അപ്പുവിന് ഏറ്റവും പുതിയ ക്രെയ്സ് മോതിരങ്ങളോടാണ്. പല തരം മോതിരങ്ങളുണ്ട് അപ്പുവിന്റെ കളക്ഷനിൽ. വെള്ളി നിറത്തിലുള്ളവ, സ്വർണ്ണ നിറത്തിലുള്ളവ, കല്ലുവച്ചവ, തലയോടിന്റെയും പാമ്പിന്റെയും മൂങ്ങയുടെയും ചീട്ടിന്റെയും ഹൃദയത്തിന്റെയുമൊക്കെ ആകൃതിയിലുള്ളവ- അങ്ങനെ പലതരം.
എവിടെ നിന്നാണിത്രയും മോതിരങ്ങൾ കിട്ടുന്നത് എന്നാവും അല്ലേ? കൂടുതലും അപ്പുവും അമ്മയും കൂടി കടകളിൽ നിന്നു നേരിട്ടു വാങ്ങിയവ യാണ്. ചിലതൊക്കെ ഓൺലൈൻ സൈറ്റുകളിൽ കയറിയിറങ്ങി വില കുറഞ്ഞതും എന്നാലോ ഭംഗിയുള്ളതും എന്നു നോക്കി നോക്കി ഓർഡർ ചെയ്തു വാങ്ങിച്ചതാണ്.
പത്തുപന്ത്രണ്ട് മോതിരത്തിൽ കൂടുതലായപ്പോൾ അമ്മ ഒരിത്തിരി വഴക്ക് ഭാവത്തിൽ ചോദിച്ചു- ഇത്രയും പോരേ അപ്പൂ നിനക്ക്? എത്ര കാശെന്നു വച്ചാ മോതിരത്തിനു വേണ്ടി കളയുന്നത്? ഈ പൈസയൊക്കെ കൂട്ടി വച്ചാൽ ഒരാൾക്ക് എത്ര ദിവസത്തെ ആഹാരത്തിനു തികയും എന്നറിയാമോ?
അമ്മയുടെ ചോദ്യം കേട്ടപ്പോ അപ്പുവിന് വിഷമമായി. അച്ഛനെന്തു പറയുമെന്നറിയാൻ അവൻ അച്ഛനെ നോക്കി. അപ്പു ഇട്ടിരുന്ന നീലക്കൽ മോതിരത്തിൽ പിടിച്ചു നോക്കി അന്നേരം അച്ഛൻ പറഞ്ഞു – ഇതിത്തിരി കൂടുന്നുണ്ട് കേട്ടോ അപ്പൂ നിന്റെ മോതിരം വാങ്ങൽ.
അപ്പോ അപ്പുവിന്റെ മോതിര സന്തോഷമൊക്കെ എങ്ങാണ്ട് പോയി മറഞ്ഞു.അവന്റെ മുഖം മങ്ങിയതു കണ്ട് അമ്മൂമ്മ ഇടപെട്ടു മോതിരക്കാര്യത്തിൽ.അപ്പു ഇന്ന ഉടുപ്പു വേണമെന്നോ ഇന്ന ഫുഡ് വേണമെന്നോ ഇന്ന സിനിമ കാണണമെന്നോ വാശി പിടിക്കാറില്ലല്ലോ. തത്ക്കാലം അവന് കമ്പം മോതിരങ്ങളോടാണ്. വലുതാവുന്നതു വരെ കാണൂ ഈ കമ്പം. നോക്കി നിൽക്കുമ്പം മാറും കുഞ്ഞുങ്ങളുടെ താത്പര്യങ്ങൾ.

അമ്മൂമ്മ അവന്റെ പക്ഷം പിടിച്ചതുകൊണ്ടാവും പിന്നെ അച്ഛനൊന്നും പറയാതെ അവിടം വിട്ടു പോയി. അമ്മൂമ്മ അപ്പുവിന്റെ അമ്മയോട് വിസ്തരിച്ചു. പുറത്തെവിടെ പോയാലും പാവ വേണം, പാവ വേണം എന്ന് ശാഠ്യം പിടിക്കുന്ന കുട്ടിയായിരുന്നില്ലേ നീയ്? എന്നിട്ടെന്തായി വലുതായപ്പോ? പാവകളൊക്കെ എന്റെ കാൽപ്പെട്ടിയിലും ഷോകെയ്സിലുമൊക്കെ ഇരിപ്പായി. വലുതായപ്പോ നീ തന്നെ എടുത്ത് അടുത്ത വീടുകളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. അത്രേ കണക്കാക്കണ്ടൂ, അപ്പുവിന്റെ മോതിരക്കമ്പത്തെയും. അമ്മ അപ്പോ നേർത്ത ചിരിയോടെ അമ്മൂമ്മയെയും അപ്പുവിനെയും മാറി മാറി നോക്കി. എന്നിട്ട് അപ്പുവിന്റെ നീലക്കൽ മോതിരമൂരിയെടുത്ത് വിരലിലിട്ട് തിരിച്ചും മറിച്ചും ഭംഗി നോക്കി. അമ്മയുടെ വിരൽ ചെറുതായതു കൊണ്ട് അപ്പുവിന്റെ എല്ലാ മോതിരവും അമ്മയ്ക്ക് പാകമാവും. നല്ല ഭംഗിയുണ്ട്, നല്ലോണം ചേരണുണ്ട് അമ്മയ്ക്ക് എന്നു പറഞ്ഞ് അമ്മയുടെ വിരൽ തലോടി അപ്പു.
പാവക്കമ്പം കഴിഞ്ഞ് അമ്മയ്ക്ക് പിന്നെയേതു കമ്പമാ ഉണ്ടായേ എന്ന് തിരക്കി അപ്പു. വളക്കമ്പം എന്ന് പറഞ്ഞ് അമ്മ ചിരിച്ചു വള കിലുങ്ങുമ്പോലെ .എനിക്കു കുറച്ചുനാൾ ടോയ് കാറായിരുന്നില്ലേ കമ്പം, അതു മാറിയല്ലേ മോതിരക്കമ്പ മായത്, ഇനി ഇതുമാറി എന്താവുമോ എന്തോ എന്നു സ്വയംചോദിച്ചു നിന്നു അപ്പു.
മോതിരമടുക്കി വയ്ക്കാനായി,അകത്ത് വെൽവെറ്റ് പതിപ്പിച്ച ഒരാഭരണപ്പെട്ടി കൊടുത്തു അതിനിടയിലമ്മ. അപ്പുവിനതോടെ പെരുത്തു സന്തോഷമായി. അപ്പുവും അമ്മൂമ്മയും കൂടി ആ ആഭരണപ്പെട്ടിയിൽ മോതിരമടുക്കി വയ്ക്കാൻ തുടങ്ങി. ആഹാ, എന്താ രസം കാണാൻ എന്നു പറഞ്ഞ് അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു അമ്മ.
അല്ലാ, അച്ഛന്റൊപ്പം ബ്രോഡ്വേയിൽ പോയപ്പോ വാങ്ങിയ ചുവന്ന കല്ലുമോതിരമെന്ത്യേ എന്നായി അമ്മ. ആ ചോദ്യം കേട്ടതും അപ്പു നിന്ന് പരുങ്ങി. സത്യം പറഞ്ഞാൽ വഴക്കു പറയുമോ എന്നായി അപ്പു. സത്യം പറഞ്ഞാൽ എന്തിനാ വഴക്ക്, നല്ലതു പറയുകയല്ലേ വേണ്ടത് എന്നു ചിരിച്ചു കൊണ്ട് അപ്പോ അച്ഛനങ്ങോട്ട് കയറി വന്നു. അപ്പു വിസ്തരിച്ചു.സ്കൂളിലിടാൻ പാടില്ലല്ലോ മോതിരം. പക്ഷേ ഒരു ദിവസം നിങ്ങളാരും കാണാതെ ഞാനാ ചോപ്പു കല്ലുമോതിരമിട്ടു കൊണ്ട് സ്കൂളിൽ പോയി. അനീന ഇതുവരെ ഒരു ചോപ്പുകല്ലുമോതിരം കണ്ടിട്ടില്ലെന്നു പറഞ്ഞതു കൊണ്ടാ ഞാനങ്ങനെ ചെയ്തത് .പക്ഷേ ടീച്ചറത് കണ്ടു പിടിച്ചു, അത് ഊരി വാങ്ങി, ഇനി സ്കൂളടക്കു മ്പോഴേ തരൂ എന്ന് പറഞ്ഞു.

അനുസരണക്കേട് കാണിച്ചാൽ അങ്ങനെ ചെറിയ ശിക്ഷയൊക്കെ വേണം എന്നു പറഞ്ഞു അവനെ ചേർത്തു പിടിച്ചു കൊണ്ട് അമ്മൂമ്മ.
അപ്പോ അപ്പു കുടുകുടാ ചിരിച്ചു കൊണ്ട് ചോദിച്ചു. എന്റെ വെള്ളി നിറത്തിൽ കറുത്ത കല്ലുള്ള മോതിരവും പോയി, അതെങ്ങനാ പോയേന്നറിയാമോ?
മോതിരം പോയാൽ ആരെങ്കിലും ചിരിക്കുമോ എന്ന മട്ടിൽ നിന്നു അമ്മ. അടുത്ത മോതിരക്കഥ കേക്കട്ടെ എന്ന മട്ടിൽ നിന്നു അച്ഛൻ. അത് ഞാൻ നിനക്ക് പെരുന്നാൾക്കടയിൽ നിന്ന് വാങ്ങിച്ചു തന്നതല്ലേ എന്നായി അമ്മൂമ്മ. അപ്പു ചിരി മായ്ക്കാതെ തല കുലുക്കി.എന്നിട്ട് പറഞ്ഞു, അതൂരി ഞാൻ ജനലിങ്കൽ വച്ചതും ഒരു കാക്ക വന്നത് കൊത്തിക്കൊണ്ടുപോയി. കറുത്ത കല്ലുള്ള മോതിരമല്ലേ, എന്റെ കാക്കക്കുട്ടന് ചേരും എന്ന മട്ടായിരുന്നു ആ കാക്കയുടെ കണ്ണിൽ.
അപ്പു പറഞ്ഞു തീർന്നതും എല്ലാവരും ചിരിയായി. കാലിലോ കൊക്കിലോ മോതിരമണിഞ്ഞു ഒരു കാക്കക്കുമാരനോ കാക്കക്കുമാരിയോ പ്രത്യക്ഷപ്പെടുന്നതോർത്താവും അല്ലേ അവർ ചിരിച്ചത്?