താരിഖ് അവന്റെ ആനന്ദം വീടിന്റെ ചവിട്ടു പടിയിലിരുന്ന് മുറ്റത്തെ കാഴ്ചകൾ കാണുകയായിരുന്നു. രണ്ട് പ്രാവുകൾ എന്തോ കൊത്തിക്കൊറിച്ചു കുണുങ്ങി നടപ്പുണ്ട്.
ഒരണ്ണാരക്കണ്ണൻ തെങ്ങിന്മേൽ കീഴോട്ട് നോക്കിയിരുന്ന് ചിൽ ചിൽ ബഹളം വയ്ക്കുന്നുണ്ട്. മാവിൻ കൊമ്പത്തിരിപ്പായ കാക്കമ്മയുടെ തലയിൽ ഇടക്കിടെ ഒന്നു കൊത്തി അവളെ വഴക്കിനു വിളിച്ചു കൊണ്ട് അങ്ങോട്ടിങ്ങോട്ട് പറക്കുന്നുണ്ട് ഒരു വണ്ണാത്തിക്കിളി.
കുറേ മിശറുകൾ നിലത്തു വീണു കിടക്കുന്ന കരിയിലകളുടെ മേലെ കൂടി എങ്ങോട്ടോ നല്ല ഉശിരോടെ പോകുന്നുണ്ട്. ഒരു നീലപ്പൊന്മാൻ കുളത്തിലെ മീനുകളെ ഉന്നം വച്ച് കുളക്കരയിലെ മുരിങ്ങക്കൊമ്പത്തിരിപ്പാണ്.
പ്രാവുകളുടെയോ വണ്ണാത്തിക്കിളിയുടെയോ പൊന്മാനിന്റെയോ തൂവലെങ്ങാനും പൊഴിഞ്ഞ് താഴെ വീഴുന്നുണ്ടോ എന്ന് കണ്ണിമ ചിമ്മാതെ നോക്കിയിരിപ്പാണ് താരിഖ്. അപ്പോ താരിഖിന് കാക്കത്തൂവൽ വേണ്ടേ എന്നാവും ഇപ്പോ എല്ലാവരും വിചാരിക്കുന്നത്.
എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും കാക്കകളല്ലേ നമ്മുടെ നാട്ടിൽ? അതുകൊണ്ട് തന്നെ കാക്കത്തൂവലിനാണോ ക്ഷാമം? താരിഖിന്‍റെ തൂവൽ കളക്ഷനിൽ ഒരു ബോക്സ് നിറയെ കാക്കത്തൂവലുകളാണ്. ഇനി അവന് വേണ്ടേ വേണ്ട കാക്കത്തൂവൽ.
ഇനി വേറെ നിറമുള്ള തൂവലുകളാണ് അത്യാവശ്യം. വളരെ അത്യാവശ്യമുള്ളത് ഒരു നീലപ്പൊന്മാന്റെ തൂവലാണ്. അങ്ങനൊരെണ്ണം കിട്ടിയിട്ടു വേണം നീലാഞ്ജനയ്ക്ക് ഒരു ക്രിസ്മസ് കാർഡൊരുക്കാൻ.
നീലപ്പൊന്മാന്റെ തൂവൽ നീലാഞ്ജനയ്ക്ക് എന്നോർക്കാൻ തന്നെ എന്തൊരു രസമാണ് – താരിഖ് നീലപ്പൊന്മാനോട് വിളിച്ചു പറഞ്ഞു. കേട്ടു ഞാൻ നിന്റെ ആവശ്യം എന്നു പറയുമ്പോലെ അത് കൊക്കു തിരിച്ച് താരിഖ് ഇരുന്നയിടത്തേക്കൊന്നു നോക്കി.
താരിഖ് വിശദീകരിച്ചു. “ഞാനേ കടയിൽ നിന്നു വാങ്ങിയ ക്രിസ്മസ് കാർഡ് ആർക്കും അയക്കാറില്ല നീലപ്പൊന്മാനേ. കടയിലെ കാർഡിനൊക്കെ എന്തു വിലയാണെന്നേ. തന്നേമല്ല നമ്മൾ തനിയേ ഉണ്ടാക്കിയ കാർഡുകൾ, അയ്ക്കുന്നയാൾക്കും കിട്ടുന്നയാൾക്കും ഒത്തിരി ഒത്തിരി സന്തോഷമാവുകയും ചെയ്യും.”

അതൊക്കെ ശരി തന്നെ. എനിക്കിപ്പോ നീ പറയുന്നതൊന്നും വിസ്തരിച്ചു കേൾക്കാൻ നേരമില്ല താരിഖ് മോനേ. ദാ അവിടെ കുളത്തിന്റെ ഒത്ത നടുക്ക് ഒരു മീനിളകിയെന്നു തോന്നുന്നു. ഞാനവിടേക്ക് തന്നെ ഒന്നു ശ്രദ്ധിച്ചു നോക്കി ഇരിക്കട്ടെ. ചെലപ്പോ ഒരു മുട്ടൻ മീനിനെ കിട്ടാൻ വഴിയുണ്ട്.
താരിഖ് അരപ്രൈസിൽ കയറിനിന്ന് കുളത്തിലേക്കുറ്റു നോക്കി. വെള്ളം ഏതോ മീനിന്റെ അനക്കത്താൽ ഇളകുന്നുണ്ട്. ഏതുതരം മീനായിരിക്കും അവിടെ തുള്ളിച്ചാടുന്നത് എന്ന് താരിഖ് ആലോചിക്കാൻ തുടങ്ങിയതും പൊന്മാൻ മുരിങ്ങക്കൊമ്പിൽ നിന്നു പറന്ന് വെള്ളത്തിലേക്ക് കൂപ്പുകുത്തി ഒരു മീനിനെയും കൊക്കിലാക്കി എങ്ങോട്ടോ പറന്നു പോയി.
മീനിനെ അതിന്റെ പൊത്തിൽ വിശന്ന് കൊക്ക് പിളർത്തി ഇരിക്കുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കൊണ്ടുപോയതാവും എന്ന് വിചാരിച്ചു താരിഖ്. ശ്ശെടാ, എന്നാലും അത് ഇത്തവണയും കടന്നു കളഞ്ഞല്ലോ, ഒരു തൂവലു പോലും തരാതെ എന്നായി താരിഖിന്‍റെ സങ്കടം.
എന്നാലും വെറുതെയൊന്ന് പരിശോധിച്ചേക്കാം മുരിങ്ങച്ചോടും കുളത്തിലേക്കുള്ള വഴിയും എന്നു വിചാരിച്ച് അവൻ അവിടൊക്കെ കൂടി കറങ്ങി നടന്നു. അപ്പോഴവന് സംശയമായി മണ്ണിലെങ്ങാണ്ട് ഒരു നീല നിറം കണ്ടുവോ.
കുനിഞ്ഞിരുന്ന് മണ്ണു നീക്കി നോക്കിയപ്പോഴുണ്ട് ദാ കിടക്കുന്നു ഒരു നീലത്തൂവൽ. എപ്പോഴാണോ താൻ കാണാതെ നീലപ്പൊന്മാൻ തൂവൽ പൊഴിച്ചിട്ടതെന്ന സന്തോഷത്തിൽ അവനതെടുത്ത് തിരിച്ചും മറിച്ചും നോക്കി. “എന്തൊരു ഭംഗിയുള്ള നീലക്കുഞ്ഞിത്തൂവൽ,” എന്നുറക്കെ പറഞ്ഞു പോയി അവൻ.

ഇത് ഒരു മഞ്ഞ കളർ പേപ്പറിൽ ഒട്ടിച്ച് “മെറി ക്രിസ്മസ്, നീലാഞ്ജന” എന്നു പലനിറത്തിലുള്ള സ്കെച്ച് പെൻ കൊണ്ടെഴുതി ക്രിസ്മസ് കാർഡുണ്ടാക്കുന്നതാലോചിച്ച് അവൻ വട്ടം കറങ്ങി ഒരു നൃത്തം പാസാക്കി.
ക്രിസ്മസ് കാർഡ് ഒരുക്കാൻ തുടങ്ങാനായി അവനകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴേക്ക് ഒരു പച്ചക്കിളി പറന്നു വന്ന് പേരമരത്തിലിരുന്ന് പേരയ്ക്ക ശാപ്പിടാൻ തുടങ്ങി. “പച്ചക്കിളിയേ ഒരു തൂവൽ തായോ വേഗം, വേഗം തൂവൽ തായോ” എന്നൊരു പാട്ടും പാടി താരിഖ് പേരമരത്തിന്റെ ചുവട്ടിൽ പോയി നിന്നു.
എന്താ പേരമരത്തിൽ കയറി പേരക്കാ പറിക്കാനാണോ ഭാവം എന്നു ചോദിച്ച് അപ്പോ ആ വഴി താരിഖിന്‍റെ അമ്മ വന്നു. നീലപ്പൊന്മാന്റെ തൂവലുകിട്ടിയ കാര്യവും ഇപ്പോ പച്ചക്കിളിയുടെ തൂവൽ കാത്തിരിക്കുന്ന കാര്യവും അമ്മയോട് പറഞ്ഞു അവൻ.
പച്ചത്തൂവൽ കിട്ടിയാൽ താരിഖിന് നാട്ടിലുള്ള കൂട്ടുകാരിയായ ഹരിതയ്ക്ക് ക്രിസ്മസ് കാർഡയക്കാം എന്നു പറഞ്ഞു അമ്മ. ഹരിതം എന്നു വച്ചാൽ പച്ച എന്നാണത്രേ അർത്ഥം. അമ്മ അതും പറഞ്ഞ് അകത്തേക്ക് തന്നെ പോയി.
താരിഖ് പച്ചക്കിളിയുടെ തൂവലിനായുള്ള കാത്തിരിപ്പു തുടർന്നു. “ഇന്നല്ലെങ്കിൽ അടുത്ത ദിവസങ്ങളിലെന്നെങ്കിലും നീ നിന്റെ പച്ചത്തൂവൽ പൊഴിക്കണേ, എന്റെ പൊന്നു പച്ചക്കിളീ” എന്നവൻ പറഞ്ഞത് കേട്ട് പച്ചക്കിളി ഉച്ചത്തിൽ തുടരെത്തുടരെ ചിലച്ചു.
എന്തായിരിക്കാം പച്ചക്കിളി പറഞ്ഞത്?