്ല പൂ പോലത്തെ ഇഡ്ഡലികൾ എന്നവൾ തുള്ളിച്ചാടി. കാസറോൾ ഇഡ്ഡലികൾ കൊണ്ട് നിറഞ്ഞു.
രമച്ചേച്ചിയുണ്ടായിരുന്നെങ്കിൽ അത്ഭുതപ്പെട്ടേനെ അല്ലേ എന്നവളമ്മയോട് ചോദിച്ചു.അമ്മ തല കുലുക്കി. ഇനി അച്ഛൻ വരുമ്പോ ഞാനുണ്ടാക്കിയ ഇഡ്ഡലി കൊടുക്കാം എന്നവൾ അമ്മയെ പറഞ്ഞേർപ്പാടാക്കി.
ഇനി ചട്ണി കൂടി ഞാനുണ്ടാക്കിയാലോ എന്നു ചോദിച്ചു നന്ദ. അത് വേറൊരു ദിവസമാകാം, എല്ലാം കൂടി ഇന്നു വേണ്ട എന്നു പറഞ്ഞു അമ്മ.
മോള് പോയി പഠിച്ചോ, ചട്ണി റെഡിയാകുമ്പോ ഇഡ്ഡലി കഴിക്കാൻ വിളിക്കാം എന്നു പറഞ്ഞു കൊണ്ട് അമ്മ തേങ്ങ ചിരണ്ടാനിരുന്നു.
നമ്മുടെ പതിവു കാക്ക വരുമ്പോ അതിന് ഞാനുണ്ടാക്കിയ ഒരിഡ്ഡലി കൊടുക്കാം നമുക്ക്, അവൾക്ക് വല്യ ഇഷ്ടാവും എന്നു പറഞ്ഞ് നന്ദ തുള്ളിച്ചാടി സ്റ്റഡി റൂമിലേക്കു പോയി.
ഇപ്പോ എല്ലാവർക്കും തോന്നണില്ലേ, ഇഡ്ഡലിയുണ്ടാക്കാൻ പഠിക്കണമെന്ന്. അച്ഛനോടോ അമ്മയോടോ ഒന്നു ചോദിച്ചു നോക്കിയാലോ ഇഡ്ഡലിയുണ്ടാക്കാൻ പഠിപ്പിക്കാമോ എന്ന്?