പൈലിപ്പൂച്ച എന്ന മ്യാവൂ പാട്ടുകാരന്
അപ്പുവും അച്ഛനും അമ്മയും കൂടി അപ്പുവിനെയും കൂട്ടി, അപ്പുവിന്റെ പനിയ്ക്ക് മരുന്നു വാങ്ങാന്‍ ആശുപത്രിയില്‍ പോയിട്ട് വരികയായിരുന്നു.
അപ്പുവിന് പനിച്ചൂടും പനിയുടെ തളര്‍ച്ചയും ഉണ്ടായിരുന്നതു കൊണ്ട് അച്ഛനവനെ എടുത്തിരിക്കുകയായിരുന്നു.
അപ്പു, അച്ഛന്റെ തോളത്ത് ചാഞ്ഞു കിടക്കുകയായിരുന്നു.
പനിക്ഷീണം കൊണ്ട് അവന്റെ കണ്ണ് കൂമ്പിത്തുടങ്ങിയിരുന്നു, അവന് മയങ്ങിത്തുടങ്ങിയിരുന്നു അങ്ങനെ കിടന്ന്.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
അപ്പോഴാണ് വഴിയിലെവിടെയോനിന്ന് ഒരു കുഞ്ഞിപ്പൂച്ചയുടെ മ്യാവൂ ശ്ബദം കേട്ടത്.
‘ഇവിടെ എവിടെയോ ഒരു പൂച്ചക്കുഞ്ഞുണ്ടച്ഛാ,’ എന്നു പറഞ്ഞ് പെട്ടെന്ന് അപ്പു ഉത്സാഹത്തോടെ എണീറ്റു, അച്ഛന്റെ തോളില്‍ നിന്ന്.
അവന് തലപൊക്കി ചുറ്റും ചുറ്റും നോക്കി, എവിടെ ആ മ്യാവൂ പൂച്ചക്കുട്ടി ?
വഴിയരികത്തു നിന്ന മയിലാഞ്ചിച്ചെടിയുടെ മറവില്‍ രണ്ടു പൂച്ചക്കണ്ണുകള്‍ തിളങ്ങുന്നത് കണ്ടുപിടിച്ചത് അമ്മയാണ്. അവനങ്ങനെ പതുങ്ങിപ്പേടിച്ചിരിക്കുകയായിരുന്നു.
ഒരണ്ണാരക്കണ്ണന്‍ വാലുയര്‍ത്തി ‘ചില് ചില്’ എന്ന് പെട്ടെന്ന് ചിലയ്ക്കാനും തുടങ്ങി. ‘അണ്ണാരക്കണ്ണന്മാര് അങ്ങനെ വാലുയര്‍ത്തി ചിലയ്ക്കുന്നത് പൂച്ചയെ കണ്ടിട്ടാണ്, അവനെന്തൊക്കെയോ നിര്‍ത്താതെ പറഞ്ഞ് പൂച്ചയെ കളിയാക്കുന്നതാണ് ആ ചില് ചില്,’ എന്ന് അമ്മ പറയാറുള്ളത് അപ്പുവോര്‍ത്തു.
അണ്ണാരക്കണ്ണന് ഒരു തെങ്ങിന്റെ തടിയില്‍ താഴോട്ട് നോക്കിയിരുന്നാണ് ‘ചില് ചില്’ ബഹളം എന്ന് കണ്ടു പിടിച്ചു അപ്പു. എന്നിട്ട് അവന്റെ പനി കൊണ്ട് ക്ഷീണിച്ച ശബ്ദം കഴിയുന്നത്ര ഉയര്‍ത്തി, ‘പൂച്ചക്കുഞ്ഞനെ കളിയാക്കാതെടാ,’ എന്നു ദേഷ്യപ്പെട്ടു.
അതു കേട്ടിട്ടും അവന് ‘ചില്ചില്’ കളിയാക്കല്‍ നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ട് അപ്പു അവനു നേരെ കൈയോങ്ങി.
അതു കണ്ടു പേടിച്ചാവണം അണ്ണാരക്കണ്ണന് ഒറ്റപ്പാച്ചില്
പൂച്ചക്കുഞ്ഞന്‍, ‘അപ്പുച്ചേട്ടാ, നല്ല ചേട്ടാ,’ എന്നു വിളിക്കുമ്പോലെ ‘മ്യാവൂ, മ്യാവൂ’ എന്ന് രണ്ടു തവണ ശബ്ദമുണ്ടാക്കി.
എന്നിട്ട് അപ്പുവും അമ്മയും അച്ഛനും നടക്കുന്നതു പിന്നാലെ കൂടി.
‘അവന് നമ്മുടെ കൂടെ നമ്മുടെ വീട്ടിലേക്കു വരുവാണെന്നാ തോന്നുന്നത്,’ എന്നു പറഞ്ഞു അപ്പു. എന്നിട്ട്, ‘അവന് വന്നോട്ടെ അല്ലേ?’ എന്നു ചോദിച്ച് അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി.
‘അപ്പുവിന് ഈ പൂച്ചയെ നമ്മുടെ വീട്ടില്‍ വളര്‍ത്തണം എന്ന് ആശയുണ്ട് അല്ലേ?’ എന്നു ചോദിച്ചു അമ്മ.
‘സമ്മതിക്കുവോ നിങ്ങള്‍ രണ്ടാളും ?’ എന്ന മട്ടില്‍ അച്ഛനെയും അമ്മയെയും അപ്പു മാറിമാറി നോക്കി.
‘പാവം, വന്നോട്ടെ നമ്മുടെ കൂടെ, അത് ഒന്നും കഴിക്കാനൊന്നുമില്ലാതെ ആകെ എല്ലും തോലുമായിരിക്കുന്നത് കണ്ടില്ലേ, അപ്പുവിന് ഒരു കൂട്ടുമാകും, അല്ലേ?’ എന്നു ചോദിച്ചു അച്ഛന്.
അതു കേട്ട് അപ്പു കൈയടിച്ചു സന്തോഷം പാസ്സാക്കി. എന്നിട്ട് പിന്നാലെ വരുന്ന പൂച്ചക്കുട്ടിയെ നോക്കി അച്ഛന്റെ തോളത്തു വീണ്ടും കിടന്നു. പൂച്ചക്കുട്ടിക്ക് നല്ലൊരു പേരിടണമല്ലോ എന്നാലോചിച്ച് അവന് അങ്ങനെ കിടന്ന് മയങ്ങിപ്പോയി.
പനി കുറഞ്ഞ് കിടക്കയില്‍ എഴുന്നേറ്റിരുന്ന് ചുറ്റും നോക്കുമ്പോഴുണ്ട് ആ പൂച്ചക്കുട്ടി അവനെത്തന്നെ നോക്കിക്കൊണ്ട് കട്ടിലിനടുത്ത് ഇരിക്കുന്നു.
‘പൂച്ചക്കുഞ്ഞാ, നിനക്ക് ഞാന്‍ പൈലി എന്നു പേരിടട്ടെ?’ എന്നു ചോദിച്ച് അവന്റെ തലയില്‍ തലോടി അപ്പു.
‘എനിക്കിഷ്ടായി പേര്’ എന്ന മട്ടില്‍ പൂച്ചക്കുഞ്ഞന്‍ അവന്റെ മടിയിലേക്കു ചാടിക്കയറി.
എന്നിട്ട് ഒരു ‘മ്യാവൂമ്യാവൂ’ പാട്ടു തുടങ്ങി.