മിനിക്കുട്ടിയുടെ രസഗുളക്കാക്ക
സൂര്യനുദിച്ച് രാവിലെ എഴുമണിയാവുമ്പോഴാണ് മിനിക്കുട്ടിയെ അമ്മ, ഉമ്മ വച്ച് പുന്നാരിച്ച് ഉണര്‍ത്തുക. എന്നിട്ട് എടുത്തു കൊണ്ടുപോയി വാഷ്ബേസിനരികെ നിര്‍ത്തി പല്ലുതേപ്പിക്കും. ഒരു ഗ്ളാസില്‍ ചെറുചൂടോടെ പാല് കൊടുക്കും. പാല്ഗ്ളാസുമായി മിനിക്കുട്ടി മുറ്റത്തിറങ്ങും. എന്നിട്ട് പുല്ലിലെ മഞ്ഞുതുള്ളിയും മരക്കൊമ്പത്തെ ചിലന്തിവലയും കിളിക്കൂട്ടത്തിന്റെ ആകാശപ്പറക്കലും ഒക്കെ കണ്ടുകണ്ട് ചുമ്മാനടക്കും.
എത്ര പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്, എന്തൊക്കെ നിറത്തിലെ ചിത്രശലഭങ്ങള്‍ വന്നിട്ടുണ്ട് തേന്‍കുടിക്കാനായി എന്നൊക്കെ അവള് അങ്ങനെ നോക്കിനടക്കും. അതിനിടയില്‍ ചില കിളികളും വരും, ഉപ്പന്‍ ,ഓലേഞ്ഞാലി, മാടത്ത, തേന്‍കുരുവി തുടങ്ങിയവര്‍ ഒരു ചെടിയില്‍ നിന്ന് ഒരു ചെടിയിലേക്ക് ചാടിച്ചാടി നടക്കും. വല്ല പുഴുവിനെയോ ചെറുപ്രാണികളെയോ പിടിച്ചു തിന്നാനായിരിക്കും.
മിനിക്കുട്ടി അങ്ങനെ ചുറ്റിക്കറക്കമൊക്കെ കഴിഞ്ഞ് വീട്ടിനകത്തേക്കു കയറാന്‍ ഭാവിക്കുമ്പോഴാണ് കുട്ടപ്പന് കാക്ക വരിക. വേറെ കാക്കകളും മുറ്റത്ത് ഉലാത്തുന്നുണ്ടാവും. പക്ഷേ വലിപ്പവും നിറവും നടപ്പും ഒക്കെ കാണുമ്പോഴേ, മറ്റുള്ള കാക്കകളില്‍ നിന്ന് മിനിക്കുട്ടിക്ക് കുട്ടപ്പന് കാക്കയെ വേര്തരിച്ചറിയാം. അവന് ‘കുട്ടപ്പന്’ എന്നു പേരിട്ടത് മിനിക്കുട്ടിയാണ്. അവനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? അവനാണ് മുറിവു പറ്റിക്കിടന്ന കുഞ്ഞിക്കുരുവിയെ ആരും ഉപദ്രവിക്കാതെ നോക്കിക്കൊണ്ട് കാവല്‍ നിന്നത്.
‘ഒരു കാക്കയെന്താ വല്ലാതെ കരയുന്നത്?’എന്ന് അമ്മൂമ്മ ചോദിച്ചപ്പോഴാണ് മിനിക്കുട്ടിയും അമ്മയും കൂടി മുറ്റത്തേക്കിറങ്ങിച്ചെന്നതും മുറിവു പറ്റിയ കിളിയെ കണ്ട് ‘അയ്യോ, ഇതെന്തുപറ്റി…’ എന്നു ചോദിച്ചതിനെ എടുത്ത് പച്ചിലമരുന്നു പിഴിഞ്ഞു മുറിവിലൊഴിച്ചതും. പിന്നെ അവരതിനെ വീട്ടിനകത്തേക്കു കൊണ്ടുവന്ന് ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ കിടത്തി സുഖമാകും വരെ ശുശ്രൂഷിച്ചു.
- Read More: ഭൂമിയുടെ അലമാര: കുട്ടികളുടെ നോവൽ വായിക്കാം
പറക്കാറായപ്പോള്‍ അതിനെ , ‘ഇനി നീ പൊക്കോ, നിന്റെ വീട്ടുകാര്‍ നിന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും’ എന്നു പറഞ്ഞ് പറത്തി വിട്ടു. കുഞ്ഞിക്കിളി വീട്ടിനകത്ത് കാര്‍ഡ്ബോര്‍ഡ് പെട്ടിയിലുറങ്ങുന്നതും ചിലപ്പോളെഴുന്നേറ്റ് വീടിനകത്തു കൂടി തത്തിനടക്കുന്നതും കാണാന്‍ എന്നും കുട്ടപ്പന് കാക്ക ആ മുറിയുടെ ജനലരികത്തു വന്നിരിക്കുമായിരുന്നു. എന്നിട്ട് ചാഞ്ഞും ചരിഞ്ഞും , ജനലിലൂടെ കുഞ്ഞിക്കിളിയെ നോക്കും.
‘കാകാ’ ഭാഷയിലൂടെ ഏതാണ്ടെല്ലാം അന്നേരമൊക്കെ കുട്ടപ്പന് കാക്ക, കുഞ്ഞിക്കിളിയോട് ചോദിക്കുകയു പറയുകയും ചെയ്യും. അങ്ങനെ ദിവസവും കണ്ടു പരിചയമായപ്പോഴാണ് മിനിക്കുട്ടി, ആ സ്നേഹക്കാക്കക്ക് ‘കുട്ടപ്പന് കാക്ക’ എന്നു പേരിട്ടത്.
കുഞ്ഞിക്കിളി സുഖമായി പറന്നുപോയിട്ടും കുട്ടപ്പന് കാക്ക പതിവുസമയത്തുള്ള വരവു നിര്‍ത്താതിരുന്നതു കൊണ്ട് മിനിക്കുട്ടി അതിന് എന്നും അവള് കഴിക്കുന്നതെന്താണോ അതില്‍ നിന്നൊരു പങ്ക് കൊടുക്കന്‍ തുടങ്ങി.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
ഇ്ഢലിയാണ് കുട്ടപ്പനേറ്റവുമിഷ്ടം എന്ന് അവള്‍ക്ക് പെട്ടെനനുതന്നെ മനസ്സിലായി. ഇഡ്ഢലി ചെറിയ കഷണങ്ങളാക്കി പുറത്തെ ഇറയത്ത് വച്ചു കൊടുത്താലുടന്‍ കുട്ടപ്പന് കാക്ക പറന്നുവന്ന് അതെല്ലാം കൊത്തിവിഴുങ്ങും. പക്ഷേ പുട്ട് വച്ചു കൊടുത്താല്‍ കുട്ടപ്പന് അത്ര വേഗമൊന്നും വരില്ല. അതവനിഷ്ടമല്ല എന്ന് മിനിക്കുട്ടി മനസ്സിലാക്കിയതങ്ങനെയാണ്.
പക്ഷേ അവനേറ്റവുമിഷ്ടം രസഗുളയാണ്. രസഗുള മെല്ലെ മെല്ലെ രസിച്ചു രസിച്ച് ഒരു പാടു സമയമെടുത്താണവന് കഴിക്കുക. വേഗം തിന്നാല്‍ തീര്‍ന്നുപോവില്ലേ എന്നാവും അവന്റെ വിചാരം. മിനിക്കുട്ടിക്കത് വേഗം മനസ്സിലാവും. കാരണം, മിനിക്കുട്ടിക്ക് ആഹാരസാധനങ്ങളില്‍ വച്ചേറ്റവുമിഷ്ടമുള്ള സേമിയപ്പായസം അമ്മ കൊടുക്കുമ്പോള്‍, മെല്ലെ മെല്ലെ എത്ര സമയമെടുത്ത് രസിച്ചാണ് അവള് കഴിക്കാറ്.
അച്ഛനോട് ആഴ്ചയിലൊരു ദിവസം മിനിക്കുട്ടി, ‘രസഗുള വാങ്ങണം’ എന്ന് പറഞ്ഞേല്‍പ്പിക്കും. അച്ഛന് ഓഫീസിലേക്കു പോകാനിറങ്ങുമ്പോഴാണ് അവളങ്ങനെ അച്ഛനോട് വിളിച്ചു പറയുക. അന്നേരം , ‘വാങ്ങണേ, മറക്കല്ലേ…’ എന്നു പറയുമ്പോലെ കുട്ടപ്പനും ‘കാ കാ’ ഒച്ചവയ്ക്കും. പിറ്റേന്നവന്‍ ഇത്തിരി നേരത്തെ ഹാജരാകും, കൊതിപിടിച്ച്.
മിനിക്കുട്ടി അവനുള്ള രസഗുള മഞ്ഞകുഴിയന് പാത്രത്തില്‍വച്ചു കൊടുക്കും. അവനാദ്യം രസഗുളയുടെ പഞ്ചസാര സിറപ്പ് വലിച്ചൂറ്റിക്കുടിക്കും. എന്നിട്ട് നന്ദി പറയുമ്പോലെ മിനിക്കുട്ടിയെ നോക്കും. എന്നിട്ട് , കുഞ്ഞിക്കുഞ്ഞി രസഗുളത്തരികള് കൊത്തിയെടുത്ത് നൊട്ടിനുണഞ്ഞിറക്കും.
അപ്പോള്‍ അച്ഛന് പത്രം വായിക്കാനായി മുന്‍വശത്തെ ചാരുകസേരയില്‍ വന്നിരിക്കും. കണ്ണടക്കിടയിലൂടെ നോക്കി, അച്ഛന് കുട്ടപ്പനെ വിളിക്കും ‘രസഗുളക്കാക്കേ’.
അപ്പോള്‍ മിനിക്കുട്ടി ചിരിക്കും.
എന്നിട്ട് അവനോട് ചോദിക്കും, ‘അതെയോ നിന്റെ പേര് രസഗുളക്കാക്ക എന്നാണോ?’
അപ്പോള്‍ കുട്ടപ്പന് കാക്ക നീണ്ട നീണ്ട ‘കാ കാ’ ഒച്ചകളിലൂടെ എന്തെല്ലാമോ പറയാന്‍ നോക്കും അച്ഛനോടും അവളോടും.
‘ഞാനേ അടുത്തവര്‍ഷം എല്‍കെജിയില്‍ ചേരുമല്ലോ, അപ്പോള്‍ കാക്കഭാഷയും പഠിപ്പിക്കുമായിരിക്കും, അപ്പോ എനിക്ക് നീ പറയുന്നത് മുഴുവന്‍ മനസ്സിലാകുമായിരിക്കും’ എന്ന് അച്ഛനോട് പറഞ്ഞുനില്ക്കും മിനിക്കുട്ടി…
‘സ്ക്കൂളുകളിലതൊന്നും പഠിപ്പിക്കില്ല, മനുഷ്യഭാഷ മാത്രമേ പഠിപ്പിക്കുള്ളൂ, ജീവജാലങ്ങളുടെ ഭാഷ, നമ്മളവരെ ശ്രദ്ധിച്ചു, ശ്രദ്ധിച്ചു കേള്‍ക്കുകയും നോക്കുകയും ചെയ്യുമ്പോള്‍ പതുക്കെ പതുക്കെ മനസ്സിലാവും’ എന്ന പറഞ്ഞു ഒരു ദിവസം അച്ഛന്.
- Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ വായിക്കാം
അച്ഛന്റെ അടുത്തേക്കു പറന്നു ചെന്ന്, കസേരക്കൈയിലിരുന്ന് കുട്ടപ്പന്കാക്ക ‘കാ കാ’ എന്നു പറഞ്ഞതിനര്‍ത്ഥം ‘അച്ഛന് മിടുക്കന്, അച്ഛന് മിടുക്കന്’ എന്നാണെന്ന് അച്ഛന് പറഞ്ഞത്, അച്ഛന്റെ ഇത്തിരി ഗമ പറയലല്ലേ എന്നായി മിനിക്കുട്ടിയുടെ സംശയം.
അതു ചോദിച്ചപ്പോ, അച്ഛന് പൊട്ടിച്ചിരിച്ചു കൊണ്ട് മിനിക്കുട്ടിയെ എടുത്ത് മടിയിലിരുത്തി. എന്നിട്ട് കുട്ടപ്പനോട് ചോദിച്ചു, ‘വരുന്നോ? വന്നാല്‍ നിന്നേം ഇരുത്താം മടിയില്‍,’
കുട്ടപ്പനതു കേട്ട് നാണം വന്നിട്ടാണെന്നു തോന്നുന്നു, അവന് മുഖം കുനിച്ചൊരിരുപ്പായി.
‘ഹാ, എന്തു രസം അവന്റെ ഇരിപ്പു കാണാന്‍,’ എന്നു പറഞ്ഞ് അച്ഛനവന്റെ പോസ് നോക്കി മൊബൈലില്‍ ക്ളിക്ക് ചെയ്തു. അപ്പോള്‍ പിന്നേം നാണം വന്നിട്ടാണെന്നു തോന്നുന്നു അവനൊറ്റപ്പറന്നുപോകല്…
‘കുട്ടപ്പാ നിന്റെ പേര് നാണക്കാക്ക എന്നാക്കുമേ ഞാന്‍ ‘എന്ന് മിനിക്കുട്ടി അവനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. അവനപ്പോഴേക്ക് പറന്ന് മരക്കൊമ്പിനുമപ്പുറത്തെ ആകാശത്തെത്തിയിരുന്നു.
മിനിക്കുട്ടി അവന് പറക്കുന്നതും നോക്കി മുറ്റത്തിറങ്ങിനിന്നു.