അതിരാവിലെ ചന്ദ്രച്ചാരെ രക്ഷിച്ചതാര്?

രാവിലെ ആറു മണിക്ക് അലാം വച്ച് എഴുന്നേറ്റു രാമു.

പ്രത്യേകിച്ച് കാര്യമുണ്ടായിട്ടൊന്നുമല്ല രാമു രാവിലെ എഴുന്നേറ്റത്.

ഒരു നല്ല കുട്ടിയാവണമെങ്കില്‍ രാവിലെ തന്നെ എഴുന്നേല്‍ക്കണം എന്ന് എവിടെയോ വായിച്ചതായി രാമുവിന് ഒരു തോന്നല്‍. എന്നാല്‍പ്പിന്നെ അതങ്ങ് പരീക്ഷിച്ചേക്കാം, രാവിലെ തന്നെ എഴുന്നേറ്റു നോക്കിയേക്കാം എന്നുവിചാരിച്ചു രാമു.

‘രാവിലെ എഴുന്നേറ്റാല്‍ ഓരോ കാര്യവും ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ ഉന്മേഷം തോന്നും, ഓരോന്നു ചെയ്യാനും ഒരുപാടു സമയം കിട്ടും,’ എന്നൊക്കെ അമ്മൂമ്മ, രാമുവിനോട് ഇടക്കിടെ പറയാറുമുണ്ടല്ലോ.

നേരത്തേ എണീറ്റാല്‍ അമ്മൂമ്മ പറഞ്ഞതനുസരിച്ചെന്നുമാവുമല്ലോ, അമ്മൂമ്മയ്ക്ക് നല്ല സന്തോഷമാവുകയും ചെയ്യും. അങ്ങനെയും വിചാരിച്ചു രാമു.

അങ്ങനെയാണ് രാമു, രാവിലെ ആറുമണിക്ക് അലാം വയ്ക്കാന്‍ തീരുമാനിച്ചതും അതനുസരിച്ച് ആറുമണിക്കു തന്നെ ചാടിയെഴുന്നേറ്റതും.

എഴുന്നേറ്റ് ജനലിലൂടെ രാമു പുറത്തേക്കു നോക്കി. ചെമ്പരത്തി മൊട്ടുകളൊക്കെ കൂമ്പി നില്‍ക്കുന്നതേയുള്ളു. അവരൊക്കെ ഉണര്‍ന്ന് ആടിപ്പാടി വിരിയാന്‍ തുടങ്ങും മുമ്പേ താനെഴുന്നേറ്റതോര്‍ത്ത് അവന് അഭിമാനം വന്നു.

പല്ലൊക്കെ തേച്ചു കഴിഞ്ഞ് പോകാം അമ്മൂമ്മയുടെ അടുത്ത് എന്നു തീരുമാനിച്ച് രാമു, ബ്രഷും പേസ്റ്റും കൈയിലെടുത്തു.

‘ഇതെന്താ ഇന്ന് കാക്ക മലര്‍ന്നു പറക്കുമല്ലോ, നോക്ക് രാമു നേരത്തേ എഴുന്നേറ്റതു കണ്ടോ’എന്ന് അമ്മൂമ്മ അതിശയത്തോടെ അമ്മയോട് വിളിച്ചു ചോദിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കിയപ്പോള്‍ രാമുവിന് കുടുകുടാ ചിരി വന്നു.

എന്നാപ്പിന്നെ് ബ്രഷിലിത്തിരി പേസ്റ്റുമായി മുന്‍വശത്തു ചെന്നു നിന്ന് പല്ലു തേക്കാം എന്നായി പിന്നെ രാമുവിന്റെ തീരുമാനം.

priya as, childrens stories, iemalayalam
അപ്പൂപ്പനിപ്പോള്‍ ചാരുകസേരയില് കിടന്ന് പത്രം വായന തുടങ്ങിക്കാണുമോ എന്നും അറിയണമല്ലോ.

അപ്പുവങ്ങനെ ബ്രഷും പിടിച്ച് മുന്‍വശത്തെിയതും ആദ്യം കണ്ടത് സൂര്യനെയാണ്.

നല്ല നിറമുള്ള ഒരു സൂര്യന്‍.

പഴുത്ത പപ്പായയുടെ അകത്തെ നിറമാണോ അതോ ഓറഞ്ചിന്റെ നിറമാണോ അതോ പുഴുങ്ങിയ മുട്ടക്കകത്തെ മഞ്ഞക്കരുവിന്റെ നിറമാണോ എന്നൊക്കെ സംശയം തോന്നുന്നവിധത്തില്‍ ഉള്ള ആ സൂര്യനെ അവന് നല്ലോണം ഇഷ്ടമായി.

സൂര്യച്ചാര്, കുറെ വെളിച്ചം കൊണ്ടുവന്ന് രാമുവിന്റെ കണ്ണിലേക്ക് കുടഞ്ഞിട്ടു. കണ്ണഞ്ചിപ്പോയി രാമുവിന്.

‘ഇങ്ങനെ എന്റെ കണ്ണില് കുത്തല്ലേ സൂര്യച്ചാരേ,’ എന്നു പറഞ്ഞ് മുഖം തിരിക്കുന്നതിനിടെ അവനാകാശത്തേക്ക് നോക്കിപ്പോയി.

ദാ അവിടെ നിൽക്കുന്നു ചന്ദ്രച്ചാര്. ‘അയ്യോ പകലായത് നീ അറിഞ്ഞില്ലേ, നീ രാത്രിജീവിയല്ലേ, എന്താ മാഞ്ഞുപോകാതെ അവിടെത്തന്നെ നില്‍ക്കുന്നത്’ എന്നു വിളിച്ചു ചോദിച്ചു അവന്‍.

‘ഈ സൂര്യന്റെഅടുത്തുനിന്നാ നിന്റെ നിലാവൊന്നും ആര്‍ക്കും കാണാന്‍ പറ്റില്ല, അത്രയ്ക്ക് ശക്തിയല്ലേ സൂര്യച്ചാരുടെ വെളിച്ചത്തിന്, നീ പോയി കിടന്നുറങ്ങിക്കോ, രാത്രീല് നക്ഷത്രക്കൂട്ടുകാരുടെ കൈയും പിടിച്ചു വന്നാല്‍ മതി,’ എന്നു പറഞ്ഞു രാമു.

അതു കേട്ടിട്ടാണോ എന്തോ ചന്ദ്രച്ചാര് മെല്ലെ മല്ലെ മായാന്‍ തുടങ്ങി.

‘ഇതാര് രാമുക്കുട്ടനോ, എന്താ രാവിലെ തന്നെ എണീറ്റത്, ആരോടാ വര്‍ത്തമാനം പറയുന്നത്’ എന്നൊക്കെ ചോദിച്ച് അപ്പോള്‍ അകത്തുനിന്നു പ്രത്യക്ഷപ്പെട്ടു അമ്മച്ചാര്.

ചന്ദ്രച്ചാരുടെ പഴഞ്ചന്‍ അലാം, നേരത്തും കാലത്തും അടിക്കാതെ വന്നതും തിരിച്ചു പോയി കിടന്നുറങ്ങാന്‍ നേരമായത് അറിയാതെ സൂര്യനുദിച്ചിട്ടും അവനാകാശത്തുനിന്നുപോയതും പറഞ്ഞു അവനമ്മച്ചാരോട്.

‘ഞാന്‍ വന്നു പറഞ്ഞില്ലായിരുന്നെങ്കില്‍ ഇപ്പോഴും ആകാശത്തുതന്നെ നിന്നേനെ ചന്ദ്രച്ചാര്, എന്നിട്ടൊടുക്കം സൂര്യന്റെ ചൂടു കൊണ്ട് മെഴുകുതിരി ഉരുകും പോലെ ഉരുകിത്തീര്‍ന്നേനെ’എന്നും അവനമ്മച്ചാരാട് വിസ്തരിച്ചു.

പത്രവായനക്കായി അവിടേക്കു വന്ന അപ്പൂപ്പനോട് രാമു പറഞ്ഞു, ‘ഞാന്‍ ചന്ദ്രനെ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചു അപ്പൂപ്പാ.’

priya as, childrens stories, iemalayalam

‘അതെ അച്ഛാ,’ എന്ന് അപ്പൂപ്പനോട് പറഞ്ഞു അമ്മച്ചാര്.

രാമു അക്കഥ വിസ്തരിക്കാന്‍ തുടങ്ങുകയും പത്രമൊന്നും നിവര്‍ത്താന്‍ നില്‍ക്കാതെ അവന്റെ വീരകഥ കേൾക്കാനായി ചാരുകസേരയിലേക്ക് അപ്പൂപ്പന്‍ ഇരിക്കുകയും ചെയ്തു അപ്പോള്‍.

‘അമ്മൂമ്മേം അച്ഛനേം കൂടി വിളിച്ചു കൊണ്ടു വരാം, എന്നിട്ട് മതി വീരകഥ വിസ്തരിക്കുന്നത് ‘എന്നു പറഞ്ഞു അമ്മ.

‘രാമുക്കുട്ടന്‍ രാവിലെ എഴുന്നേറ്റത് എത്ര നന്നായി, അതു കൊണ്ട് ഒരു വലിയ ആളായ ചന്ദ്രച്ചാരെയല്ലേ രക്ഷിക്കാന്‍ പറ്റിയത്’ എന്നു പറഞ്ഞു കഥ കേട്ട എല്ലാവരും.

‘അപ്പോ ശരി, ഇനി നാളേം നേരത്തേ എഴുന്നേല്‍ക്കണേ, ആര്‍ക്കാണ് രാമുവിന്റെ സഹായം വേണ്ടി വരിക എന്നറിയില്ലല്ലോ,’ എന്നു പറഞ്ഞു അപ്പൂപ്പന്‍.

‘ഞാനക്കാര്യം ഏറ്റു അപ്പൂപ്പാ’ എന്നു പറഞ്ഞു അവന്‍. എങ്ങാണ്ടുനിന്നോ മുറ്റത്തേക്കു വന്ന പൂച്ചക്കുട്ടനും അവന്റെ വീരകഥ കേട്ടാണെന്നു തോന്നുന്നു അവിടെ കുത്തിയിരിപ്പായത്.

പൂച്ചക്കുട്ടനെ കണ്ടതും രാമു മുറ്റത്തേക്കോടിപ്പോയി.എന്നിട്ട് ആ പൂച്ചക്കൊപ്പം മുറ്റത്തു ചെടികള്‍ക്കിടയിലൂടെ കറങ്ങി നടന്ന് പല്ലു തേക്കാനാരംഭിച്ചു അവന്‍.

അതിനിടയില്‍ അവന്‍ തീരുമാനിച്ചു, ഓണ്‍ലൈനില്‍ നിന്ന് നല്ലോരു അലാം വാങ്ങി ചന്ദ്രന് കൊടുക്കാന്‍ പറയണം അച്ഛനോട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook