സ്വപ്നത്തിലെ ക്രിസ്മസ്
ആലോലയും അലീനച്ചേച്ചിയും കൂടി അഞ്ചു ക്രിസ്മസ് നക്ഷത്രങ്ങൾ തൂക്കി വീട്ടിൽ. മഞ്ഞ, പച്ച, ചുവപ്പ്, നീല, വെള്ള എന്നിങ്ങനെ ഓരോരോ നിറത്തിൽ അതിനുള്ളിലോരോന്നിലും അലീനച്ചേച്ചി ബൾബിട്ടു. അച്ഛനുമമ്മയും അവരുടെ നക്ഷത്ര പരിപാടി നോക്കി അടുത്തു തന്നെ നിന്നു.
ഭൂമിയിലെ ഒരു വീടങ്ങനെ അടിമുടി നക്ഷത്ര വീടായതു കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയാണ് ആകാശ നക്ഷത്രങ്ങൾ എന്നു തോന്നി ആലോലക്ക്. എന്നിട്ടവൾ ആകാശ നക്ഷത്രങ്ങളെ നോക്കി ചിരിച്ചു കൈ വീശി ചോദിച്ചു, ‘ഇഷ്ടായോ ഞങ്ങടെ ക്രിസ്മസ് വീട്?’
‘ഉവ്വല്ലോ’ എന്നു പറയുമ്പോലെ നക്ഷത്രങ്ങൾ ഒന്നുകൂടി മിന്നി മിന്നിനിന്നു.
ക്രിസ്മസ് കരോൾ സംഘം അതിനിടെ കൊട്ടും പാട്ടും ഡാൻസുമായി വന്നു. ആലോല, കരോൾ സംഘത്തിലെ ക്രിസ്മസ് പപ്പയുടെ കൈ പിടിച്ച് ഡാൻസു ചെയ്തു. ക്രിസ്മസ് പപ്പ പോകാൻ നേരം അവൾക്ക് ഒരു ചുവന്ന ലോലിപോപ്പ് കൊടുത്തു. അലീനച്ചേച്ചിക്ക് കിട്ടിയത് നീല. ഇപ്പോ പല്ലു തേച്ചു കഴിഞ്ഞില്ലേ, നാളെ തിന്നാമിത് എന്നു പറഞ്ഞ് അലീനച്ചേച്ചി രണ്ടു ലോലിപ്പോപ്പും മേശയില് കൊണ്ടു ചെന്നു വച്ചു.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
അവർ തൂക്കിയ ക്രിസ്മസ് നക്ഷത്രങ്ങളും ആകാശ നക്ഷത്രങ്ങളും കൂടി തമ്മിൽത്തമ്മിൽ വർത്തമാനം പറയുന്നുണ്ടെന്ന്, രാത്രി കിടക്കാൻ നേരം ആലോലയക്ക് തോന്നി. അങ്ങനെ ഓരോന്നാലോചിച്ചാലോചിച്ച് അവൾ വേഗം ഉറങ്ങിപ്പോയി.
ഉറങ്ങി കുറച്ചായപ്പോഴേക്ക് അവളെ വന്ന് ഒരു സ്വപ്നം തൊട്ടു. റെയിൻഡിയറുകളെ കെട്ടിയ വണ്ടിയിൽ സാന്താക്ലോസ് അപ്പൂപ്പൻ മഞ്ഞിലൂടെ യാത്ര ചെയ്ത് വരികയായിരുന്നു. അപ്പൂപ്പനൊപ്പം വണ്ടിയിൽ നിറയെ കുട്ടികളുണ്ടായിരുന്നു. പല പല രാജ്യങ്ങളിലെ പല പല ഭാഷകൾ സംസാരിക്കുന്ന കുട്ടികളായിരുന്നു അവരെല്ലാം. ഇന്ത്യൻ കുട്ടിയായി അതിൽ ആലോലമാത്രമേ ഉണ്ടായിരുന്നുള്ളു. അവരെല്ലാം മഞ്ഞിൻ തണുപ്പിനെ തടുക്കുന്ന തരം വസ്ത്രങ്ങളും തൊപ്പിയും സോക്സും ഷൂവും ധരിച്ചിരുന്നു.
അവരോരുത്തരും അവരവരുടെ നാടിൻ്റെ പ്രത്യേകതയായ ഒരു ആഹാരസാധനം കൈയിൽ നന്നായി പാക് ചെയ്ത് പിടിച്ചിരുന്നു. ആലോലയുടെ കൈയിൽ പാലട പ്രഥമനായിരുന്നു. റെയിൻ ഡിയർ വണ്ടി പോയിപ്പോയി നിറയെ ചെടികളും പൂക്കളും പൂമ്പാറ്റകളും ഒക്കെയുള്ള ഒരു വീടിൻ്റെ മുന്നിൽ നിന്നു.
ആരോരുമില്ലാത്ത കുട്ടികളുടെ വീടാണതെന്ന് സാന്താ അവരോട് പറഞ്ഞു. റെയിൻ ഡിയർ വണ്ടി കാത്ത് എന്ന പോലെ ഒരുപാട് കുട്ടികൾ ആ വീടിൻ്റ വരാന്തയിൽ തിങ്ങിനിറഞ്ഞ് കാത്തു നിന്നിരുന്നു. വണ്ടി നിന്നതും ആകുട്ടികൾ മുറ്റത്തേക്കോടിയിറങ്ങി വണ്ടിയിൽ നിന്നിറങ്ങി വരുന്ന അവരെയെല്ലാം പൊതിഞ്ഞ് അവരുടെ വിരലിൽ തൂങ്ങി, അവരോട് ചേർന്നുനിന്നു ചിരിച്ചാർത്തു.
സാന്താക്ലോസ് അപ്പൂപ്പൻ ആ വീടിൻ്റെ മൂലകളിലും അവിടുത്തെ ചെറു മരച്ചില്ലുകളിലുമൊക്കെ നിറയെ ക്രിസ്മസ് നക്ഷത്രങ്ങളും വർണ്ണയലങ്കാരങ്ങളും തൂക്കുന്ന തിരക്കിലായി. വണ്ടിയിലെ കുട്ടികളും വീട്ടിലെ കുട്ടികളും അതിലെല്ലാം സാന്താക്ലോസ് അപ്പൂപ്പനെ സഹായിച്ചു.
ആ കുഞ്ഞുങ്ങളെ അവരെല്ലാം ചേർന്ന് പുത്തനുടുപ്പുകളിടുവിച്ചു. സാന്താ അവർക്കായി കളിക്കോപ്പുകൾ കൊണ്ടുവന്നിരുന്നു. അതു കിട്ടിയപ്പോൾ അവർ സന്തോഷം കൊണ്ട് വട്ടത്തിൽ കറങ്ങി നൃത്തം വച്ചു. സാന്താ അവരെയെടുത്ത് ഉമ്മ വയ്ക്കുകയും കൊഞ്ചിക്കുകയും പിന്നെയും ഉമ്മ വയ്ക്കുകയും ചെയ്തു. സാന്തായുടെ പഞ്ഞിത്താടി തൊട്ടപ്പോ അവർക്കെല്ലാം ഇക്കിളിയായി.
പിന്നെ സാന്തയുടെ നേതൃത്വത്തിൽ അവർ കളിച്ചു. കളിച്ചു തളർന്നപ്പോൾ ഓരോരുത്തരും കൊണ്ടുവന്ന ആഹാരസാധനങ്ങൾ അലങ്കരിച്ചു മേശമേൽ വിളമ്പി ആലോലയും കൂട്ടരും ക്രിസ്മസ് ഫീസ്റ്റൊരുക്കി. എന്നിട്ട് ഓരോ കുഞ്ഞിനെയും എടുത്തു മടിയിൽ വച്ച് കളിപ്പിച്ച് കൊഞ്ചിച്ച് അവരുടെ വയർ നിറയും വരെ, കൊതി മാറും വരെ ഊട്ടി. ആലോലയുടെ മടിയിലിരുന്ന കുട്ടി വയർ നിറഞ്ഞപ്പോ ഉറങ്ങിപ്പോയി.
ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുമ്പോൾ നമുക്കു കിട്ടുന്ന സന്തോഷമാണ് ഏറ്റവും വലിയ ക്രിസ്മസ് സന്തോഷം എന്നു പാടിക്കൊണ്ട് അപ്പോഴവിടെ ഒരു ബുൾബുൾ വന്നു.
അതിനെ നോക്കിക്കൊണ്ടിരിക്കെ ആലോല സ്വപ്നത്തിൽ നിന്നുണർന്നു പോയി.
സ്വപ്നത്തെക്കുറിച്ചാലോചിച്ച് അവൾ കുറെ നേരം വെറുതെ കിടന്നു. പിന്നെ അവൾ എണീറ്റ് തൻ്റെ കളിപ്പാട്ട ശേഖരം പരതാൻ തുടങ്ങി. എന്തിനാണ് എനിക്കിത്ര വലിയ കളിപ്പാട്ടക്കൂമ്പാരം എന്നവൾക്ക് ചിരി വന്നു.
ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് കൊടുത്ത് അവരെ ചിരിച്ചു രസിപ്പിക്കാൻ പറ്റിയ തെന്നോർത്ത് അവൾ ഓരോരോ കളിപ്പാട്ടങ്ങളെടുത്ത് ഒരു ചുവന്ന സഞ്ചിയിലേക്കിടാൻ തുടങ്ങി. അപ്പോൾ ജനലിനപ്പുറം തൂക്കിയ ക്രിസ്മസ് നക്ഷത്രങ്ങളോരോന്നും അഞ്ചു നിറങ്ങളിലാറാടി നിന്ന്, ആലോലയെത്തന്നെ നോക്കി ചിരിച്ചു. എന്നിട്ട് വിളിച്ചുകൂവിപ്പറഞ്ഞു, ‘വി വിഷ് യു എ മെറി ക്രിസ്മസ്, വി വിഷ് യു എ ഹാപ്പി ക്രിസ്മസ്, ആലോല…’
ആലോല, ജനലിനപ്പുറമെങ്ങോ നിന്ന് തന്നെ ഇഷ്ടത്തോടെ നോക്കി നിൽക്കുന്നുണ്ടെന്ന് അവൾക്കുറപ്പുള്ള മഞ്ഞിൻ തണുപ്പുള്ള സാന്തായെ നോക്കി കൈ വീശി. പിന്നെ തന്നത്താൻ പറഞ്ഞു, എന്തൊരു നല്ല ക്രിസ്മസ്…